20 April Saturday

ഫ്രാൻസിയ മാർക്വേസ് ; പോരാട്ടത്തിന്റെ മറുപേര്

അനുശ്രീ വി കെ anusreevkallunkal@gmail.comUpdated: Sunday Jun 26, 2022

കറുപ്പ്‌ പ്രത്യാശയുടെ നിറമാണ്‌. അടിച്ചമർത്തപ്പെട്ടവരുടെ ജീവന്മരണ പോരാട്ടങ്ങളുടെ പ്രത്യാശ. ഫ്രാൻസിയ മാർക്വേസ് ലോകത്തിനു മുന്നിൽ നിവർന്നുനിൽക്കുന്നത്‌ ആ പോരാട്ടവീറിന്റെ പ്രതീകമായാണ്‌. 1981 ഡിസംബർ ഒന്നിന് കൊളംബിയയിലെ തെക്കുപടിഞ്ഞാറൻ കോക്കോ പ്രവിശ്യയിലെ ഗ്രാമപ്രദേശമായ സുവാരസിലാണ് ജനനം. മാതാപിതാക്കൾ ഖനിത്തൊഴിലാളികൾ. ദാരിദ്ര്യം നിറഞ്ഞ ബാല്യ- കൗമാരം. 16–-ാം വയസ്സിൽ അമ്മയായി. വിശപ്പകറ്റാൻ വീട്ടുജോലി ചെയ്തു. അമ്മയ്ക്കൊപ്പം കളിമണ്ണ് ഖനനം ചെയ്‌തു. അഴുക്കുചാലുകളിൽ കിടന്നുറങ്ങി. കറുത്തവംശജയെന്ന നിലയിൽ നേരിട്ട എണ്ണമറ്റ വിവേചനങ്ങൾ, വേട്ടയാടലുകൾ. വർണവസ്ത്രം ധരിച്ച്, ആത്മവിശ്വാസം തുളുമ്പുന്ന ചിരിയുമായി ‘അരികുവൽക്കരിക്കപ്പെട്ടവരേ സംഘടിക്കൂ' എന്ന് മൈക്കിലൂടെ ഉറക്കെ വിളിച്ചുപറയുന്ന പ്രകാശം പരത്തുന്ന സ്ത്രീരൂപം, ഫ്രാൻസിയ മാർക്വേസ്.

ലോകത്തെമ്പാടുമുള്ള കർഷകർക്കും തൊഴിലെടുക്കുന്നവർക്കും ആവേശം പകരുന്നതാണ് അടുത്തിടെ നടന്ന കൊളംബിയൻ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷം നേടിയ വിജയം. സ്വതന്ത്ര കൊളംബിയയുടെ 212 വർഷ ചരിത്രത്തിൽ ആദ്യമായി ഒരു ഇടതുപക്ഷക്കാരനായ പ്രസിഡന്റ്. കർഷകത്തൊഴിലാളി കുടുംബത്തിൽനിന്നുള്ള ഗസ്‌താവോ പെത്രോയുടെ വിജയത്തോടൊപ്പംതന്നെ ലോകത്തിനാകെ ആവേശം പകരുന്ന മറ്റൊന്നുകൂടി സംഭവിച്ചു അവിടെ. ഫ്രാൻസിയ മാർക്വേസ് എന്ന നാൽപ്പതുകാരി രാജ്യത്തിന്റെ വൈസ് പ്രസിഡന്റായി. രാജ്യത്തിന്റെ കറുത്തവംശജയായ ആദ്യ വൈസ്‌ പ്രസിഡന്റ്.

