11 December Monday

യാത്രകള്‍ സമ്മാനിച്ച തിരിച്ചറിവ്‌

പി ആർ ദീപ്‌തി prdeepthy@gmail.comUpdated: Sunday Sep 17, 2023

ജൂലി ഗണപതിയും യമുന ദൈവത്താളും

കുറ്റാരോപിതരെ അകറ്റി നിർത്തുന്ന മലയാളി മനോഭാവത്തിൽ നീറുന്ന കവി ഹൃദയങ്ങളുണ്ടിവിടെ, മാറ്റം വേണം, അറിഞ്ഞോ അറിയാതെയോ ചെയ്‌ത കുറ്റങ്ങളിൽപ്പെടുന്നവരെ അകറ്റി നിർത്താതെ നെഞ്ചോട്‌ ചേർക്കണം, അവരുടെ മാനസിക വ്യഥകൾ ഒപ്പാൻ എല്ലാവരും മുന്നിലുണ്ടാവണം,  പറയുന്നത്‌ യുവ സാഹിത്യകാരികളായ സഹോദരിമാർ.

വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക പൈതൃകം കണ്ടറിഞ്ഞ്‌  അവയെ കവിതകളുടെയും കഥകളുടെയും  തന്തുക്കളായി രൂപപ്പെടുത്താൻ ഈ സഹോദരങ്ങൾ നടത്തുന്ന യാത്രകൾ സമ്മാനിച്ചതാണി തിരിച്ചറിവ്‌. ശരിയേത്‌ തെറ്റേത്‌ എന്നറിയാൻ പോലും തയ്യാറാകാതെ കുറ്റാരോപിതരെ   ഒറ്റപ്പെടുത്തി  അതിൽ സുഖം കണ്ടെത്തുന്നവരെ  മലയാള മണ്ണിൽ മാത്രമാണ്‌ കാണാനാകുന്നത്‌. ഇവർ നടത്തുന്ന അന്തമില്ലാത്ത യാത്രകളിൽ  പതിഞ്ഞ തിരിച്ചറിവിൽ ഇവർ ചോദിക്കുന്നു, ‘ഈ അവസ്ഥ എങ്ങനെ  ഈ മലയാള മണ്ണിന്‌ വന്നുചേർന്നു. വൈകരുത്‌, കാതലായ മാറ്റത്തിന്‌ നാം ഓരോരുത്തരും മനസ്സുവച്ചാൽ മാറാനാകും’.  പെൺപക്ഷത്ത്‌ നിലകൊണ്ട്‌ സാഹിത്യസൃഷ്ടികൾ നടത്തുന്ന ഈ സഹോദരിമാരോട്‌ പെണ്ണെഴുത്തുകാരാണോ എന്ന്‌ ചോദിച്ചാൽ ഒറ്റ മറുപടിമാത്രം, അല്ലേ അല്ല.  ഇത്‌ ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ആവിഷകരിച്ച്‌ ‘ഖാൻതികളുടെ പാട്ട്‌’ എന്ന ഒറ്റ കഥാസമാഹാരത്തിലൂടെ സ്ത്രീ ചിന്തയ്ക്കു പുതുവെളിച്ചം പകർന്ന്‌  മലയാളിയുടെ മനസ്സിൽ ഇടംനേടിയ കഥാകാരി യമുന ദൈവത്താളും പ്രവാസ ജീവിതത്തിനിടയിലും കവിതകളുടെ ലോകത്ത്‌ വിഹരിക്കുന്ന സഹോദരി ജൂലി ഗണപതിയുമാണിവർ.

‘പെണ്ണേ നീ കരയുന്നതെന്തിന്‌...? പൊട്ടിയൊഴുകുന്ന അവളുടെ സങ്കടത്തിന്‌ മുന്നിൽ, പ്രതിഷേധാഗ്നിയിൽ ജ്വലിക്കുന്ന വാക്കുകൾ കോറിയിടുമ്പോഴും യമുന പറയും താൻ പെണ്ണെഴുത്തുകാരിയല്ലെന്ന്‌.
സ്വന്തം ഗ്രാമാന്തരീക്ഷത്തിൽ കണ്ടതും കേട്ടതുമെല്ലാം ആദ്യ കഥകളിൽ നിറഞ്ഞപ്പോൾ പിന്നീട്‌ യാത്രകളുടെ ലോകം തുറന്നിട്ടത്‌ വിശാല  കാൻവാസ്‌. കൊല്ലം അഞ്ചാലുംമൂട്‌ വെട്ടുവിള തെക്കേമൂലയിൽ പരേതനായ കെ ചെല്ലപ്പന്റെയും എം കെ പൊന്നമ്മയുടെയും മൂത്ത മകളായ യമുന കുട്ടിക്കാലത്ത്‌ വായിച്ചതിലേറെയും റഷ്യൻ കഥകളായിരുന്നു. തന്റെ ഉള്ളിന്റയുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ഈ പശ്ചാത്തലത്തിൽ തീർത്ത ‘ഖാൻതികളുടെ പാട്ട്‌’ നേടിക്കാടുത്തത്‌ നിരവധി പുരസ്‌കാരം.

