20 April Saturday

മനുഷ്യമനസ്സ്, ശാസ്ത്രം, ലൈംഗികത-ഖദീജാ മുംതാസ് എഴുതുന്നു

ഖദീജാ മുംതാസ്Updated: Tuesday Feb 21, 2023

വിഖ്യാത സർറിയലിസ്‌റ്റ്‌ ചിത്രകാരൻ മാൻ റെയുടെ ഫോട്ടൊ കൊളാഷ്‌

പെൺകുട്ടികൾ മാത്രമല്ല, ഒരു പക്ഷേ അവരേക്കാൾ കൂടുതലായി ഇന്ന് ആൺകുട്ടികൾ മുതിർന്ന പുരുഷന്മാരാൽ ലൈംഗികചൂഷണത്തിന്‌ വിധേയരാകേണ്ടി വരുന്നുണ്ട്. വികലമായ ശരീര കേന്ദ്രീകൃത ലൈംഗിക ബോധ്യങ്ങളും അസംതൃപ്തദാമ്പത്യങ്ങളും പേറിയെത്തുന്ന മുൻ തലമുറയുടെ വൈകൃതങ്ങൾ തന്നെയാണ് അവ.

ഖദീജാ മുംതാസ്

ഖദീജാ മുംതാസ്

ബുദ്ധിയുടെ ഇടം മസ്തിഷ്കവും വൈകാരികതകളുടേത് മനസ്സും എന്നായിരുന്നു ഏറെക്കാലമായുള്ള മനുഷ്യന്റെ ധാരണ. ശരീരം, മനസ്സ്, ആത്മാവ് എന്നതിന്റെ സമഗ്രതയായി ചികിത്സയുടെ ചിഹ്നത്തെ രൂപകൽപ്പന ചെയ്തവരും ബൗദ്ധിക തലവും മനസ്സും വേറിട്ടുനിൽക്കുന്നുവെന്ന സന്ദേശം പരോക്ഷമായെങ്കിലും നൽകുന്നുണ്ട്.  യജമാനന്റെ സങ്കടമറിഞ്ഞ് അടുത്ത് ചടഞ്ഞുകൂടിയിരുന്ന്‌ വിഷാദിക്കുന്ന വളർത്തുനായക്കും മനസ്സ് എന്ന ഒന്ന് ഉണ്ടെന്നു നാമറിയുന്നു. പക്ഷേ, ആ മനസ്സ് എവിടെ എന്നത് അപ്പോഴും അവ്യക്തം.

നെഞ്ചിൻ കൂടിനകത്തെ ഹൃദയമെന്നത് പലതരം ആജ്ഞകൾക്ക് വിധേയമായി നിരന്തരം യന്ത്രസമാനം പ്രവർത്തിക്കുന്ന ഒരു അവയവം മാത്രമാണുതാനും.

പ്രത്യക്ഷ ബുദ്ധിയുടെ ഉറവിടമായ, ജീവൻ നിലനിർത്താനാവശ്യമായ ശ്വസന പ്രക്രിയ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ നിയന്ത്രണമേന്തുന്ന, ഉറക്കത്തിന്റെയും ഉണർച്ചയുടെയും പ്രഭവകേന്ദ്രമായ, മസ്തിഷ്കം തന്നെയാണ് വൈകാരിക ഉത്തേജനങ്ങളുടെയും അവയുടെ നിയന്ത്രണങ്ങളുടെയും ഇടമായ  മനസ്സും എന്ന് ഇന്ന് സാധാരണക്കാരും അറിഞ്ഞുകൊണ്ടിരിക്കുന്നു.

.limbic systemഎന്ന്‌ സമഗ്രമായി വിളിക്കുന്ന മസ്തിഷ്ക ഭാഗങ്ങളായ ഹൈപ്പോത്തലാമസ് (Hypothalamus), ഹിപ്പോകാംപസ് (Hippocampus), അമിഗ്ഡല (Amygdala), ലിംബിക് കോർട്ടക്സ് (Limbic Cortex) എന്നിവയടങ്ങിയ ഭാഗങ്ങളാണ് പ്രധാനമായി മാനസിക വ്യാപാരങ്ങൾ എന്ന്‌ നാം വിളിക്കുന്നവയുടെ ഉറവിട  നിയന്ത്രണ കേന്ദ്രങ്ങൾ.

ഇനിയും പൂർണമായി മനസ്സിലാക്കപ്പെടാത്ത പ്രവർത്തന ഭാഗങ്ങളും ഹോർമോണുകളും രാസഘടകങ്ങളും ഉണ്ടായെന്നും വരാം. ജീവന്റെ നിലനിൽപ്പ് എന്നതിനപ്പുറം വൈകാരിക ജീവിതം ഉറപ്പാക്കുക എന്നതുകൂടി മനുഷ്യ മസ്തിഷ്കത്തിന്റെ ഉത്തരവാദിത്തമായി വരുന്നു.

പെയിന്റിങ്‌ : പോൾ സസ്സാൻ

പെയിന്റിങ്‌ : പോൾ സസ്സാൻ

ആനന്ദം എന്ന അവസ്ഥയ്ക്കുവേണ്ടിയുള്ള ആഗ്രഹം മനുഷ്യനിൽ മുന്തി നിൽക്കുന്നു. മറ്റു ജീവജാലങ്ങളിലും അതുണ്ടെങ്കിലും തലമുറകളുടെ തുടർച്ചയ്ക്ക് അവ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനാൽ വ്യക്തിഗത ആനന്ദങ്ങൾക്കും അഹംബോധത്തിനും മറ്റു ജീവികളിൽ പ്രസക്തി കുറവാണ്. തേനീച്ചകളുടെ കൂട്ടുജീവിതം ശ്രദ്ധിച്ചാൽ അതറിയാനാവും. മനുഷ്യനെ ആ നിലയിലേക്ക് ചുരുക്കാൻ ശ്രമിക്കുമ്പോഴാണ് സംഘർഷങ്ങൾ ഉടലെടുക്കുന്നതും.

മനുഷ്യൻ മറ്റു ജീവജാലങ്ങളെക്കാൾ ശ്രേഷ്ഠരെന്നല്ല, പരിണാമ ഘട്ടങ്ങളിലെ പൂർവികരേക്കാൾ, മനുഷ്യരോട് ഏറെ സമാനതകൾ പറയാവുന്ന ചിമ്പാൻസി, ഗൊറില്ല തുടങ്ങിയ മറ്റു പ്രൈമേറ്റു (Primate)കളേക്കാൾ, എങ്ങനെ മനുഷ്യർ വ്യത്യസ്തരായിരിക്കുന്നു എന്ന്‌ ചിന്തിക്കുകയായിരിക്കും ഉചിതം. മനുഷ്യനാണ് ലോകത്തെ ഇന്നുകാണുന്ന ലോകമായി പരിവർത്തിപ്പിച്ചത് എന്നഹങ്കരിക്കുമ്പോൾ മറ്റു ജീവജാലങ്ങളുടെ മനുഷ്യരെ അതിശയിപ്പിക്കുന്ന അതിജീവനപ്രക്രിയകളെ നാം തമസ്കരിക്കുകയാണ്.

