28 March Thursday

ഹെനയുടെ ടിയാൻ ​ പ്രയാണം

ആൻസ്‌ ട്രീസാ ജോസഫ്‌Updated: Sunday Sep 18, 2022

 

2050 ഫെബ്രുവരി 13. പുതുതായി കണ്ടെത്തിയ ടിയാൻ ​ഗ്രഹത്തിലേക്ക് വെള്ളം കണ്ടെത്താമെന്ന പ്രതീക്ഷയിൽ തുമ്പയിൽ നിന്ന് കുതിച്ചുയരുന്ന റോക്കറ്റ്.
ഒരു പന്ത്രണ്ടുകാരിയുടെ ഫാന്റസിയല്ല, മറിച്ച് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് 2050ലെ ടിയാൻ ദൗത്യം വിവരിക്കുന്നത്. വാർത്തകളിലൂടെ അറിഞ്ഞ, കഥകളിലൂടെ കേട്ട ആ​ഗോളതാപനത്തിൽ നിന്ന് രക്ഷപ്പെടാൻ അവൾ കണ്ടെത്തിയ സാങ്കൽപ്പിക സൃഷ്ടിയാണ് ടിയാൻ എന്ന പുതിയ ​ഗ്രഹം. 18 വർഷങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിച്ച് അവളെഴുതിയ കഥ. ദി മിഷൻ ആൻഡ് ദി മാം​ഗോംസ്. ചെന്നൈയിൽ ജനിച്ചുവളർന്ന ഹെന പർവീണിന്റെ ആദ്യ പുസ്തകം. പക്ഷേ കഥയും പശ്ചാത്തലവുമൊക്കെയായി കേരളത്തെയാണ് ഹെന ഒപ്പം കൂട്ടിയത്. അല്ലെങ്കിലും അവധിക്കാല യാത്രകളിൽ നിറഞ്ഞുനിൽക്കുന്ന കേരളത്തോളം അടുപ്പം അവൾക്ക് മറ്റൊന്നിനോടും തോന്നിയിരുന്നില്ല.

ചെന്നൈയിലെ കൊടുംവേനലിലും നേർത്ത തണുത്ത കാറ്റ് മുറിയിലേക്ക് എത്തിക്കുന്ന ജനലിനരികിലെ വേപ്പുമരവും കോഴിക്കോട്ടെ വീട്ടുവളപ്പിലെ മാവിന്റെ നിഴലുമൊന്നും തനിക്ക് നഷ്ടപ്പെടരുതെന്ന ചിന്ത അവളിലെന്നുമുണ്ടായിരുന്നു. നാട്ടിലേക്കുള്ള യാത്രയിൽ അച്ഛന്റെയും അമ്മയുടെയും സംസാരങ്ങളിൽ കടന്നുവന്ന സൈലന്റ് വാലിയും പുലമന്തോളും കുന്തിപ്പുഴയുമാണ് ഇങ്ങനെയൊരു കഥയിലേക്ക് എത്തപ്പെടാനുള്ള കാരണമെന്ന് ഹെന പറയുന്നു.

മിസ്റ്റീരിയസായ ഒരു കഥയെഴുതാമെന്നാണ്  തുടക്കത്തിൽ ഓർത്തതെങ്കിലും പതിയെ ​കഥയും പരിസരവും മാറുകയായിരുന്നു. ആദ്യ ആറ് അധ്യായങ്ങളെഴുതിക്കഴിഞ്ഞ് അച്ഛന് ഇമെയിൽ ചെയ്‌തു. അതൊരു സർപ്രൈസായിരുന്നു, പിന്നീട് അവരുടെ അഭിപ്രായങ്ങൾ കൂടി കേട്ടശേഷമാണ് ബാക്കി പൂർത്തിയാക്കിയത്. കുറെയധികം വായിക്കും, പുതിയൊരു കാര്യമുണ്ടായാൽ അതിനെ കൂടുതൽ അറിയാൻ ശ്രമിക്കും. എല്ലാ യാത്രകളിലും കൈയിലൊരു ഡയറിയുണ്ടാകും. ഓരോ ദിവസത്തെയും സംഭവങ്ങൾ അതേപോലെ ഡയറിയിലേക്ക് പകർത്താനാണ്‌ ഇഷ്ടം. അതുതന്നെയാണ് എഴുത്തിലേക്ക് എത്തിച്ചത്. പിന്നെ സ്പേസും സ്പേസ്‌ ഷിപ്പുമെല്ലാം വന്നുപെട്ടത് ചാന്ദ്രയാൻ 2 മിഷനിൽ നിന്നാണ്. അന്നത് ലൈവായി കണ്ടിരുന്നു. അങ്ങനെയാണ് ആ​ഗോളതാപനവും സൈലന്റ് വാലിയും സ്പേസുമെല്ലാം ഒന്നിച്ച്‌ എന്റെ കഥയിലേക്ക് വന്നത് - ​ഹെന പറയുന്നു.

തുമ്പ സ്പേസ് റിസർച്ച് സ്റ്റേഷൻ മേധാവി യോഹാൻ മനേഷും അദ്ദേഹത്തിന്റെ ചെറുമകൾ പന്ത്രണ്ടുവയസ്സുകാരി റൈമയുമാണ് ഹെനയുടെ കഥയിലെ പ്രധാനകഥാപാത്രങ്ങൾ. നമ്മുടെ നദികളും കുളങ്ങളും മരങ്ങളുമടങ്ങുന്ന പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണ്. സൗന്ദര്യമൊട്ടും ചോരാതെ തങ്ങൾക്കും തങ്ങളെ കഴിഞ്ഞുള്ള തലമുറകൾക്കുമായി ഒരിടം ഒരുക്കണം. ആ സന്ദേശമാണ് ഹെന തന്റെ ബുക്കിലൂടെ പങ്കുവയ്ക്കുന്നത്. കോഴിക്കോട് സ്വദേശിയും ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഇൻഫെക്ഷ്യസ് ഡിസീസസ് കൺസൾട്ടന്റുമായ ഡോ. അബ്ദുൾ ​ഗഫൂറിന്റെയും നിഷിയുടെയും മകളാണ് ഹെന. സഹോ​ദരൻ ഹേസൽ.


annsjoseph204@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top