20 April Saturday

പടപ്പാട്ടിന്റെ പരുക്കന്‍ വഴികളിലൂടെ: പി കെ മേദിനി ജീവിതം പറയുന്നു

സജിതാ മഠത്തില്‍Updated: Tuesday Sep 20, 2016

സജിതാ മഠത്തില്‍

സജിതാ മഠത്തില്‍

അമ്മയാണ് പാട്ടിന്റെ ഗുരു. അമ്മയുടെ അമ്മാനപാട്ടുകളുടെ ഈണം ഇന്നും മനസ്സിലുണ്ട്. പക്ഷെ പാട്ടിനും, താളലയത്തിനുമപ്പുറത്ത് ദാരിദ്യ്രം ഞങ്ങളെ ചുറ്റിപ്പിടിച്ചിരുന്നു. ജീവിക്കാന്‍ അല്ലെങ്കില്‍ ചാവാതിരിക്കാനുള്ള ശ്രമം ആയിരുന്നു അന്നത്തെ ഓരോ പ്രവൃത്തിയും– പി കെ മേദിനി സജിതാ മഠത്തിലിനോട് പറഞ്ഞ ആത്മകഥ

ജാതീയത കൊടികുത്തി വാഴുന്ന കാലത്ത്, ഒരു ഈഴവാത്തി കുടുംബത്തിലാണ് ഞാന്‍ ജനിക്കുന്നത്. 1933 ആഗസ്റ്റ് എട്ടാം തീയതി. അച്ഛന്‍ കങ്കാണിയും അമ്മ പാപ്പിയും. എന്റെ അമ്മ പന്ത്രണ്ടു കുട്ടികളെ പ്രസവിച്ചു. അന്ന് പേര് പറയുന്നതിനൊപ്പം ജാതിയും പറയേണ്ട കാലമായിരുന്നു. പക്ഷേ എന്റെ അച്ഛന്‍ ഒരു വേറിട്ട മനുഷ്യനായിരുന്നു. ജാതിയില്‍ കുറഞ്ഞവന് ഷര്‍ട്ട് ഇടാന്‍ പറ്റാത്ത കാലത്ത് സ്വര്‍ണ്ണ കുടുക്കുള്ള ഷര്‍ട്ടുമായാണ് അച്ഛന്‍ തന്റെ തൊഴിലായ ബാര്‍ബര്‍ പണി ചെയ്തിരുന്നത്. വായനയൊക്കെ ഉണ്ടായിരുന്ന, ശ്രീനാരായണഗുരു പ്രസ്ഥാനത്തോടൊക്കെ താല്‍പ്പര്യമുണ്ടായിരുന്ന നല്ല കലാകാരനായിരുന്നു അദ്ദേഹം. മൃദംഗം നന്നായി വായിക്കുമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രത്യേകതയുള്ള പേരുകളാണ് അദ്ദേഹം നല്‍കിയത്. പത്മനാഭന്‍, ബാവ, ചക്രപാണി, ശാരംഗപാണി, ഭാര്‍ഗവി, വസുമതി, മേദിനി, ദയാനന്ദന്‍, ജലം എന്നിങ്ങനെയുള്ള പേരുകളിലൂടെ ഞങ്ങള്‍ അക്കാലത്ത് വ്യത്യസ്തരായി. അമ്മയാണ് പാട്ടിന്റെ ഗുരു. അമ്മയുടെ അമ്മാനപാട്ടുകളുടെ ഈണം ഇന്നും മനസ്സിലുണ്ട്. പക്ഷെ പാട്ടിനും, താളലയത്തിനുമപ്പുറത്ത് ദാരിദ്യ്രം ഞങ്ങളെ ചുറ്റിപ്പിടിച്ചിരുന്നു. ജീവിക്കാന്‍ അല്ലെങ്കില്‍ ചാവാതിരിക്കാനുള്ള ശ്രമം ആയിരുന്നു അന്നത്തെ ഓരോ പ്രവൃത്തിയും.

വര: വിധു വിന്‍സന്റ്

വര: വിധു വിന്‍സന്റ്

ഞങ്ങള്‍ മംഗലത്ത് വീട്ടുകാരുടെ കുടികിടപ്പുകാരായിരുന്നു. വോട്ടുപോലും ഇല്ലാത്തവര്‍. കുടികിടപ്പുകാര്‍ക്ക് വാടക കൊടുക്കണ്ട, പക്ഷെ ആ വിശാലമായ പറമ്പിലെ തെങ്ങുകള്‍ക്കു മുഴുവന്‍ വെള്ളം കോരി നനക്കണം. ആഴമുള്ള കിണറുകളില്‍നിന്നോ, ദൂരെയുള്ള കുളത്തില്‍നിന്നോ വലിയ കുടത്തില്‍ വെള്ളം മുക്കിയെടുത്ത് നൂറു കണക്കിനുവരുന്ന തെങ്ങിന്റെ ചുവടുകളില്‍കൊണ്ട് ഒഴിക്കണം. ചേട്ടന്മാരോടൊപ്പം കുട്ടിയായ ഞാനും പൊങ്ങാത്ത കുടവുമായി നനക്കാന്‍ പോകും. കാര്യസ്ഥന്മാര്‍ വന്ന് മണ്ണില്‍ വിരലുകൊണ്ട് അമര്‍ത്തി നനവ് പരിശോധിക്കും. തൃപ്തി ആയില്ലെങ്കില്‍ വീണ്ടും വീണ്ടും വെള്ളമൊഴിപ്പിക്കും. ദേഷ്യം വന്നാല്‍ തല്ലും. പകലന്തിയോളം കുടുംബം പോറ്റാനുള്ള ജോലി എടുത്തു കഷ്ടപ്പെടുന്നവര്‍ക്കാണ് താമസിക്കാനൊരു ഇടം നല്‍കിയതിന്റെ പേരില്‍ ഇങ്ങനെ ക്രൂരമായ പീഢനം. കുട്ടികളെയും വെറുതെ വിടില്ല. സ്വന്തം കഷ്ടപ്പാടില്‍നിന്നാണ് അന്നത്തെ തൊഴിലാളികള്‍ക്ക് സമരത്തിന്റെ ഊര്‍ജ്ജം കിട്ടിയത്.

അച്ഛന്റെ താളബോധവും പാട്ടുമൊക്കെ എന്നിലും കലാതാല്‍പ്പര്യം ഉണ്ടാക്കി. ബാവ ചേട്ടനും, ശാരംഗപാണിയും നല്ല കലാകാരന്മാരായിരുന്നു.
അവരുടെ വാല്‍സല്യവും കലാകാരിയായി വളരുന്നതില്‍ എന്നില്‍ ഏറെ പങ്കുവഹിച്ചു. പക്ഷെ ദാരിദ്യ്രം ജീവിതത്തിന്റെ സന്തോഷങ്ങളെ വഴിമുടക്കി. ഞാന്‍ സ്കൂളില്‍ പാട്ടുപാടി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എല്ലാവര്‍ക്കും എന്നെ വലിയ കാര്യവുമായിരുന്നു. പക്ഷെ അമ്മ അസുഖമായി മരിച്ചതോടെ വീട്ടിലെ അവസ്ഥ വളരെ മോശമായി. എനിക്കന്ന് പന്ത്രണ്ടു വയസ്സേ വരൂ. ഫീസുകൊടുക്കാതായപ്പോള്‍ സ്കൂളില്‍നിന്നു പുറത്താക്കി. പഠനം ആറാം ക്ളാസ്സില്‍ നിലച്ചു. പിന്നീട് സൌജന്യ വിദ്യാഭ്യാസം കേരളത്തില്‍ വന്നപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. അന്ന് സ്കൂളിന്റെ പടികള്‍ ഇറങ്ങിവന്നപ്പോള്‍ ഞാന്‍ അനുഭവിച്ച പിടച്ചില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും ഇനി അനുഭവിക്കേണ്ടി വരില്ലല്ലോ!

