05 December Tuesday

കാലത്തിന്റേയും സമൂഹത്തിന്റേയും എഴുത്തുകാരി

എ സുരേഷ്Updated: Tuesday Feb 5, 2019


ഓർമകളും അനുഭവങ്ങളും പറഞ്ഞുകൊണ്ടേയിരുന്നു ദശകങ്ങൾ നീണ്ട തന്റെ സാഹിത്യജീവിതത്തിലുടനീളം കൃഷ്ണ സോബ്തി. ഓർമകളുടെ ഭാരം അത്രയേറെ അവരെ അലട്ടി. വേർപാടുകളും സ്വപ്നഭംഗങ്ങളും നൽകിയ മുറിവുകൾ ഉള്ളുപൊള്ളിച്ചു. ഒരു ഏറ്റുപറച്ചിലിലൂടെയല്ലാതെ അവയൊന്നും മാറ്റാനാവില്ലെന്ന് അവരറിഞ്ഞു. അതിൽ പലതും മാന്യലോകത്തിന് തീരെ രുചിച്ചില്ല. ആധുനിക ഹിന്ദി സാഹിത്യത്തിലെ തുറന്നുപറച്ചിലിന്റെ ആദ്യപഥികയായിരുന്നു റിപ്പബ്ലിക്ക്ദിനത്തിനു തലേന്നാൾ അന്തരിച്ച ജ്ഞാനപീഠ ജേതാവ് കൃഷ്ണ സോബ്തി.

പുരസ്കാരങ്ങളല്ല നിലപാടുകളാണ് എഴുത്തുകാരിയെ(കാരനെയോ) പ്രസക്തമാക്കുന്നതെന്ന് ധീരമായി ഓർമിപ്പിച്ചു കൃഷ്ണ. ഇന്ത്യയിലെ പഴയതലമുറ എഴുത്തുകാരിൽ പുരോഗമന നിലപാടുകൊണ്ട് അവർ ഏറ്റവും ശ്രദ്ധേയയായി. നിലപാടുകളിലെ ആ ധീരതയാണ് അവരെ വേറിട്ടുനിർത്തിയത്. 2010ൽ യുപിഎ സർക്കാർ നൽകിയ പത്മഭൂഷൺ നിരസിച്ച അവർ 2015ൽ അവാർഡുകൾ തിരിച്ചുനൽകി മോഡി സർക്കാരിനു കീഴിൽ പടരുന്ന അസഹിഷ്ണുതയോടും വിയോജിപ്പ് പ്രഖ്യാപിച്ചു. എഴുത്തുകാർ അധികാരകേന്ദ്രങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്ന് പറഞ്ഞായിരുന്നു പത്മഭൂഷൺ നിരസിച്ചത്. ദാദ്രിയിൽ മുഹമ്മദ് അക്ലാഖിനെയും കർണാടകത്തിൽ ജ്ഞാനപീഠ ജേതാവ് എം എം കലബുർഗിയെയും കൊലചെയ്തതിൽ പ്രതിഷേധിച്ച് എഴുത്തുകാരന്മാരും കലാകാരന്മാരും പുരസ്കാരങ്ങൾ തിരിച്ചുനൽകിയപ്പോൾ കൃഷ്ണ സോബ്തിയും മുന്നിലുണ്ടായി.

സ്വാതന്ത്ര്യപൂർവകാലം മുതലുള്ള ഉത്തരേന്ത്യൻ ജീവിതത്തിന്റെ അനുഭവരേഖകളായിരുന്നു കൃഷ്ണ സോബ്തിയുടെ രചനകൾ. കാലത്തെയും സമൂഹത്തെയും അവർ എഴുത്തിന്റെ കേന്ദ്രമാക്കി. കഥയെഴുതി സാഹിത്യലോകത്തെത്തിയ കൃഷ്ണയുടെ ആദ്യ രചന ലാമ 1950ൽ പുറത്തുവന്നു. തുടർന്ന് "സിഖാ ബാദൽ ഗയാ ഹെ' ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ കഥ. ആദ്യ നോവൽ ഡാർ സെ ബിച്ച്ഡി(കൂട്ടിൽനിന്ന് അകന്ന്) ഇറങ്ങിയത് 1958ൽ. സ്മിത ഭരദ്വാജും മീനാക്ഷി ഭാരതിയും ചേർന്ന് അത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയപ്പോൾ ഓർമകളുടെ പുത്രി(മെമ്മറീസ് ഡോട്ടർ) എന്നായിരുന്നു പേര്.  20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ ഗ്രാമീണ പഞ്ചാബിന്റെ പശ്ചാത്തലത്തിൽ, മുതിർന്നുവരുന്ന പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന നോവലിൽ യുദ്ധവും പ്രമേയമായി. ഹിന്ദി സാഹിത്യത്തിൽ കമലേശ്വറും ഫണീശ്വർനാഥ് രേണുവുമെല്ലാം പിന്തുടർന്ന നഗര ആധുനികതയിൽനിന്ന് വിഭിന്നമായിരുന്നു കൃഷ്ണയുടെ ആഖ്യാനരീതി. ഭൂമിശാസ്ത്രപരമോ ഭാഷശാസ്്ത്രപരമോ ആയ അതിരുകളെ അവർ വകവച്ചില്ല. സ്വന്തം അനുഭവത്തിന്റെ ഭൂമികയിൽനിന്ന് അവർക്കത് അസാധ്യവുമായിരുന്നു. ""വിഭജനത്തിലേക്ക് നയിച്ചത് രാഷ്ട്രീയ സ്വത്വഭേദങ്ങളാണ്. എഴുത്തുകാരെ സംബന്ധിച്ച് അതിൽ പക്ഷം ചേരേണ്ടതില്ല. അവർ മനുഷ്യപക്ഷത്താണ്. രാഷ്ട്രീയ അധികാരത്തിനുവേണ്ടിയുള്ള വിഭജനങ്ങൾ നിങ്ങളുടെ സ്വപ്നം മാത്രമല്ല, രാജ്യത്തെയുമാണ് നശിപ്പിക്കുന്നത്. ഓരോ മനുഷ്യനും ഒരു സ്വതന്ത്ര രാഷ്ട്രമാണ്.''