നാലുകാലിൽ നടന്നിരുന്നവയിൽനിന്ന് ഇരുകാലികളി (Homo erectus)ലേക്കുള്ള പരിണാമം ഒട്ടേറെ സാധ്യതകൾ ആ വിഭാഗത്തിനുനൽകുകയുണ്ടായി. ഏകദേശം 1.8 മില്യൺ വർഷങ്ങൾക്ക്‌ മുമ്പുസംഭവിച്ച ആ പരിണാമത്തിലൂടെ മുൻകാലുകൾ സ്വതന്ത്രമായതോടൊപ്പം പെരുവിരലിന്റെ സാധ്യതകൾ കൂടിയായതോടെ മനുഷ്യർ കൂടുതൽ  ആവിഷ്കാര സാധ്യതകൾ ഉള്ളവരായി.

ജനിതകത്തിൽ ആലേഖനം ചെയ്യപ്പെട്ട വർഗ സവിശേഷതകൾക്കപ്പുറം വൃക്തിതലത്തിൽ വൈവിധ്യമുള്ള കഴിവുകളുള്ളവരായി മനുഷ്യർ മാറിത്തീർന്നതെങ്ങനെ എന്ന അന്വേഷണം മനുഷ്യ മസ്തിഷ്കത്തിന്റെ വളർച്ചയിലെ വിസ്മയകരമായ പ്രത്യേകതകളിലേക്ക് വിരൽ ചൂണ്ടുന്നു.

നാലുകാലിൽ നടക്കുന്നവയെ അപേക്ഷിച്ച് മനുഷ്യക്കുഞ്ഞ് ഗർഭപാത്രവാസം ഏറെ മുമ്പേ അവസാനിപ്പിച്ച് പുറം ലോകത്തെത്തുന്നുണ്ട്. മസ്തിഷ്ക വളർച്ചയുടെ 25 ‐ 28 ശതമാനം മാത്രം പൂർത്തീകരിച്ചുള്ള ജനനം. ഇരുകാലികളുടെ ഇടുപ്പെല്ലുകളുടെ സന്ധികൾ നാൽക്കാലികളുടേതിനേക്കാൾ ചലനാത്മകത കുറഞ്ഞതും അതുകൊണ്ടുതന്നെ വികാസ സാധ്യത പരിമിതം ആയതുമാണ്.

കുത്തനെ നിൽക്കുന്നവളുടെ ഗർഭപാത്രമുഖത്ത് ഗുരുത്വാകർഷണം (gravity) കൂടിയിരിക്കുന്നതും മറ്റു ജീവികളേക്കാൾ ഏറെ നേരത്തേ പ്രസവപ്രക്രിയ നടക്കാനിടയാക്കുന്നുണ്ടാകാം.

വികാസ സാധ്യത കുറഞ്ഞ ഇടുപ്പെല്ലിനകത്തുകൂടി ഞെരുങ്ങിയിറങ്ങുമ്പോൾ കൂടുതൽ വളർന്ന മസ്തിഷ്കത്തിനുണ്ടാകാവുന്ന ക്ഷതങ്ങൾ ഒഴിവാക്കുക എന്ന പ്രകൃതിയുടെ കരുതൽ കൂടിയാവാം ഈ നേരത്തേയുള്ള ജനനം. 25% മാത്രം വളർന്ന തലച്ചോറുമായി പിറന്ന മനുഷ്യശിശു അമ്മയുൾപ്പെടെയുള്ളവരുടെ കരുതലിലും സംരക്ഷണയിലുമാണ് വളരുന്നത്.

ഈ പരാധീനതകളാണ് മനുഷ്യന്റെ സാധ്യതകളാവുന്നത് എന്നതാണ് അതിലെ കൗതുകകരമായ വശം. സ്നേഹവും വൈകാരിക സംരക്ഷണവും ബന്ധുക്കളിൽനിന്നോ സമൂഹത്തിൽ നിന്നോ ലഭിക്കാതെ പോവുന്നവരുടെ കാര്യത്തിൽ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യാമെന്നതിനാൽ ഇരുതലമൂർച്ചയുള്ള വാൾ എന്ന് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നു.

18‐20 വയസ്സിൽ മാത്രം പൂർത്തിയാകുന്ന ഈ മസ്തിഷ്ക വളർച്ചാ സവിശേഷതയാണ്‌ ജനിതക നിർണിതമായവയ്ക്കപ്പുറം ബൗദ്ധികവും കായികവും വൈകാരികവും കലാപരവുമായ കഴിവുകൾ ഉണർത്താനും പുതിയവ ആർജിക്കാനും, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിരിക്കുമ്പോഴും സമൂഹജീവിയായിരിക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്നത്. കുഞ്ഞ്‌ മാതൃഭാഷ പഠിച്ചെടുക്കുന്നത് അമ്മയോടും കുടുംബാംഗങ്ങളോടും ഉണ്ടാവുന്ന വൈകാരിക ബന്ധത്തിലൂടെയാണെങ്കിൽ ഒരു രണ്ടാം ഭാഷ പഠിക്കുന്നത് ബൗദ്ധിക തലത്തിലാണ്. 

മസ്തിഷ്ക കോശങ്ങളുടെ, പ്രത്യേക മസ്തിഷ്ക ഭാഗങ്ങളുടെ, വളർച്ചയെയും മുരടിപ്പിനെയും ഈ സുദീർഘകാലഘട്ടത്തിലെ പരിതസ്ഥിതികൾ തീരുമാനിക്കുന്നുണ്ട് എന്നതാണ് മനുഷ്യർ ഒന്നിനൊന്നു വ്യത്യസ്തരായിരിക്കുന്നതിന്റെ ഒരു പ്രധാന കാരണം. മനുഷ്യനോടടുത്തുനിൽക്കുന്ന ചിമ്പാൻസികളിലും ആൾക്കുരങ്ങുകളിലും 2 വയസ്സിൽ പൂർത്തിയാവുന്ന മസ്തിഷ്ക വളർച്ചയാണ് മനുഷ്യന് 20 വയസ്സുവരെ നീട്ടിക്കിട്ടുന്നത് എന്നറിയുക. Catch them young എന്ന വിശാലാർഥമുള്ള പ്രയോഗത്തിന്റെ സാധ്യതകളോടൊപ്പം, ആർത്തവാരംഭത്തോടെ വൈവാഹിക പ്രജനന പ്രക്രിയകളിലേക്ക് ആനയിക്കപ്പെടുന്ന പെൺ മസ്തിഷ്കത്തിന് ലഭിക്കാതെ പോവുന്ന വളർച്ചാ സാധ്യതയെയും നമുക്കു ചിന്താവിഷയമാക്കാം.

