24 April Wednesday
ചെ ഗുവേരയുമായി അഭിമുഖം നടത്തിയ മലയാളി പത്രപ്രവർത്തക

കെ പി ഭാനുമതി ....ഇന്ത്യയുടെ ഒറിയാന ഫല്ലസി

അനിൽകുമാർ എ വിUpdated: Wednesday Apr 4, 2018

ഹൃദയങ്ങൾ തമ്മിലുള്ള അഗാധബന്ധം തിരതല്ലുന്ന  പ്രണയംപോലെയാണ് അഭിമുഖങ്ങളെന്ന് അഭിപ്രായപ്പെട്ടത് ഗബ്രിയേലാ ഗാർഷ്യ മാർക്കേസ്. ആ നിലവാരത്തിലേക്ക് അഭിമുഖങ്ങളെ വളർത്തിയെടുക്കാൻ സർഗാത്മകമായി തപസ്സിരുന്ന ഒറിയാന ഫല്ലസിയാകട്ടെ മാർക്കേസിന്റെ  വാക്കുകൾ അന്വർഥമാക്കി. എഴുത്തിന്റെ വിവിധ മണ്ഡലങ്ങളിൽ മുഴുകിയ ആ ഇറ്റാലിയൻ പത്രപ്രവർത്തകയുടെ കൃതികൾ അമ്പരപ്പിക്കുന്ന മാതൃകകളായിരുന്നു.'ലെറ്റർ ടു എ ചൈൽഡ് നെവർ ബോൺ' നോവൽ ഏറെ ഇളക്കമുണ്ടാക്കി. ഖൊമേനി, ഷാരോൺ, അറാഫത്ത്, വില്ലി ബ്രാന്റ്, കിസിഞ്ജർ, ദെങ് സിയാവോ പിങ്ങ്, ഗദ്ദാഫി, ദലൈലാമ, നടി  ഗിനാ ലോല്ലോബ്രിഗിഡ തുടങ്ങിയരുമായി നടത്തിയ കൂടിക്കാഴ്ചകളുടെ സാഫല്യമാണ് 'ഇന്റർവ്യൂ വിത്ത് ഹിസ്റ്ററി'. 
 

അഭിമുഖത്തിനിരുന്നവരെ തലോടുകയായിരുന്നില്ല ഫല്ലസി. ഗദ്ദാഫിയെ അഭിമുഖീകരിച്ചത് പ്രകോപനമുണ്ടാക്കുന്ന ചോദ്യങ്ങളുമായാണ്. ഏറ്റവും കൂടുതൽ വെറുക്കപ്പെടുന്ന ഒരാളാണ് താങ്കൾ എന്നറിയുമോ എന്നതായിരുന്നു ആദ്യ ചോദ്യം.1950 കളിൽ സെക്സ് പ്രതീകമായി അറിയപ്പെട്ട നടി ഗിനാ ലോല്ലോബ്രിഗിഡയെ സ്വാഗതംചെയ്തത്, ജനങ്ങൾ പറയുന്നത്ര വിഢിയാണ് താങ്കളെന്ന്  കരുതുന്നില്ലെന്ന വിരുദ്ധോക്തിയിലൂടെ. 1972ൽ  ഫല്ലസിക്ക് മുന്നിൽ സംഭാഷണത്തിനായി ഇരുന്നതിൽ കിസിഞ്ജർ പശ്ചാത്തപിക്കുകപോലുമുണ്ടായി. വിയറ്റ്നാം അധിനിവേശത്തെക്കുറിച്ച് 'ഉപയോഗമില്ലാത്ത യുദ്ധം' എന്ന പ്രയോഗം ആ വായിൽനിന്ന് ചോർത്തിയെടുക്കുകയായിരുന്നു.  അതായിരുന്നു പശ്ചാത്താപത്തിന്റെ അടിസ്ഥാനം.
 

