26 April Friday

നൃത്തമായി കാണാം ആ അനശ്വര പ്രണയകഥ

പി പി ഷാനവാസ്‌ meshanavas@gmail.comUpdated: Sunday Jan 22, 2023

 

അറേബ്യൻ പ്രണയ കഥയായ ലൈലാമജ്നുവിന്റെ വളരെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. ദൈവീക പ്രണയത്തെക്കുറിച്ചു പറയാൻ സൂഫികൾ ഏറെ പരാമർശിക്കുന്ന കഥയാണത്. സമാനമായ നിലയിൽ, ഒരു പേർഷ്യൻ കഥയെ ഉപജീവിച്ചുകൊണ്ട്, മഹാകവി മോയിൻകുട്ടി വൈദ്യർ രചിച്ച, നൂറ്റാണ്ട് പഴക്കമുള്ള കൃതിയാണ് ഹുസുനുൽ ജമാൽ ബദറുൽ മുനീർ.

ഭൗമേതര ലോക ഭാവനകൾ വഴി ജിന്നുകളുടെയും ഇഫ്രീത്തുകളുടെയും ലോകങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ കാവ്യം, സ്ത്രീ-പുരുഷ പ്രണയത്തിന്റെ രൂപകങ്ങൾ ഉപയോഗിച്ചുകൊണ്ട്, മനുഷ്യാസ്തിത്വത്തെ സംബന്ധിച്ച ആത്മീയ രഹസ്യങ്ങൾ വെളിവാക്കുന്നു. കാവ്യഭാവനയുടെയും ഭാഷാപ്രയോഗത്തിന്റെയും അപൂർവമായ സങ്കരസംസ്കൃതി കൃതിയുടെ ജീവനാണ്. അക്ഷരപ്പൊരുളുകളും വാക്കുകളുടെ സൂക്ഷ്മ ഉപയോഗവും കൊണ്ട് കവി ഉദ്ദേശിച്ച അർഥവിതാനങ്ങൾ അതിശയകരമായ ആവിഷ്കാരം കണ്ടെത്തുന്ന രചനയിൽ, സംസ്‌കൃതം, പേർഷ്യൻ, അറബി, മലയാളം, തമിഴ്, കന്നഡ തുടങ്ങി പത്തോളം ഭാഷകൾ ഉപയോഗിച്ചിട്ടുണ്ട്. പ്രസിദ്ധിപെറ്റ ഈ പ്രണയ കാവ്യത്തിന്റെ കാതലിൽ തൊടുന്ന ഒരു സന്ദർഭത്തെ, ക്ലാസിക്കൽ നൃത്ത രൂപത്തിൽ ആവിഷ്കാരം നടത്താൻ ഒരുങ്ങുകയാണ് കലാമണ്ഡലം സൈല സലീഷും സംഘവും.

ബാഗ് സുറൂർ എന്ന പൂന്തോട്ടത്തിൽ വിരഹിണിയായി, യുദ്ധത്തിൽ മുറിവേറ്റ ശരീരവും, പ്രണയഭഗ്നതയാൽ കലങ്ങിമറിഞ്ഞ മനസ്സുമായി തളർന്നു മയങ്ങുന്ന ഹുസുനുൽ ജമാൽ കാണുന്ന ഒരു സ്വപ്‍നത്തിലാണ് കഥ തുടങ്ങുന്നത്. ബദറുൽ മുനീറുമൊത്തുള്ള പ്രണയ കേളിയിൽ മനസ്സ് തുടുത്തുമറിയുന്ന സ്വപ്നഭൂമി. എന്നാൽ പൊടുന്നനെ സ്വപ്നം മറഞ്ഞു നീങ്ങുന്നു.

മണക്കേുമ്പാൾ ശജർ കൊമ്പു മുറിന്ത് താനെ
മനം ഞെട്ടി ഇരിേഫരും ഫുവിയിൽ ബീണെ
ഉണർന്ദഫൾ കിനാവിന്ന് ഹുസ്നുൽ ജമാൽ
ഉടയോനെ സഹിത്ത് നാനിരിക്കാ ഈ ഹാൽ
തുണമുത്തൻ മഹ്ബൂബ് ഫിരിഞ്ഞദിലും
സുകമല്ലോ തടി റൂഹ് ഫിരിഞ്ഞങ്കിലും
കുണക്കേടെൻ തടിക്കിനി ബരുവാനെന്ദാം
ഖുദ്റത്തിൽ നടത്തിയ ബിദിയാ ചിന്ദാൻ

ഇരുവരും ഇരിക്കുന്ന കൊമ്പ് മുറിഞ്ഞു വീണ് സ്വപ്നം മുറിയുന്നു. ജിന്നു ലോകത്തുള്ള മുഷ്താഖിനെ മുന്നിൽക്കണ്ട് ഹുസുനുൽ ജമാൽ ഉറക്കംവിട്ട് ചാടിയെണീക്കുന്നു. ചമയങ്ങളും മാലയും എടുത്തണിയുന്നു. കൂട്ടത്തിൽ വിലപിടിച്ച ഒരു മാല കാണാതെ ഹുസുനുൽ ജമാൽ, മുഷ്താഖിനോട് കയർക്കുന്നു. മാല തിരികെ തരാൻ പറയുന്നു.