ദിവാന്‍ ഭരണത്തിനെതിരെ പൊരുതാനുള്ള തീരുമാനം തൊഴിലാളികള്‍ എടുക്കുന്നത് അക്കാലത്താണ്. മൂത്ത ജേഷ്ഠന്‍ വാവ ആശാന്‍ എന്നു വിളിക്കുന്ന പി.കെ. ബാവ തൊഴിലാളി യൂണിയന്റെ ഭാരവാഹിയും, വയലാര്‍ സമരത്തിന്റെ തൊഴിലാളി ക്യാമ്പിന്റെ ക്യാപ്റ്റനുമായിരുന്നു. യോഗം തുടങ്ങും മുമ്പ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി പാട്ടുപാടി തുടങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചത് അദ്ദേഹമാണ്. സ്വയം നന്നായി പാടുമായിരുന്നു. എന്റെ പാടാനുള്ള താല്‍പ്പര്യം കണ്ട് കൂടെ കൊണ്ടുപോകാന്‍ തുടങ്ങി. അങ്ങിനെയാണ് ഞാനും പടപാട്ടുകാരിയായി മാറിയത്. വയലാര്‍ സമരത്തെത്തുടര്‍ന്ന് ചേട്ടനായ വാവയ്ക്കൊപ്പം ഞാനും ഒളിവില്‍പ്പോയി. സിപിയുടെ പട്ടാളം ഞങ്ങളുടെ കൂര തല്ലിത്തകര്‍ത്ത് ഇല്ലാതാക്കി. മാറി മാറി ചേട്ടനൊപ്പം ഒളിവില്‍ താമസിച്ചു. ഒടുവില്‍ ചേട്ടനെ പൊലീസ് പിടികൂടി. വര്‍ഷങ്ങളുടെ ജയില്‍വാസത്തിനുശേഷം ചേട്ടന്‍ തിരിച്ചുവന്നത് പൊലീസ് മര്‍ദ്ദനത്തില്‍ തകര്‍ന്ന ശരീരവുമായിട്ടായിരുന്നു. എന്റെ കൌമാരത്തെ തകര്‍ത്ത കാഴ്ചയായിരുന്നു അത്. വിരലുകള്‍ തൂങ്ങി, വെള്ളംപോലും എടുക്കാനാവാതെ വന്നു നില്‍ക്കുന്ന ചേട്ടന്‍! ദാരിദ്യ്രമാര്‍ന്ന ചുറ്റുപാടില്‍ പോരാട്ട വീര്യത്തോടെ ജീവിക്കുന്ന തൊഴിലാളികള്‍ക്കുവേണ്ടി എനിക്കു ചെയ്യാനാവുന്നത് പാടുക എന്നതു മാത്രമായിരുന്നു!

ബാല്യത്തിലെ ചില സന്തോഷങ്ങള്‍


വര: വിധു വിന്‍സന്റ്

വര: വിധു വിന്‍സന്റ്

ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറുവശത്താണ് പുത്തന്‍ പുരയ്ക്കല്‍ എന്ന വീട്. ആള്‍താമസമൊന്നുമില്ലാതെ ഒറ്റപ്പെട്ട വീട്. അവിടെ ഒരു സഖാവ് ഒളിവില്‍ കഴിയുന്നുണ്ടെന്നത് ബാവച്ചേട്ടന്‍ പറഞ്ഞ് അറിഞ്ഞതാണ്. എനിക്കന്ന് 12 വയസ്സേ പ്രായം വരൂ. ഒളിവിലിരിക്കുന്ന വീട്ടിലെ ജനല്‍പാളി തുറന്ന് സഖാവ് വിളിച്ചാല്‍ ഓടിച്ചെന്ന് സഹായിക്കേണ്ട ചുമതലയും ആങ്ങള എനിക്ക് തന്നു. പി. കൃഷ്ണപിള്ളയായിരുന്നു, ആ സഖാവ്. അന്നദ്ദേഹം പ്രമുഖനാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരിക്കല്‍ ജനലിലൂടെ തലയിട്ട് ചോദിച്ചു, "വിശക്കുന്നു കഴിക്കാന്‍ എന്തെങ്കിലും ഉണ്ടോ കൊച്ചേ'' എന്ന്. ദാരിദ്യ്രകാലമല്ലേ? വീട്ടില്‍ അല്പം പയര്‍ വേവിച്ചത് ഇരുപ്പുണ്ടായിരുന്നു. മൂപ്പിക്കാന്‍ വെളിച്ചെണ്ണപോലും ഇല്ല, ഞാന്‍ ഉള്ളതുകൊണ്ടു കൊടുത്തു. കൂടെ ചര്‍ക്കരയിട്ട കാപ്പിയും. ഞാനതു നല്‍കിയപ്പോള്‍ എന്നെ നോക്കി സന്തോഷത്തോടെ ചിരിച്ചു. മറ്റൊരിക്കല്‍ ഒരു തുണിക്കെട്ട് തന്നിട്ടു പറഞ്ഞു അടുത്തുള്ള ഒരു അലക്കുകാരന്‍ ചേട്ടന്റെ വീട്ടില്‍ കൊണ്ടുചെന്നു കൊടുക്കാന്‍. അതിനകത്ത് പുസ്തകങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. ഇഎംഎസ്സിന്റെ ഒന്നേകാല്‍ കോടി മലയാളികള്‍ എന്ന അക്കാലത്ത് നിരോധിച്ച പുസ്തകം. ആരുടെയും ശ്രദ്ധ പറ്റാതെ അന്ന് കുട്ടികളായിരുന്നു ഇത്തരം രഹസ്യമായ കാര്യങ്ങള്‍ ചെയ്തിരുന്നത്. സഖാവുമായി ചിലവഴിച്ച നിമിഷങ്ങള്‍ ഇന്നും നിറം മങ്ങാതെ എനിക്ക് മുന്നിലുണ്ട്. എന്തൊരു വാത്സല്യവും സ്നേഹവുമായിരുന്നു ആ മുഖത്ത്. എന്നോട് സംസാരിച്ച് ദിവസങ്ങള്‍ക്കുശേഷം രണ്ടാഴ്ചപോലും ആയിക്കാണില്ല അതിനുമുമ്പ് സഖാവ് പാമ്പുകടി ഏറ്റ് മരിച്ചു. ഞാനാ വാര്‍ത്തകേട്ട് കുറെ കരഞ്ഞു. അറിഞ്ഞവരെല്ലാം കരഞ്ഞുകൊണ്ട് പാര്‍ട്ടി ഓഫീസില്‍ ചെന്നു. അവസാനത്തെ ഒരു നോട്ടത്തിനായി. കൃഷ്ണപിള്ള സഖാവിനൊപ്പെ ചിലവഴിച്ച ആ അപൂര്‍വ്വ നിമിഷങ്ങള്‍ എന്റെ ജീവിതത്തിന്റെ സ്വകാര്യ അഭിമാനമാണ്.

കലയിലൂടെ രാഷ്ട്രീയം

തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ പ്രവര്‍ത്തനങ്ങളില്‍ കലയ്ക്കും ഒരു പ്രധാന ഇടമുണ്ടായിരുന്നു. കലാപ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ അടി കിട്ടുന്ന കാലമാണ് അന്ന്. തൊഴിലാളി സാംസ്കാരിക കേന്ദ്രത്തിലൂടെയാണ് പൊതുരംഗത്തേക്കും കലാവേദിയിലേക്കും ഞാന്‍ വന്നത്. തൊഴിലാളി കലാകേന്ദ്രം നിരോധിച്ചപ്പോള്‍ ജനാധിപത്യ കലാകേന്ദ്രം തുടങ്ങി. അതും പിന്നീട് നിരോധിച്ചു.

പട്ടിണി അനുഭവിച്ചു ജീവിച്ച ഞങ്ങള്‍ക്ക് അന്നു പ്രചരിച്ച പാട്ടുകള്‍ തൊട്ടത് ഹൃദയത്തിലായിരുന്നു.
"ഉരിയരിപോലും കിട്ടാനില്ല
പൊന്നു കൊടുത്താലും''
"ആസന്നമായി സജീവസമരം...
ഭാരതഭൂവിലും''
തുടങ്ങിയ എസ്.കെ. ദാസിന്റെ പാട്ടുകള്‍ എന്റെ മനസ്സില്‍ കേറിക്കൂടിയത് നന്നേ ചെറുപ്പത്തിലായിരുന്നു. ഈ പടപ്പാട്ടുകളെ ഭരണവര്‍ഗ്ഗം ഭയന്നിരുന്നു, നിരോധിച്ചിരുന്നു എന്നു കേള്‍ക്കുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് കൌതുകം തോന്നും.

രാമന്‍കുട്ടി ആശാന്‍ ആയിരുന്നു തൊഴിലാളി കലാസാംസ്കാരിക കേന്ദ്രത്തിന്റെ പ്രധാനി. നിമിഷ കവി ആയിരുന്നു അദ്ദേഹം. പെട്ടെന്ന് പാട്ടുകള്‍ എഴുതി ഉണ്ടാക്കും. ടി.വി. തോമസ്സ് എന്ന ജനനായകന്‍ ഒരു തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കരഞ്ഞിരുന്ന പ്രവര്‍ത്തകരുടെ മനോധൈര്യം വര്‍ധിപ്പിക്കാന്‍ ആശാനെഴുതിയ മനോഹരമായ ഒരു പാട്ടുണ്ട്. ആജാ... ആജാ... എന്നു തുടങ്ങുന്ന പഴയ ഹിന്ദി പാട്ടിന്റെ ശൈലിയില്‍. ഞാന്‍ കരഞ്ഞിരിക്കുമ്പോഴാണ് ടി.വി. ആ പാട്ടിന് ഈണമിടാന്‍ പറയുന്നത്. ഞാന്‍ അപ്പോള്‍ മൂളിയ ഹിന്ദി പാട്ടിന്റെ ഈണത്തില്‍ ആശാന്‍ വരികള്‍ പണിതു.
പെട്ടീ... പണപ്പെട്ടീ
കണ്ടോ മണിമാളിക...
പുല്‍മാടത്തിന്നെതിരെ...
ഒരു ഭാഗം പണപ്പെരുമാള്‍
മറുഭാഗം മര്‍ദ്ദിതന്‍...

