09 June Friday
കേരളത്തിൽ ആദ്യമായി പിഎച്ച്ഡി നേടുന്ന ജൂനിയർ പബ്ലിക് നഴ്‌സ്‌

സിസീന ഇനി "ഡോക്‌ടർ നഴ്‌സ്‌'

സുരേഷ് വെട്ടുകാട്ട്Updated: Sunday Apr 10, 2022

സിസീനയും ഭർത്താവ് രാജു സെബാസ്റ്റ്യനും

കൊല്ലം ശക്തികുളങ്ങര ഫാമിലി ഹെൽത്ത് സെന്ററിലെ ജൂനിയർ പബ്ലിക്‌ ഹെൽത്ത് നഴ്‌സായ ജെ സിസീന ഇപ്പോൾ ഡോക്‌ടർ നഴ്‌സാണ്‌. കേരളത്തിൽ ആദ്യമായി പിഎച്ച്ഡി നേടുന്ന ജൂനിയർ പബ്ലിക് നഴ്‌സ്. പ്രതിസന്ധികളോട്‌ പൊരുതിനേടിയ ബിരുദമാണിത്‌. ജെപിഎച്ച്എൻ കോഴ്‌സിനു പിന്നാലെ, ബിഎസ്‌സി ബോട്ടണി, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന്‌ എംഎസ്‌സി, ബിഎഡ്, അതുകഴിഞ്ഞ്‌ സോഷ്യോളജിയിൽ എംഎ, എംഎസ്‌ഡബ്ല്യു, കൗൺസലിങ്ങിൽ പിജി ഡിപ്ലോമ, നെറ്റ്, സെറ്റ്... ഇങ്ങനെ പോകുന്നു സിസീന നേടിയ ബിരുദങ്ങൾ.

"കണ്ണൂരിലെ മുസ്ലിം സമുദായത്തിന്റെ ആരോഗ്യസംരക്ഷണ സംസ്‌കാരവും സാമൂഹ്യ നിലപാടുകളും’ എന്ന വിഷയത്തിലാണ്‌ ഡോക്ടറേറ്റ്. 16 വർഷത്തെ സർവീസിൽ 13 വർഷവും കണ്ണൂരിലായിരുന്നു. കണ്ടുംകേട്ടും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങൾ ഗവേഷണവിഷയമായി തെരഞ്ഞെടുക്കുകയായിരുന്നു. കണ്ണൂർ കോളച്ചേരി വിജയഭവനത്തിൽ ജോണി വി കണ്ടൻപറമ്പും പി ജെ അന്നമ്മയുമാണ്‌ മാതാപിതാക്കൾ. കൊല്ലം സബ് കോടതിയിലെ ജൂനിയർ സൂപ്രണ്ട് രാജു സെബാസ്റ്റ്യനാണ്‌ ഭർത്താവ്‌.
കോവിഡ്‌ കാലത്തെ ആരോഗ്യപ്രവർത്തകരുടെ ജോലിഭാരവും സമ്മർദവും, കോടതി ജീവനക്കാരനായ ഭർത്താവിന്റെ കൊല്ലത്തെ  വീട്ടിലേക്കും കണ്ണൂരിലേക്കുമുള്ള മാരത്തൺ യാത്രകൾ... കണ്ണൂരിലെ വീട്ടിൽ പെട്ടെന്ന് പരാലിസിസ് ബാധിച്ച് കിടപ്പിലായ അമ്മയുടെ പരിചരണം, തുടർന്നുള്ള മരണം. ഈ പ്രതിസന്ധികൾക്കു നടുവിലായിരുന്നു ഗവേഷണം. എന്നിട്ടും സിസീന തളർന്നില്ല.