തീരുമാനിച്ചുറച്ച്‌ ചോരക്കളത്തിലിറങ്ങിയവളാണെന്നും ദൈവവിധിയെ പടച്ചട്ടയാക്കിയവളാണെന്നും അരിശത്തിന്റെ കുതിരപ്പുറത്തേറിയവളാണെന്നും മാണിക്യം നഷ്ടപ്പെട്ട പാമ്പിനെപ്പോലെ എല്ലാം കയറി കടിക്കുന്നവളാണെന്നും അവൾ മുഷ്താഖിനോടു പറയുന്നു. ശാന്തനായ മുഷ്താഖ് എന്നാൽ താൻ മാല എടുത്തിട്ടില്ലെന്നറിയിച്ചുകൊണ്ട് അവളെ സമാധാനിപ്പിക്കുകയാണു ചെയ്തത്.

കരയണ്ടാ മനസ്സു ബന്ദുരുകണ്ടാ തിരുമുകം
കലങ്ങണ്ടാ ബെറുഫൊന്നും ബിജാരിക്കണ്ടാ
ഖസ്വ്റിന്നിറങ്ങണ്ടാ ഒരുത്തെരെ ബയെഫെടണ്ടാ

അവൻ അവളെ ജിന്നു ലോകത്തേക്കു കൊണ്ടുപോയി താമസിപ്പിക്കുകയും വിവാഹം കഴിക്കാനുള്ള ആശ അറിയിക്കുകയും ചെയ്തു. എന്നാൽ ബദറുൽ മുനീറിൽ ഹൃദയം പ്രതിഷ്ഠിച്ച ഹുസുനുൽ ജമാലിന്, മുഷ്‌താഖിനായി ശരീരവും മനസ്സും സമർപ്പിക്കാൻ കഴിയുമായിരുന്നില്ല. തനിക്ക് ഒരു അപൂർവ രോഗമുണ്ടെന്നും അതിനാൽ വിവാഹം ഇപ്പോൾ അസാധ്യമാണെന്നും അറിയിക്കുന്നു. നല്ലവനും ഗുണകാംക്ഷിയുമായ മുഷ്താഖ് അവളുടെ ആഗ്രഹം പോലെയാകട്ടെ എന്നു പറയുന്നു. ഇഷ്ടം അറിയുക്കുവോളം കാത്തിരിക്കാമെന്നും.

ഫൂവേ നിൻ ബരുത്തം ഫൊറുഫോളം
ഫൊറുത്തില്ലയെങ്കിൽ മരിഫോളം
തുവ്വെ സംഗം ഞാൻ ചെയ്യുന്നതല്ല
തുമൈ ഒന്നിച്ചിരിഫാെയ്യെ ചൊല്ലാൻ

തുടർന്ന് ബദറുൽ മുനീറിന്റെ സ്മരണയിൽ മുഴുകി, മെഹബൂബിനോടുള്ള ഇഷ്‌ഖിൽ ജീവിതം സമർപ്പിതമാക്കാനുള്ള ചിന്തയിലേക്ക് അവൾ മറിയുന്നു.

“അകെത്തൻ ബദ്റുൽ മുനീറാെയ്യെ
ആരും ചേരരുദെന്നുടെ മെയ്യെ
മഹ്റൂം തടി നിച്ചയമാക്കി
മഹ്ബൂബിനെ ബെത്ത് ഞാൻ ഇശ്ഖ്വിൽ...”

ഇവിടെയാണ്‌ നൃത്തശിൽപ്പം അവസാനിക്കുന്നത്. വിരഹിണിയായ രാധയും ക്രുദ്ധയായ ദേവിയും ഉപേക്ഷിതയായ സീതയും പടച്ചട്ട മുറുക്കിയ ഉണ്ണിയാർച്ചയും കൃഷ്ണപ്രേമത്തിൽ സമർപ്പിതയായ മീരയും ഭാവങ്ങൾ പകരുന്ന ഈ നൃത്ത സംഗീത ശിൽപ്പം, സ്ത്രീയുടെ ഭിന്ന ഭാവങ്ങൾ  പങ്കുവയ്ക്കുന്നു. ഒപ്പം ഇന്ത്യൻ ജീവിതത്തിന്റെ സമ്മിശ്ര സംസ്‌കൃതിയിലേക്ക് ജാലകങ്ങൾ തുറന്നു വയ്ക്കുന്നു. ക്ലാസിക്കൽ നൃത്ത ശൈലിയിൽ ആവിഷ്കരിക്കപ്പെടുന്ന ഈ സംരംഭം ഇതാദ്യമായാണ് അവതരണം തേടുന്നത്.

