18 December Thursday

‘അന്ന്‌ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഈ വേദിയും നഷ്ടമാകുമായിരുന്നു'

സ്വന്തം ലേഖികUpdated: Friday Sep 8, 2023

ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻ സ്റ്റഡീസിന്റെ ദേശീയ സമ്മേളനത്തിന്റെ പ്രമേയമായ

തിരുവനന്തപുരം>"ചുറ്റുമുള്ളവരിൽനിന്ന്‌ നേരിട്ട അവഗണനയും അവജ്ഞയും ജാതിയുടെ പേരിലുള്ള അവഹേളനങ്ങളും മനസ്സിനെ തളർത്തിയിരുന്നെങ്കിൽ, അതിന്റെ പേരിൽ അന്ന്‌ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇന്ന്‌ ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുമായിരുന്നില്ല'–- ഹരിയാന സ്വദേശിനിയും സ്വാഭിമാൻ സൊസൈറ്റി സ്ഥാപകയുമായ മനിഷാ മഷാൽ പറയുന്നു. ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻ സ്റ്റഡീസിന്റെ (ഐഎഡബ്ല്യുഎസ്‌) 17–-ാമത്‌ ദേശീയ സമ്മേളനത്തിന്റെ പ്രമേയമായ "സ്ത്രീകളുടെ പഠനവും സ്ത്രീ മുന്നേറ്റങ്ങളും: വെല്ലുവിളികളും പ്രതിരോധവും' എന്ന പ്ലീനറിയിൽ സംസാരിക്കുകയായിരുന്നു അവർ.

ദളിത്‌മുക്തി പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രവർത്തിച്ചപ്പോഴാണ്‌ ഞാൻ "മഹാദളിത്‌' ആണെന്ന്‌ മന‌സ്സിലായത്‌– -ദളിതരിലും ദളിത. പഠനകാലത്ത്‌ അധ്യാപകരാണ്‌ തൊട്ടുകൂടാത്തവളാണെന്ന ബോധം വിവേചനത്തിലൂടെ തന്നിലുണ്ടാക്കിയതെന്ന്‌ മനിഷാ പറയുന്നു. മാംസം കഴിക്കുന്നവരായതിനാൽ ക്ലാസ്‌മുറിയുടെ ഏറ്റവും പിന്നിൽ പോയി ഇരിക്കണമെന്നായിരുന്നു ആവശ്യം. അന്ന്‌ മുന്നിൽത്തന്നെ ഇരുന്നാണ്‌ താൻ പ്രതിഷേധിച്ചതെന്ന്‌ അവർ പറഞ്ഞു. ഇപ്പോൾ അഭിഭാഷകയാണ്‌. അന്തസ്സുള്ള ജീവിതവും മര്യാദയോടെയുള്ള പെരുമാറ്റവും എല്ലാവരും അർഹിക്കുന്നുണ്ട്‌. അതിനുവേണ്ടി ഒരാൾമാത്രമല്ല, എല്ലാവരും പൊരുതണമെന്നും അവർ പറഞ്ഞു. പിന്മാറി ഒളിക്കണമെന്നല്ല എല്ലാവരേക്കാളും മുന്നിലെത്തണമെന്ന ആഗ്രഹമാണ്‌ തന്നെ നയിക്കുന്നതെന്നും മനിഷാ കൂട്ടിച്ചേർത്തു.

സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എ ആർ സിന്ധു, ഡൽഹി സെന്റർ ഫോർ വിമൻസ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ മുൻ ഡയറക്ടർ ഇന്ദു അഗ്നിഹോത്രി, ഡൽഹി സർവകലാശാലയിലെ മുൻ അധ്യാപിക സാധനാ ആര്യ, മനുഷ്യാവകാശ പ്രവർത്തക നവ്ശരൺ സിങ് തുടങ്ങിയവരും  സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top