25 April Thursday

മനക്കരുത്തിൽ ഒഴുകിയ പായ്‌വഞ്ചി

ആനി അന്ന തോമസ് anieannathomas3@gmail.comUpdated: Sunday May 7, 2023


2023 ഏപ്രിൽ 27. ഫ്രാൻസിലെ അത്‌ലാന്റിക് തീരത്ത് ആകാശം ഇരുണ്ടുതുടങ്ങുന്നു. ശാന്തമായ കടലിലൂടെ 36 അടി നീളമുള്ള ഒരു പായ്‌ വഞ്ചി തീരത്തേക്ക് അടുക്കുന്നു. അതിന്റെ അമരത്ത്  സന്തോഷവും ആശ്ചര്യവുമെല്ലാം കൂടിക്കലർന്ന് വികാരത്തിരമാലയിൽപ്പെട്ടൊരു നാൽപ്പതുകാരി. ലെ സാബ്‌ലെ ദെലോണിലേക്ക് സ്വാ​ഗതം എന്നെഴുതിയ ബാനറുകളുമായി ബോട്ടുകൾ അവളെ വളഞ്ഞു. അവളുടെ പ്രിയപ്പെട്ടവരും പ്രമുഖരുമടങ്ങുന്ന ഒരുകൂട്ടം ഹർഷാരവത്തോടെ വരവേറ്റു. മാസങ്ങൾക്കു ശേഷമായിരുന്നു അത്രയും മനുഷ്യരെ അവൾ ഒരുമിച്ച് കാണുന്നത്. അവസാനമായി കര കണ്ടത് 2022 സെപ്‌തംബർ നാലിന് ഇതേ തീരത്തുനിന്ന് പുറപ്പെടുമ്പോഴായിരുന്നു. അഞ്ച്‌ മഹാസമുദ്രവും അപകടകരമായ മുനമ്പുകളും താണ്ടി ഒടുവുൽ ഇരുട്ടിലൂടെ ഫിനിഷിങ് ലൈനിലേക്ക് കടക്കുമ്പോൾ ആ​ഗ്രഹങ്ങളും ധൈര്യവും ഇച്ഛാശക്തിയും ചേർത്തൊരു ​ഗോൾഡൻ​ഗ്ലോബ് തീർത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്കക്കാരി കിർസ്റ്റൻ നോയിഷെഫർ. ഗോൾഡൻ​ഗ്ലോബ് മത്സരത്തിൽ വിജയകിരീടം ചൂടുന്ന ആദ്യ വനിത.

സാഹസിക കടൽയാത്രയുടെ അവസാനവാക്കാണ്‌ ഗോൾഡൻ ഗ്ലോബ്‌. ഒറ്റയ്‌ക്ക്, ഒരു തീരവും തൊടാതെ മഹാസമുദ്രങ്ങൾ താണ്ടി പായ്‌ വഞ്ചിയിൽ ലോകം ചുറ്റി വരണം. ഏകദേശം 48,000 കിലോമീറ്റർ ദൂരം. കൂറ്റൻ തിരമാലകളും കൊടുങ്കാറ്റും പേമാരിയും തുടങ്ങി കരകാണാക്കടലിൽ അതീജീവിക്കേണ്ട വെല്ലുവിളികൾ അനേകമാണ്. ആദ്യ ഗോൾഡൻ ഗ്ലോബ് യാത്രയ്‌ക്ക് ഉപയോഗിച്ച സാങ്കേതിക വിദ്യകൾ മാത്രമേ പാടുള്ളൂ. കാറ്റിന്റെ ഗതിക്കനുസരിച്ച് വടക്കുനോക്കിയന്ത്രവും ഭൂപടവും നക്ഷത്രങ്ങളുടെ ദിശയും നോക്കി, 1988-ന് മുമ്പ് രൂപകൽപ്പന ചെയ്ത ഇലക്ട്രോണിക് ഉപകരണങ്ങളോ ഓട്ടോപൈലറ്റ് സംവിധാനമോ ഇല്ലാത്ത പായ്‌ വഞ്ചികളിലാകണം യാത്ര. എന്നവസാനിക്കുമെന്ന് ഒരുറപ്പുമില്ലാത്ത, ഏത് മാനസിക, ശാരീരിക അവസ്ഥയിൽ തിരികെയെത്തുമെന്ന് പ്രവചിക്കാനാകാത്ത ഉലകംചുറ്റൽ.1968ലാണ്‌  ലോകം ചുറ്റിയുള്ള ആദ്യ ​ഗോൾഡൻ ​ഗ്ലോബ് യാത്ര നടന്നത്. ഒമ്പതുപേർ അണിനിരന്ന മത്സരത്തിൽ ബ്രിട്ടീഷ്‌ നാവികനായ റോബിൻ നോക്‌സ്‌ ജോൺസ്റ്റൺ മാത്രമാണ് ഫിനിഷ് ചെയ്തത്. ബാക്കിയുള്ളവർ യാത്ര പാതിവഴിയിൽ അവസാനിപ്പിക്കുകയോ കടലിൽ മുങ്ങിപ്പോവുകയോ ചെയ്‌തു. കൂട്ടത്തിലൊരുവൻ ഏകാന്തതയിൽ മനംമടുത്ത്‌ ജീവനൊടുക്കി. ഈ യാത്രയുടെ 50–--ാം വാർഷികത്തിൽ, 2018ൽ വീണ്ടും മത്സരം സംഘടിപ്പിച്ചു. 18 പേർ അണിനിരന്ന മത്സരം ഫിനിഷ്‌ ചെയ്‌തത്‌ അഞ്ചുപേർ. നാലുവർഷത്തിനുശേഷമുള്ള രണ്ടാംപതിപ്പാണ്‌ ഇപ്പോൾ നടന്നത്‌.