അന്തരിച്ച ചലച്ചിത്രകാരൻ ടി എ റസാഖിന് ആദരാഞ്ജലിയർപ്പിച്ച്‌,  അദ്ദേഹത്തിന്റെ ജന്മഗ്രാമമായ കൊണ്ടോട്ടി തുറക്കലിൽ, ജനുവരി 28, 29 തീയതികളിൽ  ‘അരങ്ങ്' സംഘടിപ്പിക്കുന്ന, ‘രാപ്പകൽ വാദ്യ നൃത്ത സംഗീത സംഗമ'ത്തിന്റെ മുഖ്യ പരിപാടിയായാണ്, 29ന് ഞായർ വൈകിട്ട് ഏഴിന് തുറക്കൽ ജിഎംഎൽപി സ്കൂൾ ഗ്രൗണ്ടിൽ, പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നൃത്ത സംഗീത ശിൽപ്പം അരങ്ങേറുന്നത്‌.

ഹുസുനുൽ ജമാലായി സൈല സലീഷും, ബദറുൽ മുനീറായി അർജുൻ സുബ്രഹ്മണ്യനും മുഷ്താഖ് ആയി ശ്രീക്കുട്ടൻ എം എസും വേഷമിടും. കലാമണ്ഡലം പ്രൽസജ ടി ബി, കലാമണ്ഡലം സൈല സലീഷ്, ശ്രീക്കുട്ടൻ എം എസ് എന്നിവർ ചേർന്നാണ് കോറിയോഗ്രഫി.സംഗീത സംവിധാനം ബിജീഷ് കൃഷ്ണ. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലയസാധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് കർണാടക രാഗങ്ങളിലാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നൃത്ത ശിൽപ്പത്തിന്റെ സങ്കൽപ്പനം മാധ്യപ്രവർത്തകനും കലാനിരൂപകനുമായ പി പി ഷാനവാസ്. സ്ക്രിപ്റ്റ് സലീഷ് സൈല. നിർമാണം സുഹൃദ് സംഘം.

മോഹിനിയാട്ടം മുഖ്യവിഷയമായി കേരള കലാമണ്ഡലത്തിൽ ഏഴാംതരം മുതൽ പ്ലസ് ടു വരെ പഠനം പൂർത്തിയാക്കിയ സൈല സലീഷ്, ഛത്തീസ്ഗഢ്‌ ഇന്ദിരകലാ സംഗീത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദം നേടി. തുടർന്ന്, ട്രിച്ചി കലൈ കാവിരി കോളേജിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം. ട്രിച്ചി കലൈ കാവിരി കോളേജ് ഓഫ് ഫൈൻ ആർട്‌സ്, കോഴിക്കോട്, മലപ്പുറം കേന്ദ്രീയ വിദ്യാലയ, ലയനം സ്‌കൂൾ ഓഫ് ഫൈൻ ആർട്‌സ് എന്നിവിടങ്ങളിൽ പന്ത്രണ്ട് വർഷത്തിലധികം നൃത്താധ്യാപികയായി പ്രവർത്തിച്ചു.

2010 മുതൽ ജീവിതപങ്കാളി സലീഷിനോടൊപ്പം, കോഴിക്കോട് കേന്ദ്രീകരിച്ച് നടനം സ്‌കൂൾ ഓഫ് ആർട്‌സ് എന്ന നൃത്ത വിദ്യാലയത്തിന് നേതൃത്വം നൽകുന്നു. കേരളത്തിനകത്തും പുറത്തുമായി നൃത്താവതരണങ്ങൾ നടത്തി. 2020–--21ലെ കേരള സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്‌ ജേതാവ്. സ്‌കൂൾ തലം മുതൽ സംസ്ഥാന തലം വരെ ജഡ്ജിങ് പാനലുകളിൽ അംഗമായി.

കൊണ്ടോട്ടി തുറക്കൽ വാഴയിൽ സയ്യിദലിയുടെയും പള്ളിപ്പറമ്പൻ സക്കീനത്തിന്റെയും മകളായി ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ അധ്യാപകനായ വി നഖ്വാഷ് സഹോദരൻ. അന്തരിച്ച സംഗീതകാരി സുമി സയ്യിദലി സഹോദരി. ഏക മകൻ ആവാസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top