മലയാള ദേശത്തിന്റെ കല–-സംസ്‌കൃതിക്ക് നാട്യത്തിന്റെ മോഹനചാരുതയാൽ പെരുമ ചാർത്തിയ നർത്തകിയാണ് കലാമണ്ഡലം സരസ്വതി. അഴലുകളും ആധികളും നിറഞ്ഞ സാധാരണ കുടുംബത്തിൽനിന്ന് ലോകം അറിയുന്ന നർത്തകിയായി മാറിയ സരസ്വതിയുടെ നടനജീവിതത്തിന് അറുപതാണ്ട് തികയുന്നു. ഭരതനാട്യം, മോഹിനയാട്ടം, കുച്ചുപ്പുഡി എന്നീ നൃത്തകലകളുമായി നാട്യത്തിന്റെയും നടനത്തിന്റെയും ലാസ്യവിലോല ദേശാന്തരങ്ങളിൽ പകർന്നാടിയ കലാകാരിയുടെ നടനജീവിതം കോഴിക്കോട്ടെ നൃത്ത്യാലയയിലൂടെ ഇന്നും അരങ്ങുകളിൽ പുതുചുവടുകൾ തീർക്കുന്നു. നവമുകുളങ്ങളെ നൃത്തം അഭ്യസിപ്പിക്കുന്ന നൃത്ത്യാലയത്തിന് ഇത് സുവർണജൂബിലി വേള. കേരള സർക്കാരിന്റെ നൃത്ത–-നാട്യ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി അവാർഡ്, കലാദർപ്പണ നാട്യശ്രീ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ഈ നർത്തകിയെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ ജീവിതസഖി കൂടിയായ സരസ്വതി ടീച്ചർ നടനചാരുതയുടെ പോയകാലം ഓർമിക്കുന്നു.
നടനം സാരസ്വതം
പാലക്കാട് കുഴൽമന്ദത്തെ ബ്രാഹ്മണകുടുംബത്തിലാണ് ജനിച്ചത്. നർത്തകിയാകുക, അറിയപ്പെടുക ഇതൊ ന്നും സ്വപ്‌നം കാണാൻ കഴിയാത്ത സാധാരണ കുടുംബം. വിചാരിക്കാതെയാണ് നൃത്തപഠനത്തിലേക്ക് വരുന്നത്. അതിൽ ഏറ്റവും കടപ്പാട് അച്ഛനോടാണ്. കോഴിക്കോട് സരസ്വതിയായി ആരും അറിയാതെ ഒടുങ്ങേണ്ട ജീവിതം. കലാമണ്ഡലം സരസ്വതിയായി ഇന്നത്തെ നിലയിൽ എത്തിയതിനു പിന്നിൽ അച്ഛൻ സുബ്രഹ്മണ്യയ്യരുടെ വലിയ മോഹമാണ്. അച്ഛനമ്മമാർ, ഗുരുക്കന്മാർ, എന്റെ കലാജീവിതത്തെ തുണച്ച രക്ഷിതാക്കൾ, നിരവധിപേർ ഈ വഴികളിൽ മറക്കാനാകാത്തവരായുണ്ട്.
