ഈവർഷം ആഗസ്‌ത് 26. ജിസ്‌ന ജോയി, അനില, ശ്രീക്കുട്ടി, ഷീന എന്നിവരുടെ ജീവിതത്തിൽ വഴിത്തിരിവായ ദിവസം. നാലംഗ ടീം അന്നുമുതൽ തിരുവനന്തപുരത്ത് കെഎസ്‌ആർടിസി സ്വിഫ്‌റ്റിൽ ഡ്രൈവർമാരായി. സ്വിഫ്‌റ്റിൽ എത്തിയ ആദ്യ വനിതാടീം. അനില തിരുവനന്തപുരം സ്വദേശിയാണ്. നെല്ലിമൂട് മാർ ഇവാനിയോസ് സ്‌കൂളിലെ ബസ് ഡ്രൈവറായിരുന്നു അതിന് മുമ്പ് അനില. സ്വന്തം ടിപ്പർ ഓടിക്കുകയായിരുന്നു ജിസ്‌ന. 14 ചക്രങ്ങളുള്ള ലോറിയാണ് ശ്രീക്കുട്ടി ഓടിച്ചിരുന്നത്. ടിപ്പറാണ് ഷീനയുടെയും ഡ്രൈവിങ് എക്‌സ്‌പീരിയൻസ്. തൃശൂരാണ് ജിസ്‌നയുടെയും ശ്രീക്കുട്ടിയുടെയും നാട്. ഷീന നിലമ്പൂർ സ്വദേശിയാണ്.
60 ഇലക്‌ട്രിക് ബസ് സിറ്റി സർക്കുലർ ബസിന്റെ ഭാഗമായതോടെ നാലുപേർക്കും ജോലിയായി. ബസുകളുടെ പ്രഥമയോട്ടം ഉദ്‌ഘാടനം നിർവഹിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയനും അഞ്ചുമന്ത്രിമാരും സെക്രട്ടറിയറ്റിലേക്ക് ഇലക്‌ട്രിക് ബസിലാണ് തിരികെപോയത്. ചാല ഗവ. മോഡൽ ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽനിന്ന് സെക്രട്ടറിയറ്റിലേക്ക് ബസ് ഓടിച്ചത് ജിസ്‌നയായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത, ആരും ആഗ്രഹിച്ചുപോകുന്ന കാര്യമാണ് അന്ന് തനിക്ക് ലഭിച്ചതെന്ന് പറയുന്നു ജിസ്‌ന. ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിലെ ആഹ്ലാദം ഇവരുടെ മനസ്സുകളെ റീച്ചാർജ് ചെയ്‌ത് കൊണ്ടേയിരിക്കുന്നു.
കെഎസ്ആർടിസിയുടെ അഭിമാനമായ വനിതാഡ്രൈവർ വി പി ഷീല ഒരുമാസം നീണ്ട പരിശീലനകാലത്ത് ഒപ്പമുണ്ടായിരുന്നു. സ്‌ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് സ്വിഫ്റ്റിലേക്ക് വനിതാ ഡ്രൈവർമാരെ നിയമിച്ചത്. വനിതകൾക്ക് അംഗീകാരമുള്ള തൊഴിലിടമായി ഡ്രൈവർ ജോലി മാറ്റാൻ ഇതിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്‌ആർടിസി അധികൃതർ.
ഇനി വരും അവസരം
പുതുതായി കെഎസ്‌ആർടിസി സ്വിഫ്‌റ്റിൽ സിറ്റി സർക്കുലറിലേക്ക് 50 ഇലക്‌ട്രിക് ബസുകൾകൂടി അടുത്ത് എത്തും. ഇതിലേക്ക് വനിതാഡ്രൈവർമാരെ നിയമിക്കാനാണ് ആലോചന. താമസിക്കാതെ അപേക്ഷ ക്ഷണിക്കും. മറ്റൊരുകാര്യമുള്ളത് വനിതാഡ്രൈവർമാരെ ലഭിക്കുന്നതിന് അനുസരിച്ച് സിറ്റി സർക്കുലർ ബസും അവരെ ഏൽപ്പിക്കും. അങ്ങനെ എങ്കിൽ തിരുവനന്തപുരം സിറ്റി സർക്കുലറിൽ 159 പേർക്ക് എങ്കിലും പുതുതായി അവസരം ലഭിക്കും. 113 ഇലക്‌ട്രിക് ബസുകളാണ് സിറ്റി സർക്കുലറിലുള്ളത്. പുതുതായി 50 ബസുകൾ എത്തുമ്പോൾ 163 ആയി ഉയരും. കൊച്ചിയിലും കോഴിക്കോട്ടും താമസിയാതെ സിറ്റി സർക്കുലർ ആരംഭിക്കും. സ്മാർട്ട്‌സിറ്റി പദ്ധതി വഴി അതിനുള്ള ശ്രമങ്ങളും കെഎസ്‌ആർടിസി ആരംഭിച്ചിട്ടുണ്ട്.
ആദ്യം വനിതാഡ്രൈവർമാരെ വിളിച്ചപ്പോൾ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ളവർക്ക് അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. ഹെവി ലൈസൻസുള്ളവർക്ക് 35 വയസ്സും ലൈറ്റ് മോട്ടോർ ലൈസൻസുള്ളവർക്ക് മുപ്പതുമായിരുന്നു പ്രായപരിധി. ഈ യോഗ്യത നിലനിർത്താനാണ് സാധ്യത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..