18 April Thursday

ലോകം വാഴ്ത്തുന്ന കാല്‍പ്പന്തുക്കളിക്കാരെ വാര്‍ത്തെടുത്ത പെണ്‍ജീവിതങ്ങള്‍

എ പി സജിഷUpdated: Tuesday Jun 12, 2018

 രു പന്ത്... വോൾഗയുടെ  തീരങ്ങളെ തഴുകി ഒഴുകുകയാണ്. ഹൃദയത്തിനും ശ്വാസത്തിനും ഒരേ താളവുമായി ഒരു ലോകം മുഴുവന്‍ ആ  പന്തിനു പിന്നാലെ ‍പായുന്നു. കണ്ണീരും കിനാവും പെയ്തിറങ്ങുന്ന മൈതാനങ്ങളിലേക്ക് കണ്ണും കാതും മനസും   അർപ്പിച്ച്‌ ലോകം കാത്തിരിക്കുന്നു....മാന്ത്രികനായ ലയണല്‍ മെസി കപ്പില്‍ മുത്തമിട്ടെങ്കില്‍, കാനറി പക്ഷി ചിറകു വിരിെച്ചങ്കില്‍,  ജർമ്മൻ ടാങ്കറില്‍ തീയുണ്ട പാഞ്ഞെങ്കില്‍, കാറ്റിലോണിയക്കാർ യുദ്ധം ജയിച്ചെങ്കിൽ......
 കാൽപ്പന്തിനെ കാലുകളില്‍ ലാളിച്ച് ഒരാള്‍ വാ ഴ്‌ ത്തപ്പെട്ട വനാകും. ക്രൂശിതനായി മറ്റൊരാള്‍ പടിയിറങ്ങും. ആരാകും രാജാക്കന്മാര്‍ ? ആരാകും രാജകുമാരന്‍ ?  വന്‍കരകളും കടന്നു ആർപ്പുവിളി ഉയരുകയാണ്. പക്ഷെ, പന്തടക്കത്തിന്റെ ആൾ രൂപമായി ഹൃദയങ്ങളില്‍ ലാളിക്കുന്ന പ്രിയ താരങ്ങളില്‍ പലർക്കും  കണ്ണീരിന്റെ നോവ് കലർന്ന ഒരു ചരിത്രമുണ്ട്. ലാറ്റിനമേരിക്കൻ താരങ്ങുടെ ജീവിതം ചികഞ്ഞാല്‍ ഈ നീറുന്ന ചിത്രം ലഭിക്കും. ലോകം വാഴ്ത്തുന്ന കളിക്കാരായി അവരില്‍ പലരെയും  വാർത്തെടുത്തതിനു പിന്നില്‍ ചില പെൺ ജീവിതങ്ങളുണ്ട്. ചിലര്‍ കണ്ണീരും നോവും ഇഴ ചേർന്ന്‌  മക്കളെ പോറ്റി. മറ്റു ചിലർ ‍ആത്മവിശ്വാസത്തിന്റെ കരുത്ത്‌ നൽകി ഫുട്ബാളിന് വഴി തുറന്നു. അവർ തെളിച്ച വഴിയിൽ, അല്ലെങ്കിൽ അവരുടെ സഹനത്തിലൂടെ അവർ ലോകമറിയുന്ന താരങ്ങളായി മാറി.

ഈ ലോകകപ്പില്‍ എതിരാളികള്‍ പോലും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട്. മാന്ത്രിക കാലുകൾ ചിറകുകളാക്കി സാക്ഷാല്‍ ലയണല്‍ മെസിയുടെ വിശ്വരൂപം. മെസി കപ്പുയർത്തുന്നത്‌ കൊതിക്കുന്നവർ ഏറെ. കാരണം, കഴിഞ്ഞ തവണ കയ്യെത്തും ദൂരത്ത്‌ എല്ലാം നഷ്ടമായവനാണ് മെസി. പിടിച്ചുകെട്ടാന്‍ വെമ്പുന്ന എതിരാളികളെ വെട്ടിയൊഴിഞ്ഞു ഗോൾ നേടി ആകാശത്തേക്ക്‌ വിരലുകൾ ഉയർത്തുന്ന മെസിയെ അവർ കാത്തിരിക്കുന്നു. മെസി ഗോളുകൾ സമർപ്പിക്കുന്നത്‌ മുത്തശ്ശിക്കാണ്‌. കാരണം തന്റെ കുഞ്ഞു ലിയോ ഫുട്‌ബോൾ താരമാകണമെന്ന്‌ ഏറ്റവും കൊതിച്ചത്‌ മുത്തശ്ശിയാണ്‌. അവർ ഇന്നില്ലെങ്കിലും തന്റെ ഗോൾ നേട്ടങ്ങളെല്ലാം ആകാശത്തേക്ക്‌ രണ്ടു വിരലുകൾ ഉയർത്തി  മെസി ഇന്നും തന്റെ പ്രിയപ്പെട്ട മുത്തശ്ശി‐ സെലിയ ഒളിവേര  കുചിറ്റിനിക്ക്‌ സമർപ്പിക്കും. അവർ നൽകിയ ഉൾക്കരുത്തായിരുന്നു കുഞ്ഞുലിയോയുടെ കുട്ടിക്കാലത്തെ ഫുട്‌ബോൾ കമ്പത്തിന്‌ പിന്നിൽ. ലോകം ആരാധിക്കുന്ന  കളിക്കാരനായി മെസിയെ വാർത്തെടുത്തതിന്‌ പിന്നിൽ ആദ്യമുള്ള പേര്‌ മുത്തശ്ശിയുടേതാണ്‌.