അച്ഛൻ പാലക്കാട് ശേഖരീപുരം ബ്രാഹ്മണസമൂഹത്തിലെ സുബ്രഹ്മണ്യയ്യർ (രാശപ്പ അയ്യർ). അമ്മ നെന്മാറ ഗ്രാമത്തിലെ മീനാക്ഷിയമ്മാൾ. പാലക്കാട് തത്തമംഗലത്തുനിന്ന് കുടുംബം 1948ൽ ആണ് കോഴിക്കോട്ടേക്ക് കുടിയേറുന്നത്. പാചകവിദഗ്‌ധരായ അച്ഛനും അമ്മയും കോഴിക്കോട് പാളയത്ത് മാരിയമ്മൻ കോവിലിനടുത്ത് ദേവി വിലാസം ലഞ്ച്‌ഹോമുമായാണ് കോഴിക്കോടൻ ജീവിതത്തിനു തുടക്കമിട്ടത്. ഞാനടക്കം ഒമ്പത് മക്കളാണ്. എന്റെ താഴെ നാലാണും ഒരു പെണ്ണുമായി അഞ്ചുപേർ. തളിയിലെ അമ്പാടിക്കോലവും മറ്റൊരു ഹോട്ടലും വിലയ്‌ക്കെടുത്ത പാചകവിദഗ്‌ധരായ അച്ഛനമ്മമാർ കോഴിക്കോട്ട് പച്ചപിടിച്ചു. എന്നാൽ, പല പ്രയാസങ്ങളാൽ കടംകയറി ദേവി വിലാസവും അമ്പാടിക്കോലവുമെല്ലാം വിറ്റ് കച്ചവടം നിലംതെറ്റിയത് പെട്ടെന്നായിരുന്നു. വാടകവീട്ടിലായി ഞങ്ങളുടെ താമസം. അച്ഛന്റെ വലിയ മോഹമായിരുന്നു സച്ചുവിനെ (എന്നെ)നൃത്തം പഠിപ്പിക്കുക, നർത്തകിയാക്കുക എന്നത്. എന്റെ ഉള്ളിൽ കലയുണ്ട്, എനിക്ക് നർത്തകിയാകാനാകും എന്നത് അച്ഛന്റെ കണ്ടെത്തലും നിശ്ചയവുമായിരുന്നു. കടത്തിൽ മുങ്ങിയ അവസ്ഥയിലും അച്ഛൻ ആ മോഹം ഉപേക്ഷിച്ചില്ല. മദിരാശി കലാക്ഷേത്രത്തിൽ പഠിപ്പിക്കണമെന്നതായിരുന്നു ആഗ്രഹം. അവിടെ പോയെങ്കിലും അത് നടന്നില്ല. പിന്നീട് കേരള കലാമണ്ഡലത്തിൽ പ്രവേശനം കിട്ടിയതും അച്ഛന്റെ താൽപ്പര്യത്തിലാണ്. കലാമണ്ഡലത്തിൽ നൃത്താഭ്യസനത്തിനുള്ള ചെലവ് മുഴുവൻ പാവം അധ്വാനിച്ചുണ്ടാക്കി അയച്ചുതരും. കലാമണ്ഡലത്തിൽ ആറാംക്ലാസിൽ ചേരുമ്പോൾ അവിടത്തെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്നു ഞാൻ. തഞ്ചാവൂരിൽനിന്നുള്ള ഐആർആർ ഭാസ്‌കര റാവു മാഷായിരുന്നു ഭരതനാട്യ അധ്യാപകൻ. അഞ്ചുവർഷം അദ്ദേഹത്തിനു കീഴിലായിരുന്നു നൃത്തപരിശീലനം. കലാമണ്ഡല പഠനം പൂർത്തിയാക്കിയത് ഏറ്റവും ഉയർന്ന മാർക്കുകാരിയെന്ന ബഹുമതിയുമായാണ്. കലാമണ്ഡലത്തിൽ പഠിക്കുമ്പോൾ സർക്കാരിന്റെ സാംസ്‌കാരിക വിനിമയപരിപാടിയുടെ ഭാഗമായി തമിഴ്‌നാട്ടിലേക്ക് പോയപ്പോഴാണ് വിഖ്യാത നർത്തകി പത്മ സുബ്രഹ്മണ്യത്തെ കാണുന്നതും അവരുടെ ഭരതനാട്യം കണ്ട് മതിമറന്നതും. ഒരു ആടയലങ്കാരങ്ങളുമില്ലാതെ അവർ രാമായണം എന്ന ഏകാഭിനയം അവതരിപ്പിച്ചത് ഇന്നും കൺമുന്നിൽനിന്ന് മറഞ്ഞിട്ടില്ല.