ഇത്തരം നിശ്ചയദാർഢ്യത്തിന്റെ ഇന്ത്യൻ പത്രപ്രവർത്തന മാതൃകയാണ് എറണാകുളത്തുകാരി കെ പി ഭാനുമതി. നാഷണൽ ഹെറാൾഡ്, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ഹിന്ദു, സ്റ്റേറ്റ്സ്മാൻ തുടങ്ങിയ പത്രങ്ങളിൽ പംക്തികൾ കൈകാര്യം ചെയ്ത അവർ ലോകത്തോളം തലയെടുപ്പുള്ള  70 വ്യക്തിത്വങ്ങളുമായി 1950 മുതൽ 80 വരെ നടത്തിയ അഭിമുഖങ്ങൾ നാഷണൽ ബുക്ക്ട്രസ്റ്റ്  പ്രസിദ്ധീകരിച്ച 'കാൻഡിഡ് കോൺവെർസേഷൻസ് വിത്ത് ടവറിങ് പേഴ്സൻസ്' മാതൃകകളില്ലാത്തതാണ്. ആകാശവാണിയിൽ ഒരു പതിറ്റാണ്ട് പത്രപ്രവർത്തകയായത് അതിലൊരു കൂട്ടിച്ചേർക്കലായി. സർദാർ നിഹാൽസിങ് ആമുഖവും ഇന്ദർ മൽഹോത്ര പഠനവും എഴുതിയ പുസ്തകത്തിൽ നെഹ്റു, ഇന്ദിരാഗാന്ധി, ചെ ഗുവേര, ചൗ എൻ ലായി, ഹോചിമിൻ, ഒലോഫ് പാമെ, ഗുന്നാർ മിർദൽ, വിക്രം സാരാഭായ്, ജെ കെ ഗാൽബ്രെയ്ത്ത്, അഗതാ ക്രിസ്റ്റി, പിയറി കാർഡിൻ  തുടങ്ങിയവരുടെ ചിന്തകളും അഭിപ്രായങ്ങളും നിലപാടുകളുമാണുള്ളത്.
 

ഇന്ത്യൻ എക്സ്പ്രസിൽ ആരംഭിച്ച 'എറൗണ്ട് ദി കാപ്പിറ്റൽ' പംക്തിയായിരുന്നു തുടക്കം. പത്രാധിപർ ഫ്രാങ്ക് മൊറൈസിന്റെ നിർദേശാനുസരമായിരുന്നു അത്. പത്രമാനേജിങ് കമ്മറ്റിയംഗം ഫിറോസ് ഗാന്ധിയും പിന്തുണ നൽകി. നിഹാൽ  ഭാനുമതിയുടെ അഭിമുഖ സമാഹാരത്തെ ചരിത്രത്തിന്റെ അമൂല്യ നിധിശേഖരം എന്നാണ് വിശേഷിപ്പിച്ചത്. ടെലിവിഷൻ ഇല്ലാത്ത കാലത്ത് റേഡിയോവിലൂടെയും പത്രങ്ങളിലൂടെയും നടത്തിയ അഭിമുഖങ്ങൾക്ക് വലിയ മൂല്യമുണ്ട്. തനിക്ക് മുന്നിലിരിക്കുന്നവർ എത്ര കേൾവികേട്ടയാളായാലും അവർ തുളച്ചുകയറുന്ന ചോദ്യങ്ങൾ ഉന്നയിച്ചു. വർത്തമാനം സ്തംഭിച്ചു നിർത്താതെ ഒന്നിൽനിന്ന് മറ്റൊന്നിലേക്കെന്നവണ്ണം   പടർന്നു കയറുമായിരുന്നു. സംശയങ്ങൾക്കിടനൽകാത്തവിധം ചോദ്യങ്ങൾ സ്പന്ദിക്കുകയും ചെയ്തു.  നെഹ്റു കുടുംബവുമായുള്ള ഗാഢബന്ധം ഭാനുമതിക്ക് ലോക നേതാക്കളുമായുള്ള  ഇടപഴകൽ അനായാസമാക്കി. ജവഹർലാൽ തോളിൽത്തട്ടി പേരുവിളിക്കാൻ മാത്രം അടുപ്പം. മകൾ ഇന്ദിരയാകട്ടെ, പ്രോട്ടോക്കോൾ മറികടന്ന് വിമാനങ്ങളിൽ സീറ്റുപോലും അനുവദിക്കാറുണ്ടായിരുന്നു. പ്രായം ഏറെചെന്ന ഭാനുമതി, ഇപ്പോൾ അധികമാരും അറിയാതെ ഡെൽഹിയിൽ വിശ്രമജീവിതം നയിക്കുകയാണ്.
 

