09 December Saturday

ഈ ഞരമ്പുരോഗത്തിന്‌ ചികിത്സ വൈകരുത്‌...ഡോ. കീർത്തി പ്രഭ എഴുതുന്നു

ഡോ. കീർത്തി പ്രഭUpdated: Thursday Sep 29, 2022

കീർത്തി പ്രഭ

കീർത്തി പ്രഭ

മറ്റുള്ളവർ എന്ത് കരുതും എന്ന് നിരന്തരം ആകുലപ്പെടുന്നവർക്ക് ആത്മവിശ്വാസക്കുറവും അപകർഷതാബോധവും കൂടുതലായിരിക്കും. ഒരു സിനിമ തുടങ്ങാറാകുമ്പോൾ നിശബ്ദരായി സ്ക്രീനിലേക്ക് കണ്ണു മിഴിച്ച് നോക്കിനിൽക്കുന്ന ആളുകളുടെ മുന്നിലൂടെ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ അപ്പൂപ്പനെ ഒന്നു മുട്ടാൻ വരുന്ന ജഗദീഷിനെ പോലെ തലതാഴ്ത്തി ഒറ്റക്കണ്ണിട്ട് നോക്കി നടന്നു പോകേണ്ടി വരുന്നത് പലപ്പോഴും തിയേറ്ററിൽ ഇരിക്കുന്നവരൊക്കെ തന്നെ നോക്കി എന്താണ് കരുതുന്നുണ്ടാവുക എന്നുള്ള ഉത്കണ്ഠ  കാരണമാവാം.ഒരു പൊതുവേദിയെ അഭിമുഖീകരിക്കാനുള്ള ഭയവും ഇത്തരത്തിൽ മറ്റുള്ളവരുടെ തോന്നലുകളെ കുറിച്ച് അമിതമായി ചിന്തിക്കുമ്പോൾ സംഭവിക്കുന്നതാണ്. അത്തരം ചിന്തകളെ മറികടന്ന് സ്വന്തം ജീവിതത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ ശ്രമിക്കുന്ന മനുഷ്യരിലേക്ക് ഏതെങ്കിലും രീതിയിൽ കടന്നു കയറി അവരുടെ ആത്മവിശ്വാസം കെടുത്താനും വേദനിപ്പിക്കാനും ഒരു വിഭാഗം ആളുകൾ ശ്രമിക്കുന്നതിന്റെ കാരണമെന്താണ് എന്നത് ഇനിയും മനസ്സിലാകാത്ത ഒരു വസ്തുതയാണ്. മനുഷ്യക്കൂട്ടങ്ങളിൽ ഒരു നിയന്ത്രിത പരിസ്ഥിതി ഉണ്ടാകാനും അതിലൂടെ വ്യക്തികൾക്ക് എല്ലാ രീതിയിലും വളർച്ച  ഉണ്ടാകുവാനുമാണ് സമൂഹവും മതവും സമുദായങ്ങളും മറ്റു കൂട്ടായ്മകളും ഒക്കെ മനുഷ്യൻ ഉണ്ടായ കാലം മുതൽ രൂപപ്പെട്ടിട്ടുള്ളത്.പക്ഷേ ഇന്ന് എന്താണ് സംഭവിക്കുന്നത്. എത്ര വേണ്ടപ്പെട്ടവർ ആയാൽ പോലും മറ്റൊരാളുടെ ജീവിതത്തിലേക്ക് അനാവശ്യമായ കൈകടത്തി അയാളെ നിയന്ത്രിക്കാനുള്ള അധികാരം തനിക്കുണ്ട് എന്ന ചിന്തയോടെ പ്രവർത്തിക്കുമ്പോൾ നശിക്കുന്നത് അയാളുടെയും അയാൾ കടന്നു കയറുന്ന വ്യക്തിയുടെയും  വിലപ്പെട്ട സമയവും മാനസികാരോഗ്യവുമാണ്.