പോരാട്ടത്തിന്റെ തുടക്കം 13 -ാം വയസ്സിൽ
പോരാട്ടമുഖത്തേക്കുള്ള ഫ്രാൻസിയയുടെ കടന്നുവരവ് 13–-ാം വയസ്സിലാണ്. പ്രദേശത്തെ നദിയെ വഴിതിരിച്ചുവിട്ട് അണക്കെട്ട് നിർമിക്കാനുള്ള വമ്പൻ കമ്പനിയുടെ നീക്കത്തിനെതിരായ സമരത്തിൽ അവളും പങ്കെടുത്തു.  2014ൽ ഒവെജാസ് നദിക്കരയിൽ ആരംഭിച്ച അനധികൃത സ്വർണഖനനത്തിനെതിരെ 80 സ്ത്രീകളെ സംഘടിപ്പിച്ച് കോക്കോയിൽനിന്ന് ബൊഗോട്ടയിലേക്ക് മാർച്ച് നടത്തി. 10 ദിവസംകൊണ്ട് 500 കിലോമീറ്റർ താണ്ടിയ പ്രതിഷേധം ഫ്രാൻസിയയെ ദേശീയതലത്തിൽ പ്രസിദ്ധയാക്കി. ഒടുവിൽ എല്ലാ അനധികൃത ഖനനവും അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു.

രാഷ്ട്രീയത്തിലേക്ക്
ആഭ്യന്തര യുദ്ധത്തിന്റെ ഏറ്റവും ക്രൂരവശങ്ങൾ അനുഭവിച്ച തന്റെ വിഭാഗക്കാരോട് രാജ്യത്തിന്റെ വലതുപക്ഷ നേതൃത്വം കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു ഫ്രാൻസിയയുടെ രാഷ്ട്രീയ പ്രവേശനം. 2020ൽ. ‘ഐ ആം ബിക്വാസ് വി ആർ'  മൂവ്‌മെന്റിനും തുടക്കമിട്ടു. 2022 മാർച്ചിൽ ഇടതുപക്ഷ സഖ്യത്തിന്റെ ഭാഗമായി പ്രസിഡന്റാകാനുള്ള പ്രാഥമിക ഘട്ടത്തിൽ മത്സരിച്ചു മൂന്നാമതെത്തി. തുടർന്ന് പെത്രോയുടെ തെരഞ്ഞെടുപ്പുപങ്കാളിയായി.  പ്രചാരണവേളയിലും നിരവധി വംശീയ അധിക്ഷേപങ്ങൾ. ഗായികയും ടെലിവിഷൻ അവതാരകയുമായ,  മാർബെല്ലെ അവളെ വിശേഷിപ്പിച്ചത് കിങ് കോങ് എന്നായിരുന്നു. തന്റെ ഭൂതകാലത്തെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടി ഫ്രാൻസിയ അവയെല്ലാം നേരിട്ടു.

പുരസ്‌കാരം അനവധി
പോരാട്ടങ്ങൾക്കുള്ള അംഗീകാരമായി 2018ൽ അവരെത്തേടി ഗോൾഡ്മാൻ പുരസ്‌കാരമെത്തി. നൊബേൽ പുരസ്‌കാരത്തിന് തുല്യമായ പരിസ്ഥിതി പുരസ്കാരമാണ്‌ ഇത്. 2019ൽ ബിബിസിയുടെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയിലെത്തി. വിവിധ വിഷയം ചർച്ച ചെയ്യാൻ ഉന്നതതല സംഘത്തിന്റെ ഭാഗമായി ക്യൂബ ഉൾപ്പെടെ സന്ദർശിച്ചു. പോരാട്ടങ്ങൾ തൊടുക്കുംതോറും ആക്രമണങ്ങളുടെ തീവ്രതയുമേറി. പ്രാദേശിക മാഫിയകളാൽ നിർബന്ധിതമായി നാടുകടത്തപ്പെട്ടു.  കൊലപാതകശ്രമത്തെയും അതിജീവിച്ചാണ് അഭിഭാഷകയും രണ്ടു കുട്ടികളുടെ അവിവാഹിതയായ അമ്മയുമായ ഇവർ ലോകത്തിന്റെ നെറുകയിൽ തലയുയർത്തി നിൽക്കുന്നത്. ‘ചെറുത്തുനിൽപ്പിന്റെ സമയം കഴിഞ്ഞുപോയി. അധികാരത്തിലേക്ക് കടക്കാനുള്ള സമയമാണ്‌ ഇത്' അരികുവൽക്കരിക്കപ്പെടുന്ന എല്ലാ വിഭാഗത്തിനും ഊർജമാകുന്നു അവരുടെ വാക്കുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top