വര: വിധു വിന്‍സന്റ്

വര: വിധു വിന്‍സന്റ്

കരഞ്ഞുകൊണ്ടു തന്നെ പാടിത്തുടങ്ങി. പക്ഷെ പിന്നീട് ഞങ്ങള്‍ ആ പാട്ടിലൂടെ തോല്‍വിയെ മറികടന്നു, കൂടുതല്‍ ശക്തരായി. എന്തുകൊണ്ട് ടി.വി. തോറ്റുവെന്ന് വ്യക്തമാക്കുന്ന പാട്ടിയിരുന്നു അത്. സമ്പന്നവര്‍ഗ്ഗത്തിനുമാത്രം സംഗീതം പഠിക്കാനും നൃത്തം ചെയ്യാനും അവകാശമുള്ള ഒരു കാലം, തൊഴിലാളികള്‍ക്ക് ഷര്‍ട്ടിടാന്‍ സ്വാതന്ത്യ്രമില്ലായിരുന്ന കാലം. ജോലി ചെയ്താല്‍ കൂലി കിട്ടാത്ത കാലം. ആ കാലത്താണ് തൊഴിലാളികള്‍ സ്വയം പാട്ടെഴുതിയതും ഉറക്കെ പാടിയതും അതുകേട്ട് ഭരണകൂടം അസ്വസ്ഥരായ ആ പാട്ടുകള്‍ നിരോധിച്ചതും. തൊഴിലാളികളുടെ കലാപ്രവര്‍ത്തനത്തിന്റെ ശക്തി അതായിരുന്നു. പിന്നീട് എല്ലാ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം കെ.പി.എ.സി. ആയി മാറി! പടപ്പാട്ടുകള്‍ പതുക്കെ നിശ്ശബ്ദരായി! രാഷ്ട്രീയത്തിന്റെ ലോകം പിന്നീട് കലയെ കൈവിട്ടു.

പാട്ടിന്റെ പെണ്‍വഴികള്‍

എന്റെ വീടിനടുത്ത് ഒരു നാണിമുത്തശ്ശി ഉണ്ടായിരുന്നു. അവരും അമ്മയുമാണ് ആ പ്രദേശത്തെ പ്രധാന പാട്ടുകാര്‍. ഓണത്തിന്, പത്തുദിവസവും പാട്ടുണ്ട്. അടുത്തുള്ള വീട്ടില്‍ നിന്നൊക്കെ ആളുകള്‍ കൂടും. ജീവിതകഥകളാണ് പാട്ടുരൂപത്തില്‍ അമ്മയും നാണിമുത്തശ്ശിയും അമ്മാനപാട്ടിലൂടെ പാടിയത്. ചെറുപ്പത്തിലെ പാടാന്‍ കാരണം ഞാന്‍ കേട്ട പാട്ടുകളാണ്.

പുന്നപ്ര–വയലാര്‍ സമരത്തിന്റെ നേതൃത്വ നിരയിലുണ്ടായിരുന്ന മീനാക്ഷി ആശാട്ടി എന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതില്‍ ഏറെ
പങ്കുവഹിച്ചു. സമൂഹത്തിനുവേണ്ടി ജീവിക്കണം എന്നൊക്കെ അവര്‍ പറഞ്ഞാണ് ഞാനാദ്യം കേള്‍ക്കുന്നത്. കലയും രാഷ്ട്രീയവും പരസ്പരം ചേര്‍ത്തുവെക്കേണ്ടതിന്റെ ആവശ്യം നല്ല ബോധ്യമുണ്ടായിരുന്നു അവര്‍ക്ക്. തൊഴിലാളി കലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലേക്ക് എന്നെ കൈപിടിച്ച് കൊണ്ടുപോയത് മീനാക്ഷി ആശാട്ടിയാണ്. പതിനഞ്ചാം വയസ്സില്‍ ട്രാവന്‍കൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ ആക്ടിംഗ് സെക്രട്ടറിയായി നിയമിതയായി മീനാക്ഷിചേച്ചി. ഇപ്പോള്‍ അത് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നും. കാളിക്കുട്ടി ആശാട്ടിയും മീനാക്ഷി ചേച്ചിയും പുന്നപ്ര–വയലാര്‍ സമരകാലത്ത് നേതൃത്വനിരയിലുണ്ടായിരുന്നു. സമരത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച തൊഴിലാളി കുടുംബങ്ങളുടെ വീടുകളില്‍ കയറി ഇറങ്ങി ആശ്വസിപ്പിക്കുന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്.

അനസൂയയാണ് അക്കാലത്ത് എന്നോടൊപ്പം പാടിയിരുന്നത്. എനിക്കു മുമ്പുതന്നെ പടപ്പാട്ടുരംഗത്ത് എത്തിയവര്‍. "മണ്ണെറിഞ്ഞാലും പൊന്നു കായ്ക്കുന്ന മണ്ണാണെന്‍ നാട്ടിലെങ്ങൊക്കെ'' എന്ന ഗാനമായിരുന്നു അനസൂയയുടെ ഹിറ്റ് ഗാനം. എട്ടാം ക്ളാസ്സുവരെ പഠിച്ചശേഷം പഠനം നിര്‍ത്തിയാണ് അവള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കലാപ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായി മുഴുകിയത്. പുന്നപ്ര–വയലാര്‍ സമരത്തില്‍ അനസൂയയെ തേടിപ്പിടിച്ച് ജയിലിലിട്ടു. വീടു വളഞ്ഞ് വീട്ടുകാരെയും പോലീസ് പിടിച്ചു. പതിനൊന്നു മാസം അവളും ഒളിവില്‍പ്പോയി. ഞങ്ങളുടെ പാട്ടുകള്‍ അക്കാലത്ത് ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ജീവിതപ്രാരാബ്ധങ്ങള്‍ പാട്ടുകാരികളെ നിശ്ശബ്ദരാക്കി. പുതിയ കാലത്തിന് പിന്നീട് പടപ്പാട്ടുകാരെ ആവശ്യമില്ലാതായി. ഗൌരി അമ്മയാണ് എനിക്ക് ഏറെ ആവേശം നല്‍കിയ മറ്റൊരു രാഷ്ട്രീയപ്രവര്‍ത്തക. പ്രസ്ഥാനത്തിനുവേണ്ടി അവര്‍ ഏറെ സഹിച്ചു. ഞാനവരെ ഗൌരിചേച്ചി എന്നായിരുന്നു വിളിച്ചിരുന്നത്. പോലീസിന്റെ മര്‍ദ്ദനം അവര്‍ ഏറെ സഹിച്ചിട്ടുണ്ട്. എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട് ഗൌരിയമ്മ. ദേവസ്വം ബോര്‍ഡ് മന്ത്രിയായിരുന്ന സമയത്ത് അവര്‍ അനുവദിച്ചുതന്ന ഭൂമി വിറ്റിട്ടാണ് ഞാനെന്റെ മകളുടെ വിവാഹം നടത്തിയത്. അവര്‍ എന്നോടു കാണിച്ച കരുതലില്‍ ഒരു സ്ത്രീയുടെ മനസ്സറിയുന്ന രാഷ്ട്രീയപ്രവര്‍ത്തക നിഴലിച്ചു കിടപ്പുണ്ട്. കൂത്താട്ടുകുളം മേരിയുടെ ജീവിതകഥകള്‍ എന്നില്‍ കുറച്ചൊന്നുമല്ല ആവേശമുണ്ടാക്കിയത്. കാളിക്കുട്ടി ആശാട്ടിയുടെ നേതൃത്വം ഒട്ടേറെ സ്ത്രീകളെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ചു. മീനാക്ഷിചേച്ചിയും, കാളിക്കുട്ടി ആശാട്ടിയും ഞങ്ങളുടെ അഭിമാനമായിരുന്നു. സുഭദ്രാമ്മ തങ്കച്ചിയും, രാധമ്മ തങ്കച്ചിയും ഒക്കെ എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ഈ സ്ത്രീകളുടെ സമരാവേശവും, രാഷ്ട്രീയപ്രവര്‍ത്തനങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ചെറുതായല്ല, വലിയതോതില്‍ തന്നെ. അവരില്ലായിരുന്നെങ്കില്‍ ഇന്നത്തെ മേദിനി ഇല്ലായിരുന്നു!