2022 സെപ്‌തംബർ നാലിന്‌ ഫ്രഞ്ച്‌ കടൽത്തീരനഗരമായ ലേ സാബ്‌ലേ ദെലോണിൽനിന്ന്‌ യാത്ര ആരംഭിക്കുമ്പോൾ മൊത്തം 16 പേരായിരുന്നു മത്സരിക്കാൻ. കൂട്ടത്തിൽ ഒരേയൊരു വനിത. ഈ അതിസാഹസിക മത്സരത്തിൽ വിജയിക്കാനുള്ളതിനേക്കാൾ സാധ്യത ഫിനിഷിങ് ലൈനിലേക്ക് പോലും എത്താതിരിക്കാനാകും എന്നറിഞ്ഞു തന്നെയായിരുന്നു നോയിഷെഫർ ഇറങ്ങിത്തിരിച്ചത്. നിരുത്സാഹപ്പെടുത്തിയവരോട് എന്നെത്തന്നെ നൽകി ഞാനീ മത്സരം വിജയിക്കും എന്നു പറഞ്ഞാരംഭിച്ച യാത്ര 233 ദിവസവും 20 മണിക്കൂറും 43 മിനിറ്റും 47 സെക്കൻഡും കൊണ്ട് പൂർത്തിയാക്കിയവൾ ചരിത്രം കുറിച്ചു. ഭയം തന്നെ നിയന്ത്രിക്കരുതെന്ന തീരുമാനം വളരെ ചെറുപ്പത്തിൽത്തന്നെ എടുത്തതാണ്. ആളെക്കൊല്ലി തിരമാലകളിലും കൊടുങ്കാറ്റിലും പായ്‌വഞ്ചി ആടി ഉലഞ്ഞപ്പോൾ മനോധൈര്യം കൊണ്ടവൾ മുന്നോട്ടുള്ള വഴി തീർത്തു. മാസങ്ങൾ നടുക്കടലിൽ ഒറ്റക്ക് ജീവിച്ചിട്ടും ഏകാന്തത ഏശിയതേയില്ല. എന്റെ പ്രിയപ്പെട്ട മിനഹാഹ, എന്റെ പായ്‌ വഞ്ചിയായിരുന്നു കൂട്ട്. ഞങ്ങൾ ഒരുപാട് സംസാരിച്ചു, വെല്ലുവിളികളിൽ പതറാതെ മുന്നേറിയപ്പോഴൊക്കെ ഞാനവളെ അഭിനന്ദിച്ചു, വെൽഡൺ മിനഹാഹ.... അവളെന്നോടു തിരിച്ചും അങ്ങനെതന്നെ പറഞ്ഞു. ചിലപ്പോഴൊക്കെ ഞാനവളോട് ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. അവൾ മൗനയായി പുഞ്ചിരിച്ചുകൊണ്ടെന്നെ ആശ്വസിപ്പിച്ചു. എന്റെ മിനഹാഹ അതിസമർഥയാണ്. ഞാനവളെ ഏറെ സ്നേഹിക്കുന്നു. നോയിഷെഫർ പറയുന്നു.

കാനറി ദ്വീപുകളിലെ ലാൻസറോട്ടിലെ ആദ്യ റേസ് ഗേറ്റിലേക്ക് കടക്കുമ്പോൾ നോയിഷെഫർ ആറാം സ്ഥാനത്തായിരുന്നു. പക്ഷേ, ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ ​ഗേറ്റ് കടക്കുമ്പോഴേക്കും രണ്ടാമതെത്തി. 16 പായ്‌വഞ്ചിയുമായി ആരംഭിച്ച മത്സരം നവംബറിൽ ഒമ്പതു പേരിലേക്ക് ചുരുങ്ങി. അപകടം ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് ഏഴുപേർ പിന്മാറിയത്. നോയിഷെഫറും മിനഹാഹയും രണ്ടാം സ്ഥാനത്തുതന്നെ.

