19 March Tuesday

സ്‌ത്രീകൾ കൊയ്യണം, സാമ്പത്തികാധികാരം

ഡോ. കീർത്തി പ്രഭUpdated: Tuesday Mar 7, 2023

ഐക്യരാഷ്‌ട്രസഭയുടെ വെബ്‌പേജിലെ വനിതാദിന ചിത്രം (www.un.org)

കീർത്തി പ്രഭ

കീർത്തി പ്രഭ

1909 ഫെബ്രുവരി 28-ന് ന്യൂയോർക്ക് നഗരത്തിലാണ് വനിതാദിനം ആദ്യമായി ആചരിച്ചത്.
1975 ൽ  അന്താരാഷ്ട്ര വനിതാ ദിനമെന്ന ആശയത്തിന് ഐക്യരാഷ്ട്രസഭ ഔപചാരികമായ തുടക്കം കുറിച്ചു. പിന്നീട്
1977 ൽ മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കാൻ ആരംഭിച്ചു. അതിനൊക്കെ മുമ്പ് 1914 മാർച്ച് 8 ന് ജർമ്മനി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചിരുന്നു എന്നതും ഓർമ്മിക്കേണ്ടതാണ്.

വർഷങ്ങൾ കടന്ന് 2023 ലെത്തിയപ്പോൾ ആ ദിനം ഉണ്ടാക്കിയ ഓർമപ്പെടുത്തലുകളിലൂടെ എത്ര ദൂരം മുന്നോട്ട് നടന്നിട്ടുണ്ട് നമ്മൾ. വിവേചനങ്ങൾ ഉണ്ടാക്കിയ മാറ്റി നിർത്തപ്പെടലുകളെ ഭേദിച്ച് പുറത്തേക്ക് വരാൻ എല്ലാ മനുഷ്യർക്കും ചെറിയ സമരവും ധൈര്യവും ഒന്നും പോരാതെ വരും. വിവേകത്തോടെ ചിന്തിക്കുന്നതിൽ നിന്നും മനുഷ്യരെ അത്ര മാത്രം പിന്നോട്ടേക്ക് നടത്തിപ്പിക്കുന്നുണ്ട് ലിംഗ വിവേചനം എന്ന ദുരവസ്ഥ. സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും രാഷ്ട്രീയമായും സ്ത്രീകളുണ്ടാക്കിയ നേട്ടങ്ങളെ ആദരിക്കാൻ ഇങ്ങനെ ഒരു ദിവസം ഉണ്ടായത് ആ നേട്ടങ്ങളിലേക്കെത്താൻ അവർ വീടിനകത്തും പുറത്തും എത്രയെത്ര ലക്ഷ്മണ രേഖകൾ മറികടന്നിട്ടുണ്ടാവണം എന്ന ഓർമ്മപ്പെടുത്തലിനു വേണ്ടിയാണ്.

ലിംഗ അസമത്വത്തെ കുറിച്ചുള്ള അവബോധമുണ്ടാക്കുക, ലിംഗനീതിക്ക് വേണ്ടി ശബ്ദമുയർത്തുക, സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗവിവേചനം ഇല്ലാതാക്കുക, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കുക തുടങ്ങിയ സുപ്രധാന വിഷയങ്ങൾ വനിതാ ദിനാചരണത്തോടാനുബന്ധിച്ച് നിർണായകമാണ്.

"ലിംഗസമത്വത്തിനായുള്ള സാങ്കേതികവിദ്യയും നവീകരണവും" എന്നതാണ് ഈ വർഷത്തെ വനിതാ ദിനം പ്രമേയം.

