26 April Friday

മുറിവിന്റെ സാന്ത്വനം

കെ എസ് ചിത്രUpdated: Sunday Jul 18, 2021

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ മകൾ നന്ദന വിടപറഞ്ഞിട്ട് പത്തു വർഷം പിന്നിട്ടു. ആ മകളുടെ ഓർമയ്‌ക്ക്‌ പരുമലയിലെ സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഒരു കീമോ തെറാപ്പി വാർഡ്‌ ഉണ്ട്. അതിന് പേരിട്ടത് ഈയിടെ അന്തരിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍  കാതോലിക്കാ ബാവായും. ആ ഓർമകളിലേക്ക് ചിത്രയുടെ ഹൃദയസ്‌പർശിയായ കുറിപ്പ്

എന്റെ മോളെ ഓർക്കാത്ത ഒരു ദിവസവും കടന്നു പോയിട്ടില്ല.  അങ്ങനെയൊരു നാളിൽ കാതോലിക്കാ ബാവാ ചെന്നൈയിലെ വീട്ടിലേക്ക്‌ വന്നു. നന്ദനമോളുടെ പേര്‌ പരുമലയിലെ സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയുടെ കീമോ തെറാപ്പി വാർഡിനിടുന്നു. കേട്ടപ്പോൾ പെട്ടെന്ന്  മറുപടി പറയാനാകാതെ നിന്നു. സൽകർമങ്ങൾക്ക് മകളുടെ പേര്. ഒരമ്മയെന്ന നിലയിൽ ഇതിനേക്കാൾ വലിയ പുണ്യം കിട്ടാനുണ്ടോ. അത്രത്തോളം മനസ്സ് നിറഞ്ഞിരുന്നു.  ഭാവിയിൽപോലും ആ വാർഡിന്റെ പേര് അങ്ങനെ നിലനിൽക്കും, ആ രീതിയിലാണ്  അദ്ദേഹം വാർഡിന് പേര് നൽകിയത്. ഞാൻ ആവശ്യപ്പെട്ടിട്ടു പോലുമില്ല. എന്നിട്ടും തിരുമേനി നന്ദന മോളുടെ പേര് നൽകി.  മകളുടെ ഓർമകൾ അതിലൂടെ അനശ്വരമാക്കി.  അതിന്റെ നന്ദിയും കടപ്പാടും അദ്ദേഹത്തോട്‌ പറഞ്ഞാലും തീരില്ല.

നന്ദന മോളുടെ പേരിൽ പരുമലയിൽ ഇപ്പോഴും കീമോ തെറാപ്പി വാർഡുണ്ട്‌. നിർധനരായ ക്യാൻസർ രോഗികൾക്ക്‌ ചികിത്സ നൽകുന്ന ഇടം.  അമ്മയും അച്ഛനും ക്യാൻസർ ബാധിതരായാണ് എന്നെ വിട്ടുപോയത്. അതുകൊണ്ടുതന്നെ നിർധന രോഗികൾക്കായുള്ള തിരുമേനിയുടെ സ്‌നേഹസ്‌പർശം പരിപാടിയിൽ  ഞാനും ചേർന്നു. സ്‌നേഹസ്‌പർശം പരിപാടിക്ക് ശേഷം നല്ല ബന്ധം ഞങ്ങൾ  കാത്തുസൂക്ഷിച്ചിരുന്നു.

പരിപാടിയുടെ ചർച്ചയ്‌ക്കായി ആദ്യമായി പള്ളിയിൽ ചെല്ലുമ്പോൾ എനിക്ക്‌ ഏറ്റവും ഇഷ്‌ടമുള്ള പലഹാരമായ കൊഴുക്കട്ട ഒരുക്കിയാണ്‌ തിരുമേനി സ്വീകരിച്ചത്‌. പെട്ടെന്ന്‌ അമ്പരന്നുപോയി. കുടുംബാംഗങ്ങൾക്ക്‌ മാത്രം അറിയാവുന്ന കാര്യം അന്വേഷിച്ച്‌ എനിക്കായി ഒരുക്കി. ഉന്നത പദവിയിലുള്ള ആളായിട്ട്‌ കൂടി വളരെ സൗഹൃദപരമായാണ്‌ ആദ്യ കൂടിക്കാഴ്‌ചയിൽ സംസാരിച്ചത്‌. സ്വന്തം കുടുംബാംഗത്തെപോലെ. രക്തബന്ധമല്ലെങ്കിലും കുടുംബാംഗങ്ങളെപ്പോലെ സ്‌നേഹം ചൊരിഞ്ഞ ഒരാൾ. ഇഷ്ടങ്ങൾ ഓർത്തു വച്ച്‌ മനസ്സ് നിറയ്‌ക്കുന്നവർ.  അങ്ങനെ ഒരാളായിരുന്നു കാതോലിക്കാ ബാവാ.

ഇനിയും അദ്ദേഹത്തോടൊപ്പം ഒരുപാട് കാരുണ്യപ്രവർത്തനം നടത്തണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. സ്‌നേഹസ്‌പർശം പരിപാടിയുടെ ചർച്ചകൾ നടക്കവെയാണ്‌ അദ്ദേഹം അസുഖബാധിതനായ വിവരമറിയുന്നത്‌. പിന്നീട്‌ സുഖം പ്രാപിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.  കുറേക്കാലം കൂടി നമുക്കൊപ്പം ജീവിക്കേണ്ടിയിരുന്ന ആളായിരുന്നു അദ്ദേഹം.

(തയ്യാറാക്കിയത്: അഞ്ജലി ഗംഗ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top