മെഡിറ്റേറ്റീവ്‌ റോസ്‌‐സാൽവദോർ ദാലി

മെഡിറ്റേറ്റീവ്‌ റോസ്‌‐സാൽവദോർ ദാലി

സമൂഹജീവിയായിരിക്കുന്നതിനാൽത്തന്നെയാണ് മനുഷ്യനിൽ അഹം അല്ലെങ്കിൽ ആത്മബോധം ഉണ്ടാവുന്നത്. സമൂഹവും വ്യക്തിയും തമ്മിൽ വൈരുധ്യാത്മക ബന്ധമാണ് വാസ്തവത്തിൽ ഉള്ളത്. വ്യക്തിയെ രൂപീകരികരിക്കുന്നതിൽ സമൂഹത്തിന് പങ്കുണ്ട്. നാണം, വിനയം, കടപ്പാട്, അനുകമ്പ, മുതലായവ മനുഷ്യനിൽ ഉണ്ടാവുന്നത് അവൻ സമൂഹത്തിനകത്തായതുകൊണ്ടാണ്.

സാമൂഹ്യമായി ഒറ്റപ്പെടുന്നതിലെ ആധിയിൽനിന്നാണ് ആത്മാവബോധം ഉരുവം കൊള്ളുന്നതെങ്കിലും പുറത്തുള്ളവയുമായി സമരസപ്പെടാൻ ശ്രമിക്കുംതോറും ആത്മബോധം ദുർബലപ്പെടുന്നുമുണ്ട്.

നമ്മിലെ നമ്മളെ കണ്ടെത്താനും അതനുസരിച്ച് നമ്മെത്തന്നെ ആവിഷ്കരിക്കാനും സമൂഹം എന്തുചിന്തിക്കുമെന്ന ആധിയിൽ നിന്ന് അകലം പാലിക്കേണ്ടതുമുണ്ട് എന്ന്‌ സാരം. ‘വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുധ്യാധിഷ്ഠിത ബന്ധത്തിലൂടെയേ സാമൂഹിക പുരോഗതി കൈവരിക്കാനാവൂ' എന്ന് ഭരണഘടനാ ശിൽപ്പിയായ അംബേദ്‌കർ പറഞ്ഞിരിക്കുന്നത് (ഭാവിയുടെ അംബേദ്‌കർ പഠനം കെ ആർ കിഷോർ) സാമൂഹ്യ തലത്തിലുള്ള ഒരു വിലയിരുത്തലെങ്കിലും ഇവിടെയും അത്‌ പ്രസക്തമാണ് എന്നുതോന്നുന്നു. വൃക്തികൾ കർമശേഷിയിലൂടെ നേടിയെടുക്കുന്ന അംഗീകാരവും ആത്മവിശ്വാസവും സമൂഹത്തിന്റെ അന്തസ്സുയർത്തുമെന്ന് അദ്ദേഹം വിശ്വസിച്ചു. വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഭരണഘടനയാണല്ലോ നമ്മുടേത്.

  വൃക്തി (Individua) എന്ന വാക്കു തന്നെ പ്രയോഗത്തിൽ വന്നത് പതിനെട്ടാം നൂറ്റാണ്ടിൽ മാത്രമാണ്. സ്കോട്ടിഷ് രാഷ്ട്രീയ സാമ്പത്തിക തത്വശാസ്ത്രജ്ഞനായ ആഡംസ്മിത് ആണ് ആ വാക്ക് ആദ്യമായി തന്റെ എഴുത്തിൽ പ്രയോഗിക്കുന്നത്.

തീവ്രമായ അഹംബോധ (Ego) മുള്ള മനുഷ്യർ അതിനുമുമ്പും ഒട്ടും കുറവായിരുന്നില്ലെങ്കിലും വ്യക്തികളായി അംഗീകരിക്കപ്പെടുന്നവർ ലോകത്തിൽത്തന്നെ അക്കാലത്ത് എത്ര ശതമാനം ഉണ്ടായിരുന്നിരിക്കും എന്നാലോചിക്കാവുന്നതാണ്.

പ്രദീപൻ പാമ്പിരിക്കുന്ന്

പ്രദീപൻ പാമ്പിരിക്കുന്ന്

ജാതീയതയുടെ വലിയ സ്വാധീനവും സാമ്പത്തിക അസമത്വവും നിലനിൽക്കുന്ന ഇന്ത്യയിൽ ഇന്നും ഇത് ഒരു ന്യൂനപക്ഷത്തിന്റെ അവകാശം മാത്രം. ‘മനുഷ്യൻ എന്ന കേവലസ്വരൂപത്തിന്റെ നിർമിതി അയിത്തജനതയുടെ ആവശ്യമായിരുന്നു' എന്ന് കേരളീയ നവോത്ഥാനത്തെപ്പറ്റി സംസാരിക്കുമ്പോൾ അന്തരിച്ച സാംസ്കാരിക നിരൂപകൻ പ്രദീപൻ പാമ്പിരിക്കുന്ന് എഴുതിയതും (ആധുനിക കേരളം ആരുടെ ഭാവനയാണ്?  പ്രദീപൻ പാമ്പിരിക്കുന്നിന്റെ ലേഖനങ്ങൾ, സാഹിത്യ അക്കാദമി) അതുകൊണ്ടുതന്നെ.

വൃക്തി സത്തയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ശ്രേഷ്ഠമായ ഭരണഘടനയുണ്ടായിട്ടും വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെങ്കിലും ഇന്നും ആത്മബോധമെന്നത് കീഴാളന്റെ അനർഹമായ മോഹം മാത്രം. ഇന്ത്യൻ സ്ത്രീയുടെ അവസ്ഥയും പൊതുവായി നോക്കിയാൽ ഏറെ പരിതാപകരം തന്നെ.

ലൈംഗിക ചിന്തകൾ എപ്പോൾ മുതൽ?

 പെൺകുട്ടികളിൽ ആർത്തവാരംഭം പത്തിനും പതിനഞ്ചിനും ഇടയിൽ ഉണ്ടാകുന്നുണ്ട്. ഏകദേശം അതേ കാലഘട്ടത്തിലോ ഇത്തിരി മുമ്പോ ലൈംഗിക വികാരം കുട്ടികളിൽ മൊട്ടിടുന്നുമുണ്ട്.

സ്വപ്ന സ്ഖലനമായി ആൺകുട്ടികൾ ആ അനുഭൂതി ശാരീരികമായി അറിയുന്നുമുണ്ട്. എന്താണ് തന്റെ ശരീരത്തിലും മനസ്സിലും സംഭവിക്കുന്നത് എന്നറിയാതെ ഋതുമതിയാവുന്ന പെൺകുട്ടിയും സ്ഖലനം അനുഭവിക്കുന്ന ആൺകുട്ടിയും അമ്പരന്നേക്കാം.

