31 January Tuesday

നന്ദി, ജെയിൻ! നന്ദി...ഹോക്കിങിനൊപ്പം നിന്നതിന്‌ ; പങ്കാളിയായതിന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 21, 2018

ലോക വിസ്മയമായ ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് തന്റെ ജീവിതത്തിന് ആരോടാണ് നന്ദി പറയുക? ജനനത്തിന് കാരണക്കാരായ മാതാപിതാക്കളോടോ? ചലനശേഷി നഷ്ടപ്പെടുന്ന മഹാരോഗത്തിന്റെ പിടിയിൽ 21‐ാം വയസ്സിൽ പെട്ട ശേഷം തന്നെ ശുശ്രൂഷിച്ച ഡോക്ടർമാരോടോ? സാങ്കേതികവിദ്യകളിലൂടെ 55 വർഷം കൂടി നീട്ടി തന്ന ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരോടോ? തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഭാര്യമാരോടോ? ജീവിതത്തിന് പിന്തുടർച്ച നൽകിയ കുട്ടികളോടോ? പ്രശസ്തിയിലേക്ക് ഉയരാൻ സഹായിച്ച മറ്റുള്ളവരോടോ? അതോ മനുഷ്യവംശത്തോട് മുഴുവനോ? എന്തായാലും ദൈവത്തോടാവില്ല. കാരണം, സ്റ്റീഫൻ ഹോക്കിങ്ങിന് ദൈവവിശ്വാസം തീരെ ഉണ്ടായിരുന്നില്ല.


രോഗം പിടിപെടും വരെ ഹോക്കിങ്ങ് ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നു. രോഗത്തിനടിമയാണ് താനെന്ന് അറിഞ്ഞ  ആദ്യ ദിവസങ്ങളിൽ ആ വിദ്യാർഥി തികച്ചും നിരാശനായിരുന്നു.  തന്റെ ജീവിതം ഒന്നും നേടാതെ തീരുകയാണെന്ന ബോധം അദ്ദേഹത്തെ അലട്ടി. ഏറിയാൽ രണ്ട് വർഷം! അതാണ് ഡോക്ടർമാർ പ്രവചിച്ച ആയുസ്സിന്റെ നീളം. ആരും തളർന്നു പോകുന്ന ആ നിമിഷങ്ങളിൽ ആ യുവാവിനെ ആലിംഗനം ചെയ്ത് 'നിനക്കൊന്നുമില്ല... ഞാനില്ലേ നിന്റെ കൂടെ? ' എന്ന് പറഞ്ഞ് ജീവിതത്തിലേക്ക് കൂട്ടി കൊണ്ടു വന്നത് അദ്ദേഹത്തിന്റെ സഹപാഠിയും പ്രണയിനിയുമായ ജെയിൻ വൈൽഡ് എന്ന വിദ്യാർഥിയായിരുന്നു.  രണ്ട് വർഷം മാത്രം ആയുസ്സുള്ള ഒരാളുമായി ജീവിതം പങ്കിടുന്നതിന്റെ നിരർഥകത എല്ലാവരും അവളെ 'ബോധ്യപ്പെടുത്താൻ' ശ്രമിച്ചപ്പോഴും അവൾ പിൻമാറിയില്ല. താൻ ജീവന്റെ ജീവനായി കരുതിയ സ്റ്റീഫന് രോഗം വരുമ്പോൾ ഉപേക്ഷിക്കയല്ല, അദ്ദേഹത്തോടൊപ്പം നിൽക്കുകയാണ് വേണ്ടത് എന്ന ഉറച്ച ബോധ്യമാണ് ജെയിനിനെ മുന്നോട്ട് നയിച്ചത്. വാസ്തവത്തിൽ നിരാശയുടെ പടുകുഴിയിൽ നിന്ന് സ്റ്റീഫൻ ഹോക്കിങ്ങിനെ കൈപിടിച്ചുയർത്തിയതും പ്രപഞ്ച സത്യങ്ങളുടെ നിഗൂഢതകളിലേക്ക് ഊളിയിടാൻ പ്രേരിപ്പിച്ചതും ജെയിനായിരുന്നു.
അപ്പോൾ ഹോക്കിങ്ങ് മാത്രമല്ല, ഈ ലോകം മുഴുവൻ ആരോടാണ് നന്ദി പറയേണ്ടത്? അതെ, ജെയിനിനോട് തന്നെ!