നിരോധിച്ച പാട്ടും അറസ്റ്റും

നിരോധിച്ച പാട്ടുകള്‍ പൊതുപരിപാടികളില്‍ പാടി അപ്രത്യക്ഷരാവുക എന്നതായിരുന്നു ഞങ്ങളുടെ പരിപാടി. ഭരണവര്‍ഗ്ഗത്തിന് ഈ പടപ്പാട്ടുകള്‍ ഏറെ അസ്വസ്ഥതയുണ്ടാക്കി. കോട്ടയത്ത് പടപ്പാട്ടുകള്‍ നിരോധിച്ചകാലം. അപ്പോഴേയ്ക്കും എനിക്ക് വയസ്സ് പതിനേഴായി കാണും. ഒരു വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പരിപാടിക്ക് എന്നെ അവര്‍ പാടാനായി ക്ഷണിച്ചു. കോട്ടയം തിരുനക്കര മൈതാനത്തുവെച്ച്. നിരോധിച്ച പാട്ടുപാടാന്‍ പോകുന്നതിനുമുമ്പ് ജില്ലാ സെക്രട്ടറി ഓഫീസില്‍ ചെന്ന് അന്നത്തെ സെക്രട്ടറി വി എസ് അച്യുതാനന്ദനെ കണ്ടു വിവരം പറഞ്ഞു. അറസ്റ്റുണ്ടാവും എങ്കിലും പോകണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷമായി നിരോധിച്ച പാട്ടുപാടിയതിന്റെ പേരില്‍ എനിക്ക് അറസ്റ്റുവാറണ്ടുണ്ട്. എങ്കിലും ആലപ്പുഴയിലേക്കുള്ള ബോട്ട് കയറി. മനസ്സില്‍ പേടിയൊന്നും തോന്നിയില്ല, വി എസ് സഖാവ് പറഞ്ഞ് അയച്ചതല്ലെ! തിരുനക്കര മൈതാനിയിലെ യോഗം തുടങ്ങി. ആര്‍ സുഗതനൊക്കെ പങ്കെടുത്ത യോഗം. ജനങ്ങള്‍ തിങ്ങിക്കൂടിയിട്ടുണ്ട്. എസ് കെ ദാസിന്റെ "സാമ്രാജ്യത്വം വന്‍കിട ബൂര്‍ഷ്വാവര്‍ഗം ജന്മിത്വം മര്‍ദ്ദക ചൂഷകമൂര്‍ത്തികള്‍ മൂവരും ഒത്തു ഭരിക്കുന്നോ'' എന്നു തുടങ്ങുന്ന നിരോധിച്ച ഗാനമാണ് ഞാനന്ന് പാടിയത്. യോഗസ്ഥലത്തുവെച്ച് സഖാക്കള്‍ സൂചിപ്പിച്ചു, ചിലപ്പോള്‍ അറസ്റ്റുണ്ടാവുമെന്ന്. എങ്കിലും ആ വലിയ ജനാവലിക്കുവേണ്ടി ഞാന്‍ ഉറക്കെ പാടി. പിന്നെ കോട്ടയം ഭാസിയുടെ വീട്ടിലേക്കുപോയി. ഭാസിചേട്ടന്റെ അമ്മയ്ക്കുവേണ്ടി ഞാനാ രാത്രി വീണ്ടും പാട്ടു പാടി. അതിനിടയ്ക്കാണ് ശബ്ദം കേട്ടത്.

വര: വിധു വിന്‍സന്റ്

വര: വിധു വിന്‍സന്റ്

കൂത്താട്ടുകുളം മേരിയുടെ ജീവിതമൊക്കെ എനിക്കറിയാമായിരുന്നു, അവര്‍ അനുഭവിച്ച യാതനകള്‍ ഞങ്ങളെല്ലാം മനസ്സിലാക്കിയിരുന്നതാണ്. അങ്ങിനെ ആയി തീരുമോ എന്റെയും ജീവിതം? ഞാന്‍ അല്പം അസ്വസ്ഥയായി. ഭാസിചേട്ടന്റെ അമ്മ വാവിട്ടു കരഞ്ഞു. ഈ കൊച്ചുപെണ്‍കുട്ടിയെ, ഈ അര്‍ദ്ധരാത്രിക്ക്? ആ അമ്മ വിലപിച്ചു. സബ് ഇന്‍സ്പെക്ടര്‍ രഹസ്യമായി ഭാസിചേട്ടനോട് പറഞ്ഞു. പേടിക്കേണ്ട, ഇന്നു രാത്രി കുഴപ്പമില്ലാതെ ഞാന്‍ നോക്കിക്കൊള്ളാം എന്ന്. അല്പം ആശ്വാസമായി. എന്നെ വണ്ടിയില്‍ കയറ്റിയിരുത്തി. പോലീസുകാര്‍ കിട്ടിയ അവസരം പാഴാക്കിയില്ല. ലാത്തികൊണ്ട് ശരീരത്തില്‍ അവര്‍ കുത്തുന്നുണ്ടായിരുന്നു. സ്റ്റേഷനില്‍ വെളിച്ചം കുറവായിരുന്നു. ലോക്കപ്പിലെ കള്ളന്മാരെ മാറ്റി എനിക്കായി ഇടം തന്നു.

പോലീസുകാരില്‍ ചിലര്‍ എന്റെ അടുത്തേക്കുവന്ന് ഉപദേശിക്കാന്‍ തുടങ്ങി. നീ പെണ്‍കുട്ടിയല്ലെ, കലാരംഗത്തു തന്നെ നില്‍ക്കണമെങ്കില്‍ കഥാപ്രസംഗത്തിന്റെ ഫീല്‍ഡിന് നല്ല ഡിമാന്റ് ഉണ്ടല്ലോ അതുനോക്കിക്കൂടെ എന്നൊക്കെ. പാര്‍ട്ടിക്കുവേണ്ടിയും മറ്റും പാടി നടക്കുന്നത് പെണ്‍കുട്ടികള്‍ക്ക് ചേര്‍ന്നതല്ല എന്നവര്‍ പറയുന്നുണ്ടായിരുന്നു. ഏതായാലും ഒരു പായ കിട്ടി. ഞാന്‍ രാത്രി ലോക്കപ്പില്‍ കിടന്നുറങ്ങി. രാത്രി അവിടെ ചിലവഴിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി. പോലീസുകാരിലും എന്റെ പാട്ട് ഇഷ്ടപ്പെടുന്നവര്‍ ഉണ്ടെന്ന്. ഒരു പോലീസുകാരന്‍ എനിക്ക് എന്റെ പാട്ട് ഇഷ്ടമാണെന്ന കുറിപ്പ് എഴുതി ലോക്കപ്പിന്റെ അകത്തേക്ക് ഇട്ടത് എനിക്ക് അത്ഭുതം ഉണ്ടാക്കി. പുറകെ വന്ന പോലീസുകാരന്‍ ആ കുറിപ്പ് കണ്ട് എന്നെ അനാവശ്യമായി ശകാരിക്കുകയും ചെയ്തു.

രാവിലെ ചില സഖാക്കളെത്തി, അവരെ കണ്ടപ്പോള്‍ എനിക്ക് ശ്വാസം വീണു. അവര്‍ സ്നേഹപൂര്‍വ്വം എനിക്ക് കാപ്പി വാങ്ങിച്ചുതന്നു. പക്ഷെ രാവിലെ ഇന്‍സ്പെക്ടര്‍ രാജന്‍ സ്റ്റേഷനില്‍ എത്തി. പോലീസുകാര്‍ അയാളുടെ മുന്നിലേക്ക് എന്നെ കൊണ്ടുപോയി. നിനക്ക് തിരുവിതാംകൂറിലെ പോലീസുകാരുടെ പേരൊക്കെ പാട്ടായി പാടണമല്ലെ എന്നു ഗര്‍ജ്ജിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. ആ പാട്ട് ഒന്നു പാടൂ എന്ന് ആജ്ഞാപിച്ചു. പാട്ടിന് വിലക്കുണ്ട് അതിനാല്‍ പാടാന്‍ പറ്റില്ല എന്നു ഞാനും. ഒടുവില്‍ നരവേട്ടക്കാര്‍ എം എസ് പിക്കാര്‍, അച്ചുതപ്പാപ്പാട്ടി, ഒ എം ഖാദര്‍, നാടാര്‍ രാജന്‍, കുട്ടികള്‍ മന്നാടി, ഒന്നും തലപൊക്കില്ലിവിടെ... എന്നുള്ള വരികളില്‍നിന്ന് പേരുകള്‍ മാത്രം പറയാന്‍ ആവശ്യപ്പെട്ടു. പറഞ്ഞില്ലെങ്കില്‍ അടി കിട്ടുമെന്ന് എനിക്ക് തോന്നി. ഞാന്‍ പതുക്കെ പേരുകള്‍ നിരത്തി. അതിലുള്ള നാടാര്‍ രാജന്‍ അയാള്‍ തന്നെയായിരുന്നു.
നിനക്ക് എന്റെ പേരും അറിയാമല്ലെ എന്നു പറഞ്ഞുകൊണ്ട് ഒറ്റ അടി. അതിനിടയില്‍ മറ്റൊരു പോലീസ് എന്റെ മുടിക്ക് കുത്തിപ്പിടിച്ച് "പോടീ റാസ്കല്‍'' എന്നും പറഞ്ഞ് എന്നെ ലോക്കപ്പിനകത്തുവെച്ച് പൂട്ടി. എന്നെ കൂടുതല്‍ അടിയില്‍നിന്നു രക്ഷപ്പെടുത്താനുള്ള തന്ത്രമായിരുന്നു അത്.