1961ൽ ഇന്ത്യയിലെത്തിയ ചൗൻ എൻ ലായി രാത്രി രാഷ്ട്രപതിഭവനിൽ പത്രലേഖകരെ കണ്ടു. ശേഷമാണ് ഭാനുമതി സമീപിക്കുന്നത്. സാധാരണ സ്ഥിതിയിൽ കൂടിക്കാഴ്ച  ദുഷ്ക്കരമാണ്. വാർത്താസമ്മേളനത്തിൽ എല്ലാം കിട്ടിയില്ലേ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ആകാശവാണിക്ക് പ്രത്യേകമായെന്തെങ്കിലും എന്ന ജിജ്ഞാസയായിരുന്നു അവരിൽനിന്ന്്. അതിൽ വീണുപോയ ചൗ അർധരാത്രി സമയം അനുവദിച്ചു. മൂന്നുവട്ടം ഇന്ത്യയിലെത്തിയിട്ടും ഇവിടുത്തെ പ്രഗത്ഭ മാധ്യമപ്രവർത്തകരാരും അഗത ക്രിസ്റ്റിയെ അഭിമുഖത്തിന് ആഗ്രഹിച്ചില്ല. എന്നാൽ 'മോണോഗ്രാം മർഡേഴ്സ്' എന്ന കൃതിയുടെ പ്രസിദ്ധീകരണത്തിനു ശേഷം ഭർത്താവ് സർ മാക്സ് മല്ലോവനൊപ്പം 1958 ഒക്ടോബറിൽ വന്നപ്പോൾ ഭാനുമതി സമീപിച്ചു. ആർക്കിയോളജിസ്റ്റായ  അദ്ദേഹം ദില്ലിയിൽ സെമിനാറിനെത്തിയതായിരുന്നു. ഇരുവരെയും നന്നായി മനസ്സു തുറപ്പിച്ചു. ദാമ്പത്യബന്ധത്തിലെ കൗതുകങ്ങളടക്കം അതിന്റെ ഓരങ്ങളിൽ തിരയടിക്കുകയുംചെയ്തു. ഒരു സ്ത്രീയെ സംബന്ധിച്ച് പുരാവസ്തു ശാസ്ത്രജ്ഞൻ ഭർത്താവായിരിക്കുന്നത് അനുഗ്രഹമാണെന്ന് അഗത പറയുകയുണ്ടായി. വയസ്സേറുന്തോറും അദ്ദേഹം കൂടുതൽ  സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുമെന്നായിരുന്നു തുറന്നടിക്കൽ.
 

നിലപാടുകളിലെ കാർക്കശ്യവും അഭിപ്രായങ്ങളിലെ തെളിമയും കൊണ്ട് ഭാനുമതിയെ പിടിച്ചുലച്ചത് ചെ ഗുവേര. ക്യൂബൻ മന്ത്രിയെന്ന നിലയിൽ കാസ്ട്രോയുടെ നിദേശാനുസരണം അദ്ദേഹം ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ പര്യടനത്തിനിറങ്ങി. പുതിയ ഭരണം അധികാരമേറ്റെടുത്ത് ഏഴു മാസമേ ആയിരുന്നുള്ളൂ. മൂന്നു മാസം കൊണ്ട്  ബന്ദൂങ് ഉടമ്പടിയിൽ ഒപ്പുവെച്ച പതിനാല് രാജ്യങ്ങളും സിങ്കപ്പൂർ, ഹോങ്ങ്കോങ്ങ് നഗരങ്ങളുമായിരുന്നു  ലക്ഷ്യം. 1959 ജൂൺ 12ന് ഹവാനയിൽനിന്ന് പുറപ്പെട്ട്  മാഡ്രിഡിൽ മുപ്പത്തിയൊന്നാം ജന്മദിനം ആഘോഷിച്ച ചെ  കെയ്റോ വഴി ഇന്ത്യയിലെത്തി. ജൂൺ 30 ന് അർധരാത്രി പാലം വിമാനത്താവളത്തിൽ കാൽകുത്തി. ഒപ്പം ആറംഗ സംഘം. ഗണിതശാസ്ത്രജ്ഞൻ, സാമ്പത്തിക വിദഗ്ധൻ, ആർമി ക്യാപ്റ്റൻ, സുരക്ഷാഭടൻ എന്നിവരായിരുന്നു സംഘത്തിൽ. ദില്ലിയിൽനിന്ന് ക്യൂബൻ വലതുപക്ഷ പത്രപ്രവർത്തകനും റേഡിയോ കമന്റേറ്ററുമായ ജോസ് പർദോ ലാദയെയും  ഉൾപ്പെടുത്തി. ആദ്യദിവസം തീൻമൂർത്തി ഭവനിൽ നെഹ്റുവിനെ കാണാനെത്തിയ ആ ആജന്മ വിപ്ലവകാരിയെ അശോക ഹോട്ടലിൽവെച്ചായിരുന്നു ഭാനുമതി അഭിമുഖം നടത്തിയത്. ആ ചിത്രം പകർത്തിയതാകട്ടെ, പി എൻ ശർമ. കമാണ്ടർ ഏണസ്റ്റോ ഡി ലാ സെർണ എന്ന  ഔദ്യോഗിക പേരിലായിരുന്നു ചെയുടെ മുറിബുക്കിങ്.