പെൺകുട്ടിയോട് ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന നിലയിൽ അമ്മമാരോ മുതിർന്നവരോ ചിലതൊക്കെ പറഞ്ഞുകൊടുത്തെന്നുവരും. അധികവും നിയന്ത്രണങ്ങളായോ കൃത്യമായി മനസ്സിലാക്കാനാവാത്ത അപകട സൂചനകളായോ ഒക്കെയാണ് ഇവ അവരിലെത്തുക. ആൺകുട്ടികളാവട്ടെ, തീർത്തും അവഗണിക്കപ്പെടുന്നുണ്ട് ഇക്കാര്യത്തിൽ. അല്ലെങ്കിൽ സ്വയം മനസ്സിലാക്കിയെടുക്കാൻ മാത്രം സ്വതന്ത്രരായിരിക്കും അവർ.

സമൂഹത്തിന്റെ ലിംഗ ബോധത്തിന്റെ പ്രതിഫലനം കൂടിയാണത്. കുടുംബത്തിന്റെ സൽപ്പേര് പെൺകുട്ടിയുടെ മാത്രം ബാധ്യതയാവുന്ന അവസ്ഥ. സ്വതന്ത്ര വിഹാരം സാധ്യമായ ആൺകുട്ടികൾ കൂട്ടുകാരിൽനിന്നോ മഞ്ഞപ്പുസ്തകങ്ങളിൽനിന്നോ വികലമായ അറിവുകളിൽ ചെന്നെത്തുകയും ചെയ്യും.

മുൻ തലമുറയിലെ ഗ്രാമീണാന്തരീക്ഷങ്ങളിൽ വളർന്നിരുന്ന ആൺകുട്ടികൾ തറവാട്ടിലെ മുതിർന്ന സ്ത്രീകളിൽ നിന്നോ, നിഗൂഢമായതിനെ അറിയാനുള്ള ത്വരയാൽ ചെന്നെത്തിപ്പെടുന്ന നാടൻ വേശ്യാ ഗൃഹങ്ങളിൽനിന്നോ ലൈംഗികാനുഭവങ്ങളുടെ ബാലപാഠങ്ങൾ അഭ്യസിച്ചെന്നുമിരിക്കും.

 ദി കിസ്സ്‌ ‐ ഗുസ്‌താവ്‌ ക്ലിന്റ്‌

ദി കിസ്സ്‌ ‐ ഗുസ്‌താവ്‌ ക്ലിന്റ്‌

സ്ത്രീശരീരത്തിൽനിന്ന് തനിക്കു ലഭിക്കാവുന്ന ആഹ്ലാദങ്ങൾക്കപ്പുറമുള്ള പ്രണയസാധ്യതകളൊന്നും അവർ മനസ്സിലാക്കുകയുമില്ല.ഫലമോ, സ്ത്രീ തങ്ങൾക്ക് ഗോപ്യമായി ആഹ്ലാദിക്കാനുള്ള ചരക്ക് (commodity) മാത്രമാവുന്നു അവരുടെ മനസ്സിൽ. ഏറിയും കുറഞ്ഞുമുള്ള ഈ ബോധ്യങ്ങളോടെയാണ് അവർ സമൂഹത്തിൽ ഇടപെടുന്നതും പിന്നീട് വൈവാഹിക ബന്ധത്തിലേക്ക് പ്രവേശിക്കുന്നതും. പെൺകുട്ടികളിൽ വലിയൊരു വിഭാഗം ലൈംഗികതയെന്തെന്നറിയാതെയോ, അതിനെപ്പറ്റി അജ്ഞാതമായ ഭീതിയോ അല്ലെങ്കിൽ അടിസ്ഥാനമില്ലാത്ത കാൽപ്പനിക ഭാവമോ പേറുന്ന മനസ്സുമായാകാം മണിയറ പൂകുന്നത്.

ഇത് പുരുഷന്റെ അധികാരപ്രയോഗത്തിനുള്ള സാധ്യതയെ വർധിപ്പിക്കുന്നു. ആദ്യാനുഭവത്തിലെ കയ്പും അതിന്റെ തനിയാവർത്തനങ്ങളും അധികം വൈകാതെയുണ്ടാകാവുന്ന ഗർഭധാരണവും ദാമ്പത്യത്തെ അത്യന്തം വിരസമായ ഒന്നാക്കി അവളെ ശ്വാസം മുട്ടിക്കുന്നു. ആൺ പെൺ പ്രണയാനുഭവത്തിന്റെ അഭാവം പെണ്ണിനെ മാത്രമല്ല, പയ്യെപ്പയ്യെ പുരുഷനെയും പിടികൂടുകയും അസംതൃപ്തദാമ്പത്യമെന്ന ന്യായവാദം ചിലപ്പോൾ വിവാഹേതര ബന്ധങ്ങളിൽ കൊണ്ടെത്തിക്കുകയും ചെയ്യാം.

സാമൂഹ്യപരമായി നോക്കിയാൽ ഈ അസംതൃപ്തദാമ്പത്യക്കാർ തന്നെയാണ് കൊച്ചുപെൺകുട്ടികളുടെ പീഡകരായി അവതരിക്കുന്ന മുതിർന്നവരിൽ ഏറെപ്പേരും. പുതിയ കമ്പോളാഘോഷക്കാലത്ത് ഈ മുതിർന്നവരോടൊപ്പം യുവാക്കളും കൗമാരക്കാരും പീഡകരായി അവതരിക്കുന്നുണ്ട്. മദ്യവും ലഹരിമരുന്നുകളും ഇതിന് ആക്കം കൂട്ടുന്നുമുണ്ട്.

   ലൈംഗികതയെപ്പറ്റി ശരീര കേന്ദ്രീകൃതമായ അറിവുപകരാൻ ഇന്ന് ഗൂഗിൾപോലെയുള്ള സംവിധാനങ്ങൾ ഉണ്ട്‌. ഇന്ന് പോൺ വീഡിയോകളും  ലൈംഗികതയെ വ്യംഗ്യാർഥ ധ്വനികളോടെ ആഘോഷമാക്കുന്ന ഗാന ചിത്രീകരണങ്ങളും പെൺകുട്ടികൾക്കും അന്യമല്ലല്ലോ. വീട്ടിൽ നിന്നോ സദാചാര ക്ലാസുകളിൽ നിന്നോ ലഭിക്കുന്ന അപൂർണവും  വികർഷണമുണ്ടാക്കുന്നവയുമായ അറിവുകളിൽനിന്ന് വ്യത്യസ്തമായി അത്യന്തം ആവേശജനകമാണ് ലൈംഗികത എന്ന ബോധ്യത്തിലേക്ക് അവർ സ്വാഭാവികമായി ചെന്നെത്തുന്നു.