കോടതിയില്‍ എന്നെ ഹാജരാക്കിയപ്പോള്‍ എന്റെ കൈകെട്ടിയുള്ള നില്‍പ്പ് മജിസ്ട്രേറ്റിന് സുഖിച്ചില്ല. കൈകൂപ്പണമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം ശിക്ഷ വിധിച്ചു, 500 രൂപ കെട്ടിവെക്കാന്‍. കോടതി അലക്ഷ്യത്തിന്! അന്ന് 500 രൂപയൊക്കെ വലിയ തുകയാണ്. നാലു മണിക്കു മുമ്പെ അത്രയും കെട്ടിവെച്ചില്ലെങ്കില്‍ അന്നും രാത്രി ഞാന്‍ ലോക്കപ്പില്‍ കിടക്കേണ്ടിവരും. എന്തും സംഭവിക്കാം, പക്ഷെ സഖാക്കള്‍ തിരുനക്കര മൈതാനത്തിനടുത്തുള്ള ഷോപ്പുകളില്‍നിന്നു പിരിച്ചെടുത്ത തുകയുമായി വന്ന് 4 മണിക്കുമുമ്പ് പൈസ കെട്ടി. അങ്ങിനെ എന്റെ താല്‍ക്കാലിക ശിക്ഷ അവസാനിച്ചു. അന്നു കടകള്‍ കയറി ഇറങ്ങി നാലഞ്ചു മണിക്കൂറിനുള്ളില്‍ അവര്‍ അത്രയും പണം പിരിച്ചെടുത്തത്, എന്റെ പാട്ടിനോടുള്ള അവരുടെ സ്നേഹംകൊണ്ടായിരുന്നു.

യൌവ്വനം, വിവാഹം

സ്ത്രീസൌന്ദര്യത്തെക്കുറിച്ച് അന്നത്തെ ധാരണകള്‍ എല്ലാം വ്യത്യസ്തമായിരുന്നു. ഞാന്‍ യൌവ്വനത്തില്‍ ഇതുപോലെ മെലിഞ്ഞിട്ടല്ലായിരുന്നു. തടിച്ച പ്രകൃതി, നീണ്ടമുടി ഉണ്ടായിരുന്നു. പൊട്ടൊന്നും തൊടില്ല. ചിലപ്പോള്‍ കണ്ണെഴുതും. അന്ന് പാര്‍ട്ടിയുടെ ഭാഗമായി ജീവിച്ചിരുന്ന സ്ത്രീകള്‍ കുറെ ആഭരണമൊന്നും ഇട്ടുനടക്കില്ല. ശരീരംകൊണ്ടും മനസ്സുകൊണ്ടും പാര്‍ട്ടിക്കാരാണവര്‍. എനിക്ക് ഏറെ ആഗ്രഹിച്ച്, അച്ഛന്‍ കഷ്ടപ്പെട്ട് ഒരു നേര്‍ത്ത സ്വര്‍ണ്ണമാല വാങ്ങിച്ചുതന്നു. ചെറുപ്പമല്ലേ, ഏറെ സന്തോഷത്തോടെ ഞാനത് ചാര്‍ത്തി നടക്കാന്‍ തുടങ്ങി. ഒന്നു രണ്ടു ദിവസം കഴിഞ്ഞ് അതും അണിഞ്ഞ് പാര്‍ട്ടി ഓഫീസില്‍ ചെന്നു. അന്നത്തെ ജില്ലാ പാര്‍ട്ടി സെക്രട്ടറി വി എസ് ആണ്. "നിനക്ക് ഈ മാലയുടെ ആവശ്യമൊന്നും ഇല്ല'', എന്നും പറഞ്ഞ് അത് അഴിച്ചുമാറ്റി മേശക്കകത്തു വെപ്പിച്ചാണ് പാട്ടുപാടാന്‍ എന്നെ പറഞ്ഞുവിട്ടത്. അതിനുശേഷം മാല ഇടണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരു പാര്‍ട്ടി പ്രവര്‍ത്തകയായി മാറുകയായിരുന്നു.

എന്നാല്‍ ചക്കരകാപ്പിയും കുടിച്ച് പാട്ടും പാടി നടന്നാല്‍ ഒരു ജീവിതമാകില്ലല്ലോ. ജീവിതത്തില്‍ വിവാഹവും കുട്ടികളും വേണം. ഒരു കൂട്ടുവേണം എന്നൊക്കെ എനിക്ക് തോന്നാന്‍ തുടങ്ങി. വയസ്സ് ഇരുപത് കഴിഞ്ഞു. വീട്ടില്‍ ആങ്ങളമാര്‍ വിവാഹം കഴിച്ചു. ഞാന്‍ അമ്മയില്ലാത്ത വീട് നാടകത്തിലഭിനയിച്ചും, നൃത്തനാടകങ്ങള്‍ക്ക് പാട്ടുപാടിയും കിട്ടുന്ന വരുമാനംകൊണ്ട് മുന്നോട്ടു കൊണ്ടുപോകാന്‍ പാടുപെടുകയാണ്. പടപ്പാട്ടു പാടി മാത്രം ജീവിക്കാന്‍ ആഗ്രഹിച്ചവളാണെങ്കിലും, അതില്‍നിന്ന് വരുമാനമില്ലല്ലോ. ഞാന്‍ ഇടപെടുന്ന പാര്‍ട്ടി ലോകത്തുനിന്ന് ആരെയും എനിക്ക് കണ്ടെത്താന്‍ പറ്റിയില്ല. വിവാഹമല്ലെ? പ്രണയം പോലെയല്ല അത്. ജാതിയും, മതവും സമ്പത്തും എല്ലാം അതിന്റെ ഘടകങ്ങളായി മാറില്ലേ? സ്ത്രീധനം കൊടുക്കാനുള്ള കാശും എന്റെ കൈയ്യിലില്ല.

വര: വിധു വിന്‍സന്റ്

വര: വിധു വിന്‍സന്റ്

തിരുവിതാംകൂറില്‍ ബഹുഭാര്യാത്വം നിലവിലുള്ള കാലമാണത്. അത്തരം വിവാഹ ആലോചനകളൊക്കെ നടന്നെങ്കിലും അതിനു ഞാന്‍ കീഴ്പ്പെട്ടില്ല. പിന്നെ നടന്നത് ഒരു കൂടി ആലോചനയാണ്. ആങ്ങളമാരും തലമൂത്ത ബന്ധുക്കളും തീരുമാനിച്ചു, കെ.പി.എ.സിയെക്കൊണ്ട് "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'' നാടകം കളിപ്പിച്ചിട്ട് അതില്‍നിന്നു കിട്ടുന്ന ടിക്കറ്റ് പണം കൊണ്ട് എന്റെ വിവാഹം നടത്താമെന്ന്. എനിക്കത് വലിയ നാണക്കേടായി തോന്നി. ഞാനതിനെ എതിര്‍ത്തു. എനിക്ക് മൊത്തത്തില്‍ മടുപ്പു തോന്നി. എന്റെ അപ്പച്ചിയുടെ മകന്‍ ശങ്കുണ്ണിയേട്ടനെ ഞാന്‍ ചെറുപ്പത്തിലേ കാണുന്നതാണ്. സുമുഖനും സുശീലനുമാണ്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം വിവാഹം കഴിച്ചിരുന്നില്ല. ഞാനദ്ദേഹത്തോട് എന്റെ സ്നേഹം അറിയിച്ചു. അദ്ദേഹം കോണ്‍ഗ്രസ്സുകാരനാണ്. ഞാന്‍ അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരിയും. ഏറെ എതിര്‍പ്പോടെ ഞങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു. മലയാറ്റൂര്‍ രാമകൃഷ്ണനായിരുന്നു എറണാകുളത്തെ രജിസ്റ്റര്‍ ഓഫീസില്‍ രജിസ്ട്രാറായി അന്ന് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ആള്‍ക്കൂട്ടമൊന്നുമില്ലാതെ വിവാഹിതരായി. എന്റെ മനസ്സില്‍ ഞാന്‍ പാട്ടുപാടി കൂട്ടിയ ജനാവലിയുടെ ഇരമ്പം കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ ജീവിതം ആരംഭിച്ചു, അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം.

