24 April Wednesday

വീരാംഗനയ്‌ക്ക്‌ സിവപ്പുവണക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 14, 2021

കെ പി ജാനകിയമ്മാൾ

തമിഴ്‌നാട്ടിൽ ആദ്യമായി രൂപീകരിച്ച കമ്യൂണിസ്റ്റ്‌ പാർടി ബ്രാഞ്ചിൽ ഒരു വനിതയുണ്ടായിരുന്നു. പിൽക്കാലത്ത്‌ സിപിഐ എമ്മിന്റെ തീപ്പൊരി നേതാവായി മാറിയ കെ പി ജാനകിയമ്മാൾ..

സ്വന്തം ആഭരണം വിറ്റുകിട്ടിയ പണം കമ്യൂണിസ്റ്റ് പാർടിയുടെ പഠന കോൺഗ്രസിനു നൽകിയ വിപ്ലവകാരിയാണ് കെ പി ജാനകിയമ്മാൾ. തമിഴ്നാടിന്റെ പാർടി ചരിത്രത്തിലെ ആദ്യ രക്തതാരകങ്ങളിൽ ഒരാൾ. തമിഴ്നാട്ടിലെ ആദ്യ ബ്രാഞ്ചിലെ ഏകവനിത. 1939ൽ മധുരയിലായിരുന്നു ആദ്യ ബ്രാഞ്ച്  രൂപീകരിച്ചത്. എൻ ശങ്കരയ്യ ഉൾപ്പെടെയുള്ള അതികായർക്കൊപ്പം കമ്യൂണിസ്റ്റ് പാർടി അംഗമായ വനിത.

ഒക്ടോബർ വിപ്ലവം നടന്ന വർഷം (1917) തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനനം.  ഖാദിപ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വരവ്. നാടകങ്ങളിൽ സ്‌ത്രീകൾക്ക് അപ്രഖ്യാപിത വിലക്കുണ്ടായിരുന്ന കാലത്ത് അവർ നാടകം കളിച്ചു. സുബ്രഹ്മണ്യ  ഭാരതിയുടെ കവിതകൾ പാടി. പി രാമമൂർത്തിയുമായും എ കെ ജിയുമായും ജീവാനന്ദവുമായും പരിചയമുണ്ടായിരുന്നു.

1936ൽ വതലഗുണ്ടുവിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി സമ്മേളനത്തിൽ പങ്കെടുത്തു. വേദിയിൽ പ്രസംഗിച്ചു. ഇക്കാലത്താണ് നേതാജി സുഭാഷ് ചന്ദ്രബോസ് എഐസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് പട്ടാഭി സീതാരാമയ്യക്കെതിരെ മത്സരിക്കുന്നത്. തുടർന്ന് മധുരയിലെത്തിയ നേതാജിയെ കോൺഗ്രസുകാർ സ്വാഗതംചെയ്യാൻ തയ്യാറായില്ല.  ജാനകിയമ്മാളിന്റെയും മുത്തുരാമ ലിംഗദേവരുടെയും നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി സ്വീകരണമൊരുക്കി.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി ശക്തിപ്പെട്ടതോടെ മധുര കോൺഗ്രസ് കമ്മിറ്റിയും  പിടിച്ചെടുത്തു. ജാനകിയമ്മാൾ ആയിരുന്നു സെക്രട്ടറി. ഗുരുസ്വാമി പ്രസിഡന്റും.

രണ്ടാംലോക യുദ്ധക്കാലത്ത് യുദ്ധവിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരിൽ ദക്ഷിണേന്ത്യയിൽ അറസ്റ്റുചെയ്യപ്പെട്ട ആദ്യവനിത കൂടിയാണ് ജാനകിയമ്മാൾ.

ദേശസുരക്ഷാ നിയമപ്രകാരം 1941ൽ അവരെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റുചെയ്‌തു. ദക്ഷിണേന്ത്യയിൽ ഒരു വനിത ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ സംഭവം. തൊഴിലാളിസമരങ്ങളുടെ മുന്നണിപ്പോരാളിയായി എപ്പോഴും അവർ നിലയുറപ്പിച്ചു. നിരവധി തവണ അറസ്റ്റുവരിച്ചു. 

സ്വാതന്ത്ര്യാനന്തരവും മുഴുവൻ സമയവും പാർടിക്കുവേണ്ടി പ്രവർത്തിച്ചു. ജന്മിത്വത്തിനെതിരെ അതിശക്തമായ പോരാട്ടങ്ങൾ സംഘടിപ്പിക്കുന്നതിന് മുന്നിൽനിന്നു. അമ്മയെന്ന വിളിപ്പേരിലായിരുന്നു അറിയപ്പെട്ടത്.

കമ്യൂണിസ്റ്റ് പാർടിയുടെ പിളർപ്പിനുശേഷം സിപിഐ എമ്മിനൊപ്പം നിന്നു.  വാർഡ് അംഗം, ജില്ലാ ബോർഡ് അംഗം, നിയമസഭാംഗം എന്നിങ്ങനെ വിവിധനിലയിൽ പ്രവർത്തിച്ചു. ഭർത്താവിന്റെ മരണശേഷം മധുരയിലെ പാർടി ഓഫീസിലായിരുന്നു താമസം. പാർടിക്കുവേണ്ടി  സർവത്യാഗങ്ങൾക്കും തയ്യാറായ ജാനകിയമ്മാൾ 1992 മാർച്ച് ഒന്നിനാണ് അന്തരിച്ചത്‌.

(കടപ്പാട്: കാട്ടുകടന്നൽ ഫെയ്‌സ്‌ബുക്ക്‌ പേജ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top