27 April Saturday

ഉയരെയല്ല ഇന്ത്യൻ വനിതകൾ; സ്‌ത്രീ ശാക്തീകരണത്തിന്‌ റുവാണ്ടയെ മാതൃകയാക്കാം

സ്‌നേഹ ടി snehakagi117@gmail.comUpdated: Sunday Jul 31, 2022

സ്‌ത്രീമുന്നേറ്റത്തിന്റെ ചൂണ്ടുപലകയെന്നാണ്‌ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്ഥാനാരോഹണത്തെ പ്രചരിപ്പിക്കുന്നത്‌. എന്നാൽ, സ്‌ത്രീജീവിതങ്ങളുടെ പുരോഗതിയിലും ലിംഗസമത്വത്തിലും രാജ്യം ബഹുദൂരം പിന്നിലാണെന്നതാണ്‌ യാഥാർഥ്യം. ഇന്ത്യയടക്കമുള്ള വികസിത രാജ്യങ്ങളേക്കാൾ ഉയരത്തിലാണ് ലിംഗസമത്വത്തിൽ ആഫ്രിക്കൻ രാജ്യമായ റുവാണ്ട. ലോകത്തിലെ ദരിദ്രരാജ്യങ്ങളിലൊന്നായ റുവാണ്ടയുടെ സ്‌ത്രീമുന്നേറ്റം അതിജീവനത്തിന്റെ കൂടി വിജയഗാഥയാണ്‌. ലോക ഇക്കോണമിക്‌ ഫോറത്തിന്റെ 2022ലെ ലിംഗസമത്വ റിപ്പോർട്ടിൽ ആറാംസ്ഥാനത്താണ് റുവാണ്ട. 146 രാജ്യത്ത്‌ ഇന്ത്യയുടെ സ്ഥാനം 135 ആണ്‌. ഇന്റർ പാർലമെന്ററി യൂണിയന്റെ കണക്കുപ്രകാരം ലോക്‌സഭയിലെ മൊത്തം അംഗങ്ങളിൽ 14.44ശതമാനം മാത്രമാണ് സ്ത്രീകൾ.

2021 ൽ ‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ’ സംബന്ധിച്ച് 31,000 പരാതിയാണ് ദേശീയ വനിതാ കമീഷനു (എൻസിഡബ്ല്യു) ലഭിച്ചത്. 2020നെ അപേക്ഷിച്ച് പരാതികളിൽ 30 ശതമാനമാണ്‌ വർധന. നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ ‘ക്രൈം ഇൻ ഇന്ത്യ’ 2021 റിപ്പോർട്ട്‌ അനുസരിച്ച്, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ യുപിയിലാണ്. ഇത് രാജ്യത്തെ ആകെ കേസുകളിൽ 14.7 ശതമാനമാണ്. ഇന്ത്യയിൽ ഓരോ 16 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും ഓരോ മണിക്കൂറിലും സ്ത്രീധന മരണം സംഭവിക്കുന്നുവെന്നും എൻസിആർബി റിപ്പോർട്ട്‌ വെളിപ്പെടുത്തുന്നു.

ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ റുവാണ്ടയുടെ സമ്പദ് വ്യവസ്ഥ 1200 കോടി ഡോളർ മാത്രമാണ്. 12 ദശലക്ഷത്തോളം വരുന്ന ഈ പ്രദേശം ദരിദ്രവും പ്രകൃതിദത്ത വിഭവങ്ങൾ ഇല്ലാത്തതുമായിരുന്നു. 90ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു.
പാർലമെന്റിൽ സ്ത്രീ ഭൂരിപക്ഷമുള്ള ലോകത്തിലെ ഏക രാജ്യമാണ് റുവാണ്ട. സഭയിൽ 61 ശതമാനവും സ്ത്രീകളാണ്. ലോകത്തെ 81 ശതമാനം നിയമനിർമാണസഭകളിലുമായി സ്ത്രീസാന്നിധ്യം ശരാശരി 33 ശതമാനം മാത്രമാണെന്നിരിക്കെയാണ് റുവാണ്ടയുടെ മുന്നേറ്റം. റുവാണ്ട മന്ത്രിസഭയിൽ 26 അംഗങ്ങളിൽ 13 പേരും സ്ത്രീകളാണ്. ഏഴ് സുപ്രീംകോടതി ജഡ്ജിമാരിൽ നാലുപേരും സ്ത്രീകളാണ്. സർക്കാർ-– -സ്വകാര്യ മേഖലകളിൽ സുപ്രധാന അധികാരം വഹിക്കുന്നതും സ്ത്രീകളാണ്. അതേ സമയം ഇന്ത്യൻ പാർലമെന്റിലെ സ്ത്രീസാന്നിധ്യം കേവലം 14.29 ശതമാനം മാത്രമാണ്. ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, ടോംഗ, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിൽ വംശീയ കലാപങ്ങളെത്തുടർന്ന് സ്ത്രീകൾ അവരുടെ അവകാശങ്ങളിൽ ബോധവാന്മാരാകുകയും സ്ത്രീകളുടെ ഉന്നമനത്തിനായി അടുക്കള ബഹിഷ്കരണം പോലുള്ള സമരങ്ങൾ നടത്തുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഈ ദിശാബോധത്തോടെയുള്ള ഇടപെടലുകളാണ്‌ ലോക രാജ്യങ്ങൾക്കു മാതൃകയായി റുവാണ്ടയെ മാറ്റിയത്‌.