ഞങ്ങള്‍ ജീവിതം സന്തോഷത്തോടെ, പ്രണയത്തോടെ തുടങ്ങി. ഞങ്ങള്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ടായി. ഇളയവള്‍ക്ക് രണ്ടുവയസ്സുള്ളപ്പോള്‍ അദ്ദേഹം രോഗബാധിതനായി. രോഗം തിരിച്ചറിയാത്ത ചികിത്സ പത്തുവര്‍ഷത്തോളം തുടര്‍ന്നു. കിടപ്പാടം കടപ്പെടുത്തി. തൊഴിലാളി സഖാക്കളാണ് മരുന്നും റേഷനും എത്തിച്ചത്. അവരുടെ തുച്ഛമായ വരുമാനത്തില്‍നിന്ന് ഒരു പങ്ക്! മക്കള്‍ക്ക് 14 ഉം 12 ഉം വയസ്സായപ്പോഴേക്കും അദ്ദേഹം എന്നെ വിട്ടുപോവുകയും ചെയ്തു. ടിവിയും ഗൌരി അമ്മയും അക്കാലത്ത് എന്റെകൂടെ നിന്നു സഹായിച്ചു. പക്ഷെ വ്യക്തിപരമായി ഒറ്റപ്പെടല്‍ താങ്ങാനാവാതെ ആത്മഹത്യയെക്കുറിച്ചുപോലും ഞാന്‍ ആലോചിച്ചു. ഞാന്‍ പാര്‍ട്ടിക്കാരിയാണ് എന്ന തോന്നലില്‍ പിടിച്ചുനിന്നാണ് അത്തരം മോശം വിചാരങ്ങളെ ഞാന്‍ മറികടന്നത്.

പാട്ടുനിലച്ച കാലങ്ങള്‍

ചേട്ടന്റെ മരണം ജീവിതത്തെ ആകെ മാറ്റി. ദീര്‍ഘകാലം ഉള്ളതു മുഴുവന്‍ വിറ്റ് ചികിത്സിക്കുകയായിരുന്നു. പത്തു നീണ്ട വര്‍ഷങ്ങള്‍. കുട്ടികളെ വളര്‍ത്തി വലുതാക്കലും, ഭര്‍ത്താവിനെ കൊണ്ടുനടന്നു ചികിത്സിക്കുകയും ആയിരുന്നു ഞാന്‍. മരണം നല്‍കിയ ശൂന്യതയും, ജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ പറ്റായ്മയും ഒക്കെ കൂടി ആയപ്പോള്‍ ഞാനാകെ തളര്‍ന്നു. ചേട്ടന്റെ മരണവാര്‍ത്ത അറിഞ്ഞ് പല സഖാക്കളും വന്നു കണ്ടു. ജനയുഗം പത്രത്തിലെ ചെറിയ വാര്‍ത്ത കണ്ട് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന അച്യുതമേനോന്‍ ഒരു കത്തും നൂറുരൂപയും അയച്ചുതന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വന്നു കാണാനും പറഞ്ഞിരുന്നു ആ കത്തില്‍.

മൂന്നു നാലു മാസം ഞാനാ കത്ത് പിടിച്ചിരുന്നു. ആലോചിച്ചു. പിന്നെ പോയി കാണാന്‍ തീരുമാനിച്ചു. എനിക്ക് സെക്രട്ടറിയേറ്റിലേക്ക് പോയി
പരിചയമൊന്നുമില്ല. ഞാന്‍ ഗേറ്റിന്റെ മുമ്പിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ കാറുവരുന്നു. ഞാന്‍ ഓടിച്ചെന്ന് കൈകാണിച്ചു. വാര്‍ഡന്മാര്‍ എന്റെ നേരെ കുതിച്ചുവന്നു. ഞാനാകെ പേടിച്ചുപോയി. പക്ഷേ മുഖ്യമന്ത്രിയുടെ കാറ് പുറകോട്ടുവന്ന് എന്നെ കയറ്റി ക്ളിഫ് ഹൌസിലേക്ക് പോയി. അദ്ദേഹത്തിന്റെ ഭാര്യ അമ്മിണി അമ്മയോട് ഞാന്‍ എന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞു. എല്ലാ ജോലിയും പി എസിക്കുവിട്ട കാലമാണ്. എങ്കിലും കേരള സ്പിന്നിംഗ് മില്‍സില്‍ എനിക്ക് ജോലി കിട്ടി. ഇരുപതു രൂപയായിരുന്നു ശമ്പളം. വീട്ടില്‍നിന്ന് കിലോമീറ്ററുകള്‍ നടക്കണം. മില്ലിനകത്തും മുപ്പതു സ്പിന്നില്‍ നടന്നുപോകുന്ന ഒരു ജോലി ആയിരുന്നു. ഏകദേശം ഏഴു മണിക്കൂര്‍ നടക്കുന്ന ജോലി.

അസാധ്യ പൊടിയാണ്. പഞ്ഞിപ്പൊടി തലനിറച്ചാവും, ആരോഗ്യത്തെ ഒക്കെ ബാധിക്കും. ബിര്‍ളാ മാനേജ്മെന്റിന് തൊഴിലാളി പ്രശ്നമല്ലല്ലോ. അവര്‍ക്കു ലാഭം കിട്ടണം. ഞങ്ങള്‍ ആരോഗ്യപ്രശ്നത്തിനായി, കുടിവെള്ളത്തിനായി ഒക്കെ സമരം ചെയ്തിട്ടുണ്ട്. അരമണിക്കൂര്‍ വിശ്രമത്തിനായി വഴക്കിട്ടിട്ടുണ്ട്. ആദ്യത്തെ ആറുമാസം ട്രെയിനിങ്ങായിരുന്നു. അതിരാവിലെ ഏഴു മണിക്ക് ജോലിക്ക് കയറണം. നടക്കുകയല്ലാതെ വേറെ വഴിയില്ല... നടന്നുതീര്‍ത്ത ആ വഴികളിലൂടെ പിന്നീട് ഞാന്‍ നടന്നത് ആ പഞ്ചായത്തിന്റെ സാരഥി ആയിട്ടായിരുന്നു.

പഞ്ചായത്തിന്റെ സാരഥി

55 വയസ്സു കഴിഞ്ഞ് ഞാന്‍ കേരള സ്പിന്നേഴ്സില്‍നിന്നു പിരിയുന്ന ആദ്യ വര്‍ഷമാണ് തെരഞ്ഞെടുപ്പു വന്നത്. എന്റെ വാര്‍ഡില്‍ എന്നെ നിര്‍ത്തി. പക്ഷേ പതിനഞ്ചോളം വോട്ടുകള്‍ക്കാണ് ഞാനന്ന് തോറ്റത്. അത് സഖാക്കളിലും എന്നിലും ഒരു ധൈര്യമുണ്ടാക്കി. ഒന്നുകൂടി ശ്രമിച്ചാല്‍ ജയിക്കുമെന്ന തോന്നലുണ്ടാക്കി. എന്റെ പാട്ടിനെ ഇവിടുത്തുകാര്‍ ഏറെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അപ്പോഴാണ് മണ്ണാഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി നിന്നത്. വനിതാ സംവരണ സീറ്റില്‍. എനിക്ക് ജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. ഞാന്‍ അവിടുത്തെ പ്രശ്നങ്ങള്‍ പഠിച്ചുതന്നെയാണ് ഇലക്ഷന് സംസാരിച്ചത്, ജനങ്ങളെ നേരിട്ടത്.

അങ്ങിനെ ഞാന്‍ ജയിച്ച് പ്രസിഡന്റായി. എസ്.സി./എസ്.ടി. വിഭാഗത്തിനുള്ള ഫണ്ട് ഞങ്ങള്‍ പൂര്‍ണ്ണമായും വിനിയോഗിച്ചു. സംസ്ഥാനത്തുതന്നെ ഞങ്ങളുടെ ഗ്രാമപഞ്ചായത്തിനായിരുന്നു അന്നതിനു മുമ്പില്‍. ജീവിതകഷ്ടതകള്‍ എനിക്കല്ലാതെ ആര്‍ക്കാണ് മനസ്സിലാവുക? രാഷ്ട്രീയവും പാട്ടും എനിക്ക് രണ്ടല്ലായിരുന്നു. ഞാന്‍ എവിടെ ചെന്നാലും പാട്ട് ഒരു കഥാപാത്രമായി വരും. ഞാന്‍ പാടും, അവര്‍ പഞ്ചായത്തിന്റെ ജോലിയില്‍ എന്നെ സഹായിക്കും. സഹപ്രവര്‍ത്തകരെ ജോലിചെയ്യിപ്പിക്കാന്‍ ഞാന്‍ പാട്ടിനെ ഒരു ആയുധമാക്കി. പാട്ടിലൂടെ എന്റെ സ്നേഹം ഞാന്‍ പങ്കുവെച്ചു. അവര്‍ അവരുടെ പണികളില്‍നിന്ന് ഒരിക്കലും മാറിനിന്നില്ല. ഞങ്ങള്‍ ഒന്നിച്ചിരുന്ന് പാടുകയും പഞ്ചായത്തിന്റെ പ്രോജക്ടുകള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. ഒന്നിച്ച് പഞ്ചായത്തിലൂടെ നടന്നുപാടി.
"മനസ്സു നന്നാവട്ടെ...
മതമേതെങ്കിലും ആകട്ടെ
മാനവഹൃത്തില്‍ ചില്ലയിലെല്ലാം
നാമ്പുകള്‍ വിരിയട്ടെ!''