യാത്ര 129 ദിവസം കഴിഞ്ഞപ്പോൾ മിനഹാഹയെ മറികടന്ന് ഇന്ത്യൻ നാവികൻ അഭിലാഷ് രണ്ടാം സ്ഥാനത്തെത്തി. യുകെ നാവികൻ സൈമൺ കർവെനി ഒന്നാമത്. 40 നോട്ടിക്കൽ മൈൽ വേഗത്തിൽ വീശുന്ന കാറ്റിലും എട്ട്‌ മീറ്ററിലേറെ ഉയരത്തിലുള്ള തിരകളിലുംപെട്ട്  മൂവരുടെയും വഞ്ചികൾ ആടി ഉലഞ്ഞു. കൊടും കാറ്റിലും തിരമാലകളിലും വീണുപോകാതിരിക്കാൻ ഈ ദിവസങ്ങളിൽ ഉറക്കമൊഴിഞ്ഞ് പായ്‌വഞ്ചി നിയന്ത്രിക്കുകയായിരുന്നുവെന്ന്‌ നോയിഷെഫർ യാത്രയ്‌ക്കുശേഷം പറഞ്ഞു. സൈമൺ കർവെനിന്റെ വഞ്ചിയുടെ വിൻഡ് വെയ്ൻ (കാറ്റിന്റെ ദിശയും വേഗവും അളക്കാനുള്ള ഉപകരണം) തകരാറിലായി. അദ്ദേഹത്തിന് മത്സരത്തിൽ തുടരാനായില്ല. നോയിഷെഫർ ഒന്നാം സ്ഥാനത്തേക്ക് തുഴഞ്ഞുകയറി.

മത്സരം 164–--ാം ദിവസത്തിലേക്ക് എത്തിയപ്പോൾ അവശേഷിച്ചത് നാല് പേർ മാത്രം. പസിഫിക് സമുദ്രത്തിലെ ഏറ്റവും അപകടകരമായ മേഖലയായ കേപ് ഹോൺ മുനമ്പിനോട് അടുക്കുന്നതിനിടെ കൊടും കാറ്റും കൂറ്റൻ തിരമാലകളും മിനഹാഹയെ ഉലച്ചെങ്കിലും കീഴടങ്ങാതെ നോയിഷെഫർ  മുന്നോട്ടുപോയി. സംഘാടകരുമായുള്ള പ്രതിവാര ചെക്ക്-ഇൻ കോളിൽ ചുണ്ടുകൾ മരവിച്ച് സംസാരിക്കാൻ പോലുമാകാത്ത നിലയിലായിരുന്നു അവൾ. അപകടത്തിൽപ്പെട്ട ഫിൻലൻഡ് നാവികൻ ടാപ്പിയോ ലീറ്റിനെനിനെ രക്ഷപ്പെടുത്താനായി രാത്രി 100 മൈൽ യാത്ര ചെയ്തിട്ടും നോയിഷെഫർ ലീഡ് നിലനിർത്തി. വഞ്ചി മുങ്ങിയതിനെത്തുടർന്ന് മണിക്കൂറുകളോളം കടലിൽ കഴിയേണ്ടിവന്ന ടാപ്പിയോയുടെ അരികിലേക്ക് ആദ്യമെത്തിയത് അവളായിരുന്നു. അറുപത്തിനാലുകാരൻ ടാപ്പിയോയെ രക്ഷിച്ച് സിംഗപ്പുർ ചരക്കുകപ്പലിൽ കയറ്റി അയക്കും വരെ 24 മണിക്കൂർ അവൾക്കവിടെ ചെലവഴിക്കേണ്ടി വന്നു.

മത്സരത്തിനിടയിലെവിടെയും തന്റെ പ്രകടനത്തെക്കുറിച്ചോ താൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചോ നോയിഷെഫർ സംഘാടകരെ അറിയിച്ചതേയില്ല. മത്സരാർഥികൾ എല്ലാദിവസവും സംഘാടകർക്ക് ഒരു ടെക്‌സ്‌റ്റ്‌ മെസേജ് അയക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. നോയിഷെഫർ അയച്ച മെസേജുകളിൽ എല്ലായ്‌പ്പോഴും സംഘാടകർക്ക് വായിക്കാനായത് ടെക്സ്റ്റ് എന്ന ഒറ്റവാക്ക് മാത്രമായിരുന്നു.

