10 December Sunday

നിള വീണ്ടുമൊഴുകുന്നു... സംവിധായിക ഇന്ദുലക്ഷ്‌മിയും നടി ശാന്തികൃഷ്‌ണയും സംസാരിക്കുന്നു

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Aug 13, 2023

നിള എന്നാൽ മലയാളിയുടെ മനസ്സിൽ കാൽപ്പനികമായ ഓളമാണ്‌. എം ടി വാസുദേവൻ നായരാണ്‌ നിളയെന്ന്‌ കേൾക്കുമ്പോൾ  കാൽപ്പനികനായ ഏത്‌ മലയാളിയുടെ മനസ്സിലും തെളിഞ്ഞുവരിക. തന്റെ ആദ്യ സിനിമയ്‌ക്ക്‌ ‘നിള’ എന്ന്‌ പേരിട്ട സംവിധായിക ഇന്ദുലക്ഷ്‌മിയുടെ മനസ്സിലും എം ടിയായിരുന്നു. നിളയെന്ന പേരിൽ ഇന്ദുലക്ഷ്‌മി ഒരുക്കിയ സിനിമ നിളപോലെ മനസിന്നകങ്ങളിൽ തൊട്ടുതലോടുന്ന ചലച്ചിത്രകാവ്യമാണ്‌. പുഴ ഒഴുകുന്നതുപോലെ സ്വച്ഛ സുന്ദരമായി ശാന്തസാന്ദ്രമായി നിള അനുഭൂതി ജനിപ്പിക്കുന്നു. വനിതാസംവിധായകരുടെ സർഗസംരംഭങ്ങളെ പിന്തുണയ്‌ക്കുന്ന കെഎസ്‌എഫ്‌ഡിസിയുടെ പദ്ധതിയിൽ നിർമിച്ച സിനിമയാണ്‌ നിള.

പ്രമേയത്തിൽ, അവതരണത്തിൽ, പാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ, കലാപരിചരണത്തിൽ എല്ലാം ഈ നവാഗത നമ്മളെ അതിശയിപ്പിക്കുന്നു. നിള സ്‌ത്രീജീവിതത്തെക്കുറിച്ച്‌ മനുഷ്യരെപ്പറ്റി ശുഭദീപ്‌തമായ ചിന്തകൾ പകരുന്ന മനോഹരമായ ചലച്ചിത്രാനുഭവമാക്കി ഇന്ദുലക്ഷ്‌മി. വേനലിൽ മണൽപ്പുഴയല്ലേ നിള. മഴക്കാലത്ത്‌ സമൃദ്ധമായി നിറഞ്ഞ്‌ കുത്തിയൊഴുകില്ലേ. പ്രതിസന്ധികളുടെ പാറക്കെട്ടുകളിൽ തല്ലിത്തളരാതെ ജീവിതനദി അതിജീവിച്ച്‌   ഒഴുകുമെന്ന പ്രതീക്ഷയാണ്‌ നിള. നായകന്മാർ നിറഞ്ഞാടുന്ന വർത്തമാനത്തിൽ നായികയിലൂടെ ആദ്യ സിനിമ എന്നതും നിളയെ വേറിട്ടതാക്കുന്നു. നായികയായ ഡോ. മാലതിയായി ശാന്തികൃഷ്‌ണ വിസ്‌മയിപ്പിക്കുന്ന അഭിനയമാണ്‌. സ്‌നിഗ്‌ധ സുന്ദരമായ ഭാവാഭിനയം. നിളയുടെ സംവിധായിക  ഇന്ദുലക്ഷ്‌മിയും നടി ശാന്തികൃഷ്‌ണയും സംസാരിക്കുന്നു.

മനുഷ്യനും മാനവികതയുമാണ്‌ പ്രധാനം: ഇന്ദുലക്ഷ്‌മി

എന്റെ അച്ഛൻ എംടിയുടെ വലിയ ആരാധകനായിരുന്നു. ഞാനും എംടിയുടെയും നിളയുടെയും ആരാധികയാണ്‌. അതിനാലാണ്‌ സിനിമയ്‌ക്ക്‌ നിള എന്ന്‌ പേരിട്ടത്‌. എന്തുകൊണ്ടീ സിനിമ എന്ന്‌ ചോദിച്ചാൽ വേറിട്ട്‌ പുതിയ രീതിയിൽ പറയണമെന്നുതോന്നി. അതിനുള്ള ശ്രമമുണ്ടായി. പ്രതികരണങ്ങൾ സന്തോഷം പകരുന്നു. ഏറെക്കാലമായുള്ള മോഹമാണീ സിനിമ. കഥയും പാട്ടും എഴുതിയതും ഞാൻതന്നെ.  