ലിംഗസമത്വത്തിൽ ലോകത്തെ 190 രാജ്യങ്ങളിൽ  124-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.  2022 ൽ പ്രസിദ്ധീകരിച്ച ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ ലിംഗവിവേചനം എന്ന അനാരോഗ്യത്തിൽ നിന്നും നമ്മളിനിയും സുഖപ്പെട്ടിട്ടില്ല എന്നും 146 രാജ്യങ്ങളിൽ  135-ാം സ്ഥാനവുമായി ലിംഗസമത്വം എന്ന ആശയം ഉൾക്കൊള്ളുന്നതിൽ ഏറ്റവും മോശം പ്രകടനങ്ങൾ കാണിക്കുന്ന പത്തു രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ എന്നും സൂചിപ്പിക്കുന്നുണ്ട്. ആഗോളതലത്തിൽ ലിംഗവ്യത്യാസങ്ങളുണ്ടാക്കുന്ന അനീതികളുടെ തോത് 68. 1 ശതമാനം കുറഞ്ഞുവെങ്കിലും സമ്പൂർണ്ണമായ ലിംഗനീതിയിലേക്കെത്താൻ ഇനിയും 132 വർഷങ്ങളെടുക്കും എന്നും റിപ്പോർട്ട്‌ പറയുന്നു. കാണിക്കുന്നത് ലിംഗവിവേചനമാണ് എന്നു പോലും അറിയാതെ  നീതിയുക്തമല്ലാതെ നമ്മൾ ഇന്ന് ചെയ്യുന്ന ഓരോ പ്രവർത്തികളും വാക്കുകളും അനീതിയാണെന്ന് തിരിച്ചറിയാൻ ഇനിയും എത്ര വർഷങ്ങൾ കഴിയണം. സതിയും സ്ത്രീധനവും ശരിയെന്ന് കരുതിയിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും  അതെല്ലാം തെറ്റായിരുന്നു എന്ന് മനസ്സിലാക്കുന്ന ഒരു കാലത്തിലേക്ക് എത്തിയത് മാനസികവും ശാരീരികവുമായ എന്തൊക്കെ പ്രതിസന്ധികളോട് പൊരുതിയിട്ടാവണം. ആ ദുരാചാരങ്ങളുടെയൊക്കെ അവശേഷിപ്പുകൾ മറ്റു പല രൂപത്തിലും ഭാവത്തിലും ഇന്നും നിലനിൽക്കുന്നുണ്ട് എന്നത് സങ്കടകരമാണ്.

പഠന കാലഘട്ടത്തിൽ ആൺകുട്ടികളോടൊപ്പമോ അതിനേക്കാളുമേറെയോ വിവിധ മേഖലകളിൽ കഴിവുകൾ തെളിയിക്കുന്ന പെൺകുട്ടികൾ വിവാഹം കഴിഞ്ഞ് പ്രഗ്നൻസി എന്ന ഘട്ടമെത്തുമ്പോൾ ശാരീരികമായും മാനസികമായും പുറകോട്ട് പോകുന്നു. അത് കൂടാതെ ജോലിയുടെ സമയക്രമവും ഉപരിപഠനത്തിന് വേണ്ടിയുള്ള യാത്രകളും ജോലിസംബന്ധമായ യാത്രകളും എല്ലാം പെണ്ണാണെന്ന കാരണങ്ങൾ കൊണ്ട് മാറ്റി വെക്കപ്പെടേണ്ടിയും വരുന്നുണ്ട്. ഗർഭധാരണവും പ്രസവവും പ്രസവാനന്തരമുള്ള കുറച്ചു വർഷങ്ങളും സ്ത്രീ സമൂഹത്തിന് ഒരു കരിയർ ബ്രേക്ക് ഉണ്ടാകുന്ന അല്ലെങ്കിൽ അതുവരെ ഉണ്ടായിരുന്ന ചലനങ്ങളുടെ വേഗത കുറയ്ക്കുന്ന അതുമല്ലെങ്കിൽ വീണ്ടും പഠനം പൂർത്തിയാക്കാനോ ജോലിയിൽ തിരിച്ചു കയറാനോ ഒരു അധിക പരിശ്രമം സ്ത്രീക്ക്  ആവശ്യമാകുന്ന ഒരു അവസ്ഥ ഉണ്ടാക്കുന്നു. പുരുഷനെ സംബന്ധിച്ച്  പഠനവും കരിയറും ബ്രേക്ക് ചെയ്യാതെ കൊണ്ടുപോകാൻ പറ്റുന്ന ഒരു സാഹചര്യമുള്ളപ്പോൾ സ്ത്രീക്ക് എത്ര കുട്ടികളുണ്ടോ അത്രത്തോളം തന്നെ കരിയർ ബ്രേക്കുകൾ ഉണ്ടാകുന്നു. ഇതിനെ മറികടക്കുന്ന സാങ്കേതിക സംവിധാനങ്ങൾ ശാസ്ത്രം ആലോചിച്ചു കൊണ്ടിരിക്കുന്നുണ്ട്. കൃത്രിമ ഗർഭപാത്രങ്ങൾ പോലുള്ള സാങ്കേതിക അദ്‌ഭുതങ്ങൾ ഇരുപതോ ഇരുപത്തഞ്ചോ വർഷങ്ങൾ കഴിയുമ്പോൾ നാട്ടിലൊക്കെ സാധാരണ സംഭവമാവാം. സാങ്കേതികമായി അത് സാധ്യമാണ് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