ശ്രീരാമൻ, രാവണൻ, ശൂർപ്പണഖ, സീത, ലക്ഷ്മണൻ തുടങ്ങി എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചത്. അന്ന് അവരെ സാഷ്‌ടാംഗം പ്രണമിച്ചു. പത്മ സുബ്രഹ്മണ്യത്തിന്റെ നൃത്തം കാണാൻ അവസരം ലഭിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവ്. എന്നെങ്കിലും ഇവരെപ്പോലെ നൃത്തം അവതരിപ്പിക്കാനാകുമോ എന്നത് വല്ലാത്ത മോഹമായി നിറഞ്ഞു. നൃത്തം പഠിക്കാനുള്ള മോഹം അറിയിച്ചപ്പോൾ അവർ അംഗീകരിച്ചു. കോഴിക്കോട്ട് കുട്ടികളെ പഠിപ്പിക്കുന്നതിനിടയിൽ അവധിക്കാലത്ത് പത്തിരുപത് ദിവസം മദിരാശിയിൽ പോയി പഠിക്കാൻ തുടങ്ങി. രണ്ടുമൂന്ന് അടവുകൾ എന്നെക്കൊണ്ട് അവർ ചെയ്യിപ്പിച്ചു. ഒരേ ശൈലിയാണെന്ന് ബോധ്യപ്പെട്ടപ്പോൾ എന്നെ സ്വീകരിച്ചു. ഒറ്റപ്പൈസ വാങ്ങാതെയാണ് വലിയ കലാകാരി എന്നെ പഠിപ്പിച്ചത്. തുടർന്ന് ചിത്രാവിശ്വേശ്വരി, സുധാറാണി രഘുപതി, സ്വാമിമലൈ രാജരത്‌നം പിള്ളൈ എന്നിവരിൽനിന്നും പഠിക്കാൻ അവസരം ലഭിച്ചു. കൂടുതലായി പത്മയിൽനിന്നുമാണ് പഠിച്ചത്. ഈ പഠനങ്ങളുടെ വെളിച്ചത്തിൽ സ്വന്തമായി ചെയ്യാനാഗ്രഹിച്ചു. അങ്ങനെ ഞാൻ എന്റേതായ ശൈലിയിലേക്ക് എത്തി. ഭരതനാട്യം, കുച്ചുപ്പുഡി, മോഹിനിയാട്ടം ഈ മൂന്നും അവതരിപ്പിക്കുമായിരുന്നു. കലാമണ്ഡല പഠനശേഷം വിഖ്യാതനായ കലാമണ്ഡലം ഹൈദരലിയൊക്കെ എനിക്കായി വർണം എഴുതി സംഗീതം ചിട്ടപ്പെടുത്തി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
വീടുകളിൽ നൃത്തപരിശീലനം
കലാമണ്ഡല പഠനശേഷം കോഴിക്കോട്ട് എത്തിയത് നൃത്തമെന്ന ഏക ഭ്രമവുമായാണ്. അന്ന് തളി ഗുരുവായൂരപ്പൻ ഹാളിൽ അച്ഛൻ എന്റെ നൃത്തം സംഘടിപ്പിച്ചു. ജീവിതത്തിൽ ആദ്യത്തെ സ്വതന്ത്ര നൃത്തപരിപാടിയായിരുന്നു അത്. തുടർന്നാണ് വീടുകളിൽ പോയി നൃത്തം പഠിപ്പിക്കൽ തുടങ്ങുന്നത്. ശനി, ഞായർ ക്ലാസുകൾ. പുതിയറയിലെ അഡ്വ. ഗോപിനാഥിന്റെ മകൾ നാലാം ക്ലാസുകാരി ഗീതയാണ് ആദ്യ ശിഷ്യ. 25 രൂപ പ്രതിഫലം. അന്നത് വലിയ തുകയാണ്. വീടുകളിലെ പഠനം പിന്നീട് വ്യാപിച്ചു. വയനാട്, മഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങളിലെല്ലാം ക്ലാസെടുക്കാൻ പോയി. അന്ന് കുട്ടികളെ പഠിപ്പിക്കൽ ഹരമായിരുന്നു. അക്കാലത്തുള്ള രക്ഷിതാക്കൾ എന്നെ ആത്മാർഥമായി സഹായിച്ചതാണ് ഈ രംഗത്തു തുടരാൻ സഹായകമായത്. ചിലർ പരിശീലനത്തിന് കാർ ഷെഡുകൾ വിട്ടുതന്നു. അവിടെയായി നൃത്തപഠനം. പണമായിരുന്നില്ല ലക്ഷ്യം.