ഇന്ത്യയെയും അതിന്റെ അനിഷേധ്യ നേതാക്കളായ ഗാന്ധിജിയെയും നെഹ്റുവിനെയും കുറിച്ചും  ഇരുവരുടെയും ചിന്തകളെപ്പറ്റിയും  ആഴത്തിൽ മനസ്സിലാക്കിയിരുന്ന അദ്ദേഹം നെഹ്റുവിനായി കാസ്ട്രോ കൊടുത്തയച്ച ഒരു പെട്ടി ക്യൂബൻ സിഗരറ്റും കരുതുകയുണ്ടായി. മഹാത്മാവിനെ യോഗി തുല്യനായ ബിംബം എന്ന് വിശേഷിപ്പിച്ച ചെ, പണ്ഡിറ്റ്ജിയുടെ 'ഇന്ത്യയെ കണ്ടെത്തൽ' വായിച്ചു. അതിലെ പല ഖണ്ഡികകളും ചിന്തോദ്ദീപകമാണെന്ന് കണ്ടു. ചിരപരിചിതനും സൗമ്യസ്വഭാവവുമുള്ള  മുത്തച്ഛനെപ്പോലെയാണ് നെഹ്റു പെരുമാറിയതെന്നാണ് ഭാനുമതിയോട് പറഞ്ഞത്. അദ്ദേഹം ക്യൂബൻ ജനതയുടെ സഹനങ്ങളിലും പോരാട്ടങ്ങളിലും സജീവതാൽപ്പര്യം പ്രകടിപ്പിച്ചതായി വിലയിരുത്തി. നെഹ്റുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമുള്ള ഉച്ചഭക്ഷണത്തിന് മകൾ ഇന്ദിരയും പേരക്കിടാങ്ങളായ രാജീവും സഞ്ജയും മറ്റും എത്തി. അവസാനം സന്ദർശിച്ച ഈജിപ്തിനോട് ഇന്ത്യയെ താരതമ്യംചെയ്ത അദ്ദേഹം ഇവിടെ സാമൂഹ്യ സമത്വം പുലരേണ്ടതുണ്ടെന്നും പ്രത്യാശിച്ചു. അതിന്റെ മുന്നുപാധിയായി പറഞ്ഞത് ഭൂവിതരണം. നാലുദിവസം ദില്ലിയൽ കഴിഞ്ഞ ചെ  ഒഖാല വ്യാവസായിക മേഖലയും കുടിൽ വ്യവസായകേന്ദ്രങ്ങളും കണ്ടു. പിറ്റേദിവസം പിലാനയിലെ കർഷകരുമായി  ഇടപഴകി. ഗാന്ധിത്തൊപ്പിയണിഞ്ഞ അവർ കാർഷിക വിഭവങ്ങൾ കൊണ്ട് ഹാരമണിയിച്ചു. ജുലൈ അഞ്ചിന് ലഖ്നൗവിലെ പഞ്ചസാര ഇൻസ്റ്റിറ്റ്യൂട്ടിൽ. പിന്നെ ഹരിയാണാ ഗ്രാമങ്ങളിൽ. താജ്മഹൽ സന്ദർശിച്ച് ഒട്ടേറെ ഫോട്ടോകൾ പകർത്തുകയുംചെയ്തു. പത്തിന് കൊൽക്കത്തയിലേക്ക്. അവിടെ അധഃപതിച്ച നിലയിലുള്ള ദാരിദ്ര്യമാണെന്നാണ് ചെ വിശേഷിപ്പിച്ചത്.  സ്വന്തം ക്യാമറയിൽ  നഗരത്തിന്റെ മൂന്ന് ഫോട്ടോ ഒപ്പുകയുംചെയ്തു. മഴ, പശു, ഉന്തുവണ്ടി എന്നിവയാണ് അതിൽ. അത് ഹവാനയിലെ ചെ സ്റ്റഡീസും  ആസ്ത്രേലിയയിലെ ഓഷ്യൻ ബുക്ക്സും ചേർന്നിറക്കിയ  'സെൽഫ് പോർട്രെയിറ്റ് ബൈ ചെ ഗുവേര' എന്ന സമാഹാരത്തിലുണ്ട്.


