18 December Thursday

സ്ത്രീകൾക്കെതിരെ അതിക്രമം; ബിജെപി സംസ്ഥാനങ്ങളിൽ പ്രതികൾ സംരക്ഷിക്കപ്പെടുന്നു : എൻ സുകന്യ

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2023

ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻസ് സ്റ്റഡീസ്‌ ദേശീയസമ്മേളനത്തിൽ നടന്ന ചർച്ചയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ‌ അഖിലേന്ത്യ സെക്രട്ടറി എൻ സുകന്യ സംസാരിക്കുന്നു

തിരുവനന്തപുരം > സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുമ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതികൾ സംരക്ഷിക്കപ്പെടുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ‌ അഖിലേന്ത്യ സെക്രട്ടറി എൻ സുകന്യ. എന്നാൽ, കേരളത്തിൽ അങ്ങനെയല്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യവുമായി സ്ത്രീക്ഷേമത്തിന് വേണ്ട സമഗ്ര നയങ്ങൾക്ക് രൂപം കൊടുക്കുകയാണ്‌ ഇടതുപക്ഷ സർക്കാർ കേരളത്തിലെന്ന് അവർ പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻസ് സ്റ്റഡീസിന്റെ  17–-ാം ദേശീയസമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കേരളത്തിലെ പുതിയ പ്രസ്ഥാനങ്ങളും അവയുടെ പിൻവാങ്ങലും വെല്ലുവിളികളും എന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അവർ.

തൊഴിലിടങ്ങളിലടക്കം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ പരി​ഹാരം കാണാനുള്ള ശ്രമം ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് സുകന്യ പറഞ്ഞു.

ഞങ്ങൾ പഠന​ഗവേഷണ വസ്തുക്കളല്ല, അനുതാപമോ സഹാനുഭൂതിയോ അല്ല വേണ്ടത് മറിച്ച് സമൂഹത്തിൽ മനുഷ്യരായി പരി​ഗണിക്കപ്പെടണമെന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ പോളിസിയും ബോർഡും റെയിൻബോ പദ്ധതിയും രൂപീകരിച്ചത് കേരളത്തിലാണെന്നതിൽ അഭിമാനിക്കുന്നു. അദൃശ്യതയിലായിരുന്ന ഒരുകൂട്ടം മനുഷ്യരെ ദൃ-ശ്യതയിലേക്ക് എത്തിച്ച സംസ്ഥാനമാണ് കേരളം. ട്രാൻസ്ജെൻഡർ സ്വത്വം  വെളിപ്പെടുത്തി അഭിമാനത്തോടെ പഠനത്തിനും ജോലിക്കുമായി എത്താൻ കഴിയുന്നത് പൊതുബോധമാറ്റത്തിന്റെ സൂചനയാണെന്ന് ശീതൾ പറഞ്ഞു.

കേരള സെക്സ് വർക്കേഴ്സ് ഫോം കോ–-ഓർഡിനേറ്റർ നളിനി ജമീല, സഖി സ്ഥാപക മേഴ്‌സി അലക്സാണ്ടർ, ഫോറം ഫോർ മുസ്ലിം വുമെൻസ് ജെൻഡർ ജസ്റ്റിസ് കൺവീനർ‌ സുൽഫത്ത്, ദളിത് ആക്ടിവിസ്റ്റ് രേഖ രാജ്, ആദിവാസി ഐക്യവേദി പ്രസിഡന്റ് ചിത്ര നിലമ്പൂർ, ഡോ. വി ശാരദദേവി, സി എസ് ചന്ദ്രിക, കെ എം ഷീബ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top