 

ഹോക്കിങ്ങിന്റെ ജീവിതവുമായി ബന്ധപ്പെട്ട മറ്റുള്ളവരെല്ലാം സാധാരണ ചെയ്യുമായിരുന്ന കാര്യങ്ങൾ മാത്രമാണ് ചെയ്തത്. ഡോക്ടർമാരായാലും ശാസ്ത്രജ്ഞരായാലും ബന്ധുക്കളായാലും സുഹൃത്തുക്കളായാലും അതത് സാഹചര്യങ്ങളിൽ ചെയ്യുമായിരുന്ന കാര്യങ്ങൾ ആണ് ചെയ്തതെന്ന് കാണാം. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ച ഉപയോഗപ്പെടുത്താനായി എന്നതും അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് കാരണമായി. പക്ഷെ, വീണു പോകുമായിരുന്ന നിമഷങ്ങളിലെല്ലാം താങ്ങായി, തണലായി, കൂടെ നിന്നത് ജെയിനാണ്. സ്റ്റീഫന് ഒരു കുടുംബ ജീവിതം നൽകിയത്, മൂന്ന് കുട്ടികളെ നൽകിയത്, അച്ഛനും മുത്തച്ഛനുമായി മറ്റ് മനുഷ്യരെ പോലെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചത്, പഠനത്തിനും ഗവേഷണത്തിനും ഊർജം നൽകിയത് ..... ഒക്കെ ജെയിനാണ്.
 

കോളേജിൽ പഠിക്കുന്ന കാലത്ത് , 1962ൽ ആണ് ഒരു പാർടിക്കിടെ ഹോക്കിങ്ങിനെ ജെയിൻ പരിചയപ്പെടുന്നത്. നൃത്തത്തിലും സംഗീതത്തിലും വഞ്ചിതുഴയലിലുമൊക്കെ തൽപരനായ, സുമുഖനായ യുവാവ്! ഗണിതവും ഭൗതികശാസ്ത്രവുമാണ് വിഷയമെങ്കിലും ഭാഷാവിദ്യാർഥിനിയായിരുന്ന ജെയിനിന്റെ മനം കവരാൻ ഹോക്കിങ്ങിനായി. പ്രണയത്തിലായി ഏറെ കഴിയും മുൻപ് തന്നെ ഹോക്കിങ്ങിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. സംസാരിക്കുമ്പോൾ തടസ്സം, നടക്കുമ്പോൾ ഇടയ്ക്ക് വീഴുക തുടങ്ങിയവയായിരുന്നു ആദ്യലക്ഷണങ്ങൾ. 1963ൽ മോട്ടോർ ന്യൂറോൺ രോഗമാണെന്ന് തിരിച്ചറിഞ്ഞു. കുടുംബവും സുഹൃത്തുക്കളും തകർന്നുപോയ സന്ദർഭങ്ങളായിരുന്നു അത്. അന്നും ഹോക്കിങ്ങിനൊപ്പം ജെയിൻ നിന്നു.  പലരും എതിർത്തിട്ടും 1964ൽ അവർ വിവാഹിതരാവാൻ തീരുമാനിച്ചു. ജെയിനിനെ പിൻതിരിപ്പിക്കാൻ കുടുംബക്കാർ മാത്രമല്ല, സുഹൃത്തുക്കളും ശ്രമിച്ചു. പക്ഷെ, അവൾ പിൻമാറിയില്ല.
 