ഏത് അളവുകോലിന്റെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയുടെ നേർക്ക് തനിക്ക് കടന്നു കയറാം എന്ന് മറ്റൊരാൾ തീരുമാനിക്കുന്നത്. സ്ത്രീകൾ,കുട്ടികൾ, പണമില്ലാത്തവർ,താഴ്ന്ന ജാതിക്കാർ എന്ന് വിളിക്കപ്പെടുന്നവർ , സമൂഹം കൽപ്പിച്ചു വച്ചിരിക്കുന്ന തൊഴിൽ സ്റ്റാറ്റസ് ഇല്ലാത്തവർ, അധികാരമില്ലാത്തവർ  ഇവരൊക്കെ ഏതെങ്കിലും തരത്തിൽ കടന്നു കയറ്റങ്ങൾക്കും അതിക്രമങ്ങൾക്കും  വിധേയരായിക്കൊണ്ടേയിരിക്കുന്നുണ്ട്. മതങ്ങളുടെയും സമുദായങ്ങളുടെയും സമൂഹത്തിന്റെയും ഒക്കെ ഭാഗത്തുനിന്ന്  ഇത്തരം കടന്നുകയറ്റങ്ങൾ കൂടുതലായും ഉണ്ടാകുന്നത് സ്ത്രീകൾക്ക് നേരെയാണ്. സ്ത്രീകളുടെ വസ്ത്രധാരണവും അവളുടെ നിലപാടുകളും അവൾ ചെയ്യുന്ന പ്രവർത്തികളും നിരന്തരം പരിശോധനകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ എന്ന് ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരം  ആർക്കും പറയാൻ ഉണ്ടാവില്ല. സ്ത്രീകളുടെ വസ്ത്രധാരണം നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കുന്നു അല്ലെങ്കിൽ അവൾ ആ വസ്ത്രം ധരിക്കുന്നത് എനിക്ക് ഇഷ്ടമല്ല തുടങ്ങിയ ബാലിശമായ ന്യായങ്ങൾ മാത്രമേ എല്ലാവർക്കും പറയാനുണ്ടാവൂ. നമ്മുടെ സംസ്കാരവും പാരമ്പര്യവും എന്തുമാത്രം അന്യായങ്ങളും അനീതികളും ക്രൂരതകളും നിറഞ്ഞതായിരുന്നു എന്നറിയാൻ ഒരുപാടൊന്നും പ്രയാസപ്പെടേണ്ടതില്ല. കുറച്ചൊക്കെ ചരിത്രം അറിഞ്ഞാൽ മതിയാകും. ആ സംസ്കാരത്തെ പറ്റിയും പാരമ്പര്യത്തെ പറ്റിയും ആണ് ഇപ്പോഴും പറഞ്ഞ ഊറ്റം കൊള്ളുന്നതെങ്കിൽ  അത് തിരുത്തി എഴുതേണ്ടത് തന്നെയാണ്.
 

തിരക്കിനിടയിലും ഇരുട്ടിലും സ്ത്രീയെ കണ്ടാൽ ഒരു അവസരമായി കാണുന്ന ആളുകളും അസമയത്ത് ഇറങ്ങി നടന്നത് കൊണ്ടാണ്, വസ്ത്രധാരണത്തിലെ പിഴവാണ്, ആണുങ്ങളുടെ ഇടയിലേക്ക് നടന്നു ചെന്നതാണ് അവൾ ഉപദ്രവിക്കപ്പെടാൻ കാരണം എന്നു പറയുന്നവരും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.