"ഗുജറാത്ത് പാകിസ്ഥാനിൽനിന്ന് ഗുജറാത്ത് ഹിന്ദുസ്ഥാനിലേക്ക്' എന്ന 2018ൽ ഇറങ്ങിയ കൃഷ്ണ സോബ്തിയുടെ ആത്മകഥയും ആ രചനലോകത്തിലേക്കു വെളിച്ചംവീശുന്നുണ്ട്. പാകിസ്ഥാന്റെ ഭാഗമായ ഗുജറാത്ത് പഞ്ചാബിലായിരുന്നു 1924 ഫെബ്രുവരി 18ന് കൃഷ്ണ സോബ്തിയുടെ ജനനം. അച്ഛൻ ബ്രിട്ടീഷ് സർക്കാരിൽ മുതിർന്ന ഉദ്യോഗസ്ഥൻ. ലാഹോറിലും ഷിംലയിലും ദൽഹിയിലും വിദ്യാഭ്യാസം. ബ്രിട്ടീഷ് ഇന്ത്യയിലെ ബാല്യകാല ജീവതം സമ്മാനിച്ച സമ്മർദങ്ങളെയും സ്വാതന്ത്ര്യസമര പേരാളികളോട് ഉള്ളിലുണർന്ന ആദരവിനെയും പറ്റി (ഇങ്ക്വിലാബീസ് ആയിരുന്നു തങ്ങളുടെ ഹീറോകളെന്ന്) 2016ൽ അഭിമുഖത്തിൽ അവർ പറയുന്നുണ്ട്. ലാഹോറിൽ പഠിക്കുമ്പോഴാണ് വിഭജനത്തെ തുടർന്ന് ഇന്ത്യയിലേക്കു വന്നത്. ആ വിട്ടുപോരൽ അവരുടെ ഓർമയിൽ മായാത്ത മുറിവായി നിന്നു.

1966ൽ പ്രസിദ്ധീകരിച്ച മിത്രോ മർജാനി (മിത്രോയ്ക്കൊപ്പം നരകത്തിൽ) എന്ന നോവലാണ് കൃഷ്ണയെ പ്രശസ്തയാക്കിയത്. ഗ്രാമീണ പഞ്ചാബിന്റെ പശ്ചാത്തലത്തിൽ ഒരു വിവാഹിതയുടെ ലൈംഗിക ജീവിതം പ്രമേയമാകുന്ന രചന ഹിന്ദി സാഹിത്യത്തിൽ ചൂടേറിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ' ശക്തമായ സ്ത്രീപക്ഷ നിലപാട് രചനകളിൽ പുലർത്തിയപ്പോഴും പെണ്ണെഴുത്തുകാരിയായി അറിയപ്പെടാൻ  അവർ ഇഷ്ടപ്പെട്ടില്ല.

കൃഷ്ണ സോബ്തിയുടെ കൃതികൾ പലതും ഇംഗ്ലീഷ്, റഷ്യൻ, സ്വീഡിഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്തു. ദർവാരി, മിത്ര മസാനി, മനൻ കി മാൻ, ദിൽ ഒ ദാനിഷ്, തിൻ പഹദ്, ക്ലൗഡ് സർക്കിൾസ്സൺ ഫ്ളവർസ് ഓഫ് ഡാർക്ക്നെസ്സ്, ലൈഫ്, എ ഗേൾ, ഹം ഹഷ്മത്, ടൈം സർഗം തുടങ്ങിയ രചനകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവസാനത്തെ നോവൽ ദിൽ ഓ ദാനിഷ് (ഹൃദയവും മനസ്സും) സ്വീകാര്യതനേടി. 96ൽ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്, വ്യാസസമ്മാൻ, മൈഥിലി ശരൺ ഗുപ്ത സമ്മാൻ, കഥാ ചൂഡാമണി, ശിരോമണി തുടങ്ങി മറ്റു നിരവധി പുരസ്കാരങ്ങളും അവരെ തേടിയെത്തി.

നിർഭയമായ നിലപാടുകൾ സാഹിത്യത്തിലെ പുതുമകളിലേക്കും നിസ്സങ്കോചം കടന്നുചെല്ലാൻ ഇന്ത്യയിലെ തലമുതിർന്ന ആ എഴുത്തുകാരിയെ പ്രാപ്തയാക്കി. സാഹിത്യത്തിൽ സ്ത്രീ അന്നോളം സഞ്ചരിക്കാത്ത വഴികളിലൂടെ അവർ സഞ്ചരിച്ചു. ജീവിതത്തിലും ധീരമായ നിലപാടുകൾ സൂക്ഷിച്ചു. ഇന്തോ –ആര്യൻ ഭാഷയായ ഡോഗ്രിയിലെ എഴുത്തുകാരൻ ശിവ്നാഥിനെ വിവാഹം ചെയ്തത് 70ാം വയസ്സിൽ.

""നമ്മുടെ കാലത്തെ മികവും കരുത്തുമുള്ള ആഖ്യായികകാരിൽ ഒരാളാണ് കൃഷ്ണ സോബ്തിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പുരോഗമനപരവും ആധുനികവുമായ  ശബ്ദത്തിനുടമ. എഴുത്തിലും ജീവിതത്തിലും ധീരതയും സ്വാതന്ത്ര്യവും പുലർത്താൻ അവർക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top