26 May Sunday

സൗഹൃദത്തില്‍ വിരിഞ്ഞ കാപ്പക്കേയില്‍

ആർ ഹേമലത hemalathajeevan@gmail.comUpdated: Sunday Dec 11, 2022

കൃഷിയിടത്തിൽനിന്ന്‌ നിങ്ങളുടെ പ്ലേറ്റുകളിൽ എത്തുന്ന ഭക്ഷണസാധനങ്ങളുടെ ഗുണമേന്മയെക്കുറിച്ച്‌ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. സാധ്യത കുറവാണ്‌. എന്നാൽ, നാടുവിട്ട്‌ നഗരത്തിൽ ചേക്കേറിയ നാലു പെണ്ണുങ്ങളുടെ ഈ ചിന്തയാണ്‌ ‘കാപ്പക്കേയിൽ’ എന്ന വ്യത്യസ്ത സംരംഭത്തിന്‌ വഴിതെളിച്ചത്‌. കലൂരിലെ ഒലീവ്‌ വുഡ്‌സ്‌ സ്‌റ്റോക് എന്ന ഫ്ലാറ്റിൽ കോവിഡ്‌ പൂട്ടിയിട്ടപ്പോഴാണ്‌ മഞ്ജുവും രശ്‌മിയും സരിതയും നിത്യയും ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച്‌ ഗഹനമായി ചിന്തിച്ചുതുടങ്ങിയത്‌. അതുവരെ ഇടുക്കി, പത്തനംതിട്ട, പറവൂർ എന്നിവിടങ്ങളിലെ കുടുംബവീടുകളിൽനിന്ന്‌ അരിയും മുളകും ഗോതമ്പും കഴുകി പൊടിച്ചതും ചക്കിലാട്ടിയ വെളിച്ചെണ്ണയും പ്രത്യേകം തയ്യാറാക്കിയ മസാലയും ഇവരുടെ അടുക്കളയിൽ എത്തുമായിരുന്നു. എന്നാൽ, കോവിഡ്‌ ഇവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കി. കഴുകി ഉണക്കാനുള്ള സൗകര്യം ഫ്ലാറ്റിൽ ഇല്ലാത്തതിനാൽ പൊതുവിപണിയിൽനിന്ന്‌ ലഭിക്കുന്ന ഗുണമേന്മയില്ലാത്ത ഉൽപ്പന്നങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരായി. ഒരുമിച്ച്‌ പൊതുവായ അടുക്കളയിൽ തയ്യാറാക്കിയ ഭക്ഷണമാണ്‌ കോവിഡ്‌ കാലത്ത്‌ ഇവർ കുടുംബങ്ങൾക്കു മുന്നിൽ വിളമ്പിയത്‌. കുട്ടികളും ഭർത്താക്കന്മാരും സ്വാദില്ലായ്‌മയെക്കുറിച്ച്‌ പരാതി പറഞ്ഞുതുടങ്ങിയപ്പോൾ നാൽവർ സംഘം ആലോചന തുടങ്ങി. നഗരത്തിൽ ഇതുപോലെ ബുദ്ധിമുട്ടുന്നവരെ എന്തുകൊണ്ട്‌ തങ്ങളുടെ ഉപഭോക്താക്കളാക്കിക്കൂടാ. ചിന്ത അവസാനിച്ചത്‌ ‘കാപ്പക്കേയിൽ’.