സ്‌ത്രീജീവിതം മാറ്റിമറിച്ച വംശഹത്യ

1990-കളുടെ ആദ്യ പകുതിവരെ  റുവാണ്ടൻ സ്ത്രീകൾക്ക് സ്വത്ത് കൈവശം വയ്ക്കാനോ അനന്തരാവകാശം നേടാനോ രാഷ്ട്രീയത്തിൽ ഇടപെടാനോ ബിസിനസ് നടത്താനോ എന്തിന് പൊതുസമൂഹത്തിൽ അഭിപ്രായം പറയാനോ പോലും അനുവാദമുണ്ടായിരുന്നില്ല. 1994ൽ റുവാണ്ടയിൽ ഉണ്ടായ വംശഹത്യയാണ് രാജ്യത്തെ സ്ത്രീജീവിതത്തിൽ മാറ്റമുണ്ടാക്കിയത്. അന്നത്തെ പ്രസിഡന്റ് ജുവനെൽ ഹാബിയാറിമന സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെടുത്തി എന്ന്‌ ആരോപിച്ച് ഒരു കൂട്ടം ഹുടു വംശജർ ടുട്സി വിഭാഗത്തിന് നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. നൂറുദിവസത്തോളം നീണ്ടുനിന്ന കൂട്ടക്കൊലയിലും ആക്രമണങ്ങളിലും രണ്ടരലക്ഷം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. 95,000 കുട്ടികൾ അനാഥരായി.
 കലാപം അവസാനിച്ചപ്പോൾ റുവാണ്ടയിലെ പുരുഷന്മാരിൽ ഭൂരിഭാഗം പേരും ജയിലിൽ അടയ്‌ക്കപ്പെടുകയോ മരിക്കുകയോ ചെയ്തിരുന്നു. റുവാണ്ടയുടെ ജനസംഖ്യയിൽ 70 ശതമാനവും സ്ത്രീകളായിരുന്നു. തുടർന്ന് രാജ്യത്തിന്റെ ഭരണനിർവഹണം സ്ത്രീകളേറ്റെടുത്തു. ഇതോടെയാണ് അടിമത്വസമാന സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന സ്ത്രീജീവിതങ്ങൾക്ക് പുതിയ ദിശ കൈവന്നത്. തുടർന്ന് സർക്കാർ സ്ത്രീസംരക്ഷണത്തിനും മുന്നേറ്റത്തിനുമായി നിയമനിർമാണം നടത്തി.

2009ൽ ലിം​ഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ കർശന നിയമം നടപ്പാക്കി. വൈവാഹിക ബലാത്സം​ഗം കുറ്റകൃത്യമാക്കി. സർക്കാർ, സ്വകാര്യ മേഖലകളിൽ ജൻഡർ മോണിറ്ററിങ്‌ ഓഫീസ് ആരംഭിച്ചു. ദേശീയ വിദ്യാഭ്യാസ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച്, പ്രാഥമിക വിദ്യാഭ്യാസത്തിൽ ലിം​ഗസമത്വം ഉറപ്പാക്കി. ഇപ്പോൾ ലിം​ഗസമത്വത്തിൽ ലോകത്തിനു മാതൃകയായ രാഷ്ട്രമാണ് റുവാണ്ട.

സ്ത്രീശാക്തീകരണത്തിനും സംരക്ഷണത്തിനുമായി ഇന്ത്യയിൽ നടപ്പാക്കുന്ന പദ്ധതികൾ കടലാസിൽ ഒതുങ്ങിപ്പോകുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് കണക്കുകൾ. 2014ൽ ലിംഗസമത്വത്തിൽ 114 സ്ഥാനത്തായിരുന്നു ഇന്ത്യ. എട്ടുവർഷത്തെ ബിജെപി ഭരണം ഇന്ത്യയെ വീണ്ടും പിറകോട്ട്‌ കൊണ്ടുപോയി. സ്ത്രീകളെ അവരുടെ സ്റ്റീരിയോടൈപ്പിക്കൽ റോളുകൾക്ക് പുറത്തേക്കു നീങ്ങാനും രാജ്യത്തിന്റെ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയകളിൽ പങ്കാളികളാക്കുന്നതിലും ഇന്ത്യ ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. അതേസമയം എന്തു പ്രതിസന്ധികളുണ്ടെങ്കിലും ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വമുണ്ടെങ്കിൽ അതിനെയെല്ലാം തരണം ചെയ്‌തു മുന്നേറാൻ കഴിയുമെന്നതിന്റെ സാക്ഷ്യവുമായി ലോകത്തിനു മുന്നിൽ തല ഉയർത്തി റുവാണ്ടയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top