പുതുമയിലേക്കും സാഹസികതയിലേക്കും പുതുസ്വത്വബോധത്തിലേക്കുമുള്ള  കൗമാര പ്രായക്കാരുടെ ആവേശകരമായ പ്രയാണത്തിനിടെ ഇവർ ചൂഷണത്തിന്റെ വഴികളിൽ എത്തിപ്പെടുകയും ചെയ്യാം.
പെൺകുട്ടികൾ മാത്രമല്ല, ഒരു പക്ഷേ അവരേക്കാൾ കൂടുതലായി ഇന്ന് ആൺകുട്ടികൾ മുതിർന്ന പുരുഷന്മാരാൽ ലൈംഗികചൂഷണത്തിന്‌ വിധേയരാകേണ്ടി വരുന്നുണ്ട്. വികലമായ ശരീര കേന്ദ്രീകൃത ലൈംഗിക ബോധ്യങ്ങളും അസംതൃപ്തദാമ്പത്യങ്ങളും പേറിയെത്തുന്ന മുൻ തലമുറയുടെ വൈകൃതങ്ങൾ തന്നെയാണ് അവ.

സ്നേഹം നടിച്ച് സമീപിക്കാനും ബന്ധം രഹസ്യമാക്കി  വെക്കാനും പെൺകുട്ടികളേക്കാൾ എളുപ്പം ആൺകുട്ടികളാണ്  എന്നതിനാലായിരിക്കണം ഇന്ന് കൂടുതലായി അവർ ചൂഷണവിധേയരാകുന്നത്. പീഡിപ്പിക്കപ്പെടുന്ന ആൺകുട്ടികളുടെ മനസ്സിൽ ഒരിക്കലും ഉണങ്ങാത്ത മുറിവായോ, ലൈംഗിക വൈകൃത ബോധമായോ ഇത് നീണ്ടുനിൽക്കാനുള്ള സാധ്യതയുമേറെ.

എന്താണ് പരിഹാരം?

  മസ്തിഷ്ക വളർച്ചയുടെ കൗമാര കാലത്ത് ശരിയായ ലൈംഗിക വിദ്യാഭ്യാസമേകലാണ് ഇതിനൊക്കെയുള്ള പരിഹാരം എന്നു പറയുമ്പോൾ പലർക്കും അത് അതിശയോക്തിയായി തോന്നാം.

സ്വന്തം ശരീരത്തെ അറിയാത്തതുകൊണ്ടാണ് പെൺകുട്ടികൾ ചൂഷണവിധേയരാകുന്നത് എന്നതും ഒരു ന്യൂനീകരണമാണ്. ചൂഷണം സമം അവിഹിത ഗർഭം എന്ന സമൂഹത്തിന്റെ ഭയപ്പാട് അതിൽ മുന്തിനിൽക്കുന്നുമുണ്ട്. ആൺകുട്ടികൾ പീഡന വിധേയരാകുന്നതിൽ വലിയ ആധി സമൂഹം പ്രകടിപ്പിക്കാതിരിക്കുന്നതും അതുകൊണ്ടുതന്നെ.

തീർച്ചയായും സദാചാര ക്ലാസുകളിൽ നിന്നോ വീട്ടിലെ മുതിർന്നവരിൽ നിന്നോ ലഭിക്കാവുന്ന അറിവുകൾ അപൂർണമാണ്. സ്പർശനത്തിലൂടെ ഗർഭധാരണമുണ്ടാകാമെന്നോ, കുട്ടിക്കാലത്തെ ലൈംഗിക ചൂഷണം മൂലം പ്രായപൂർത്തിയാവുമ്പോൾ ഗർഭിണിയാകാമെന്നോ ഒക്കെയുള്ള വികല ധാരണകളിൽ  പല പെൺകുട്ടികളും ഇന്നും കുടുങ്ങിക്കിടക്കുന്നുണ്ട്. 

ലൈംഗിക ശാസ്ത്രം പഠിപ്പിക്കുന്ന ക്ലാസ് മുറികളിലാവട്ടെ, ബീജസങ്കലനത്തിലെ (Fertilization) ശാസ്ത്രത്തിനും തട്ടിക്കൂട്ടിയുള്ളൊരു സ്ത്രീപുരുഷ ലൈംഗികാവയവ വിശദീകരണത്തിനും അപ്പുറം ലൈംഗിക പ്രക്രിയയെപ്പറ്റിയുള്ള അറിവോ അതിലെ വൈകാരികാംശമോ വിശദീകരിക്കപ്പെടുന്നില്ല. അതിനുപ്രാപ്തരായ അധ്യാപകരോ പുസ്തങ്ങളോ നമുക്കില്ല.

പുതിയ ടെക്‌നോളജി നൽകുന്ന അറിവുകളിലേക്ക് വ്യക്തിത്വവും ആത്മബോധമുള്ള പെൺകുട്ടികൾ ചെന്നെത്തുന്നതിൽ അതുകൊണ്ടുതന്നെ തെറ്റുപറയാനുമില്ല. അതവരുടെ അവകാശമാണ്. നാം പകർന്നുകൊടുക്കാത്തത് പുതിയ കുട്ടികൾ തേടിപ്പിടിക്കും. അവിടെയും നഷ്ടപ്പെടുന്നത് ലൈംഗികതയിലെ യഥാർഥ വൈകാരികതയാണ്. അത്  സമത്വത്തിലും സൗഹൃദഭാവത്തിലും അധിഷ്ഠിതമായിരിക്കേണ്ടതാണ് എന്ന സത്യമാണ്.

 സ്ത്രീ ശാക്തീകരണ സംരംഭങ്ങൾ ഇന്ന് സജീവമാണ്. ആയിരിക്കേണ്ടതുമുണ്ട്. തങ്ങളുടെ അവകാശങ്ങളെപ്പറ്റി അന്യഥാ പ്രബുദ്ധരാവുന്ന പെൺകുട്ടികൾ ലൈംഗികതയിലും സമത്വത്തിന് നിർബന്ധം ചെലുത്താമെങ്കിലും പുരുഷന്റെ ശാരീരികാഹ്ലാദത്തിന്റെ തലത്തിൽമാത്രം സെക്സിനെ മനസ്സിലാക്കിയ അവളുടെ ഇണ അതിനൊത്തുയരണമെന്നില്ല. ആധുനിക ദാമ്പത്യത്തിലെ പ്രശ്നങ്ങൾ അങ്ങനെയുമാണ് ഉടലെടുക്കുന്നത്.

