19 April Friday

ചോരയ്‌ക്കെന്ത് ജാതി?

അജില പുഴയ്‌ക്കൽUpdated: Sunday Jan 23, 2022


ajilaramachandran@gmail.com

നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര... നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര... ചോരയിൽ ഇല്ലാത്ത വ്യത്യാസം പിന്നെ ജാതിക്കെന്തിനാണ്? ഈ ചോദ്യം മുഴങ്ങുന്നത് ഹരിതാ തമ്പാന്റെ നൃത്തവേദികളിലാണ്. ജാതി വിവേചനത്തിനെതിരെ  നൃത്തംകൊണ്ട് കലഹിക്കുകയാണ്  ഹരിത. മനുഷ്യരെല്ലാം സമന്മാരാണെന്ന  വലിയ സന്ദേശവുമായി പൊട്ടൻ തെയ്യത്തെ ഭരതനാട്യം രൂപത്തിൽ അവതരിപ്പിക്കുകയാണ്  കണ്ണൂർ പിലാത്തറ സ്വദേശിയായ ഹരിത. ചിലമ്പ്‌ എന്ന പേരിൽ നിരവധി വേദിയിൽ നൃത്താവിഷ്‌കാരം അവതരിപ്പിച്ചു.

സർവജ്ഞപീഠം കയറാൻ പോകുന്ന ശങ്കരാചാര്യരുടെ വഴി തടഞ്ഞ ചണ്ഡാള വേഷധാരിയായ പരമശിവന്റെ കഥയാണ്‌ ഭരതനാട്യമായി വേദിയിൽ എത്തുന്നത്‌. ആരെ ‘കൊത്തിയാലും’ ചോരയുടെ നിറം ഒന്നല്ലേയെന്ന തിരിച്ചറിവിലേക്ക്‌ ശങ്കരാചാര്യരെ എത്തിക്കുന്നതാണ്‌ ഇതിവൃത്തം. തോറ്റം പാട്ടിന്റെയും കർണാടക സംഗീതത്തിന്റെയും പശ്ചാത്തലത്തിലാണ്  അവതരണം. ഹരിത ആദ്യമായി സ്വതന്ത്ര കോറിയോഗ്രഫി ചെയ്‌ത നൃത്താവിഷ്‌കാരമാണിത്‌.

ജാതി വിവേചനം പ്രകടമാകുന്ന കാലത്ത്‌ പൊട്ടൻ തെയ്യത്തിന്‌   പ്രസക്തിയുണ്ടെന്ന് ഹരിത പറയുന്നു. നൃത്തം സമൂഹത്തിന് നന്മ ചെയ്യാനുള്ളതാണ്. അതിനാലാണ് ഈ വിഷയം എടുത്തത്. നാട്ടിലെ കലാരൂപം മറ്റിടങ്ങളിലും പ്രചരിപ്പിക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് ഹരിത.

നിയമസഭയിലും സൂര്യ ഫെസ്റ്റിവലിലും കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാർഷികത്തിനുമെല്ലാം ചിലമ്പ് അവതരിപ്പിച്ചു. വിവിധ സാമൂഹ്യ വിഷയങ്ങൾ അഞ്ഞൂറിലധികം വേദികളിൽ അവതരിപ്പിച്ചതിന്‌  ഇന്ത്യൻ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിലും ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിലും ഇടം നേടിയിട്ടുണ്ട്‌. ചിലമ്പ്‌ കൂടാതെ മകളെ നിനക്കായ്‌, ടാസിടേൺ വെപ്പൺ, താര എന്നീ നൃത്താവിഷ്‌കാരങ്ങളും ഹരിത സംവിധാനം ചെയ്‌തിട്ടുണ്ട്‌. നിലവിൽ കേരള കലാമണ്ഡലത്തിൽ ഗവേഷണ വിദ്യാർഥിയും ലാസ്യ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സിൽ അധ്യാപികയുമാണ്‌. ക്ഷേത്രകലാ അക്കാദമിയുടെ യുവ കലാപ്രതിഭ പുരസ്‌കാര ജേതാവാണ്‌. അമ്മ: കലാമണ്ഡലം ലത ഇടവളത്ത്‌. അച്ഛൻ: നാടക സംവിധായകനായ തമ്പാൻ കാമ്പ്രത്ത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top