ഒരു സ്ത്രീ ആക്രമിക്കപ്പെട്ടാൽ പോലും അവൾ ഇറങ്ങി നടന്ന സമയത്തെയും അവളുടെ വസ്ത്രധാരണത്തെയും ചോദ്യം ചെയ്തുകൊണ്ട് അവളെ തന്നെ കുറ്റവാളിയാക്കുന്ന അവിവേകികളുടെ  സമൂഹമാണ് നമ്മുടേത്. വസ്ത്ര സ്വാതന്ത്ര്യത്തിനു വേണ്ടി മാറുമറയ്ക്കൽ സമരം പോലുള്ള വലിയ വിപ്ലവങ്ങൾ നടന്ന നാടാണ് നമ്മുടെത്. എന്ത് ധരിക്കണം എന്ത് ധരിക്കരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം പരിപൂർണ്ണമായും വ്യക്തിയിൽ അധിഷ്ഠിതമാണ് എന്ന് നിയമം തന്നെ ഉറപ്പിക്കുന്നുണ്ട്. വസ്ത്ര സ്വാതന്ത്ര്യത്തിനുവേണ്ടിയും അവകാശങ്ങൾക്കു വേണ്ടിയും നടത്തിയ സമരങ്ങളുടെ ചരിത്രമാണ് എക്കാലത്തും സംസ്കാരം എന്ന പേരിൽ നമ്മൾ ഉയർത്തിപ്പിടിക്കേണ്ടത്.അതല്ലാതെ ഇതു മാത്രമാണ് സംസ്കാരമുള്ളവരുടെ വസ്ത്രം,ഇതു മാത്രമാണ് സംസ്കാരമുള്ളവരുടെ പ്രവൃത്തി എന്ന് നിർണയിക്കുന്ന  ലിഖിത നിയമങ്ങളൊന്നും നമുക്കില്ല. വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും അവകാശങ്ങൾക്കും അപ്പുറം യാതൊരു പ്രാധാന്യവും അത്തരം കപടസംസ്കാരങ്ങൾക്കില്ല.

ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ അസഭ്യങ്ങളും സൈബർ ആക്രമണങ്ങളും കൂടുതലായും നേരിടേണ്ടി വരുന്നതും സ്ത്രീകൾക്കാണ്. പ്രത്യേകിച്ച് സിനിമാ മേഖലകളിലും മീഡിയകളിലും ഒക്കെ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക്. നമ്മുടെ സദാചാരബോധങ്ങൾക്ക് അപ്പുറമുള്ള വസ്ത്രം ധരിക്കുന്ന,നമ്മുടെ സദാചാര ചിന്തകൾക്കപ്പുറം സാമൂഹിക ഇടപെടലുകൾ നടത്തുന്ന  ഒരു സ്ത്രീയെ അപമാനിക്കാനും അസഭ്യം പറയാനും കയ്യേറ്റം ചെയ്യാനുമുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിന് എന്ത് സംസ്കാരത്തെ കുറിച്ചാണ് സംസാരിക്കാനുള്ളത്. ബലാൽസംഘത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമാണ് കേരളം എന്ന സംസ്ഥാനത്തിന്.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പലപ്പോഴും ഒരു സമൂഹത്തിന്റെയൊന്നാകെ  ലൈംഗിക നിരാശയുടെ പ്രതിഫലനമായിട്ടാണ് തോന്നിയിട്ടുള്ളത്.അല്ലാതെ ഒരു സ്ത്രീ ധരിച്ച വസ്ത്രത്തെക്കുറിച്ച് ഇത്രയധികം ആകുലരാകേണ്ട കാര്യമെന്താണ്.ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമായി കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. സമീപകാലത്ത് ഉണ്ടായ ഒരുപാട് സംഭവങ്ങൾ അതിനുള്ള സൂചന നൽകിയിട്ടും ലൈംഗിക വിദ്യാഭ്യാസം കൊടുക്കുന്നതിനുള്ള തടസ്സങ്ങൾ പരിഹരിക്കാൻ ഇനിയും വൈകുന്നത് എന്താണ്.

