24 April Wednesday

എന്റെ ഭാഷ ഏറനാടൻ

ഋഷി കെ മനോജ്Updated: Sunday Nov 20, 2022


rishikamalm@gmail.com

പോറലും കീറലും എന്ന പ്രയോഗംകൊണ്ടാണ് വാടക ഗർഭധാരണ  വിവാദത്തെ അടുത്തകാലത്ത് ഇന്ദുമേനോൻ  ഫെയ്‌സ്‌ബുക്ക്‌ പേജിൽ വ്യാഖ്യാനിച്ചത്. ഇന്ദുവിന്റെ എഴുത്തിലും കഥകളിലും ഭാഷയുടെ പ്രത്യേക പദവിന്യാസം ബോധപൂർവമാണോ. ശരിക്കും കീറലല്ലേ സിസേറിയൻ. ഭാഷ എനിക്ക് ആന്തരിക പ്രവൃത്തിയാണ്. വേറൊന്നും എനിക്ക് സ്വന്തമായില്ല. അച്ഛൻ തിരുവനന്തപുരം, കൊല്ലം ഭാഷക്കാരൻ. ഓ... തന്നെ, തന്നെ. ബോഞ്ചി വെള്ളങ്ങളൊക്കെ.... എന്ന ശൈലി. ദോണ്ട് വരുന്നു... എന്തുവാടേ ഈ കാണുന്നത്. ഇതാണ് അച്ഛൻ ശൈലി. അച്ഛന്റെ ഭാഷാസ്വാധീനം എന്റെ കഥകളിൽ ഇല്ല. അമ്മ നല്ലൊരു കോഴിക്കോട്ടുകാരിയാണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഷ മലപ്പുറം ഭാഷയും. അതെന്റെ ഭാഷയാണ്.

മാധവിക്കുട്ടി പുന്നയൂർക്കുളമെന്നോ നീർമാതളമെന്നോ പറയുന്നപോലെ, നിളാനദിയെന്ന് എം ടി പറയുന്നപോലെ, അല്ലെങ്കിൽ ഓരോ എഴുത്തുകാരനും അയാളുടെ സിഗ്നേച്ചർ എന്നും നൊസ്റ്റാൾജിയ എന്നും പറയുന്നപോലെ, തൃക്കോട്ടൂർ പെരുമ അല്ലെങ്കിൽ മയ്യഴി എന്നുപറയുന്നപോലെ, എന്റെ ഭാഷ എന്നുപറഞ്ഞാൽ മലപ്പുറത്തെ ഏറനാട്ടുള്ള മാപ്പിളാരുടെ ഭാഷയാണ്. എന്റെ അമ്മ മരിച്ച സമയത്ത് ഞാൻ കരയുകയാണ്. ആ നേരത്ത് എന്റെ രണ്ടു കുട്ടികളും അത്ഭുതത്തോടെ നോക്കുകയാണ്. പിന്നെ, കുറേ കഴിഞ്ഞ്‌ കുട്ടികൾ എന്നോട് ചോദിച്ചു:

‘അതെന്താണമ്മാ അങ്ങനെ കരയുന്നത്?'

ഞാനിപ്പോഴും കരയുമ്പോൾ, അല്ലെങ്കിൽ വഴക്കുകൂടുമ്പോൾ, എന്റെ വികാരങ്ങൾ വന്നുകഴിയുമ്പോൾ എനിക്ക് ഞാനറിയാതെ വരുന്നത് മലപ്പുറം ഭാഷയാണ്. അജ്ജോ എന്നു ഞാൻ ശബ്ദമുണ്ടാക്കുമ്പോൾ അമ്മ ഏത് ഭാഷയിലാണ് കരയുന്നതെന്ന് എന്റെ മകൻ എത്രയോ തവണ എന്നോട് ചോദിച്ചിരിക്കുന്നു. പുഴുവിന് പുജ്ജു എന്നൊക്കെയാണ് പറയുക. ഞാൻ പഠിച്ചത് ബാഫക്കി തങ്ങൾ മെമ്മോറിയൽ സ്കൂളിലാണ്. കൊണ്ടോട്ടി ഭാഷ, അല്ലെങ്കിൽ ആ ഭാഗത്തുള്ള മലപ്പുറം ഭാഷ അത്രമാത്രം ബ്യൂട്ടിഫുള്ളാണ്.