നാടിന്റെ വികസനത്തിൽ ലിംഗനീതിക്കും വ്യക്തിസ്വാതന്ത്ര്യങ്ങൾക്കുമൊക്കെ വലിയ സ്ഥാനമാണ്. സാമൂഹികവും  സാമ്പത്തികവുമായ പുരോഗതിയിൽ പങ്കാളികളാകുന്ന ജനങ്ങളുടെ എണ്ണം വർധിക്കുന്തോറും രാജ്യം വികസിതമാകും. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തും മറ്റു പല അവികസിത  രാജ്യങ്ങളിലും ജനസംഖ്യയുടെ പകുതിയായ സ്ത്രീകളിൽ ഭൂരിഭാഗം പേരും വികസനപ്രക്രിയയിൽ പങ്കാളികളാകുന്നില്ല. നാട് അവികസിതമായി നിലനിൽക്കുന്നതിന് ലിംഗ അസമത്വം ഒരു പ്രധാന കാരണമാണ്. സുസ്ഥിര വികസനം ലക്ഷ്യമിടുമ്പോൾ ഇനിയുള്ള മുന്നോട്ട് പോക്ക് സാങ്കേതിക വിദ്യയുടെ വികസനങ്ങളെയും ഡിജിറ്റൽ വിദ്യാഭ്യാസത്തെയും ആശ്രയിച്ചിരിക്കും. സാങ്കേതിക വിദ്യയുടെ വികാസത്തിലും സ്ത്രീകളും മാറ്റി നിർത്തപ്പെട്ട മറ്റ് ലിംഗ വിഭാഗങ്ങളും കൂടി പങ്കാളികളാകുമ്പോൾ ഒരു രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായുള്ള നവീകരണത്തിനുള്ള സാദ്ധ്യതകൾ വർധിക്കും. നേരെ മറിച്ച് സ്ത്രീകളെ മാറ്റി നിർത്തുമ്പോൾ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ലോകത്തെ മികച്ച 10 സമ്പദ് വ്യവസ്ഥകൾ ലിംഗവ്യത്യാസങ്ങളുണ്ടാക്കുന്ന അസമത്വങ്ങൾ 80 ശതമാനത്തോളം നികത്തിയിട്ടുണ്ട്. ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും അതിക്രമങ്ങൾ ചെറുക്കുന്നതിന്റെയും പ്രാധാന്യം ഈ വർഷത്തെ വനിത ദിനം പ്രമേയം എടുത്തു പറയുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനത്തിന്റെയും പ്രാവീണ്യത്തിന്റെയും  കാര്യത്തിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള  അസമത്വങ്ങൾ കുറച്ചു കൊണ്ട് വരുന്നതും ലക്ഷ്യമാണ്.

ഇതൊക്കെയാവുമ്പോഴും ഡിജിറ്റലിനും മുമ്പ് സ്ത്രീകളെ പൂര്‍ണമായും വിധേയരാക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍നിന്നും അവരെ പിടിച്ചുയർത്താൻ നടപ്പിലാക്കിയ നിയമങ്ങൾക്കൊക്കെ എന്ത് സംഭവിക്കുന്നു എന്നൊരു വിലയിരുത്തലും അത്യാവശ്യമാണ്.