വൃക്തിസ്വാതന്ത്ര്യത്തിനും സമത്വത്തിനും ജീവിതത്തിലെ എല്ലാ മേഖലകളിലും പ്രാധാന്യം കൽപ്പിക്കുന്ന പെൺകുട്ടി പാരമ്പര്യ ആൺബോധത്തിൽ വളർന്ന പുറം ലോകത്തിലെ പുരുഷന്മാരാൽ ആക്രമിക്കപ്പെടുന്നതും നാം കാണുന്നു. സ്വാതന്ത്ര്യത്തിൽ ആൺ പെൺ ഭേദം പാടില്ല എന്ന്‌ പെൺകുട്ടി ആവശ്യപ്പെടുമ്പോൾ അതിന്‌ സമൂഹം വളർന്നുവോ എന്ന ശങ്ക ഇന്ത്യൻ സാഹചര്യത്തിലെങ്കിലും ഉയർത്താതെ വയ്യ.

ഇവിടെയാണ്  ശരിയായ ലൈംഗിക വിദ്യാഭ്യാസം സ്കൂൾ കാലത്തു തന്നെ, ഏകദേശം പന്ത്രണ്ട്‌ വയസ്സാകുമ്പോൾ മുതൽ ലിംഗഭേദമെന്യെ കൊടുത്തുതുടങ്ങേണ്ടതിന്റെ ആവശ്യകത. 18 വയസ്സിനുമുമ്പ് മനസ്സിലുറച്ചുപോയ ലൈംഗിക ബോധ്യങ്ങൾ മാറ്റിയെടുക്കുക എളുപ്പമാകില്ല എന്നത് മസ്തിഷ്ക വളർച്ചയുടെ വെളിച്ചത്തിൽത്തന്നെ സമർഥിക്കാനാവുന്നു.

ലൈംഗിക പഠനമന്നാൽ പ്രത്യുൽപ്പാദന ശാസ്ത്ര പഠനം തന്നെയോ?

ശരീരത്തെയും ഗർഭധാരണത്തെയും പറ്റിയുള്ള കേവല ശാസ്ത്രമറിയുന്ന പെൺകുട്ടിക്കും പ്രലോഭനങ്ങളിൽനിന്ന് കുടഞ്ഞുമാറാൻ കഴിയണമെന്നില്ല. പ്രത്യേകിച്ച് സ്നേഹവും വൈകാരിക സുരക്ഷിതത്വവും കിട്ടാതെ വളർന്ന, ആത്മബോധം കുറഞ്ഞ പെൺകുട്ടികൾക്ക്. ലൈംഗികോത്തേജനം ഉണ്ടാകുമ്പോൾ മസ്‌തിഷ്‌കം ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളുടെ ഊഞ്ഞാലിലായിരിക്കും അവരുടെ മനസ്സ് അപ്പോൾ.

ലൈംഗിക പ്രേരണയാൽ ഉണരുന്ന മസ്‌തിഷ്ക ഭാഗങ്ങൾ പുറപ്പെടുവിക്കുന്ന ഓക്സിടോസിൻ oxytocin), വാസൊപ്രസിൻ (Vasopressin), ഡോപമിൻ (Dopamin) തുടങ്ങിയ ഹോർമോണുകൾ പ്രതിബന്ധങ്ങളെ അവഗണിച്ച് ആനന്ദത്തിന്റെ വഴിതേടാൻ പ്രേരണ നൽകും.

ഈ ഉന്മാദാവസ്ഥയെ നിലനിർത്താനായി പിന്നാലെ ബീറ്റാ എൻഡോർഫിനുകളും(Beta Endorphine) എത്തുകയായി. വരും വരായ്കകൾ അപ്രസക്തമാക്കും ഈ സ്നേഹ ഹോർമോണുകൾ. അപ്പോൾ ഇതൊഴിവാക്കണമെങ്കിൽ ഈ വൈകാരിക തലത്തെപ്പറ്റി കൂടി മുൻകൂട്ടി അറിവുള്ളവരായിരിക്കണം കൗമാരക്കാർ എന്നുവരുന്നു.

ലൈംഗിക ചൂഷണക്കാർ സ്പർശനത്തിലൂടെയും ലാളനകളിലൂടെയും ഉണർത്താൻ ശ്രമിക്കുന്നതും ഈ ഹോർമോണുകളെയാണെന്നറിയുക. സൗഹൃദങ്ങളിലും കൂട്ടുപ്രവർത്തനങ്ങളിലും ഉണരുന്നതും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിൽപ്പോലും ഭാഗഭാക്കാവുന്നതും ഓക്സിടോസിൻ, ഡോപമിൻ ഹോർമോണുകളാണ് എന്നതും! സിറോടോണിൻ (Serotonin) ഹോർമോണാകട്ടെ, ഈ അവസ്ഥകൾക്ക് ഒരളവുവരെ കടിഞ്ഞാണിടുന്ന ഒന്നാണ്.

ലൈംഗികോർജത്തെ വഴിതിരിച്ചുവിടുക, ക്രിയാത്മകമായി ഉപയോഗിക്കുക എന്നൊക്കെ പറയുമ്പോൾ നാം അർഥമാക്കുന്നതും ഇതുതന്നെയാണ്. കൂട്ടായ കാർഷിക വൃത്തി, കലാസാഹിത്യ പ്രവർത്തനം, സേവന പ്രവർത്തനം എന്നിവയിലൊക്കെ ഏർപ്പെടുമ്പോൾ കുട്ടികൾക്ക്‌ (മുതിർന്നവർക്കും) ലഭിക്കുന്ന സംതൃപ്തിയും മാനസികോല്ലാസവും ഈ സ്നേഹ ഹോർമോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നതുതന്നെ!

വൃക്തികേന്ദ്രിത, സുരക്ഷിത സാമ്പത്തിക സാമൂഹ്യ അവസ്ഥകളിൽ വളരുന്ന പാശ്ചാത്യനാടുകളിലെ കൗമാരപ്രായക്കാർക്ക് കൊടുക്കുന്ന ലൈംഗിക വിദ്യാഭ്യാസം മതിയാകില്ല, പല കാരണങ്ങളാൽ, ഇന്ത്യൻ സമൂഹത്തിലെ കുട്ടികൾക്ക്. വൃക്തിസ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവയാണ് പാശ്ചാത്യ സമൂഹങ്ങൾ. കൗമാര ലൈംഗികത അവിടെയൊരു അസ്വാഭാവികതയോ തെറ്റോ അല്ല. കുഞ്ഞുങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാകുന്ന സാമൂഹ്യ (കൗമാര ആരോഗ്യ ) പ്രശ്നം മാത്രമായിരിക്കാം അവരെ അലട്ടുന്നതും.

സാമൂഹ്യ അസമത്വങ്ങളും ജാതീയതയും, മതങ്ങളുടെ അപ്രമാദിത്വവും  സ്വാധീനം ചെലുത്തുന്ന ഇന്ത്യൻ സമൂഹത്തിൽ ലൈംഗികതയിലുൾച്ചേർന്ന അധികാരപ്രയോഗത്തെ വിസ്മരിച്ചുകൂടാ. ബലാത്സംഗങ്ങളും പ്രണയനൈരാശ്യക്കൊലകളും ഇവിടെയെന്നപോലെ വേറെ നാടുകളിൽ സംഭവിക്കുന്നുമില്ല.

