21 March Tuesday

അങ്ങനെയാണ്‌ മഹേശ്വരി കെപിഎസി ലളിതയായത്‌

വിജയ് സി എച്ച്Updated: Saturday Feb 22, 2020


അഭിനയമൊഴിഞ്ഞൊരു നേരമില്ലാത്ത കെപിഎസി ലളിതയുടെ എഴുപത്തിമൂന്നാം ജന്മദിനവും ആഘോഷമൊന്നുമില്ലാതെ കടന്നുപോകും. ഈ  25നും ഏതെങ്കിലും  സെറ്റിലായിരിക്കും, എന്നത്തെയും പോലെ.  അഭിനയത്തിരക്കുകൾക്കൊപ്പം കേരള സംഗീത നാടക അക്കാദമി അധ്യക്ഷയുടെ  ചുമതലകൾ അവർക്കുണ്ട്‌ ഇപ്പോൾ. 
അരനൂറ്റാണ്ടു കാലത്തെ കലാജീവിതത്തിൽ, അറുനൂറിലേറെ ചിത്രങ്ങൾ.  നിരവധി സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ. പതിറ്റാണ്ടുകളുടെ അനുഭവങ്ങളെക്കുറിച്ച്‌ കെപിഎസി ലളിത സംസാരിക്കുന്നു

ചേലുള്ള ചെറുപ്പക്കാരി
അനുഭവങ്ങൾ പാളിച്ചകൾ (1971)  ഒമ്പതാം പടമാണ്. അപ്പോൾ  23 വയസ്സ്‌.  തകഴിയുടെ കഥയും തോപ്പിൽ ഭാസിയുടെ തിരക്കഥയും, സേതുമാധവന്റെ സംവിധാനവും. ഇതിലായിരുന്നു  ആദ്യത്തെ ഗൗരവമേറിയ കഥാപാത്രം. ‘കല്യാണി, കളവാണീ...' എന്നു പാടി, പൗരുഷമുള്ള സത്യൻ സാറിനെയും ഉള്ളിൽക്കണ്ട്, ഊഞ്ഞാലാടുന്ന ആ ചേലുള്ള ചെറുപ്പക്കാരിതന്നെയാണ് ഞാനിന്നും! വയലാറിന്റെ നിത്യഹരിതമെന്നു വിശേഷിപ്പിക്കാവുന്ന വരികൾ.  മാധുരി പാടിയ  ആ പാട്ട്‌ എവിടെ കേട്ടാലും  കുട്ടിക്കാലം ഓർമ വരും.  

സ്വാഭാവികതയുടെ ദൃഷ്ടാന്തം
‘മീൻ കിട്ട്യാലും സന്തോയം, മീൻ കിട്ടീലേലും സന്തോയം!'  എന്നു പറയുന്ന അമരത്തിലെ ഭാർഗവിയുടെ റോൾ എന്നെ മനസ്സിൽ കണ്ടുകൊണ്ടാണ്‌ ലോഹിതദാസ് എഴുതിയത്. ചേട്ടനു (ഭർത്താവ് ഭരതൻ) പകരം, വേറൊരു സംവിധായകനായാലും ആ കഥാപാത്രം ചെയ്യാൻ ആരും എന്നെയേ വിളിക്കുമായിരുന്നുള്ളൂ. ആ അഭിനയത്തിന്‌ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.  അടൂരിന്റെ  സ്വയംവരവും  കൊടിയേറ്റവും അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ്‌.  ആരവത്തിലെ  അലമേലുവും, സന്മനസ്സുള്ളവർക്കു സമാധാനത്തിലെ  കാർത്ത്യായനിയും  ഗോഡ്ഫാദറിലെ  കൊച്ചമ്മിണിയും വെങ്കലത്തിലെ കുഞ്ഞിപ്പെണ്ണും എനിക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിച്ച കഥാപാത്രങ്ങളാണ്‌.