ആര്‍ട്ടിക്കിള്‍ 14 പ്രകാരം സമത്വം ഉറപ്പാക്കുന്നുണ്ട്, ആര്‍ട്ടിക്കിള്‍ 15 വിവേചനത്തെ നിരോധിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 16 (എ) മതം ജാതി, ലൈംഗികത, വംശം, ജന്മസ്ഥലം, താമസിക്കുന്ന സ്ഥലം എന്നിവയിലുള്ള വിവേചനവും നിരോധിക്കുന്നുണ്ട്. ആധുനികമെന്ന് പറയപ്പെടുന്ന സമൂഹത്തിൽ ഇതൊക്കെയും പാലിക്കപ്പെടുന്നുണ്ടോ എന്നത് ചോദ്യചിഹ്നമായി തുടരുകയും എന്തുകൊണ്ട് നടപ്പിലാകുന്നില്ല എന്നതിനെ കുറിച്ച് അവബോധം ഇല്ലാതിരിക്കുകയും ചെയ്യുന്നിടത്തോളം ഓരോ വനിതാ ദിനവും ആഹ്വാനങ്ങളിലും കടലാസുകളിലും ഭംഗിയുള്ള പോസ്റ്ററുകളിലും മാത്രം ഒതുങ്ങേണ്ടതല്ലെന്ന് ഓർമിപ്പിക്കുക കൂടിയാണ്. രാഷ്ട്രീയ അധികാര സ്ഥലങ്ങളിലും നിയനിർമാണ മേഖലകളിലും കലാസാംസ്കാരിക രംഗങ്ങളിലും പൊതു ഇടപെടലുകളിലേക്കുമുള്ള സ്ത്രീകളുടെ കടന്നുവരവിൽ സ്ത്രീയാണെന്ന കാരണം കൊണ്ട് കൊണ്ട് മാത്രം ഇന്നും പ്രതിസന്ധികൾ ഉണ്ടാകുന്നത് ലിംഗപരമായ അനീതികളെക്കുറിച്ചുള്ള അവബോധം ഉണ്ടാവാൻ ഇനിയും വർഷങ്ങളെടുക്കും എന്ന കണക്കുകളെ സധൂകരിക്കുകയാണ്.

സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരവും തൊഴിലിടങ്ങളിലുള്ള സ്ത്രീകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും  എന്തുകൊണ്ട് സ്ത്രീകൾ ലോകത്തിന്റെ സാമ്പത്തിക ശക്തിയായിട്ട് മാറുന്നില്ല?  സ്ത്രീസംരംഭകരുടെ എണ്ണം വളരെ കുറവാണ് എന്നത് തന്നെയാണ് അതിന്റെ കാരണം. സ്ത്രീകൾ പഞ്ചായത്ത് പ്രസിഡണ്ട് മുതൽ പ്രധാനമന്ത്രിയുടെ ആയിട്ടുണ്ട് എന്ന് പറഞ്ഞാലും ഈ ലോകത്തെ നിയന്ത്രിക്കുന്നത് വലിയ സംരംഭകരാണ്. മൈക്രോസോഫ്റ്റ് കമ്പനിയിലും ഗൂഗിളിലും വിവിധ സ്ഥാനങ്ങളിൽ പല സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട് എങ്കിലും അതിന്റെയൊക്കെ നിയന്ത്രണവും അധികാരവും പുരുഷന്മാർക്കാണ്. എന്തുകൊണ്ട് സ്ത്രീകൾക്ക് അത്തരം ഒരു സംരംഭകത്വം അപ്രാപ്യമാകുന്നു എന്നതും അതിലവർക്ക് എവിടെയൊക്കെയാണ് പ്രതിസന്ധികൾ ഉണ്ടാകുന്നത് എന്നതും വനിതാ ദിനത്തിൽ പരിശോധിക്കേണ്ടതാണ്. ഈ ലോകത്തെ നിയന്ത്രിക്കുന്ന സാമ്പത്തിക ശക്തിയായി സ്ത്രീകൾ വളർന്നു വരണമെങ്കിൽ അടിത്തട്ടിൽ നിന്ന് മുകളിലേക്ക് സ്ത്രീകളിലെ സംരംഭകത്വത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top