പാലാരിവട്ടത്ത്‌ റിനൈ മെഡിസിറ്റിയുടെ സമീപമാണ്‌ സ്‌റ്റോർ ആരംഭിച്ചത്‌. ‘ഫാമിലി ലൈവ്‌ മില്ലിങ് ഷോപ്’ ആയ കാപ്പക്കേയിൽ എത്തുന്ന ആർക്കും നമ്മൾ തെരഞ്ഞെടുക്കുന്ന അരിയും ഗോതമ്പും മല്ലിയും മുളകും  പൊടിയാകുന്നത്‌ കണ്ടുതന്നെ വാങ്ങാം. മസാല പൗഡറുകൾ, എല്ലാത്തരം സുഗന്ധവ്യഞ്ജനങ്ങൾ, ഒലീവ്‌ ഓയിൽ, വെളിച്ചെണ്ണ, വെണ്ണ, തേൻ, പലതരം ചായപ്പൊടികൾ,  ധാന്യങ്ങൾ എന്നിങ്ങനെ വിവിധ  ഓർഗാനിക്‌ വിഭവങ്ങൾ ഇവിടെ ലഭിക്കും. കളമശേരി ഫുഡ്‌ പാർക്കിലാണ്‌ കൂടുതൽ ഉൽപ്പാദനം നടക്കുന്നതെങ്കിലും അഞ്ച്‌ എച്ച്‌പി വരെയുള്ള ചെറിയ മില്ലുകൾ പാലാരിവട്ടത്തെ കടയിലും സജ്ജമാക്കിയിട്ടുണ്ട്‌. ഒന്നേകാൽ കോടി ചെലവഴിച്ച്‌ ജൂൺ മുപ്പതിനാണ്‌ പദ്ധതി ആരംഭിച്ചത്‌. അഞ്ച്‌ സ്‌ത്രീകൾ ഉൾപ്പെടെ 10 പേർക്ക്‌ ജോലി നൽകാനും സാധിച്ചു. നാലുപേരും നാലു മേഖലയിൽ നിന്നായതിനാൽ സംരംഭത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഇവരുടെ ശ്രദ്ധ പതിയും.

ഹോട്ടൽ മേഖലയിൽനിന്ന്‌ എത്തിയ മഞ്ജുവും കെമിസ്റ്റായിരുന്ന സരിതയും ചേർന്ന്‌ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. ഡിജിറ്റൽ പ്രൊമോഷനും മാർക്കറ്റിങ്ങും ഐടി മേഖലയിൽനിന്ന്‌ എത്തിയ രശ്‌മിയുടെ കൈയിൽ ഭദ്രം. അക്കൗണ്ടന്റായിരുന്ന നിത്യയാണ്‌ കണക്കും കാര്യങ്ങളും നോക്കിനടത്തുന്നത്‌. പല സ്ഥലത്തുനിന്നാണ്‌ സംരംഭത്തിന്‌ ആവശ്യമായ ധാന്യങ്ങളും മറ്റു വസ്‌തുക്കളും സംഘടിപ്പിക്കുന്നത്‌.  നേരിട്ട്‌ കർഷകരിൽനിന്നും ചില സാധനങ്ങൾ ഡീലർമാരിൽനിന്നും വാങ്ങാറുണ്ട്‌. ജൈവ ഉൽപ്പന്നങ്ങൾ ആണെന്ന്‌ ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിച്ചാണ്‌ കരാർ ഒപ്പിടുന്നത്‌. സാമ്പിളുകൾ സ്വന്തം നിലയ്‌ക്ക്‌ വീണ്ടും പരിശോധിച്ച്‌ രണ്ടാമതും ഗുണനിലവാരം ഉറപ്പുവരുത്താറുണ്ട്‌. കോവിഡിനുശേഷം ഭാവിതലമുറയുടെ ആരോഗ്യത്തെക്കുറിച്ച്‌ ബോധവാന്മാരായ മലയാളികളാണ്‌  ഉപഭോക്താക്കൾ. ആദ്യം വന്നവർ വീണ്ടും വന്നും പറഞ്ഞും കേട്ടും എത്തുന്നവരും എല്ലാംചേർന്ന്‌ കാപ്പക്കേയിലിന്റെ പെരുമയും ഉപഭോക്തൃ ശൃംഖലയും ദിനംപ്രതി വർധിച്ചുവരുന്നുണ്ട്‌. കൂടുതൽ ഔട്ട്‌ലെറ്റുകളും ഫ്രാഞ്ചൈസികളും ചേർന്ന്‌ ഭാവിപരിപാടികളും ആലോചനയിലാണ്‌. കുടുംബങ്ങളുടെ പിന്തുണയും നാൽവർ സംഘത്തെ മുന്നോട്ടുനയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top