 

അദൃശ്യയായ നാരായണി
മതിലുകളിൽ ശബ്ദംകൊണ്ടുമാത്രമാണ് സാന്നിധ്യം തെളിയിക്കുന്നത്.  മതിലുകളിലെ ഏക സ്ത്രീ കഥാപാത്രമായ നാരായണിക്കുള്ള ശബ്ദം നൽകാൻ അടൂർ സാർ എന്നെ പ്രത്യേകം തെരഞ്ഞെടുത്തതാണ്. ബഷീറിന്റെ യഥാർഥ അനുഭവമാണ് ആ ക്യാരക്ടർ. മമ്മുട്ടിയുടെ നായികയായി ഞാൻ ചേരില്ലെന്ന വിമർശനങ്ങളുണ്ടായിരുന്നെങ്കിലും, എന്റെ ശബ്ദം തന്നെ വേണമെന്ന് അടൂർ  നിർബന്ധം പിടിച്ചു. മതിലുകൾ ലോകമാകെ പ്രശംസ നേടിയപ്പോൾ അത്‌  ശബ്ദത്തിനുകൂടി ലഭിച്ച അംഗീകാരമായി ഞാൻ കാണുന്നു.

ഞാൻ ഒരിക്കലും ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടില്ല, പക്ഷെ, ശാരദയ്‌ക്കും, ലക്ഷ്മിക്കും, നന്ദിതാ ബോസിനും, വിജയശ്രീക്കും, സുരേഖയ്‌ക്കും ശബ്ദം നൽകിയിട്ടുണ്ട്. പല സിനിമകളിൽ. വിഭിന്നമായ ഏജ് ഗ്രൂപ്പിൽ പെട്ടവരായതിനാൽ, ഓരോരുത്തർക്കും പ്രത്യേകമായ മോഡുലേഷനിലാണ് സംസാരിക്കുന്നത്.

അഭിനയ മികവ്
‘ഇട്ടിമാണി ഫ്രം ചൈന'യിൽ മോഹൻലാലിന്റെ അമ്മ, ‘തെയ്യാമ്മ' അടുത്ത കാലത്ത് ലഭിച്ച മികച്ച കഥാപാത്രമാണ്. ഒത്തിരി ഇഷ്ടപ്പെട്ട സംഭാഷണങ്ങൾ. ലാലിനൊപ്പം കട്ടയ്‌ക്ക്‌ നിൽക്കണം. ഞാനും ഒട്ടും വിട്ടുകൊടുത്തില്ല. ആദ്യചിത്രമായ കൂട്ടുകുടുംബ(സേതുമാധവൻ)ത്തിലെ സരസ്വതിയിൽനിന്ന്‌ ഇട്ടിമാണിയിലെ തെയ്യാമ്മയിലേക്കെത്തുമ്പോൾ നേടിയ അനുഭവങ്ങൾ  പറയാനേറെയുണ്ട്‌.  ഇട്ടിമാണിക്കുശേഷം പുതിയ ഏഴു പടങ്ങളുടെ വർക്കുകൂടി ഇപ്പോൾ നടന്നുവരുന്നു.

കെപിഎസി ലളിത എന്ന പേര്
ഒരു ചെറിയ നാടക ട്രൂപ്പിന്റെ ബലി എന്ന നാടകത്തിലാണ്‌  ആദ്യം അഭിനയിച്ചത്. മഹേശ്വരി എന്നാണ്‌ യഥാർഥ പേര്‌ പിന്നീട്,  കേരള പീപ്പിൾസ്‌ ആർട്‌സ്‌ ക്ലബ്ബി(കെപിഎസി)ൽ ചേർന്നപ്പോൾ ലളിത എന്ന പേര്‌ സ്വീകരിച്ചു. കുറെ നാടകങ്ങളിൽ വേഷമിട്ടു. സിനിമയിൽ അവസരം കിട്ടിയപ്പോൾ, ആ പേരിന്റ കൂടെ നാടകസംഘത്തിന്റെ പേര് കൂടി ചേർത്തു. മഹേശ്വരി, അങ്ങിനെയാണ് കെപിഎസി ലളിതയായത്.