ജെയിൻ ! ഹോക്കിങ്ങിന് അതൊരു ശക്തിയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും ലോകത്തിന് വേണ്ടി പലതും ചെയ്യണമെന്നും ഹോക്കിങ്ങിന് ചിന്തിക്കാൻ പ്രേരണ ജെയിൻ ആയിരുന്നു. 1965ൽ അവർ വിവാഹിതരായി. 67ലും 70ലും 79ലുമായി അവർക്ക് മൂന്ന് കുട്ടികൾ ജനിച്ചു. വീട്ടുകാര്യങ്ങളും കുട്ടികളെ പരിപാലിക്കലും ഒപ്പം ഹോക്കിങ്ങിന്റെ കാര്യങ്ങളും ജെയിൻ നോക്കി നടത്തി. ഇതിനിടെ ഗവേഷണവും നടത്തി 1981ൽ അവർ ഡോക്ടറേറ്റ് എടുത്തു.
 

ജെയിനിന്റെ സ്വന്തമായ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന ആഗ്രഹം മൂലം പള്ളി ക്വയറിൽ പാടാൻ അവസരം വന്നപ്പോൾ ഹോക്കിങ്ങ് അതിന് പ്രേരിപ്പിച്ചു. സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചപ്പോഴാണ് അവർ ജോനാതന്റെ ക്വയറിൽ പാടാൻ പോകാൻ തുടങ്ങിയത്. 1977ൽ തുടങ്ങിയ ആ പരിചയമാണ് പിന്നീട് ജോനാതനുമായി അടുക്കാനും വിവാഹം വരെ എത്താനും ഇടയാക്കിയത്. ഹോക്കിങ്ങിന്റെ കുടുംബത്തിൽ ജോനാതന് നല്ലൊരു സുഹൃത്തിന്റെ സ്ഥാനം ലഭിച്ചിരുന്നു. സംഗീതത്തിലുള്ള അഭിനിവേശത്തോടൊപ്പം ഹോക്കിങ്ങിൽ നിന്ന് ലഭിക്കാതിരുന്ന സുരക്ഷിതത്വബോധം ജോനാതനിൽ നിന്ന് ലഭിച്ചതുമാണ് ജെയിനിനെ ആ ബന്ധത്തിലേക്ക് നയിച്ചത്. ഒപ്പം, ഹോക്കിങ്ങിന്റെ പ്രശസ്തിയും ഒരു കാരണമായി. എന്നും വെള്ളിവെളിച്ചത്തിലും യാത്രകളിലുമായിരുന്നു ഹോക്കിങ്ങ്. ശുശ്രൂഷിക്കാനും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുമായി ചുറ്റും നിറയുന്ന നേഴ്സുമാരും സാങ്കേതിക വിദഗ്ധരും! ഹോക്കിങ്ങ് പതുക്കെ പതുക്കെ ജെയിനിൽ നിന്ന് അകലുകയായിരുന്നു. 90 മുതൽ അവർ അകന്നു തുടങ്ങിയിരുന്നു. 1995ൽ അത് വിവാഹമോചനത്തിലേക്ക് എത്തി. അപ്പോഴേക്കും ഹോക്കിങ്ങ് തന്നെ ശുശ്രൂഷിച്ചിരുന്ന നേഴ്സ് എലേന  മേസനുമായി അടുപ്പം സ്ഥാപിച്ചിരുന്നു. 95ൽ എലേനയും ഹോക്കിങ്ങും വിവാഹിതരായി.
 

1997ലാണ് ജെയിൻ ജോനാതനെ വിവാഹം ചെയ്യുന്നത്. അപ്പോഴും ജെയിനിന് ഹോക്കിങ്ങിന്റെ ഭാവിയെ കുറിച്ച് ഉൽക്കണ്ഠയുണ്ടായിരുന്നു. 2004 ആയപ്പോഴേക്കും തന്നെ മറ്റ് നേഴ്സുമാരും പരിചാരകരും ഹോക്കിങ്ങിന്റെ കുട്ടികളും എലേനയെ കുറിച്ച് പൊലീസിൽ പരാതി നൽകി. എലേന ഹോക്കിങ്ങിനെ ഉപദ്രവിച്ചിരുന്നുവെന്നും  വേണ്ടവിധം ശുശ്രൂഷിച്ചിരുന്നില്ലെന്നും അവർ പരാതിപ്പെട്ടു. പൊലീസ് കേസെടുത്തെങ്കിലും ഹോക്കിങ്ങ് പരാതി നിഷേധിച്ചതിനാൽ കൂടുതൽ നടപടിയുണ്ടായില്ല. എന്നാൽ 2006ൽ ഹോക്കിങ്ങ് എലേനയെ വിവാഹമോചനം ചെയ്തു.
 

