25 April Thursday

അസഹിഷ്ണുതയുടെ ചങ്ങലക്കെട്ടിനുള്ളിൽ ഒരു കലാസൃഷ്ടി കൂടി ബന്ധിക്കപ്പെട്ടിരിക്കുന്നു

ഡോ. ശരത് മണ്ണൂർUpdated: Tuesday Feb 19, 2019

അസഹിഷ്ണുതയുടെ ചങ്ങലക്കെട്ടിനുള്ളിൽ ഒരു കലാസൃഷ്ടി കൂടി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത്തവണ ‘ഗുൽ മകായി'  എന്ന ബോളിവുഡ് സിനിമയാണ് ഈ ദുർഗതിക്ക്  ഇരയായിരിക്കുന്നത്. താലിബാൻ ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ, 2014 ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയ മലാല യുസഫ് സായിയുടെ ജീവിതകഥ പറയുന്ന ഈ സിനിമയ്ക്ക് പാകിസ്ഥാൻ പ്രദർശന വിലക്ക് കൽപ്പിച്ചിരിക്കുകയാണ്.

രാജ്യത്തെ  അപകീർത്തിപ്പെടുത്തുന്ന നിരവധി പരാമർശങ്ങൾ സിനിമയിലുണ്ടെന്നാണ്  അവരുടെ  ആരോപണം. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള ഭരണകേന്ദ്രത്തിന്റെ നിര്‍ദയമായ ഇടപെടലുകളെ തുറന്നുകാണിച്ചുകൊണ്ടാണ് വാർത്താമാധ്യമങ്ങൾ ഈ സംഭവത്തെ  ലോകശ്രദ്ധയിലേക്കെത്തിച്ചത്. ബസവതി  ചക്രബർത്തിയുടെ തിരക്കഥയിൽ അംജദ് ഖാൻ സംവിധാനം ചെയ്ത സിനിമയാണ് ‘ഗുൽ മകായി'. ഓം പുരി, ദിവ്യ ദത്ത, മുകേഷ് ഋഷി, പങ്കജ് ത്രിപാഠി തുടങ്ങിയ പ്രമുഖർ  വേഷമിട്ട  ഈ ചിത്രം ഏറെ കാലത്തെ തയ്യാറെടുപ്പുകൾക്കു ശേഷം 2018 ലാണ്  പൂർത്തിയായത്.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ  ഗുൽ മകായിയുടെ ആദ്യ പ്രദർശനം ഇക്കഴിഞ്ഞ ജനുവരി ഇരുപത്തിയഞ്ചിന് ലണ്ടനിൽ നടന്നു. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സ്ഥാനപതിമാരും യുഎൻ പ്രതിനിധികളും    മലാലയുടെ കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ഗുൽ മകായിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. സദസ്യർ ഒന്നടങ്കം എഴുന്നേറ്റുനിന്ന് നീണ്ട കരഘോഷം മുഴക്കി  സിനിമയെ വരവേറ്റെങ്കിലും പാക് പ്രതിനിധികൾ പിന്നീട്  നിലപാട് മാറ്റുകയായിരുന്നു.

സിനിമ തങ്ങളുടെ രാജ്യത്തെ അപമാനിക്കുന്നതാണെന്നും അതിനാൽ പാകിസ്ഥാനിൽ ഇതിന്  പ്രദർശനാനുമതി നൽകാനാവില്ലെന്നും അവർ അറിയിച്ചു. വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ സംഘർഷ ബാധിത പ്രവിശ്യയായ സ്വാത് താഴ്‌വര 2009 ലാണ് താലിബാന്റെ പൂര്‍ണനിയന്ത്രണത്തിലായത്. അതിനെത്തുടര്‍ന്ന് ഇസ്ലാമിന്റെ  പേരില്‍ സ്വന്തമായി സൃഷ്ടിച്ച  കാടന്‍ നിയമങ്ങളുമായി അവര്‍ ആ പ്രദേശത്ത് തേർ‌വാഴ്ച നടത്തി. പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചു.  മേഖലയിലെ നൂറിലധികം സ്കൂളുകൾ ബലം പ്രയോഗിച്ച് അടച്ചുപൂട്ടി. നിരവധി സ്കൂളുകൾ അഗ്നിക്കിരയാക്കി. അതോടെ മലാലയടക്കമുള്ള നിരവധി പെൺകുട്ടികൾക്ക് സ്കൂൾ ജീവിതം സ്വപ്നമായിമാറി.

ഇതിനെതിരെ ബിബിസിയുടെ ഉറുദു വിഭാഗത്തിൽ ഗുൽ മകായി  എന്ന തൂലികാ നാമത്തിൽ മലാല  നിരന്തരം  ലേഖനങ്ങളും  പ്രതിഷേധക്കുറിപ്പുകളുമെഴുതി. അവ വളരെ വേഗം ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. താലിബാന്റെ  നോട്ടപ്പുള്ളികളുടെ ലിസ്റ്റിൽ മലാലയെന്ന പേര് ഒന്നാമതായി സ്ഥാനം പിടിക്കുന്നത് അങ്ങനെയാണ്. അവളുടെ നെഞ്ചിലേക്ക്  നിറയൊഴിച്ചുകൊണ്ട്  അവളെ നിശബ്ദയാക്കാനുള്ള ഭീകരവാദികളുടെ  ശ്രമം പക്ഷേ വിജയം കണ്ടില്ല.   മരണത്തിന്  കീഴടങ്ങാതെ   ദീർഘകാലത്തെ ആശുപത്രി വാസത്തിനുശേഷം അവൾ ജീവിതത്തിലേക്ക് തിരിച്ചുവരികയും തുടർന്ന്  ഭീകരവാദത്തിനെതിരെയുള്ള പ്രചാരണ പരിപാടികളിലും   ലോകമെങ്ങുമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള അവകാശ സമരങ്ങളിലും സജീവ സാന്നിധ്യമായി മാറുകയും ചെയ്തു.