“ ഒരു നാള്‍ ഈ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാള്‍ താരം നീയാകും” കുട്ടിക്കാലത്ത് മെസിയോട്‌ അവർ എപ്പോഴും പറയും. പൊക്കം തീരെയില്ലാത്ത കുഞ്ഞുലിയോയുടെ ചേട്ടന്മാര്‍ രണ്ടും ഫുട്ബാള്‍ കളിക്കും. അവര്‍ ആദ്യം അവനില്‍ നിന്ന് പന്ത് തട്ടിയെടുക്കും. അതോടെ മുത്തശ്ശി അവന്‌ തുകൽപ്പന്ത്‌ ഉണ്ടാക്കിക്കൊടുക്കും.   ചേട്ടന്മാര്‍ സ്കൂളില്‍ പോകുമ്പോള്‍ വീട്ടുജോലി എല്ലാം കഴിഞ്ഞു മുത്തശി മെസിയോടൊപ്പം ഫുട്ബാള്‍ കളിക്കും.  കുഞ്ഞു ലിയോയുടെ ഫുട്ബാളിലെ കഴിവ് ആദ്യം കണ്ടെത്തിയതും അവരാണ്. അഞ്ചാം വയസില്‍ ആദ്യമായി ഫുട്ബാള്‍ പരിശീലനത്തിന് അവനെ കൊണ്ടുപോയതും മുത്തശ്ശിയാണ്‌. തീരെ പൊക്കമില്ലാത്ത ആ കുട്ടി കളിക്കുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. അവന്‍ എല്ലാവരെയും അതിശയിപ്പിച്ചു തുടങ്ങിയപ്പോള്‍ മുത്തശ്ശി അന്ന് ഒത്തിരി സന്തോഷിച്ചു. ഫാക്ടറി തൊഴിലാളി ആയിരുന്നു മെസിയുടെ അച്ഛന്‍. അമ്മ തൂപ്പുകാരിയും. മുത്തശ്ശിയുടെ സ്നേഹ ചിറകിലായിരുന്നു മെസി  വളർന്നത്‌.
അവന്‌ ഫുട്‌ബോൾ കളിക്കാൻ ബൂട്ട്‌ വാങ്ങിക്കൊടുക്കാനായി മാതാപിതാക്കളിൽ മുത്തശ്ശി സമ്മർദം ചെലുത്തി. അവര്‍ അവനെ എന്നും പരിശീലനത്തിന് കൊണ്ടുപോയി. കുഞ്ഞു ലിയോ കളിക്കുന്നത് എന്നും നോക്കിയിരിക്കും. ആ മികവുകണ്ടു, ലോകത്തെ മികച്ച ഫുട്ബാള്‍ താരം ആകും അവനെന്നു അവര്‍ ഉറപ്പിച്ചു, പക്ഷെ, തന്റെ കുഞ്ഞു ലിയോ ലോകം വാഴ്ത്തുന്ന  പ്രിയ താരം ആകുന്നത് കാണാന്‍ അവര്‍ കാത്തുനിന്നില്ല. അവനു പത്തു വയസുള്ളപ്പോള്‍ മുത്തശി സെലിയ ഒലിവര്‍ ഈ ലോകത്തോട്‌ വിട പറഞ്ഞു. ആ കുഞ്ഞു ഹൃദയത്തിനു അതു താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. മുത്തശി മരിച്ചതോടെ ആഴ്ചകളോളം അവന്‍ ഫുട്ബാള്‍ കളിച്ചില്ല. പിന്നെ അച്ഛൻ നിർബന്ധിച്ചു,  മെസി കളിച്ചു തുടങ്ങി. പിന്നീട് മെസിക്ക് വളർച്ചാ  ഹോർമോൺ കുറവുണ്ടെന്ന്‌ തിരിച്ചറിഞ്ഞതും, ബാഴ്‌സലോണ ചികിത്സ ഏറ്റെടുത്തതും എല്ലാം ചരിത്രം. ബാഴ്‌സലോണയെ മെസി ഒരിക്കലും ഉപേക്ഷിച്ചില്ല.   എന്നാല്‍, സ്പാനിഷ്  പൗരത്വം ഉണ്ടായിട്ടും സ്പെയിനിനു വേണ്ടി കളിച്ചില്ല. അർജന്റീനക്ക്‌ വേണ്ടി തന്നെ മെസി ബൂട്ട് കെട്ടി. ബാഴ്‌സക്ക്‌ കളിക്കുമ്പോഴും അർജന്റീനൻ ജേഴ്‌സിയിലുമെല്ലാം താൻ നേടുന്ന ഓരോ ഗോളും മുത്തശ്ശിക്ക്‌ സമർപ്പിച്ച്‌ മെസി ആകാശത്തേക്ക്‌ വിരലുകൾ ഉയർത്തും.  തനിക്ക്‌ ഫുട്‌ബോളിലേക്കുള്ള വഴികൾ തുറന്ന മുത്തശ്ശിയെ ആ ഫുട്‌ബോൾ മാന്ത്രികൻ ഇന്നും ഓർക്കുന്നു.
 
