25 April Thursday

ഇന്ത്യൻ ചരിത്രരചനാ രംഗത്തെ സ്ത്രീസാന്നിധ്യം

എം സി വസിഷ്ഠ്Updated: Sunday Mar 5, 2023


ഇന്ത്യയിലെ ആദ്യ വനിതാ ചരിത്രകാരിൽ പ്രധാനിയണ് കാദംബി മീനാക്ഷി.  മദ്രാസ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ ഗവേഷകയാണ്  മീനാക്ഷി. പല്ലവ ചരിത്രത്തെക്കുറിച്ചുള്ള അവരുടെ ഗ്രന്ഥം ആ മേഖലയിലെ ഏറ്റവും  ആധികാരിക ഗ്രന്ഥങ്ങളിൽ ഒന്നായി ഇന്നും പരിഗണിക്കപ്പെടുന്നു.

1905 സെപ്തംബർ 12ന്‌ ചെന്നൈയിലാണ് മീനാക്ഷിയുടെ ജനനം. അച്ഛൻ ബാലകൃഷ്ണൻ  മദ്രാസ് ഹൈക്കോടതി ജീവനക്കാരനായിരുന്നു. ബാല്യകാലത്തിൽത്തന്നെ അച്ഛനെ മീനാക്ഷിക്ക് നഷ്ടപ്പെട്ടു. അമ്മയുടെയും സഹോദരങ്ങളുടെയും സഹായത്തോടെയാണ് മീനാക്ഷി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം മദ്രാസിലെ വുമെൻസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദം നേടി. ബിരുദാനന്തര പഠനത്തിന് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പ്രവേശനം നേടാൻ  ശ്രമിച്ചു. എന്നാൽ, ആ സമയത്ത് മദ്രാസ് ക്രിസ്ത്യൻ കോളേജ് അഥവാ എംസിസി പെൺകുട്ടികളെ പ്രവേശിപ്പിച്ചിരുന്നില്ല. മീനാക്ഷിയുടെ സഹോദരനും എംസിസി കോളേജിൽ പ്രൊഫസറുമായിരുന്ന ലക്ഷ്മി നാരായണന്റെ പരിശ്രമത്താലാണ് മീനാക്ഷിക്ക് എംസിസിയിൽ പ്രവേശനം ലഭിച്ചത്. എംസിസിയിലെ ഹിസ്റ്ററി പ്രൊഫസർ എഡ്വാർഡ് ക്വാർലിയുടെ പ്രോത്സാഹനം മീനാക്ഷിയുടെ അക്കാദമിക്‌ ജീവിതത്തെ മാറ്റിമറിച്ചു.

1931ൽ എംസിസിയിൽനിന്ന് ഡിസ്റ്റിങ്‌ഷനോടെ ബിരുദാനന്തര ബിരുദം നേടി. 1931 മുതൽ 34 വരെ മദ്രാസ് യൂണിവേഴ്സിറ്റിയിലെ ഹിസ്റ്ററി  ആർക്കിയോളജിക് വിഭാഗത്തിലെ ഗവേഷകയായിരുന്നു. 1936ൽ മീനാക്ഷിക്ക്‌ പിഎച്ച്ഡി ലഭിച്ചു. ‘ദ അഡ്മിനിസ്ട്രേഷൻ ആൻഡ്‌ സോഷ്യൽ ലൈഫ് അണ്ടർ പല്ലവാസ്', ‘ദ കൈലാസനാഥ ടെമ്പിൾ' എന്നിവയായിരുന്നു ഗവേഷണ വിഷയം. 1938ൽ ‘ദ അഡ്മിനിസ്ട്രേഷൻ ആൻഡ്‌ സോഷ്യൽ ലൈഫ് അണ്ടർ പല്ലവാസ്'  എന്ന പേരിൽ മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഹിസ്റ്റോറിക് സീരീസിൽ  13–-ാം നമ്പരായി മീനാക്ഷിയുടെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടു. നീലകണ്ഠ ശാസ്ത്രിയായിരുന്നു ഹിസ്റ്റോറിക്കൽ സീരീസിന്റെ എഡിറ്റർ.

മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്ഡി നേടുന്ന ആദ്യത്തെ വനിതയായിരുന്നു മീനാക്ഷി. 1937ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്താൻ ഒരു വർഷത്തെ ഫെലോഷിപ്‌  ലഭിച്ചു. തെക്കേ ഇന്ത്യയിലെ ബുദ്ധമത സ്വാധീനത്തെക്കുറിച്ചായിരുന്നു ഗവേഷണം.     ആർക്കിയോളജി സർവേ ഓഫ് ഇന്ത്യ പ്രശസ്ത പല്ലവ ക്ഷേത്രങ്ങളായ കാഞ്ചിയിലെ കൈലാസനാഥ ക്ഷേത്രത്തെക്കുറിച്ചും വൈകുണ്ഠ പെരുമാൾ ക്ഷേത്രത്തിലെ വാസ്തു ശിൽപ്പത്തെക്കുറിച്ചും പഠിക്കാൻ മീനാക്ഷിയെ ചുമതലപ്പെടുത്തി. പല്ലവക്ഷേത്രങ്ങളായ കാഞ്ചീപുരത്തെ കൈലാസനാഥ ക്ഷേത്രത്തിലെയും മഹാബലിപുരത്തെ ക്ഷേത്രത്തിലെയും വാസ്തുശിൽപ്പ ശൈലിയെ താരതമ്യം ചെയ്തുള്ള പഠനങ്ങൾ ശ്രദ്ധേയമായി.

1939ൽ അന്നത്തെ മൈസൂർ ഗവർണറായിരുന്ന ഇസ്മെയിൽ മിർസയുടെ ക്ഷണം സ്വീകരിച്ച്‌ ബംഗളൂരുവിലെ മഹാറാണി കോളേജിൽ മീനാക്ഷി ചരിത്രാധ്യാപികയായി. എന്നാൽ, അധികനാൾ ജോലിയിൽ തുടർന്നില്ല. അസുഖത്തെതുടർന്ന് മദ്രാസിലേക്ക് തിരിച്ചുപോരേണ്ടി വന്നു. 1940 മാർച്ച് മൂന്നിന്‌ ഗുരുതരമായ അസുഖത്തെതുടർന്ന് നുങ്കംപാക്കത്തെ വീട്ടിൽ  അന്തരിച്ചു.  34 വയസ്സുവരെയുള്ള ജീവിതത്തിൽ നാല്‌ ഗ്രന്ഥം  രചിച്ചു.  ഇതിനു പുറമെ നിരവധി ലേഖനങ്ങൾ എഴുതി.  ചരിത്രവിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top