1999ൽ ഹോക്കിങ്ങുമായുള്ള ജീവിതത്തെ കുറിച്ച് ജെയിൻ ആത്മകഥാ പുസ്തകം രചിച്ചിരുന്നു. 2007ൽ അത് വീണ്ടും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. ആ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് 2014ൽ ഹോക്കിങ്ങിനെ കുറിച്ച് ഒരു സിനിമ ഇറങ്ങിയത്. കുടുംബജീവിതത്തിനും അക്കാദമിക് ജീവിതത്തിനും പ്രാധാന്യം കൊടുത്ത 'ദി  തിയറി ഓഫ് എവരിതിങ്ങ്' എന്ന ആ സിനിമ ഏറെ പ്രശസ്തി നേടി. ഹോക്കിങ്ങ് ആയി അഭിനയിച്ച നടൻ എഡ്ഡി റെഡ്മെയിന് ഓസ്കാർ ലഭിച്ചു.
 

വിവാഹമോചനവും മറ്റൊരും വിവാഹവും ഒക്കെ നടക്കുമ്പോഴും ഹോക്കിങ്ങ് ജെയിനിനെ കുറ്റപ്പെടുത്തിയിട്ടില്ല. ജെയിൻ പിന്നീട് വിവാഹം ചെയ്ത ജോനാതനുമായി അടുക്കാൻ ഹോക്കിങ്ങ് തന്നെയാണ് അവസരമുണ്ടാക്കിയതും പ്രോത്സാഹിപ്പിച്ചതും. ജെയിനിന്റെ മനസ് നന്നായി അറിയാവുന്ന ഹോക്കിങ്ങ് അതിന് കളമൊരുക്കുകയായിരുന്നോ എന്നു പോലും തോന്നാം. എലേനയുമായുള്ള വിവാഹമോചനത്തിനു ശേഷം, തന്റെ കുടുംബജീവിതം പരാമർശിക്കുന്ന സിനിമയും ജെയിനിന്റെ പുസ്തകവും മനസ്സിലാക്കിയ ഹോക്കിങ്ങ് ജെയിനിന്റെ സാമീപ്യം ആഗ്രഹിച്ചിരുന്നു. കുട്ടികൾക്കും ജെയിനിനും പിന്നീടുള്ള ഹോക്കിങ്ങിന്റെ ജീവിതത്തിൽ ഏറെ ഇടപെടാൻ കഴിഞ്ഞിരുന്നു. വിവാഹമോചനം നടത്തിയിരുന്നെങ്കിലും ജെയിൻ എന്നും ഹോക്കിങ്ങിനെ സ്നേഹിച്ചിരുന്നു. ജോനാതനെ ഭർത്താവായി സ്വീകരിച്ചെങ്കിലും ഹോക്കിങ്ങിനെ മനസിൽ നിന്ന് കളയാൻ തനിക്കാവില്ലെന്ന് അവർ എന്നും പറയാറുണ്ട്. അവസാന കാലത്ത് താങ്ങായി, തണലായി, ജെയിനും കുട്ടികളും പേരക്കുട്ടികളും ഉണ്ടായിരുന്നുവെന്നത് ഹോക്കിങ്ങിന് ആശ്വാസമായിരുന്നു. ലോകം കണ്ട മഹാപ്രതിഭയെ അഞ്ച് പതിറ്റാണ്ടിലേറെ ഹൃദയത്തിൽ കൊണ്ടു നടന്ന ജെയിനിനോടല്ലാതെ ലോകം ആരോടാണ് നന്ദി  പറയേണ്ടത്! എന്നും തന്റെ നെഞ്ചിൻകൂടിൽ കൂടു കൂട്ടി പ്രാണനായി നിന്ന പ്രണയിനി ജെയിനിനോടല്ലാതെ ഹോക്കിങ്ങ് ആരോടാണ് നന്ദി പറയേണ്ടത്!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top