ഇസ്‌ലാമിക തീവ്രവാദത്തിനെതിരെയുള്ള   ആശയ സംവാദങ്ങളില്‍  ഇപ്പോഴും ശക്തമായി  ഇടപെട്ടുകൊണ്ടിരിക്കുന്ന ഈ  പെൺകുട്ടിയുടെ സംഭവബഹുലമായ  ജീവിതമാണ് ഗുൽ മകായി എന്ന സിനിമയിലൂടെ ഇതൾ വിരിയുന്നത്. അവളുടെ  പോരാട്ടത്തിന്റേയും  അതിജീവനത്തിന്റേയും കഥ പറയുന്നതോടൊപ്പം   പാകിസ്ഥാനിലെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിഗതികളെ സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യുന്നു ഈ സിനിമ. തന്റെ സിനിമയ്‌ക്കെതിരെയുള്ള വിലക്കിനെക്കുറിച്ച്  പ്രതികരിക്കവേ അംജദ് ഖാൻ പറഞ്ഞത്  ‘ഏറ്റവും സത്യസന്ധമായാണ് താൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്’ എന്നാണ്.

മലാലയുടെ  നോബൽ പുരസ്കാരലബ്ധിക്കെതിരെ  പരസ്യമായി നിലപാടെടുത്ത  പാക് അധികാരികളിൽ നിന്നും   ഇത്തരമൊരു നീക്കമുണ്ടായതിൽ അദ്‌ഭുതമില്ലെന്നു  വെളിപ്പെടുത്തിയ അദ്ദേഹം തന്റെ നിലപാടുകളെ സാധൂകരിക്കുന്നത്  "കൃഷ്ണന്റെ മഹത്വത്തെക്കുറിച്ചു പറയുമ്പോൾ നമുക്ക് കംസന്റെ ക്രൂരതകളെപ്പറ്റിയും  പറയേണ്ടിവരില്ലേ’  എന്ന് പകുതി കാര്യമായും പകുതി തമാശയായും ചോദിച്ചുകൊണ്ടാണ്. (വിശ്രുത ഉറുദു സാഹിത്യകാരൻ സാദത്ത് ഹസ്സൻ മൻതോയുടെ  ജീവിതത്തെ ആസ്പദമാക്കി നന്ദിത ദാസ് തയ്യാറാക്കിയ 'മൻതോ'   എന്ന സിനിമയ്ക്ക്  സമാനമായ രീതിയിലുള്ള വിലക്ക് പാക്കിസ്ഥാനിൽ നേരിടേണ്ടി വന്നിരുന്നു).

അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്നവർക്കെതിരെ   തടവറകളും തൂക്കുമരങ്ങളും ഉയർന്നുവന്നിട്ടുള്ളതിന്   ലോകചരിത്രത്തിൽ എത്രവേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. ഗലീലിയോയിലും  സോക്രട്ടീസിലും തുടങ്ങി ദറിൻ  തതൂറിലും നന്ദിതാ ദാസിലും മലാലയിലും  വരെ എത്തിനിൽക്കുകയാണ്  ഇത്തരത്തിൽ നിശ്ശബ്ദരാക്കപ്പെട്ടവരുടെ നീണ്ട നിരകൾ. ഇനിയും എത്രയോ  എഴുത്തുകാർ, ചിന്തകർ, ആർട്ടിസ്റ്റുകൾ, ആക്ടിവിസ്റ്റുകൾ, ചലച്ചിത്ര പ്രവർത്തകർ  തുടങ്ങിയവർ അസഹിഷ്ണുതയുടെ ഈ ചങ്ങലകൾക്കുള്ളിൽ ബന്ധിതരായേക്കാം. എങ്കിലും, അവരുടെ ധിഷണയിൽ നിന്നും ഉയിരെടുക്കുന്ന കലാസൃഷ്ടികളെ ഏറെക്കാലം നിശബ്ദമാക്കുവാൻ ഒരു ഭരണത്തിനും കഴിയില്ല എന്ന സത്യവും ചരിത്രം  വിളിച്ചു പറയുന്നുണ്ട്.

ഓരോ കലാസൃഷ്ടിയും അക്ഷയവും അപ്രതിരോധ്യവുമാണെന്നതാണ് അതിനുള്ള കാരണം. അതുകൊണ്ടുതന്നെ  ഗുൽ മകായിയും  അധികം വൈകാതെ എല്ലാ  വിലങ്ങുകളും   പൊട്ടിച്ചെറിയുക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top