സിനിമ പ്രമോഷനിടയിൽ നടിമാരെ കയറിപ്പിടിച്ചവർക്കും ഒരു നടി അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചു നൃത്തം ചെയ്തതിന് അവരെയും അവരുടെ വീട്ടുകാരെയും അടക്കം തെറി വിളിച്ചവർക്കും അതിനെയൊക്കെ പിന്തുണയ്ക്കുന്ന മറ്റൊരു വിഭാഗം ആളുകൾക്കും എല്ലാം ഒരേ മനസ്സാണ്. സ്ത്രീകൾ വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചാൽ, സ്ത്രീകൾ അടങ്ങിയൊതുങ്ങി വീട്ടിലിരുന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്ന് പറയുന്ന വിഡ്ഢിത്തം സമൂഹം ഉയർത്തിപ്പിടിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പണ്ടുകാലത്ത് ഇത്തരം അതിക്രമങ്ങൾ കുറവായിരുന്നു എന്നും സ്ത്രീകൾ പുറത്തിറങ്ങി നടക്കാൻ തുടങ്ങിയതിനുശേഷമാണ് അവർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു തുടങ്ങിയതെന്നും ഒരു വലിയ കണ്ടുപിടുത്തം തന്നെ നടത്തിയിട്ടുണ്ട് ചിലർ. ഇപ്പോൾ അതിക്രമങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു, സമൂഹമാധ്യമങ്ങളിലൂടെ അത് ലോകം മുഴുവൻ അറിയുന്നു എന്ന വ്യത്യാസം കൂടി ഒന്ന് മനസ്സിൽ ഓർത്താൽ നന്ന്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് പ്രായം കുറെ ഏറെയായി. ഇപ്പോഴും അതിനു ശമനമുണ്ടാകാത്തത് കൃത്യമായ ചികിത്സ നൽകാത്തത് കൊണ്ട് തന്നെയാണ്.ഒരു വ്യക്തി ധരിക്കുന്ന വസ്ത്രത്തെ വിലയിരുത്തി അയാളുടെ മാന്യത അളക്കുന്ന ഉപകരണം പ്രവർത്തനരഹിതമാക്കേണ്ട സമയമായി.മറ്റൊരാളുടെ വസ്ത്രധാരണത്തിൽ ഇത്രയധികം ശ്രദ്ധ ചെലുത്തുന്നത് പ്രത്യക്ഷത്തിൽ സമൂഹത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ഒരു പ്രവർത്തനമായിട്ട് തോന്നുമെങ്കിലും അതിൽ യാതൊരു ആത്മാർത്ഥതയുമുണ്ടാവില്ല എന്ന് മാത്രമല്ല ഇതെല്ലാം പലതരത്തിലുള്ള നിരാശകളുടെ പ്രതിഫലനങ്ങൾ മാത്രമാണ്.

ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ 22 വയസ്സുകാരിയെ തല്ലിക്കൊന്ന സദാചാര പോലീസും ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിൽ ഒരു വ്യക്തിയെ സൈബർ ഇടങ്ങളിൽ ആക്രമിക്കുന്നവരും തമ്മിൽ വലിയ അന്തരം ഒന്നുമില്ല. സാമൂഹിക ഇടങ്ങളിലും വിവാഹ ജീവിതത്തിലും എല്ലാം സ്ത്രീകളുടെ അവകാശങ്ങളെ ഉയർത്തിപ്പിടിച്ചിരുന്ന നിയമങ്ങളെല്ലാം റദ്ദ് ചെയ്ത് സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് ഇറാനിൽ അധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ അന്യായങ്ങൾക്കെതിരെ, സ്ത്രീ ശരീരം അശ്ലീലമായി മാത്രം കാണുന്നവർക്കെതിരെ വസ്ത്രം ഇല്ലാതെ പ്രതിഷേധിച്ച ധീരയായ സ്ത്രീയെയും ലോകം മുഴുവൻ കണ്ടതാണ്. ഇതൊന്നും മാറുമറയ്ക്കാനോ മാറു തുറന്നു കാണിക്കാനോ വേണ്ടിയിട്ടുള്ള സമരം അല്ല. വസ്ത്ര സ്വാതന്ത്ര്യത്തിനു വേണ്ടിയും  തന്റെ ശരീരത്തിന് മേലുള്ള അവകാശം തനിക്ക് മാത്രമാണ് എന്ന് ബോധ്യപ്പെടുത്താനും ആ അവകാശം നേടിയെടുക്കാനും വേണ്ടിയിട്ടുള്ള സമരമാണ്.


അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കും പൗരാവകാശങ്ങൾക്കും ഏർപ്പെടുത്തുന്ന വിലക്കുകൾ തന്നെയാണ് മതങ്ങളുടെയും ചില സംസ്കാരങ്ങളുടെയും ഒക്കെ അടിത്തറ. ആ അടിത്തറയിൽ നിന്ന് കൊണ്ടുതന്നെയാണ് സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും കുട്ടികളും വൃദ്ധജനങ്ങളും ദരിദ്രരും അധസ്ഥിത വിഭാഗങ്ങളും ഒക്കെ അടിച്ചമർത്തപ്പെടേണ്ട വരും ആക്രമിക്കപ്പെടേണ്ട വരും ആണ് എന്നുള്ള ഒരു പൊതുബോധം തന്നെ ഉണ്ടാകുന്നത്. അതിനോടുകൂടി ലൈംഗിക ദാരിദ്ര്യം എന്ന ഒരു രോഗം കൂടി പിടിപെടുമ്പോൾ ലൈംഗിക അതിക്രമങ്ങളും കടന്നു പിടിക്കലുകളും സ്ഥിരം കാഴ്ചയായി മാറുന്നു.

 പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ കയറി പിടിക്കാൻ തോന്നും എന്ന് പറയുന്നവർക്ക് ' ഞരമ്പുരോഗികൾ ' എന്ന ഒരു പേരു മാത്രമേയുള്ളൂ. തിരക്കിനിടയിലും ഇരുട്ടിലും സ്ത്രീയെ കണ്ടാൽ ഒരു അവസരമായി കാണുന്ന ആളുകളും അസമയത്ത് ഇറങ്ങി നടന്നത് കൊണ്ടാണ്, വസ്ത്രധാരണത്തിലെ പിഴവാണ്, ആണുങ്ങളുടെ ഇടയിലേക്ക് നടന്നു ചെന്നതാണ് അവൾ ഉപദ്രവിക്കപ്പെടാൻ കാരണം എന്നു പറയുന്നവരും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഇത്രയധികം ലൈംഗിക നിരാശ ബാധിച്ച ഒരു സമൂഹത്തിന് നൽകേണ്ട ചികിത്സ ഒരിക്കലും സ്ത്രീയെ മൂടിപ്പുതച്ച് നടത്തിപ്പിക്കുക എന്നതല്ല. ചികിത്സ വേണ്ടത് രോഗികൾക്ക് മാത്രമാണ്.ഒരു വ്യക്തിയുടെ ശരീരത്തിൽ അവരുടെ അനുവാദമില്ലാതെ തൊടാൻ തോന്നുന്ന,ഒരു വ്യക്തിയുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ അനാവശ്യ മായി ഇടപെടാൻ തോന്നുന്ന രോഗത്തിന്. സമൂഹത്തിലെ പുരോഗമനപരമായ  മാറ്റങ്ങൾക്ക് നേരെയും മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് നേരെയും ഉണ്ടാവുന്ന തിരിച്ചടികളും എതിർപ്പുകളും കാലങ്ങളായി ഉണ്ടാകുന്ന സ്വാഭാവിക പ്രക്രിയയാണ്. അതിനെ നേരിട്ട് കൊണ്ട് മാത്രമേ എന്തുമാറ്റവും സാധ്യമാവുകയുള്ളൂ.

 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top