സാമൂഹ്യ അസമത്വങ്ങളും ജാതീയതയും, മതങ്ങളുടെ അപ്രമാദിത്വവും  സ്വാധീനം ചെലുത്തുന്ന ഇന്ത്യൻ സമൂഹത്തിൽ ലൈംഗികതയിലുൾച്ചേർന്ന അധികാരപ്രയോഗത്തെ വിസ്മരിച്ചുകൂടാ. ബലാത്സംഗങ്ങളും പ്രണയനൈരാശ്യക്കൊലകളും ഇവിടെയെന്നപോലെ വേറെ നാടുകളിൽ സംഭവിക്കുന്നുമില്ല.

ഏറെ ആലോചനകളും വിവേക ബുദ്ധിയും വേണ്ടിവരും ഇന്ത്യൻ സമൂഹത്തിൽ സാർഥകമായ ലൈംഗിക വിദ്യാഭ്യാസം കൊണ്ടുവരുമ്പോൾ. ഇന്ത്യയിലെ ഒരു സംസ്ഥാനവും അത്തരം ദീർഘദൃഷ്ടിയോടെ ലൈംഗിക പഠനം സാധ്യമാക്കിയിട്ടുമില്ല ഇതുവരെ.

പ്രോഗ്രസ്‌ ഓഫ്‌ ലൗ‐ഫ്രാഗനാർഡ്‌

പ്രോഗ്രസ്‌ ഓഫ്‌ ലൗ‐ഫ്രാഗനാർഡ്‌

ലൈംഗികാതിക്രമങ്ങൾ നടക്കുമ്പോൾ കോടതികൾ അതിന്റെ ആവശ്യകതയെപ്പറ്റി ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും. ഇക്കഴിഞ്ഞ ആഗസ്തിൽ കേരളാ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതും ഒരു വിദഗ്ദ്ധ സമിതിയെവച്ച് ലൈംഗിക വിദ്യാഭ്യാസം 2023‐24 വർഷത്തിൽ നടപ്പിൽ വരുത്താനാണ്.

 ലൈംഗികതയെപ്പറ്റി എന്തുപഠിപ്പിക്കാനാണ്, അത് ജൈവികമായ ഒരു ചോദനയല്ലേ, ജന്മനാ ബുദ്ധിമാന്ദ്യമുള്ള ഒരുവനുപോലും വിവാഹബന്ധത്തിലേർപ്പെടാനാവുന്നുണ്ടല്ലോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരുന്നതു തന്നെ ലൈംഗികത എന്നാൽ പുരുഷൻ സ്ത്രീയുടെ മേൽ വിവാഹശേഷം പ്രയോഗിക്കേണ്ട ഒന്നാണ് എന്ന ബോധ്യത്തിൽനിന്നാണ്.

ലൈംഗികതയെപ്പറ്റി പഠിപ്പിക്കാനുള്ള അധ്യാപകരുടെ വിമുഖതയും, ഗോപ്യവും അംഗീകൃതവുമായ പുരുഷ അധികാര പ്രയോഗമാണ് അതെന്ന സമൂഹബോധം കൊണ്ടുതന്നെ.

അങ്ങനെ വരുമ്പോൾ മനുഷ്യാവകാശങ്ങളുടെ തലത്തിൽത്തന്നെവേണം സെക്സ് എഡ്യുക്കേഷനെ സമീപിക്കാൻ. ദളിതരെപ്പോലെ, ആദിവാസികളെപ്പോലെ സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും സമത്വത്തിനു വേണ്ടി ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടുവരുമ്പോൾ  മനുഷ്യർ തമ്മിലുള്ള ഏറ്റവും ഇന്റിമേറ്റ് ബന്ധമായ സെക്സിൽ ഉണ്ടായിരിക്കേണ്ട ജനാധിപത്യ ബോധം  അനിവാര്യതയായി വരുന്നു.

സ്ത്രീധനത്തിനെതിരെയും പ്രണയക്കൊലകൾക്കെതിരെയും ജാതിയിൽ അധിഷ്ഠിതമായ ദുരഭിമാനക്കൊലകൾക്കെതിരെയും പ്രബോധനം നടത്തുമ്പോൾ അവയ്ക്കെല്ലാം അടിസ്ഥാനമായി വർത്തിക്കുന്ന ലൈംഗികതയിലെ ജനാധിപത്യാശയങ്ങളുടെ അഭാവം, അതിന്‌ അവശ്യം ആവശ്യമായ ലൈംഗിക വിദ്യാഭ്യാസം എന്നിവയെപ്പററി വ്യവസ്ഥയുടെ അബോധവക്താക്കളായിത്തന്നെ തുടരുന്ന നാം സ്പർശിക്കുകയേയില്ല.

സ്ത്രീകളുടെ മേലുള്ള അധികാരം സാമൂഹ്യാധികാരത്തിന്റെ ആണിക്കല്ലായിരിക്കുന്ന മതമേധാവികൾക്കാവട്ടെ സെക്സിന്റെ തലത്തിലുള്ള അധികാര നഷ്ടം എളുപ്പം സഹനീയമാവുകയുമില്ല. ഈ പ്രതിബന്ധങ്ങളെയെല്ലാം മറികടക്കാനുള്ള ആർജവം പുതിയകാല വിദ്യാഭ്യാസത്തിന് നേതൃത്വം കൊടുക്കുന്നവർ പ്രകടിപ്പിച്ചേ മതിയാവൂ.

പഠന സഹായികളായി സ്വീകരിക്കുന്ന പുസ്തകങ്ങളും കഴിയുന്നത്ര സ്വീകാര്യതയുണ്ടാക്കുന്നവയായിരിക്കണം. നല്ല ഒരു പുസ്തകത്തിന്  ശ്ലീലമായ ഭാഷയിൽ പ്രണയാനുഭൂതിയുടെ പരിവേഷത്തിൽ പ്രകൃതിയിലെ പരാഗണ പ്രക്രിയകളെ മുൻനിർത്തി, സ്ത്രീ പുരുഷ ബന്ധത്തിന്റെ സാംസ്കാരിക, സാമൂഹ്യ പ്രാധാന്യം വിവരിച്ച് അവരെ അറിവിലേക്ക് സൗമ്യമായി എത്തിക്കാനാവും.

കുട്ടികൾക്കുതന്നെ വായിച്ചുമനസ്സിലാക്കാൻ കഴിയുന്ന ഭാഷയിലും അവരുടെ ചിന്തകൾക്കൊപ്പം സഞ്ചരിക്കുംവിധവും ആയിരിക്കണം അത്.