ഇതിനിടയിലും വിവിധ വിഷയങ്ങളിൽ വിവിധ ജില്ലകളിൽ നടന്ന കേരള ചരിത്ര കോൺഫറൻസുകളിൽ രണ്ടു വർഷം പ്രബന്ധം അവതരിപ്പിച്ചു. തളിപ്പറമ്പ് സർ സയ്യദ് കോളേജിൽ നടന്ന ഇന്റർനാഷണൽ സെമിനാറിലും തിരൂർ തുഞ്ചൻപറമ്പ് മലയാളം സർവകലാശാലയിൽ നടന്ന സെമിനാറിലും പ്രബന്ധം അവതരിപ്പിച്ചു. 2019ൽ കണ്ണൂർ സർവകലാശാലയിൽ നടന്ന ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിലും പ്രബന്ധം അവതരിപ്പിച്ചു. രണ്ട് നാഷണൽ കോൺഫറൻസിലും ഏഴ് ഇന്റർനാഷണൽ കോൺഫറൻസിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഇതിനിടയിൽ മലപ്പുറത്തേക്ക് സ്ഥലംമാറ്റവുമായി. കൂടാതെ മറ്റൊരു പ്രശ്നവും കൂടിയുണ്ടായി. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ആന്ത്രോപോളജി ഡിപ്പാർട്ട്മെന്റാണ് ഉള്ളത്. സോഷ്യോളജി ഡിപ്പാർട്ട്മെന്റ്‌ ഇല്ല. ആന്ത്രോപോളജി ഡിപ്പാർട്ട്മെന്റിൽ ലിങ്ക് ചെയ്‌ത്‌ ഗവേഷണത്തിന് സൗകര്യമൊരുക്കണമെന്ന സിസീനയുടെ  അഭ്യർഥന ആദ്യം നിരസിക്കപ്പെട്ടു. എന്നാൽ, ആന്ത്രോപോളജി ഡിപ്പാർട്ട്മെന്റിലെ തന്നെ അധ്യാപികയും ഗവേഷക ഗൈഡുമായ ഡോ. ബി ബിന്ദു സിസീനയുടെ ഉൽക്കടമായ ആഗ്രഹവും ഇച്ഛാശക്തിയുംകണ്ട്  ഗൈഡായി. പിന്നെയും ഉണ്ടായിരുന്നു കടമ്പകൾ. സോഷ്യോളജിക്കാരിക്ക് ആന്ത്രോപോളജിയിൽനിന്ന്‌ ഗൈഡാകാൻ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് തീരുമാനിക്കണം. അവിടെ രക്ഷകനായി കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സിൻഡിക്കറ്റ് മെമ്പറായിരുന്ന എം പ്രകാശൻ മാസ്റ്റർ എത്തി. സിൻഡിക്കറ്റ് അനുകൂലമായ തീരുമാനമെടുത്തു. ഗവേഷണവഴിയിൽ പിന്തുണയുമായി നിന്ന കുടുംബവും സഹപ്രവർത്തകരും വിവിധ വകുപ്പുമേധാവികളും പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കും സിസീന നന്ദി പറയുന്നു. ഭർത്താവ്: . മക്കൾ: റെയ്ൻ, സെയിൻ.

ശ്രദ്ധേയമായി കണ്ടെത്തലുകൾ

ഇരിക്കൂർ, മയ്യിൽ, കൊളച്ചേരി, അരീക്കോട് പഞ്ചായത്തുകളിലെ മുസ്ലിം കുടുംബങ്ങളിലെ ആരോഗ്യസംരക്ഷണ രീതികളാണ് സിസീന പഠനവിധേയമാക്കിയത്. മുസ്ലിം കുടുംബങ്ങളിൽ ഉള്ളവർ മാംസാഹാരം കൂടുതൽ കഴിക്കുന്നതിനാൽ അവർക്ക് ജീവിതശൈലി രോഗങ്ങൾ കൂടുതലായിരിക്കുമെന്ന പൊതുധാരണ തെറ്റാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. മറ്റു സമുദായങ്ങളിൽ ഉള്ളവരേക്കാൾ ഇത്തരം പ്രശ്‌ന‌ങ്ങൾ കുറവായിരുന്നു. 750 കുടുംബത്തിൽനിന്ന് വിവരശേഖരണം നടത്തി ഈ വിവരം സ്ഥിരീകരിച്ചു. ഇതിന് ചില സാംസ്‌കാരിക കാരണങ്ങൾകൂടി ഉണ്ടെന്ന് ജസീന പറയുന്നു. അവിടെയുള്ളവർ ഒന്നിൽ കൂടുതൽ നോൺവെജ് വിഭവങ്ങൾ പൊതുവേ ഒരുമിച്ച് ഉപയോഗിക്കാറില്ല. ഒരുദിവസം ചിക്കൻ കഴിച്ചാൽ പിന്നെ ബീഫോ മത്സ്യമോ കഴിക്കില്ല.

മീനും ഇറച്ചിയും ഒരുമിച്ച് കഴിക്കില്ലെന്ന വാശിയുള്ളവരും ഇവിടങ്ങളിലുണ്ട്. കുട്ടികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഏറ്റവും താഴെയുള്ള കുട്ടികൾക്ക് ആരോഗ്യം കുറവായിരിക്കുമെന്ന പൊതുധാരണയും ശരിയല്ലെന്ന് സീനയുടെ പഠനത്തിൽ പറയുന്നു. എല്ലാ കുട്ടികളും ഇവിടെ പൊതുവേ ആരോഗ്യവാന്മാരായി തന്നെയാണ് കാണുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണം ഇവിടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന കൂട്ടുകുടുംബ സമ്പ്രദായമാണ്. വിവാഹശേഷവും പെൺകുട്ടികൾ സ്വന്തം കുടുംബത്തിൽ കഴിയുന്നരീതി നിലനിൽക്കുന്നതുമൂലം കുഞ്ഞുങ്ങൾക്കും അമ്മയ്‌ക്കും കൂടുതൽ പരിചരണവും ആരോഗ്യസംരക്ഷണവും ലഭിക്കുന്നതിന് കാരണമാകുന്നതായും പഠനത്തിൽ നിരീക്ഷിക്കുന്നു. പ്രബന്ധത്തിന്റെ ഓപ്പൺ ഡിബേറ്റിൽ പഞ്ചാബ്‌ യൂണിവേഴ്സിറ്റിയിലെ വകുപ്പുമേധാവിയും അറുപതിൽപ്പരം ഗ്രന്ഥത്തിന്റെ കർത്താവുമായ ഡോ. രാജേഷ് ഗിൽ  പ്രത്യേക അഭിനന്ദനവും രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top