മുംബൈ, ഡൽഹി, തമിഴ്‌നാട്‌,  കൊൽക്കത്ത എന്നിവയുടെ  ഉള്ളറിഞ്ഞ്‌ നടത്തിയ യാത്രകളിൽ കണ്ടും അനുഭവിച്ചും അറിഞ്ഞ നാടുകളുടെയും ജീവിതത്തേയും ചേർത്തുവച്ച്‌  ഉൾനാടൻ ഗ്രാമങ്ങളിലെ ജീവിത രീതി പ്രതിപാദിക്കുന്ന ഇവരുടെ കഥകൾ എല്ലാം വ്യത്യസ്‌ത പ്രമേയങ്ങളാൽ സമ്പന്നമാണ്‌. അവയെല്ലാമാകട്ടെ സ്‌ത്രീ കഥാപാത്ര പ്രധാനവും. പ്രണയവും രതിയും ജീവിതവും രാഷ്‌ട്രീയവും ഒക്കെ മാറിമറിയുന്ന കഥകളിൽ പ്രണയത്തോട്‌ വല്ലാത്ത അഭിനിവേശം. ‘പ്രണയത്താൽ പൂത്തുലഞ്ഞ്‌ നിൽക്കുന്ന പൂമരമാണ്‌’ താനെന്ന്‌ തുറന്നുപറയുന്ന ഇവർ നഷ്ടപ്രണയമെന്നൊന്ന്‌  ഇല്ലെന്ന്‌ തറപ്പിച്ച്‌ പറയും. അനുഭവങ്ങളെയും യാഥാർഥ്യങ്ങളെയും ഒപ്പംകൂട്ടുന്ന കഥാകാരിയായ ഇവരുടെ കഥകൾക്ക്‌ തീക്ഷ്‌ണ ജീവിത യാഥാർഥ്യത്തിന്റെ ചൂടും ചൂരുമുണ്ട്‌. സ്‌ത്രീകളുടെ വിവിധ വിഷയങ്ങൾക്കും വേദനകൾക്കും വാക്കുകളിലൂടെ ചിത്രഭംഗി നൽകുന്ന ഇവരുടെ കാതിൽ മുഴങ്ങുന്നത്‌ സ്‌ത്രീയുടെ നിലയ്ക്കാത്ത നിലവിളിയാണ്‌.

അതിഭാവുകത്വത്തിലേക്കു വഴുതിവീഴാതെ, എന്നാൽ, അതിലോലമായ വികാരങ്ങളെപ്പോലും അക്ഷരങ്ങളാൽ നിയന്ത്രിച്ചും ഉൾക്കാഴ്ചകളാൽ നയിച്ചും പുതുലോകങ്ങൾ തുറന്ന പത്ത്‌ കഥകൾ അടങ്ങിയ ‘ഖാൻതികളുടെ പാട്ട്‌’ എന്ന ആദ്യ സമാഹാരത്തിന്‌   ലഭിച്ച കേരള കലാവേദിയുടെ വയലാർ പുരസ്‌കാരം, കൊൽക്കത്ത ടാഗോർ സംസ്‌കൃതിയുടെ ടാഗോർ സാഹിത്യ പുരസ്‌കാരം, ദേശീയ ദളിത്‌ സാഹിത്യ അക്കാദമിയുടെ ഡോ. ബി ആർ അംബേദ്‌കർ നാഷണൽ ഫെലൊഷിപ്പ്‌, തമിഴ്‌നാട്‌ സർക്കാരിന്റെ തിരുവള്ളുവൻ സാഹിത്യ അവാർഡ്‌ തുടങ്ങിയവ. ആറാംക്ലാസിലായിരിക്കെയാണ്‌ ആദ്യ കഥ പിറവിയെടുത്തത്‌–- ‘നീലജാലകം’   കഥയിൽ പ്രണയത്തിനായിരുന്നു മുൻതൂക്കം. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെയൊപ്പം രാജ്യത്തെ  വിവിധ സ്ഥലങ്ങളിൽ ജീവിതം പറിച്ചുനടപ്പെട്ടതും അനുഭവങ്ങളെ തീക്ഷ്ണമായി എഴുതാൻ കരുത്ത് നൽകി.  പ്രവാസി എന്ന നിലയിൽ അനുഭവിച്ച ഏകാന്തതയും വിഷാദവും   ഒറ്റപ്പെടലും ഒക്കെ കഥകാരിയെ വളർത്തി. കേരളീയ ജീവിതത്തേക്കാൾ മറ്റിടങ്ങളിലെ  ജീവിതമാണ്‌ തനിക്ക്‌ കരുത്തേകുന്നതെന്ന്‌ പറയുന്ന ഇവർ  കലയുടെയും സംസ്‌കാരത്തിന്റെയും വലിയ പാരമ്പര്യം പേറുന്ന ബംഗാളിനെ നെഞ്ചോട്‌ ചേർക്കുന്നു. വി സാംബശിവന്റെ കഥാപ്രസംഗങ്ങളിലൂടെ ബംഗാളിനെ ആദ്യമായി അറിഞ്ഞ ഇവർ പിന്നീട്‌ നടത്തിയ യാത്രകളിൽ കണ്ടറിഞ്ഞ ഗ്രാമങ്ങളും ജീവിതാനുഭവങ്ങളും കഥകളിൽ പകർത്തി.

