19 April Friday

കൊച്ചിയില്‍ വ്യത്യസ്‌തമായൊരു ഫേസ്‌ബുക്ക് കൂട്ടായ്‌മ

രശ്‌മി രാധാകൃഷ്‌ണന്‍Updated: Monday Oct 16, 2017

കൊച്ചി > കൊച്ചിയില്‍ ശനിയാഴ്‌ച നടന്ന ഫെയ്സ്‌ബുക്ക് കൂട്ടായ്‌മ വാര്‍ഷികം അവതരണത്തിലെ പുതുമ കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്. ക്വീന്‍സ് ലോഞ്ച് എന്ന സ്‌ത്രീകളുടെ ഫെയ്സ്‌ബുക്ക് കൂട്ടായ്‌മയാണ് ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികത്തോടൊപ്പം ഗ്രൂപ്പ് അംഗങ്ങളുടെ രചനകള്‍ അടങ്ങിയ പുസ്‌തകത്തിന്റെ പ്രകാശനവും നടത്തി വ്യത്യസ്‌തമായത്. എണ്ണൂറോളം വരുന്ന അംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കഥകളും കവിതകളും ലേഖനങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ 'ഒറ്റ നിറത്തില്‍ മറഞ്ഞിരിയ്‌ക്കുന്നവര്‍ ' എന്ന  പുസ്‌തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത് പ്രശസ്‌ത എഴുത്തുകാരന്‍ ബെന്യാമിനും നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലും ചേര്‍ന്നാണ്.ഡി സി ബുക്ക്സാണ് പുസ്‌തകം വിപണിയില്‍ എത്തിക്കുന്നത്.


 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും വിദ്യാര്‍ഥിനികളും അടങ്ങിയ പല പ്രായത്തിലുള്ള സ്‌ത്രീകളുടെ ഈ കൂട്ടായ്‌മ എഴുത്തിന്റെ ലോകത്ത് സ്വന്തം ഇടം അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രത്യേക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗ്രൂപ്പുകളില്‍  നിന്ന് വ്യത്യസ്‌തമായി എന്തും ചര്‍ച്ച ചെയ്യാവുന്ന ഒരു ഇടം എന്ന പ്രത്യേകതയാണ് ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്നത്.

വീട്ടിലെ അടുക്കളക്കാര്യമോ,കുട്ടികളുടെ അസുഖമോ പ്രണയമോ മുതല്‍ അന്താരാഷ്‌ട്ര പ്രശ്‌നങ്ങള്‍ വരെ തനത് ശൈലിയില്‍ ഇവിടെ ചര്‍ച്ചയ്‌ക്ക് എത്തും.രാഷ്‌ട്രീയസാമൂഹ്യ പശ്ചാത്തലങ്ങള്‍ കൊണ്ട് വ്യത്യസ്‌തരാണെങ്കിലും സൗഹൃദം തന്നെയാണ് ഇവരെ ചേര്‍ത്തിണക്കുകയും ഒരുമിപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്ന പ്രധാന കണ്ണി. സ്‌ത്രീകള്‍ കൂടിയാല്‍ അത് പരദൂഷണത്തിന്റെ ഇടമാണ് എന്ന കാലാകാലങ്ങളായുള്ള ആക്ഷേപത്തിന് മുഖമടച്ചുള്ള ഒരു മറുപടി കൂടിയാണ് ഈ ഫേസ്‌ബുക്ക് കൂട്ടായ്മയും അതിലൂടെ പുറത്തിറങ്ങിയ പുസ്‌തകവും


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top