മനുഷ്യർ തമ്മിലുള്ള വൈകാരിക ഇടപെടലിന്റെ ഏറ്റവും ശ്രേഷ്ഠമായ പ്രകടനമാണ് സ്പർശം. മനുഷ്യർ മാത്രമല്ല, ഏകകോശ ജീവികളുൾപ്പെടെയുള്ളവയെല്ലാം സ്നേഹത്തിന്റെയും കൂട്ടു ജീവിതാഹ്ലാദത്തിന്റെയും പ്രകടനമായി ശാരീരിക സ്പർശത്തെ മനസ്സിലാക്കുന്നുണ്ട്.

മനുഷ്യർ തമ്മിലുള്ള വൈകാരിക ഇടപെടലിന്റെ ഏറ്റവും ശ്രേഷ്ഠമായ പ്രകടനമാണ് സ്പർശം. മനുഷ്യർ മാത്രമല്ല, ഏകകോശ ജീവികളുൾപ്പെടെയുള്ളവയെല്ലാം സ്നേഹത്തിന്റെയും കൂട്ടു ജീവിതാഹ്ലാദത്തിന്റെയും പ്രകടനമായി ശാരീരിക സ്പർശത്തെ മനസ്സിലാക്കുന്നുണ്ട്. പക്ഷേ, മനുഷ്യൻ പലപ്പോഴും സ്പർശത്തെ ഭയപ്പെടുന്നവരോ, വിലക്കുന്നവരോ ആയി പെരുമാറേണ്ടി വരുന്നുണ്ട്. കൊച്ചു കുട്ടികളോട് നല്ല സ്പർശം (good touch) ചീത്ത സ്പർശം (bad touch) എന്നൊക്കെ പറഞ്ഞുകൊടുക്കേണ്ടിവരുന്നത് മനുഷ്യന്റെ ഗതികേടാണ്.

ലൈംഗികതയെപ്പറ്റി ഒന്നുമറിയാത്ത കുഞ്ഞുങ്ങളോട് അങ്ങനെ പറയുന്നത് അവർ മനുഷ്യരിൽത്തന്നെ വിശ്വാസമില്ലാത്ത, സംശയ രോഗികളായി മാറിത്തീരാൻ ഇടയാക്കുകയും ചെയ്യും.അവർ ശരിയായ ലൈംഗികതയെ ആദ്യം പഠിച്ചറിയട്ടെ. അത്തരം ബോധ്യങ്ങളില്ലാതെ പോയ ചൂഷണമനസ്സുള്ള മുതിർന്നവർകൂടി ഇന്നത്തെ സമൂഹത്തിലുണ്ടാകാമെന്ന അറിവു പകരൽ അതിനുശേഷമാകുന്നതുതന്നെ നല്ലത്.

സാഹിത്യപഠനത്തിലൂടെ അനുഭൂതി വിദ്യാഭ്യാസം പ്രാവർത്തികമാക്കേണ്ടതിനെപ്പറ്റി

ഡോ.പി പവിത്രൻ

ഡോ.പി പവിത്രൻ

ഡോ.പി പവിത്രൻ എഴുതിയത് വായിച്ചിട്ടുണ്ട് (ആശാൻ കൃതികളിലെ പ്രണയ രാഷ്ട്രീയം). തീർച്ചയായും കാമോത്സുകതയെ ആഘോഷമാക്കുന്ന കാലത്ത് പ്രണയത്തെപ്പറ്റി, അതിലെ സമത്വ ബോധത്തെപ്പറ്റി  കുട്ടികൾ ധാരാളമായി കേൾക്കട്ടെ.

(മുൻ തലമുറക്കാർ അത് വയലാർ, പി ഭാസ്കരൻ തുടങ്ങിയവരുടെ പ്രണയ ഗാനങ്ങളിലൂടെ അറിഞ്ഞിരുന്നതാണല്ലോ!). ഒപ്പം ശാരീരിക ശാസ്ത്രത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും സർഗാത്മകമായിത്തന്നെ അവർ മനസ്സിലാക്കട്ടെ. സുരക്ഷിതമായ കൗമാരവും ആഹ്ലാദകരമായ ദാമ്പത്യവും പുലർന്നുവരേണ്ടതുണ്ട് ഇവിടെ. എങ്കിലേ സമൂഹം പതുക്കെയെങ്കിലും മാറൂ.

 രണ്ടു മനുഷ്യർ പരസ്പരം പ്രണയിച്ചുകൊണ്ട് കെട്ടിപ്പടുക്കുന്ന കുടുംബമെന്ന കൊച്ചു പ്രസ്ഥാനം എല്ലാവിധ അധികാര വ്യവസ്ഥകൾക്കും എതിരായി വർത്തിക്കാവുന്ന ഏറ്റവും അടിസ്ഥാന സർഗാത്മക ഏകകമാണ് എന്നറിയേണ്ടതുണ്ട് നമ്മൾ. ആ ഏകകങ്ങളുടെ എണ്ണം വർധിക്കുമ്പോൾ ലൈംഗിക ജനാധിപത്യം മാത്രമല്ല പുലരുക എന്നതും.

കുറിപ്പ്:
രണ്ടു പുസ്തകങ്ങൾ ഈ ലേഖനമെഴുത്തിനു പ്രചോദകങ്ങളായിട്ടുണ്ട്. ആദ്യത്തേത്, അധ്യാപകനായ സുധീർ ഷായുടെ ‘ഞാൻ ഉണ്ടായതെങ്ങനെ?' എന്ന ലൈംഗിക പാഠപുസ്തകം. ലേഖനത്തിൽ സൂചിപ്പിച്ചതരത്തിൽ ഏറെ പ്രത്യേകതകളുള്ള പുസ്തകം. മലയാളം പാഠ്യപദ്ധതിയിൽ എന്തുകൊണ്ടും ഉൾപ്പെടുത്താൻ അനുയോജ്യമായ ഈ ചെറുപുസ്തകം കരിക്കുലം കമ്മിറ്റിയുടെ മുമ്പിൽ ഇപ്പോൾ ഉണ്ട്‌.

രണ്ടാമത്തേത് വിദ്യാഭ്യാസ ചിന്തകനും ശിശു വിദ്യാഭ്യാസ  ഉപദേഷ്ടാവുമായ ശ്രീ. എ വേണുഗോപാൽ, സൈക്കോളജിസ്റ്റും ബിരുദ, ബിരുദാനന്തര അധ്യാപകനുമായ സി എസ് സുനിധരനോടൊന്നിച്ച് എഴുതിയ, ബൗദ്ധിക വിശകലനത്തിനർഹമായ ‘മനസ്സ് കഥ പറയുന്നു' എന്ന വിശിഷ്ട ഗ്രന്ഥം. ഈ ലേഖനം അവ രണ്ടിന്റെയും ആശയങ്ങളിലൂന്നിയ ഒരു തുടരെഴുത്തായി കണ്ടെത്താനാവും.

Neuro science  of love (  by Dr.Fernando and Gomes Pinto)യിൽനിന്നുള്ള ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

(ദേശാഭിമാനി വാരികയിൽ നിന്ന്)
                          


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top