കപടഭാഷ
കപടഭാഷ മറ്റൊന്നാണ്. എങ്ങനെയാണ് കോഴിക്കോട്ടെ നായർ വീടുകളിൽ വള്ളുവനാടൻ ഭാഷ വരുന്നത്. അതൊരു കപടഭാഷയാണ്. മാധവിക്കുട്ടിയുടെ ഭാഷ വള്ളുവനാടനാണെന്ന് പലരും പറയാറുണ്ട്. കുന്ദംകുളത്തുനിന്ന്‌ പത്തോ, പതിനൊന്നോ ഏറിയാൽ പതിനഞ്ചോ കിലോമീറ്റർ ചുറ്റളവിലുള്ള പുന്നയൂർക്കുളത്ത് എങ്ങനെയാണ് വള്ളുവനാടൻ ഭാഷ വരുന്നത്. ആ ഭാഷയൊന്നും അവരുടെ സ്വന്തം ഭാഷയാണെന്ന് എനിക്ക് തോന്നുന്നില്ല. അതിലൊരു തെറ്റോ കുറ്റമോ വിമർശമോ അല്ല പറയുന്നത്. എന്റെ ഭാഷ എന്റെ അങ്ങാടീലെ ഭാഷയാണ്. ഞാൻ തേങ്ങാട്ടങ്ങാടിയിലാണ് പഠിച്ചുവളർന്നത്. എത്തബനേ, എത്തബളേ എന്നുപറയുന്ന ആ ഭാഷയാണെന്റെ ഭാഷ. ആ ഭാഷ വളരെ മ്യൂസിക്കലാണ്.

വൈവിധ്യമായ ദേശഭാഷകൾ
എനിക്ക് കേരളത്തിലെ  38 ഗോത്രഭാഷകളുമായി ഇടപഴക്കമുണ്ട്. തമിഴ്, കന്നഡ, തെലുഗ്, തുളു ഇതൊന്നും ഞാൻ പഠിക്കുകയോ, അവരുടെ ഇടയിൽ ജീവിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, എനിക്കിതൊക്കെ നന്നായി മനസ്സിലാകും. ഞാൻ പഠിച്ച വിഷയങ്ങളൊക്കെ എന്റകത്ത് കലങ്ങിക്കിടക്കുകയാണ്. അതിലേതൊക്കെ, ആരൊക്കെയാണ് എഴുതിവരുമ്പോൾ കയറിവരിക എന്നറിയില്ല. പിന്നെ, സംഗീതം. കുറേ ഭാഷയിലെ പാട്ടുകൾ എനിക്കറിയാം.

വിശ്വാസിയല്ല
ഞാൻ വിശ്വാസിയല്ല. പക്ഷേ, എന്റെ അമ്മയുടെ ഹിതപ്രകാരം ഞാൻ ബലിയിട്ടിട്ടുണ്ട്. അത് വിശ്വാസിയായ അമ്മയ്ക്കു വേണ്ടിയായിരുന്നു. എത്രയോപേർ ബലിയിടുന്നു. മറ്റുള്ളവരെ മെനക്കെടുത്തുന്ന വിശ്വാസിയായി ഇരിക്കുന്നതിനേക്കാൾ നല്ലത് ആരെയും ഉപദ്രവിക്കാതെ അവിശ്വാസിയായി ഇരിക്കുന്നതാണ്. എന്റെ ഭർത്താവ് ഭയങ്കര ക്രിസ്ത്യൻ വിശ്വാസിയാണ്. അദ്ദേഹത്തിന്റെകൂടെ പള്ളിയിൽ പോകുന്നതിൽ എനിക്കൊരു വിരോധവുമില്ല. എന്റെ അമ്മേനെ അമ്പലത്തിൽ കൊണ്ടുപോകുന്നതുപോലെ തന്നെയാണിതെനിക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top