ഫെബ്രുവരി 15നു രാത്രി ‘നാവികരുടെ എവറസ്റ്റ്’ എന്നറിയപ്പെടുന്ന ചിലെയിലെ കേപ് ഹോൺ മുനമ്പ് മിനഹാഹ വലംവച്ചു. പസഫിക്–അത്‌ലാന്റിക് സമുദ്രങ്ങളുടെ സംഗമവേദിയാണ് കേപ് ഹോൺ. ഇതോടെ, സമുദ്രത്തിലെ മൂന്നു മഹാമുനമ്പുകളും (ഓസ്ട്രേലിയയിലെ കേപ് ല്യൂവിൻ, ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്, ചിലെയിലെ കേപ് ഹോൺ) വലംവച്ച മിനഹാഹ ഗോൾഡൻ ഗ്ലോബ് റേസിന്റെ ഫിനിഷിങ് ലൈനിലേക്കുള്ള കുതിപ്പ് ആരംഭിച്ചു. മത്സരത്തിന്റെ അവസാന നാളുകളിൽ നോയിഷെഫറോ അഭിലാഷ് ടോമിയോ, ആരാദ്യം എന്ന് ആകാംക്ഷയോടെ ഉറ്റു നോക്കുകയായിരുന്നു ലോകം. ഏപ്രിൽ ഇരുപത്താറോടെ അഭിലാഷിന് നോയിഷെഫറുമായുള്ള വിടവ് നികത്താനാകില്ലെന്നു വ്യക്തമാവുകയും പുതിയ ചരിത്രം കുറിച്ചിടപ്പെടുകയും ചെയ്തു.

​"എനിക്ക് വിജയിക്കാൻ ആഗ്രഹമുണ്ടായിരുന്നു, അത് ഒരു സ്ത്രീ എന്ന പരി​ഗണനയോടെയല്ല. ഒരു പ്രത്യേക വിഭാഗത്തിലായിരിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല, മറ്റെല്ലാവരെയും പോലെ ഒരു മത്സരാർഥിയായിരുന്നു ഞാനും. സഞ്ചാരി പുരുഷനാണോ സ്ത്രീയാണോ എന്നത് കടലും കാര്യമാക്കുന്നില്ല.’ ഗോൾഡൻ ​ഗ്ലോബ് മത്സരത്തിൽ വിജയിച്ച ആദ്യ വനിതയോടുള്ള ചോദ്യങ്ങളോട് നോയിഷെഫർ പ്രതികരിച്ചത് ഇങ്ങനെയാണ്.

അതികഠിനമായ ഏകാന്തയാത്രകൾ  നോയിഷെഫറിനു പുതിയതായിരുന്നില്ല. 22 വയസ്സുള്ളപ്പോൾ, ആഫ്രിക്കയിലുടനീളം സൈക്കിൾ യാത്ര നടത്തിയിരുന്നു. കാടുകളിലും സഹാറ മരുഭൂമിയിലുമെല്ലാമായി ഒറ്റയ്‌ക്ക്  9,000 മൈൽ. ആ യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് കടൽകീഴടക്കണമെന്ന മോഹം നിറവേറ്റാനുള്ള തീരുമാനമെടുക്കുന്നത്. പിന്നീടങ്ങോട്ട് ജീവിതത്തിന്റ ഭൂരിഭാ​ഗവും ആഴക്കടലിലായിരുന്നു.  യാത്രകൾക്കിടെ പലപ്പോഴും കടൽ ശാന്തമാകുമ്പോൾ ബോട്ടിൽനിന്ന് വെള്ളത്തിലേക്ക് ചാടും.  കടലിനോടുള്ള ​ദാഹം ശമിക്കുവോളം നീന്തി നടക്കും. ആഴങ്ങളിലേക്കൂർന്നിറങ്ങി സ്വപ്നങ്ങൾ കാണും. സ്വപ്നങ്ങൾക്കായി അധ്വാനിക്കാൻ തായ്യാറാണെങ്കിൽ ലക്ഷ്യമെത്ര ദൂരത്തായിരുന്നാലും മാർ​ഗമെത്ര കഠിനാമായാലും ഫിനിഷിങ് പോയിന്റിലേക്ക് ആർക്കും എത്താനാകുമെന്നാണ് നോയിഷെഫറിന്റെ വിജയമന്ത്രം. അവളുടെ വാക്കുകളിൽ പറഞ്ഞാൽ,

JUST RELAX,  JUST LOOK AT THE NEXT STEP,  NOT THE END DESTINATION...

പിന്മാറാതെ മുന്നേറുക....


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top