അരിയോട് ബ്ളോക്ക് പഞ്ചായത്തിലെ ഓമനപ്പുഴ കടപ്പുറം എനിക്ക് മറക്കാന്‍ പറ്റാത്ത സ്ഥലമാണ്. അഞ്ചുവര്‍ഷക്കാലം ഞാനാസ്ഥലത്തെ പ്രതിനിധീകരിച്ചിരുന്നു. സുനാമി വന്നകാലം, വീടു മുഴുവന്‍ തകര്‍ന്ന്, സമയത്തിന് ഒരു സഹായവുമെത്താതെ ജനങ്ങള്‍ ക്രുദ്ധരായി ബഹളം വെച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാനവിടെ ചെന്നിറങ്ങുന്നത്. പ്രതിഷേധം കണ്ട് ജനപ്രതിനിധികള്‍ പേടിച്ചു. വണ്ടി എറിഞ്ഞുടക്കാന്‍ ശ്രമിച്ചു. പലരും ഓടി രക്ഷപ്പെട്ടു. ഞാനവിടെ നിന്നു. ഞാനവിടെനിന്ന് പണ്ട് കുറെ പാടിയിട്ടുണ്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. പിന്നെ ഞാനെന്തിന് ഓടണം? എല്ലാറ്റിനുമൊടുവില്‍ അവര്‍ എന്നെ സ്നേഹംകൊണ്ട് പൊതിഞ്ഞു.

കലയുടെ മറ്റുവഴികളിലേക്ക്

എനിക്ക് പടപ്പാട്ടുകാരി ആയി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ വീട് സ്ത്രീകള്‍ക്ക് എന്നും ഉത്തരവാദിത്വമാണ്. പുന്നപ്രവയലാര്‍ സമരം കഴിഞ്ഞ് ബാവചേട്ടന്‍ ജയില്‍മോചിതനായി ആരോഗ്യം തകര്‍ന്നിരിക്കുന്ന കാലം. ദാരിദ്യ്രം കൊടികുത്തുന്ന ആ കാലത്താണ് ഡാന്‍സിന് പിന്നണി പാടാന്‍ പോവുന്നത്. ചെറിയ പൈസ കിട്ടും. പിന്നെ കൊടാമംഗലം സദാനന്ദന്റെ നാടകത്തില്‍ അഭിനയിക്കാന്‍ പോയി. സന്ദേശം എന്നായിരുന്നു ആ നാടകത്തിന്റെ പേര്. എനിക്ക് അഭിനയിക്കാനുള്ള കഴിവോ, ശാരീരിക ഭംഗിയോ ഒന്നും ഇല്ലായിരുന്നു. പക്ഷെ പാട്ടുകാരി എന്ന നിലയില്‍ എന്നെ അവരെല്ലാം അംഗീകരിച്ചു. ചെറായി അംബുജം, എസ്.ആര്‍. പങ്കജം എന്നിവരൊക്കെയായിരുന്നു ആ സംഘത്തിലെ നടികള്‍. ഞാനവര്‍ക്കൊപ്പം കുറച്ചുകാലം കഴിഞ്ഞു. അക്കാലത്ത് സ്റ്റേജില്‍ പാടി അഭിനയിക്കുകയായിരുന്നു പതിവ്. ഇരുന്നൂറുവേദികളില്‍ ഈ നാടകം അവതരിപ്പിച്ചു. ഇടവേളയില്‍ ജന്മി–കര്‍ഷക നൃത്തമൊക്കെ ഉണ്ടായിരുന്നു ആ നാടകത്തില്‍.
"ഇക്കാണും പാടങ്ങള്‍ നമ്മള്‍ തന്‍
കൈക്കളാല്‍ തീര്‍ന്നതോ
പാടുപെട്ട് പണിയെടുക്കും
കര്‍ഷകര്‍ നമ്മള്‍.''
വര: വിധു വിന്‍സന്റ്

വര: വിധു വിന്‍സന്റ്

കര്‍ഷകയായി ഞാനാണ് നൃത്തം ചെയ്തിരുന്നത്. അപ്പോഴേയ്ക്കും പാര്‍ട്ടിയുടെ നിരോധനം നീങ്ങിയിരുന്നു. തിരിച്ചുവരണമെന്ന് വി.എസ് പറഞ്ഞതനുസരിച്ച് ഞാന്‍ നാടകാഭിനയം നിര്‍ത്തി.

പിന്നീട് പി.ജെ. ആന്റണി ചേട്ടന്‍ എന്നെ പ്രതിഭ ആര്‍ട്സിലേക്ക് വിളിപ്പിച്ചു. 'ഇന്‍ക്വിലാബിന്റെ മക്കളില്‍' റോസിയുടെ വേഷം ചെയ്യാനായിട്ട്. പറവൂര്‍ ഭരതനും, ശങ്കരാടി ചേട്ടനും ഒക്കെ ആ നാടകത്തിലുണ്ടായിരുന്നു. പക്ഷെ എട്ട് നാടകം കഴിഞ്ഞപ്പോള്‍ 'ഇന്‍ക്വിലാബിന്റെ മക്കള്‍' നിരോധിച്ചു. ഞാന്‍ വീണ്ടും ഡാന്‍സിന് പാടാനൊക്കെ പോയി ജീവിതം മുന്നോട്ടുനീക്കി.  പിന്നെ വിവാഹവും, ചേട്ടന്റെ മരണവും കഴിഞ്ഞ് കേരള സ്പിന്നിംഗ് മില്‍സില്‍ ജോലികിട്ടി ട്രെയിനിംഗ് കഴിഞ്ഞിരിക്കുന്ന കാലത്താണ് വീണ്ടും നാടകത്തിലേക്ക് പോകാനുള്ള അവസരം ഉണ്ടായത്. ഫാക്ടറിയുടെ ഒരു ആഘോഷവേള, എന്‍.എന്‍. പിള്ള സാറിന്റെ നാടകം, ഒപ്പം തൊഴിലാളികളുടെ ഗാനമേളയും. ഞാന്‍ എല്ലാം കൊണ്ടും തകര്‍ന്നിരിക്കുന്ന കാലമായിരുന്നു. വലിയൊരു ഇടവേളക്കുശേഷം ഞാന്‍ പാടി.

"മനസ്സു നന്നാവട്ടെ'' എന്ന എന്റെ പ്രിയപ്പെട്ട ഗാനം. ഞാന്‍ പാടിയ കാര്യമറിഞ്ഞ് എന്‍.എന്‍. പിള്ള കാര്യങ്ങള്‍ തിരക്കി. എന്റെ
ആരോഗ്യം പാടെ തകര്‍ന്നിരുന്നു. മനസ്സും. എന്നിലെ കലാകാരിയുടെ വേദന ആ വലിയ കലാകാരന് മനസ്സിലായിക്കാണു. കമ്പനിയുടെ പരിശീലന കാലയളവില്‍ എന്നെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള പെര്‍മിഷന്‍ അദ്ദേഹം അധികൃതരില്‍നിന്നു വാങ്ങിച്ചെടുത്തു. എനിക്ക് അദ്ദേഹം 35 രൂപ ശമ്പളം വാഗ്ദാനം ചെയ്തു. ഒരുമാസം വിശ്രമവും നല്ല ആഹാരവും തന്നു. ഞാന്‍ പതുക്കെ ആരോഗ്യമൊക്കെ വീണ്ടെടുത്തു. 'കാപാലിക' എന്ന നാടകമായിരുന്നു അന്ന് കളിച്ചുകൊണ്ടിരുന്നത്. ഞാന്‍ പിന്നണിപാടുകയാണ് ചെയ്തിരുന്നത്. ഒരിക്കല്‍ എന്റെ ശബ്ദം സ്റ്റേജില്‍ കേട്ട് ഒ.എന്‍.വിയും, ഒ. മാധവനുമൊക്കെ വന്നു ഞങ്ങളുടെ മേദിനിയുടെ ശബ്ദമാണല്ലോ എന്നു ചോദിച്ചിട്ടുണ്ട്. എന്റെ അന്നത്തെ അവസ്ഥയ്ക്ക് നിങ്ങളൊക്കെ കാരണമാണെന്ന് എന്ന് എന്‍.എന്‍. പിള്ള അവരോട് പറയുകയും ചെയ്തു.