ഭാനുമതിക്ക് നൽകിയ ഉത്തരങ്ങളിൽ ഇന്ത്യൻ പാരമ്പര്യങ്ങളിൽ ആവേശംകൊണ്ട ചെ, തങ്ങളുടെ അനുഭവ പശ്ചാത്തലത്തിന്റെ വ്യത്യസ്തതകളും സൂചിപ്പിച്ചു. ഗാന്ധിജിയുടെ സത്യഗ്രഹ പ്രസ്ഥാനത്തെയും ആരാധനയോടെ നോക്കി. "നിങ്ങൾക്ക് ഗാന്ധിജിയും പ്രാചീന തത്ത്വചിന്താ പാരമ്പര്യങ്ങളുമുണ്ട്. ലാറ്റിനമേരിക്കയിൽ അത്തരത്തിലുള്ള ഒന്നുമില്ല. അതുകൊണ്ടാണ് ഞങ്ങളുടെ മനോനില മറ്റൊരു രൂപത്തിൽ പരുവപ്പെട്ടത്.'' സ്വാതന്ത്ര്യത്തിനായുള്ള സമരം ആരംഭിക്കുന്നത് ജനങ്ങളുടെ പട്ടിണിയിൽനിന്നാണ്. സൈനിക വേഷത്തിലെത്തിയ ചെ ആടിന്റേതുപോലുള്ള താടിയോടെയായിരുന്നുവെന്നാണ് ഭാനുമതി കുറിച്ചത്. എപ്പോഴും മെണ്ടേ കാർലോ സിഗരറ്റ് പുകയ്ക്കുമായിരുന്ന അദ്ദേഹം അതീവ സുന്ദരനും. ആത്മാവുള്ള കറുത്ത കണ്ണുകൾ വാല്യങ്ങൾ എഴുതാൻ പ്രേരിപ്പിക്കുംവിധം സ്വയം സംസാരിച്ചു. ആ ലാളിത്യവും വിനയവും വിശുദ്ധനായ പുരോഹിതന്റെ  രൂപം തോന്നിപ്പിക്കുകയും ചെയ്തു. ചിന്തയുടെ കാടുകളെ തീപ്പിടിപ്പിക്കാൻ ശ്രമിക്കുംവിധം തീപ്പൊരി പ്രസരിപ്പിക്കാൻ കാത്തുനിൽക്കുന്ന മട്ടിലായിരുന്നു ആ വിപ്ലവകാരി.

 
താങ്കളൊരു പ്രമാണവാദിയാണ്. അത്തരമൊരു ചിന്ത ബഹുമത സംവിധാനമുള്ള ഞങ്ങളുടെ രാജ്യത്തിന് സ്വീകാര്യമാവില്ലെന്ന ഭാനുമതിയുടെ അറുത്തുമുറിച്ച അഭിപ്രായത്തിന് ചെ വിസ്തരിച്ച് മറുപടി നൽകി. സ്വയം കമ്യൂണിസ്റ്റാണെന്ന് സ്ഥാനപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ജന്മംകൊണ്ട് കാത്തോലിക്കനായ താനൊരു സോഷ്യലിസ്റ്റാണ്, അതിനാൽ രാജ്യങ്ങളുടെ ചുഷണത്തിൽനിന്ന് സമത്വവും സ്വാതന്ത്ര്യവും കാംക്ഷിക്കുന്നു. വളരെ ചെറുപ്പം തൊട്ട് കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും രോഗപീഡകളും കാണാൻ തുടങ്ങി. അത് ക്യൂബയിലും വിയറ്റ്നാമിലും ആഫ്രിക്കയിലും പ്രകടവുമാണ്. സ്വാതന്ത്ര്യത്തിനായുള്ള ജനങ്ങളുടെ പോരാട്ടം വിശപ്പിൽനിന്നാണ് ആരംഭിക്കുന്നത്. മാർക്സ് വിഭാവനംചെയ്ത സാമൂഹ്യ നിയമങ്ങളിലൂടെയാണ് പ്രായോഗിക വിപ്ലവകാരികൾ സമരത്തിനിറങ്ങുക. സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയുടെ പാഠങ്ങൾക്ക് ഇന്ത്യയിൽ അതിന്റേതായ മൂല്യമുണ്ട്. ചെയുടെ 44‐ാം ജന്മദിനത്തിൽ ഭാനുമതി ഒരു ലേഖനം 'മെയ്ൻസ്ട്രീം' വാരികയിൽ പ്രസിദ്ധീകരിക്കുകയുമുണ്ടായി.
അഭിമുഖത്തിൽനിന്ന്:  ഇന്ത്യൻ  സന്ദർശനത്തിനുള്ള പ്രചോദനമെന്തായിരുന്നു.?


● ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യത്തിൽനിന്ന് ക്യൂബ സ്വാതന്ത്ര്യം നേടിയെങ്കിലും വിയറ്റ്നാമും മറ്റും ഇപ്പോഴും കൊളോണിയൽ ചവിട്ടടിയിലാണ്. അവിടങ്ങളിൽ നിന്നുള്ള പ്രഥമ വിവരം തേടാനാണ് യാത്രകൾ. നിങ്ങളുടെ പ്രധാനമന്ത്രി നെഹ്റു ക്ഷണിക്കുകയും ചെയ്തു. വികസനത്തിനായുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പദ്ധതികൾ അടുത്തറിയാനും ആഗ്രഹമുണ്ട്. സാമ്രാജ്യത്തിനു കീഴിൽ ലാറ്റിനമേരിക്ക ഏറെ സഹിച്ചു. അവശിഷ്ടങ്ങളിൽനിന്നുവേണം രാജ്യനിർമാണം.
സോഷ്യലിസ്റ്റ് മനുഷ്യനിലും വ്യവസ്ഥയിലും വിശ്വസിക്കുകയാണല്ലോ താങ്കൾ. അതൊന്ന് വിശദമാക്കാമോ?


● ഞങ്ങളുൾപ്പെടെയുള്ള അവികസിത ലോകത്തിന് സാമ്രാജ്യത്വ ചവിട്ടടിയിൽ നിന്ന് വിമോചിതമാകേണ്ടതുണ്ട്. പാവ സർക്കാരുകളും സൈനിക സഖ്യങ്ങളും കടുത്ത ചൂഷണമാണ് അഴിച്ചുവിടുന്നത്. അവികസിതം അല്ലെങ്കിൽ വികൃതമാക്കപ്പെട്ട വികസനം നടക്കുന്നയിടങ്ങൾ കോളനികളോ അസ്വതന്ത്ര രാജ്യങ്ങളോ ആണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളുടെ മൂർത്ത സാഹചര്യമൊരുക്കുന്നത് വിശപ്പാണ്.വിദേശ ശക്തിയുടെ അടിമയാകാതെ  മാത്രമേ സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയും സോഷ്യലിസ്റ്റ് മനുഷ്യനും രൂപംകൊള്ളൂ. അവികസിത ലോകത്തിന് ഒരിക്കലും അഴിമതിരഹിത ഘടനയുടെ നേട്ടം അനുഭവിക്കാനാവില്ല. അതിനാൽ നമ്മൾ അവികസിത രാജ്യങ്ങൾ ഒന്നിക്കണം.


സുദീർഘ പോരാട്ടങ്ങളിലൂടെയാണ് ഇന്ത്യ  സ്വാതന്ത്ര്യം നേടിയത്. എനിക്ക് നെഹ്റുവിനോട് നിറഞ്ഞ ആരാധനയാണ്. സാമ്പത്തിക സ്വാതന്ത്ര്യം തിരിച്ചുപിടിച്ച് രാജ്യത്തെ ശക്തമാക്കാൻ അദ്ദേഹത്തിനാവും. എല്ലാ മനുഷ്യരും കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ പങ്കുവെക്കുന്ന സമൂഹസൃഷ്ടിക്കായി പൊരുതേണ്ടതുണ്ട്. ദക്ഷിണ അമേരിക്കയിൽ ആദ്യം സാന്നിധ്യമറിയിച്ച പുത്തൻ കൊളോണിയലിസം പതുക്കെ ഏഷ്യയിലും ആഫ്രിക്കയിലും ചൂഷണം ത്വരിതമാക്കി. വിയറ്റ്നാമിലും കൊറിയയിലും എന്താണ് സംഭവിക്കുന്നത്. ക്രൂരതയുടെ മുഖം ചില ഏഷ്യൻ ഭാഗങ്ങളിൽ നിഗൂഢമാണ്. കൊളോണിയൽ‐ സാമ്രാജ്യത്വ ഹീന പദ്ധതികൾക്കെതിരെ നമ്മൾ മൂന്നാം ലോകവും അവികസിത രാജ്യങ്ങളും കൈകോർക്കേണ്ടതുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top