 

തീയിൽ കുരുത്തത് വെയിലിൽ വാടുമോ?
കലാജീവിതം ക്ലേശകരമായിരുന്നു. യാഥാസ്ഥിതിക കുടുംബവും സമൂഹവും നിരുത്സാഹപ്പെടുത്തി. അച്ഛൻ  ഡാൻസ് ക്ലാസിൽ ചേർത്തപ്പോൾ കുടുംബക്കാരും അയൽക്കാരും അമ്മയോട് തട്ടിക്കയറി. "നിനക്ക് കൂടുതൽ പെൺമക്കളുണ്ടെങ്കിൽ, അവരെ വല്ല കടലിലും കൊണ്ടുപോയി കെട്ടിത്താഴ്‌ത്തടീ... ആടാനും, സിനിമയിൽപ്പോയി അഴിഞ്ഞാടാനും വിടുന്നതിനേക്കാൾ ഭേദം അതാണ്.

അസ്വസ്ഥയായ അമ്മ മൂന്നുമാസം പ്രായമുള്ള അനിയത്തിയേയും തോളത്തിട്ടു വീടുവിട്ടിറങ്ങിപ്പോയി. അച്ഛൻ ഞങ്ങളെ ആശ്വസിപ്പിച്ചു, ഒറ്റയ്‌ക്കു ഞങ്ങളെ നോക്കിക്കൊള്ളാമെന്ന്. ഞങ്ങൾ അഞ്ചു മക്കളായിരുന്നു. ആറുമാസത്തിനുശേഷം അമ്മ തിരിച്ചെത്തി. പക്ഷെ, ഒരു നിബന്ധന വച്ചു. ആഴ്‌ചയിൽ ഒരിക്കൽ നൃത്തം പഠിക്കാൻ അൽപ്പനേരം പോകാം, എന്നാൽ സിനിമയിൽ അഭിനയിക്കാൻ പോകരുതെന്ന് നിബന്ധന വച്ചു. അക്കാലത്തൊക്കെ സിനിമയിലോ നാടകത്തിലോ അവസരം കിട്ടണമെങ്കിൽ ആദ്യം നൃത്തം പഠിക്കണം. കലാഹൃദയനായിരുന്ന അച്ഛൻ അനുകൂലിച്ചതു മാത്രമാണ് രക്ഷയായത്.

മെഗാ സീരിയൽ ‘തട്ടീം മുട്ടീം'
ഈ പരമ്പര എവിടെയും തട്ടാതേം മുട്ടാതേം എട്ടു വർഷം പിന്നിട്ടു. മിനിസ്‌ക്രീനിൽ ഇത്രയും കാലം തുടർച്ചയായി ഓടിയ മറ്റൊരു സീരിയലും മലയാളത്തിൽ ഉണ്ടായിട്ടില്ല.  മായാവതിയമ്മയ്‌ക്ക്‌ ലഭിക്കുന്ന നിസീമമായ പ്രശംസയിൽ സന്തുഷ്‌ടിയുണ്ട്‌.  ആവേശകരമായ ഒത്തിരി പ്രതികരണങ്ങൾ ഇപ്പോഴും ലഭിക്കുന്നു.  

പുതിയ നടിമാർ പ്രതിഭാശാലികൾ
പുതിയ നടിമാരെ ഒത്തിരി ഇഷ്ടമാണ്. അധികം പ്രാക്ടീസൊന്നും ഇല്ലാതെതന്നെ അവർ നന്നായി അഭിനയിക്കുന്നു. എല്ലാവരും ശരിക്കും പ്രതിഭാശാലികളാണ്. പുതിയ ലോകത്ത് ഒത്തിരി സൗകര്യങ്ങളും സ്വാതന്ത്ര്യവുമൊക്കെ അവർക്കു ഉള്ളതുകൊണ്ടായിരിക്കാം ഈ മുന്നേറ്റം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top