എന്നെ കെ.പി.എ.സിയില്‍ എടുക്കണമായിരുന്നു എന്നും ഇങ്ങനെയുള്ള കൂലിവേലയ്ക്ക് വിടരുതായിരുന്നെന്നും എന്‍.എന്‍. പിള്ള വിശ്വസിച്ചു. ഞാനെന്തായിരിക്കും കെ.പി.എ.സിയില്‍ ചേരാന്‍ താല്‍പ്പര്യപ്പെടാതിരുന്നത്? ഞാനതിന് ശ്രമിച്ചിട്ടില്ല എന്നു പറയുന്നതാണ് വാസ്തവം. അവരെന്നെ വിളിച്ചതുമില്ല. കെ.പി.എ.സി. സുലോചനയുടെ പാട്ടിനുമുമ്പില്‍ എന്നിലെ പടപ്പാട്ടുകാരി അപകര്‍ഷതാബോധത്തോടെയാണ് നിന്നത്. ആ തരം പാട്ടുകള്‍ എന്റെ തൊണ്ടയില്‍നിന്നു വരുവാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ പിന്നീട് ഞങ്ങള്‍ ഒന്നിച്ച് ഒട്ടേറെ വേദികളില്‍ പാടി. ചെറുപ്പത്തിലൊരിക്കല്‍ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകത്തില്‍ പകരക്കാരിയായി പങ്കെടുത്തിട്ടുമുണ്ട്.

പുതിയ കാലത്തെ സന്തോഷങ്ങള്‍

വര: വിധു വിന്‍സന്റ്

വര: വിധു വിന്‍സന്റ്

എന്റെ അറുപതുകളുടെ അവസാനത്തില്‍ ഞാന്‍ ഒരു സിഡിയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായത് എന്റെ ജീവിതത്തില്‍ ഉണ്ടായ വലിയ കാര്യമായിരുന്നു 'റെഡ് സല്യൂട്ട്' എന്ന ആല്‍ബം ഇറക്കിയത്. സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ ഞാന്‍ സ്റ്റുഡിയോക്കകത്തിരുന്ന് എന്റെ പടപ്പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്തു. വലിയൊരു കൂട്ടം ജനങ്ങളിലേക്ക് വിപ്ളവഗാനങ്ങള്‍ എത്തിക്കാനായതില്‍ എനിക്ക് സന്തോഷം തോന്നി. എന്നെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും പി.ആര്‍.ഡി ചെയ്യുകയുണ്ടായി. പത്തു പതിനഞ്ചു ദിവസം ഞാന്‍ അതുവരെ നടന്ന വഴികളിലൂടെ തിരിച്ചുനടന്നു. അതിന്റെ സംവിധായകയായ സജിത മഠത്തിലിന്റെ നിര്‍ബന്ധപ്രകാരം വൈക്കം ടി.വി. പുരം കവലവരെ പോയി. അവിടെവെച്ചാണ് ഞാനാദ്യമായി മൈക്കിലൂടെ പാടിയത്. പുന്നപ്ര–വയലാര്‍ സമരശേഷമുള്ള സ്വീകരണമായിരുന്നു അത്. വീണ്ടും ആ കവലയില്‍ചെന്നു നിന്നപ്പോള്‍ അന്നുപാടിയ "മര്‍ദ്ദകാ....'' എന്ന പാട്ട് എന്റെ ചുണ്ടിലൂടെ ഞാനറിയാതെതന്നെ പുറത്തേക്ക് ഒഴുകി.

കോട്ടയത്തും, തിരുവനന്തപുരത്തും, ആലപ്പുഴയിലും ഒക്കെ ആയിരുന്നു അതിന്റെ ചിത്രീകരണം. മകളും കൊച്ചുമക്കളും അവരുടെ കുട്ടികളുമൊക്കെയായി വീട്ടിലേക്ക് ഒതുങ്ങിക്കൊണ്ടിരുന്ന എനിക്ക് ആ യാത്ര ഏറെ സന്തോഷം പകര്‍ന്നു. 'മേദിനിയും ഉച്ചഭാഷിണിയും' ഉണ്ടാവുമെന്ന നോട്ടീസിലെ വാചകങ്ങള്‍ക്ക് ഇപ്പോഴും നിറം മങ്ങിയിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യായി. എവിടെയും ഒരുകൂട്ടം പരിചയക്കാര്‍ എന്റെ ചുറ്റും കൂടി. അത് എന്റെ പാട്ടിനോടുള്ള സ്നേഹമായിരുന്നു.

വസന്തത്തിന്റെ കനല്‍വഴിയിലൂടെ

വസന്തത്തിന്റെ കനല്‍വഴിയിലൂടെ എന്ന സിനിമയില്‍ എണ്‍പതാമത്തെ വയസ്സില്‍ ഞാന്‍ അഭിനയിച്ചു. 1940–കളിലെ കേരളത്തിലെ സാമൂഹ്യസാഹചര്യത്തില്‍ കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ നേരിട്ട് പങ്കെടുത്ത ചിരുത എന്ന കഥാപാത്രത്തെയാണ് അനില്‍ നാഗേന്ദ്രന്‍ സംവിധാനം ചെയ്ത 'വസന്തത്തിന്റെ കനല്‍വഴിയില്‍' ഞാന്‍ അവരിപ്പിച്ചത്. അതേ സിനിമയില്‍ ഒരു പാട്ടും ഞാന്‍ ട്യൂണ്‍ ചെയ്യുകയുണ്ടായി. എന്റെ എണ്‍പതാം വയസ്സില്‍ കിട്ടിയ വലിയ അംഗീകാരമായിട്ടാണ് ഞാന്‍ ഈ അഭിനയത്തെ കാണുന്നത്.

വര: വിധു വിന്‍സന്റ്

വര: വിധു വിന്‍സന്റ്

ഗൌരി അമ്മയും മുകേഷും ഒക്കെ ഉണ്ടായിരുന്നു ലൊക്കേഷനില്‍. കുറെകാലത്തിനുശേഷം അവര്‍ക്കുവേണ്ടി 'റെഡ് സല്യൂട്ട്' പാടി. സുരഭിയെപ്പോലുള്ള പുതിയ തലമുറ എനിക്ക് സന്തോഷം തന്നു. "കത്തുന്ന വേനലിലൂടെ....'' എന്ന പാട്ടായിരുന്നു ഞാനാ സിനിമയില്‍ ട്യൂണ്‍ ചെയ്തുപാടിയത്.
ഇപ്പോഴും പാടാന്‍ പോകും. ബസ്സിലും, ട്രെയിനിലും മറ്റും കയറി തന്നെയാണ് വലിയൊരു പങ്കും യാത്ര. ആരോഗ്യം പതുക്കെ മോശമാകാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും കമ്യൂണിസ്റ്റ് രക്തം എന്റെ ശരീരത്തിലൂടെ ഒഴുകുന്നതുകൊണ്ട് ഞാനൊന്നും കാര്യമാക്കാറില്ല. ഇടതും വലതുമൊന്നും എന്നെ ബാധിച്ചിട്ടില്ല. പിളര്‍പ്പില്‍ ഞാന്‍ അന്ധാളിച്ചു നിന്നിട്ടുണ്ട് എങ്കിലും. ഞാന്‍  കഷ്ടപ്പാടുകള്‍, തൊഴിലാളി ജീവിതങ്ങള്‍ മനസ്സില്‍ കലമ്പല്‍ കൂടുന്നിടത്തോളംകാലം എന്റെ പടപ്പാട്ടുകള്‍ ഇരമ്പലായി മാറുകതന്നെ ചെയ്യും.

ജീവിതത്തെക്കുറിച്ച് സന്തോഷം മാത്രമേ എനിക്കുള്ളൂ. എന്റെ പടപ്പാട്ടുകളാണ് എന്റെ ജീവന്‍. എന്റെ മക്കളെപ്പോലെ ഞാനവരെ സ്നേഹിച്ചു. കൊണ്ടുനടന്നു ഇത്രയും കാലം. ഇടയ്ക്ക് ജീവിതത്തില്‍ തളര്‍ന്നു... പക്ഷേ ശബ്ദത്തെ ആരോഗ്യം മാത്രമെ തളര്‍ത്തിയിട്ടുള്ളൂ. ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും വിളിവരും പാട്ടിനായി... എനിക്ക് അപ്പോള്‍ എന്തെന്നില്ലാത്ത ഊര്‍ജ്ജം വരും. ഞാന്‍ പാടും. എന്റെ പടപ്പാട്ടുകള്‍... .

(ദേശാഭിമാനി ഓണം വിശേഷാല്‍പ്രതിയില്‍ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top