നായിക ഡോ. മാലതിയിൽ ഞാൻ കണ്ട ഒരുപാട്‌ സ്‌ത്രീകളുടെ ആത്മാംശമുണ്ട്‌. മാലതി ഞാനാണ്‌, മറ്റു പലരുമാണ്‌. അപകടത്തിൽപ്പെട്ട്‌ കിടക്കപ്പായയിൽ തളർന്ന്‌ കിടക്കുന്ന ഡോക്ടറിലൂടെയാണ്‌ കഥാപ്രയാണം. അവരുടെ മുറിക്ക്‌ പുറത്ത്‌ കാമറയും സിനിമയുമെത്തുന്നത്‌ ചുരുക്കമാണ്‌. അവരുടെ ഭാവങ്ങളിലും വാക്കിലുമാണ്‌ നിളയുടെ വികാസം.  ഡോ. മാലതിയെ കൈയടക്കത്തോടെയും മികവോടെയും ശാന്തികൃഷ്‌ണ അവതരിപ്പിച്ചു. അവരുടെ അഭിനയജീവിതത്തിലെ മികച്ച മുഹൂർത്തമായി നിള വിലയിരുത്തപ്പെടുന്നു. മറ്റൊന്ന്‌ മാമുക്കോയയാണ്‌. അഭിനയത്തോടുള്ള പാഷൻ,  പ്രതിബദ്ധത ഇവയെല്ലാം പ്രകടമാക്കുന്ന കലാകാരനാണ്‌ മാമുക്കോയ. അവസാനമായി അദ്ദേഹത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനായി. മകനായി വന്ന വിനീതും പ്രത്യേകം പരാമർശിക്കേണ്ടതാണ്‌. ഈ സിനിമയിൽ മറക്കാനാകാത്ത പേര്‌ കാമറാമാൻ   രാകേഷ്‌ധരന്റേതാണ്‌. സിനിമയുടെ അന്തരീക്ഷവും ഭാവവും സൃഷ്ടിക്കുന്ന മനോഹരമായ ദൃശ്യഭാഷയ്‌ക്ക്‌ രാകേഷിനോട്‌ കടപ്പെട്ടിരിക്കുന്നു.

പതിവായി ദൃശ്യവൽക്കരിക്കുന്ന അമ്മ കഥാപാത്രമല്ല  ഡോ. മാലതി. തൊഴിലിനോടും സമൂഹത്തോടും നീതിപുലർത്തുന്ന സ്‌ത്രീജീവിതമാണ്‌. അവർ അതിജീവിക്കുന്നു. തൊഴിലിനെ ആദരിക്കുന്ന സ്‌ത്രീജീവിതമാണിതിൽ. സ്വപ്‌നങ്ങളെ പിന്തുടരാം.  മനുഷ്യനും മാനവികതയുമാണ്‌ പ്രധാനമെന്നാണ്‌ പറയാൻ ശ്രമിച്ചത്‌. ആർജവവും ആത്മവിശ്വാസവുമുള്ള സ്‌ത്രീകളാണ്‌ നമ്മുടെ സമൂഹത്തിലുള്ളത്‌. അവരിൽ അഗാധമായ നന്മയുമുണ്ട്‌. നിളയിലൂടെ അത്‌ തിരിച്ചറിയുന്നതിൽ സന്തോഷമുണ്ട്‌.

വെല്ലുവിളി നിറഞ്ഞ കഥാപാത്രം: ശാന്തികൃഷ്‌ണ

നിളയിലെ ഡോ. മാലതി നന്നായി സ്വീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്‌. അഭിനയജീവിതത്തിൽത്തന്നെ ഇത്ര വ്യത്യസ്‌തമായ വേഷം ചെയ്‌തിട്ടില്ല. അത്‌ ശ്രദ്ധിക്കപ്പെടുന്നു. അഭിനയം അംഗീകരിക്കപ്പെടുമ്പോൾ കിട്ടുന്ന ആത്മനിർവൃതിയുണ്ട്‌. നായികയെന്നതിലുപരി വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണെന്ന്‌ കഥ കേട്ടപ്പോഴേ തിരിച്ചറിഞ്ഞിരുന്നു. സംവിധായിക ഇന്ദുലക്ഷ്‌മി അത്‌ ഭംഗിയായി വിശദീകരിച്ചുതന്നു. നവാഗത സംവിധായിക എന്ന പരിഭ്രമമോ  അപരിചിതത്വമോ ഇന്ദുവിന്‌ ചിത്രീകരണവേളയിലുണ്ടായിരുന്നില്ല. സിനിമയുടെ ഡബ്ബിങ്ങടക്കം സവിശേഷരീതിയിലായിരുന്നു.  റീക്ലൈനിങ്‌ ചെയറിലിരുത്തിയായിരുന്നു ഡബ്ബിങ്‌. കിടന്ന്‌ അഭിനയിച്ചയാൾ ഇരുന്ന്‌ സംസാരിച്ചാൽ ശബ്ദവ്യക്തതമാറും എന്ന ബോധ്യത്തിലായിരുന്നു അത്‌. ഇതിനെല്ലാം നല്ല ഫലമുണ്ടായി.

ഇടവേളയ്‌ക്കുശേഷം ഞണ്ടുകളുടെ നാട്ടിലൂടെയാണ്‌ ഞാൻ സിനിമയിൽ തിരിച്ചെത്തിയത്‌. അരവിന്ദന്റെ അതിഥികൾ, കുട്ടനാടൻ മാർപാപ്പ, പാച്ചുവും അത്ഭുതവിളക്കും... അങ്ങനെ കുറെ ചിത്രങ്ങൾ.   കിംഗ്‌ ഓഫ്‌ കൊത്തയിൽ ദുൽഖർ സൽമാനൊപ്പമാണ്‌ അഭിനയിച്ചത്‌. കൗരവരിൽ മമ്മൂട്ടിക്കൊപ്പം. അച്ഛനും മകനുമൊപ്പം അഭിനയിക്കാനായി എന്നതും പ്രധാനംതന്നെ. മാസ്റ്റർപീസ്‌ എന്ന വെബ്‌സീരിസും പൂർത്തിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top