26 April Friday

അവിശ്വസനീയം ഇബാറയുടെ ജീവിതയുദ്ധം

വി കെ അനുശ്രീ anusreevkallunkal@gmail.comUpdated: Sunday May 8, 2022

കാണാതായ മകനെ അന്വേഷിച്ചുള്ള അമ്മയുടെ യാത്രകൾ, പോരാട്ടം... അധികാര കേന്ദ്രങ്ങളുടെ ഉരുക്കുമുഷ്ടിക്കുമുന്നിലും പതറാത്ത സ്ഥൈര്യം. ഏതൊരു സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമയെയും വെല്ലുന്ന കഥയും ജീവിതവുമായിരുന്നു റൊസാരിയോ ഇബാറ ഡി പിയെഡ്ര. ‘അപ്രത്യക്ഷരായവരുടെ യോദ്ധാവ്' എന്ന് മെക്‌സിക്കൻ ജനത സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന ആ സമരജീവിതത്തിന് തൊണ്ണൂറ്റഞ്ചാം വയസ്സിൽ ഏപ്രിൽ 16ന് തിരശ്ശീല വീണു.

സായുധ കമ്യൂണിസ്റ്റ് സംഘത്തിലെ സജീവ പോരാളിയായിരുന്നു ഇബാറയുടെ മകൻ ജീസസ് പിയെഡ്ര. പൊലീസ് ഓഫീസറുടെ വധവുമായി ബന്ധപ്പെട്ട് 1975 ഏപ്രിൽ 18ന്‌ കസ്റ്റഡിയിലായ അദ്ദേഹത്തെപ്പറ്റി പിന്നീട് ഒരു വിവരവും ലഭിച്ചില്ല. തുടർന്നുള്ള പതിറ്റാണ്ടുകളിൽ മെക്‌സിക്കോയെ ആകെ സ്വാധീനിച്ച ഇബാറയുടെ സമരജീവിതത്തിന്റെ തുടക്കം അവിടെനിന്നാണ്.
മകനെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനായി ഇബാറ 1977ൽ യുറേക്ക കമ്മിറ്റി എന്ന സംഘടനയ്‌ക്ക്‌ രൂപം നൽകി.

ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരായ 557 രാഷ്ട്രീയ തടവുകാരെ വിട്ടുകിട്ടാനായി നിരന്തരം പോരാടി. 1982 ആയപ്പോഴേക്കും ഇതിൽ 148 പേരെ മോചിപ്പിക്കാനായി. ജീസസിന്റെ കേസ് പക്ഷെ അവസാനംവരെയും ഉത്തരമില്ലാത്ത ചോദ്യമായി തുടർന്നു.
കാണാതായവർക്കായുള്ള നിലയ്‌ക്കാത്ത പോരാട്ടം ഇബാറയെ മെക്‌സിക്കൻ ജനതയ്‌ക്ക്‌ പ്രിയങ്കരിയാക്കി. യുഎന്നിലേക്കടക്കം നടത്തിയ മാർച്ചുകളും പ്രക്ഷോഭങ്ങളും ലോകശ്രദ്ധയാകർഷിച്ചു. മെക്‌സിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ആദ്യ വനിതയായിരുന്നു അവർ (1982). രണ്ടുതവണ ഫെഡറൽ ഡെപ്യൂട്ടിയായും ഒരു തവണ സെനറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, നേട്ടങ്ങൾ തെല്ലും മോഹിപ്പിച്ചിരുന്നില്ല ഇബാറയെ.

2019ൽ അടുത്ത സൃഹൃത്തുകൂടിയായ പ്രസിഡന്റ്‌ ആന്ദ്രെസ്‌ മാനുവൽ ലോപസ്‌ ഒബ്രഡോർ സെനറ്റിന്റെ അംഗീകാരത്തോടെ നൽകിയ ബഹുമതി അവർ സ്‌നേഹപൂർവം നിരസിച്ചു. രാജ്യത്തുനിന്ന്‌ കാണാതായ ഒരുലക്ഷം പേർക്ക്‌ എന്തുസംഭവിച്ചു എന്നറിയാതെ ഒരു ബഹുമതിയും സ്വീകരിക്കില്ലെന്ന്‌ അവർ വ്യക്തമാക്കി. ഇതിൽ 98 ശതമാനം പേരും 2006നുശേഷം കാണാതായവരാണ്‌. മുൻ ഭരണാധികാരികളുടെ അതിക്രമവും വികലനയങ്ങളും തുടരരുതെന്നും ആ കുറ്റകൃത്യങ്ങൾക്കെതിരെ നടപടി വേണമെന്നും അവർ ഒബ്രഡോറിനെ നിരന്തരം ഓർമിപ്പിച്ചു.

അരക്ഷിതർക്കും ഉറ്റവർ നഷ്‌ടമായ കുടുംബങ്ങൾക്കുമായി ഇബാറ നടത്തിയ പോരാട്ടങ്ങൾ എന്നെന്നും സ്മരിക്കപ്പെടുമെന്ന്‌ പ്രസിഡന്റ്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അവരുടെ പ്രവർത്തനങ്ങൾക്കും സംഭാവനകൾക്കും മരണമില്ലെന്ന് സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും തുടരുന്ന സ്‌നേഹപ്രകടനങ്ങൾ തെളിവ്‌ നൽകുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top