കുട്ടികൾക്കിത് പകർന്നുകൊടുക്കുക, അത് വല്ലാത്ത ആവേശമായിരുന്നു. എവിടെ, ഏത് മേള, ഉത്സവങ്ങൾ അവിടെ എന്റെ ഒരു കുട്ടിയുണ്ടാകും. സ്‌കൂൾ കലോത്സവങ്ങളിൽ നിരവധി കുട്ടികൾ. ഇക്കാലത്ത് വീടുകളിലെ പഠനത്തിനൊപ്പം സെന്റ്‌ജോസഫ്‌സ് സ്‌കൂൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നൊക്കെ നൃത്തം പഠിക്കാൻ കുട്ടികൾ എത്തുമായിരുന്നു. കലോത്സവ വേദികളിലും എന്റെ കുട്ടികൾ ശ്രദ്ധിക്കപ്പെട്ടു. അക്കാലത്ത് നിലമ്പൂർ കോവിലകത്തൊക്കെ പോയി ഞാൻ നൃത്തം പഠിപ്പിച്ചിട്ടുണ്ട്. മത്സരവേദികളിൽ കുട്ടികളുമായി പോകുന്നത് പിന്നീട് ഞാൻ നിർത്തി. മത്സരമായി മാറി. മോശം പ്രവണതകൾ ശക്തമായപ്പോൾ സ്വയം പിന്മാറുകയായിരുന്നു. സിനിമാ നടൻ വിനീതടക്കം വിവിധമേഖലയിൽ തിളങ്ങിയ ശിഷ്യർ അന്നത്തെ പരിശീലനത്തിന്റെ വർണത്തിളക്കമായ ഓർമയായുണ്ട്. എത്ര കുട്ടികൾ പരിശീലിച്ചു, കൃത്യമായ കണക്കില്ല. ഇന്നേവരെയായി പതിനായിരത്തോളം കുട്ടികൾ നൃത്തം അഭ്യസിച്ചിട്ടുണ്ടാകുമെന്നാണ് തോന്നുന്നത്.1972ൽ ആണ് നൃത്ത്യാലയ രജിസ്റ്റർ ചെയ്യുന്നത്. വാടകക്കെട്ടിടത്തിൽനിന്ന് 1990ൽ ചാലപ്പുറത്ത് സ്വന്തമായി നൃത്ത്യാലയ കലാവിദ്യാലയമുണ്ടാക്കാനായി. ഇന്നും കുട്ടികളെ പഠിപ്പിക്കാൻ കഴിയുന്നത് ജീവിതത്തിലെ വലിയ ധന്യത.
എം ടി എന്ന ജീവിതസൗഭാഗ്യം
കലാകാരി എന്നനിലയിൽ ജീവിതത്തിൽ അച്ഛൻ കഴിഞ്ഞാൽ വലിയ കടപ്പാട് എം ടിയോടാണ്. എന്റെ കലാജീവിതം, നൃത്ത ജീവിതം തുടരാൻ, സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം തന്നു. ഒരു ഇടപെടൽ, വിലക്ക്, മുഷിച്ചിലുകൾ അതൊന്നും എം ടി കാട്ടിയിരുന്നില്ല. ഇതുപോലൊരു വ്യക്തിയെ കിട്ടിയതാണ് എന്റെ ജീവിതസൗഭാഗ്യം.
നിർമാല്യത്തിലെ നൃത്തം
1971 ഏപ്രിൽ 25-ന് മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ മുഖചിത്രമായി എന്റെ ഫോട്ടോ അച്ചടിച്ചുവന്നു.‘പദാഭിനയം’ എന്ന ശീർഷകത്തിലായിരുന്നു ഫോട്ടോകൾ. തുടർന്നാണ് എം ടിയുടെ സിനിമ നിർമാല്യത്തിൽ മോഹിനിയാട്ടം ചെയ്യാൻ വിളി വരുന്നത്. എനിക്കും ലീലാമ്മയ്‌ക്കുമായിരുന്നു ആ അവസരം. എന്നാൽ, തുടർന്ന് സിനിമകളിലേക്ക് പോയില്ല. സിനിമ എന്നെ ഒരിക്കലും പ്രലോഭിപ്പിച്ചിരുന്നില്ല. അരങ്ങുകളിലെ നടനമായിരുന്നു ഞാനെന്നും കൊതിച്ചിരുന്നത്. ഏറെ വേദികളിൽ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചുപ്പുടിയുമെല്ലാം അവതരിപ്പിക്കാനായി. ഇതിനിടയിൽ കലാമണ്ഡലം ഡീനായി പ്രവർത്തിക്കാനും സാധിച്ചു. കലാമണ്ഡലവുമായുള്ള ബന്ധം, പഠിപ്പിക്കൽ എല്ലാം ഇന്നും തുടരുന്നു. മകൾ അശ്വതി നൃത്തം പഠിച്ചതും ഈ മേഖലയിൽ തുടരുന്നതുമാണ് മറ്റൊരു ജീവിതഭാഗ്യം. അശ്വതിയുടെ ഭർത്താവ് ശ്രീകാന്തും അറിയപ്പെടുന്ന നർത്തകനാണ് എന്നതും കലാജീവിതത്തിലെ സന്തോഷാനുഭവംതന്നെ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..