ഇനിയും അനാഥശരീരങ്ങൾ സമ്മാനിച്ച്‌ ഗംഗയെ വേദനിപ്പിക്കരുതേ എന്ന്‌ വിലപിക്കുന്ന ‘വാരാണസിയിലെ മഴ’യിലൂടെ ഗംഗയെ ശ്വസിക്കാൻ അനുവദിക്കൂ എന്ന്‌ കേണപേക്ഷിക്കുന്ന ജൂലി ഗണപതി കവിതകളിലും ചിത്രരചനയിലുമായി നിറഞ്ഞുനിൽക്കുകയാണ്‌. ‘വാരാണസിയിലെ മഴ’ എന്ന ഒറ്റ കവിതാസമാഹാരത്തിലൂടെ പ്രശ്‌സതയായ ഇവരെ തേടി 2020ലെ രാജീവ്‌ ഗാന്ധി ഫൗണ്ടേഷൻ കവിതാ പുരസ്‌കാരവും വിവിധ സംഘടനകളൂടെ  അവാർഡും എത്തിയിട്ടുണ്ട്‌. ലണ്ടനിൽ മീഡിയ കമ്പനിയിലെ ജോലിത്തിരക്കിനിടയിലാണ്‌ ജൂലിയുടെ സാഹിത്യ കലാ സൃഷ്ടികൾ ജന്മമെടുക്കുന്നത്‌. പ്രണയവും വിരഹവും നിലാവും മഴയുമെല്ലാം ഈ യുവഎഴുത്തുകാരിയുടെ പേനത്തുമ്പിന്‌ വിഷയമാണ്‌.    

‘പിറവി കൊള്ളുന്ന ഓരോ നക്ഷത്രത്തിലുമുണ്ട്‌ പ്രണയത്തിന്റെ ഓരൊ ഹിമബിന്ദു,  നിശാശലഭങ്ങളുടെ നെഞ്ചിലും പ്രണയത്തിന്റെ മർമരമുണ്ട്‌’ എന്ന്‌ ‘പ്രണയം’ എന്ന കവിതയിൽ ജൂലി . ‘ചിങ്ങം’, ‘മഞ്ഞുപോയവൾ’,  ‘ഓർമയിലെ പുക്കളം’, എന്നിവ  പ്രധാന കവിതകൾ. ഏത്‌ വേദനകൾക്കിടയിലും ഒരു പൂവിനെപ്പോലെ സന്തോഷിക്കാൻ ശ്രമിക്കുന്ന ഇവർ കരഞ്ഞുതളർന്നുകഴിയുന്നത്‌ അഭികാമ്യമല്ലെന്ന പക്ഷക്കാരിയാണ്‌. ‘ജീവിതം നമ്മളെ  തോൽപ്പിക്കാൻ ശ്രമിക്കുമ്പോഴും തിരിച്ചുനമ്മൾ ജീവിതത്തെ തോൽപ്പിക്കണമെന്ന്‌ ഈ കലാകാരി പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top