17 December Wednesday

കറുത്ത മുത്ത്‌

ആർ ഹേമലത hemalathajeevan@gmail.comUpdated: Sunday Oct 8, 2023

വെളുത്ത സുന്ദരികൾ മാത്രം അരങ്ങുവാഴുന്ന ഫാഷൻ ലോകത്ത്‌ വിപ്ലവം സൃഷ്‌ടിച്ച്‌ സുഡാനി മോഡൽ അനോക്‌ യായ്‌. മണിക്കൂറിന്‌ 15000 അമേരിക്കൻ ഡോളറാണ്‌ കറുത്ത സുന്ദരിയുടെ പ്രതിഫലം. 1997 ഡിസംബർ 20ന്‌ ഈജിപ്തിലെ കെയ്‌റോയിൽ ജനിച്ച അനേകിന് മൂന്നു വയസ്സുള്ളപ്പോൾ കുടുംബ സമേതം ന്യൂ ഹാംഷെയറിലെ മാഞ്ചസ്റ്ററിലേക്ക് താമസം മാറി. നഴ്‌സായ അമ്മയും എൻജിഒയിലെ ജീവനക്കാരനായ അച്ഛനും സഹോദരി ആലിമും അടങ്ങുന്നതാണ്‌ അനോകിന്റെ കുടുംബം. മാഞ്ചസ്റ്റർ ഹൈസ്‌കൂൾ വെസ്റ്റിൽനിന്ന് ബിരുദം നേടിയ ശേഷം പ്ലൈമൗത്ത് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബയോകെമിസ്ട്രി ബിരുദത്തിന്‌ പഠിക്കുകയാണ്.

യാദൃശ്‌ചികമായാണ്‌ മോഡലിങ് രംഗത്ത്‌ എത്തിയത്‌. ചിക്കാഗോയിൽനിന്നുള്ള പ്രശസ്‌ത ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ സ്‌റ്റീവ്‌ ദ സംഗ്‌ 2017 ഒക്ടോബറിൽ ഹോവാർഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു ചടങ്ങിൽ അനോകിനെ കാണാനിടയായി. സ്‌റ്റീവ്‌ സ്വന്തം കാമറയിൽ പകർത്തിയ അനോകിന്റെ ചിത്രം  ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. വൈറലായ ഫോട്ടോയിൽനിന്നാണ്‌ കറുത്ത സുന്ദരിയുടെ ഉദയം. ഫോട്ടോ കണ്ട്‌ നിരവധി ഫാഷൻ മാഗസിനുകൾ അനോകിനെ സമീപിച്ചു. ന്യൂയോർക്കിലെ ഐഎംജി ഉൾപ്പെടെയുള്ള മോഡലിങ്‌ ഏജൻസികൾ കറുപ്പിൽ സൗന്ദര്യത്തിന്റെ ഏഴഴകുകൾ കണ്ടു. ഒടുവിൽ നെക്‌സ്റ്റ് മോഡൽ മാനേജ്‌മെന്റുമായി കരാർ ഒപ്പുവച്ചു.

നാലു മാസത്തിനുള്ളിൽ പ്രാഡ ഫാഷൻ ഷോ തുറക്കുന്ന ആദ്യത്തെ സുഡാനീസ് മോഡലായി അവൾ മാറി. മാത്രമല്ല ഇറ്റലി, ഫ്രാൻസ്‌, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ലോക പ്രശസ്‌ത ഫാഷൻ ബ്രാൻഡുകൾ അനോകയുടെ ഡേറ്റിനായി കാത്തിരിക്കാൻ തുടങ്ങി. പ്രാഡ എസ്എസ് 2018 ക്യാമ്പയിനിലും ഗിവഞ്ചിയുടെ റിക്കാർഡോ ടിസ്‌സി രൂപകൽപ്പന ചെയ്‌ത നൈക്ക് ക്യാമ്പയിനിലും അവൾ പ്രത്യക്ഷപ്പെട്ടു. വെഴ്‌സേസ്, മാക്‌സ് മാര, ഫെൻഡി, ബർബെറി, ലൂയിസ് വിറ്റൺ, മിയു മിയു, ചാനൽ, സ്റ്റെല്ല മക്കാർട്ട്‌നി, വാലന്റീനോ, ഗിവൻചി, ലോവെ തുടങ്ങിയവയുടെ പരസ്യങ്ങളിലും മോഡലായി. ഫാഷൻ മാഗസിനായ വോഗിന്റെ കവറുകളിലും എഡിറ്റോറിയലുകളിലും ഡബ്ല്യു മാഗസിൻ, സിആർ ഫാഷൻ ബുക്ക്, ഡസ്റ്റ്, പർപ്പിൾ, ഹാർപേഴ്സ് ബസാർ, ഐ-ഡി, സെൽഫ് സർവീസ്, വി മാഗസിൻ, എല്ലെ, ഗാരേജ്, ഡോക്യുമെന്റ് ജേർണൽ, ഡേസ്ഡ് എന്നിവയിലും അവളുടെ ചിത്രം വന്നു. ചില ഷോർട്ട്‌ ഫിലിമുകളിലും സംഗീത ആൽബങ്ങളിലും അനോക്‌ അഭിനയിച്ചു.

നവോമി കാംബെല്ലിന് ശേഷം പ്രശസ്‌ത ഇറ്റാലിയൻ ലക്‌ഷ്വറി ഫാഷൻ ഷോയായ പ്രാഡ ഷോ തുറക്കുന്ന ആദ്യത്തെ ദക്ഷിണ സുഡാനീസ് മോഡലും രണ്ടാമത്തെ കറുത്ത മോഡലുമാണ് അനോക്‌. സംഗീതത്തിനും ഫാഷനും കലകൾക്കും പ്രാധാന്യം നൽകുന്ന ദ്വൈ മാസികയായ ബ്രിട്ടീഷ്‌ ഐ-ഡിയിലും അന്താരാഷ്ട്ര വോഗ് കവറുകളിലും നിവരധി തവണ കവർ മോഡലയായി. ഫാഷന്റെ മുഖമായ Models.com അവളെ ഈ തലമുറയിലെ "പുതിയ സൂപ്പർമാരിൽ" ഒരാളായിട്ടാണ്‌ കണക്കാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top