അർജന്റീനയിലെ ഖനി തൊഴിലാളി


ഒരു ഫുട്ബാള്‍ താരം ആയിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു? അർജന്റീനയുടെ മിന്നും താരം ഏയ്‌ഞ്ചൽ ഡി മരിയ ഇതിനു മറുപടി പറഞ്ഞു. ‘‘ എന്താ സംശയം. ഞാന്‍ ഒരു ഖനി തൊഴിലാളി ആയി ജീവിക്കുന്നുണ്ടാകും’’. അത്രയേറെ ദുരിതം വിതച്ച വഴിയിലുടെ ആണ് എയ്ഞ്ചല്‍ ഡി മരിയ കടന്നുവന്നത്. ഒരു വയസുള്ളപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടവൻ. വീടിനോട്‌ ചേർന്ന കിണറ്റിൽ വീണിട്ടും അവൻ ജീവിതത്തിലേക്ക്‌ മടങ്ങി വന്നു. എന്നാലോ, പടുവികൃതി ആയിരുന്നു ഡി മരിയ. വീട്ടിലെ സാധനങ്ങൾ എല്ലാം എറിഞ്ഞു പൊട്ടിക്കും. സഹിക്കാനാവാതെ അമ്മ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. അന്ന്‌ മൂന്ന്‌ വയസു പ്രായം. അവന്‌ എപ്പോഴും എന്തെങ്കിലും കളിക്കാന്‍ കൊടുക്കാന്‍ ഡോക്ടര്‍ നിർദേശിച്ചു. ഒരു കായികതാരമാക്കുന്നതാണ്‌ ബുദ്ധി എന്ന ഉപദേശവും. എന്നാല്‍ അവനു ബൂട്ടുകള്‍ ഇല്ലായിരുന്നു. അച്ഛന്‍ മിഗുയെല്‍ ഡി മരിയ പഴയ ഫുട്ബാള്‍ താരം ആയിരുന്നു. ഒരു ഫുട്ബാള്‍ താരം ആകാന്‍ അയാള്‍ കൊതിച്ചു. എന്നാല്‍ മുട്ടിനു പരിക്കേറ്റതോടെ കളി അവസാനിപ്പിച്ചു. ഖനി തൊഴിലാളി ആയി അയാള്‍ ജീവിച്ചു, ഭാര്യയും അങ്ങനെ തന്നെ. എയ്ഞ്ചല്‍ ഡി മരിയ പത്താം വയസ് മുതല്‍ ഖനി തൊഴിലാളി ആയി. അവനു രണ്ട് സഹോദരിമാരുണ്ട്‌, വനെസയും എവല്‌ലിനും. ഒരു കുഞ്ഞുമുറിയിൽ അവർ മൂവരും വളർന്നു.  ആ സഹോദരിമാരുടെ സഹനമാണ്‌ അർജന്റീന വാഴ്ത്തുന്ന ഇന്നത്തെ എയ്ഞ്ചല്‍ ഡി മരിയക്ക് പിന്നില്‍. അവധി ദിനങ്ങളില്‍ അവർ മൂവരും ഒന്നിച്ചു ഖനിത്തൊഴിലാളികളായി ജോലി ചെയ്‌തു. എന്നാല്‍ ഡി മരിയക്ക് ഫുട്ബാള്‍ താരം ആകണമായിരുന്നു. അവനു ബൂട്ടുകള്‍ ഇല്ല കളിക്കാന്‍. ഒടുവില്‍ അച്ഛനൊരു പോംവഴി കണ്ടു. അവന്‌ ബൂട്ടു വാങ്ങിയാൽ സഹോദരിമാർക്ക്‌ ചെരിപ്പിടാൻ പണം തികയില്ല. അവനു വേണ്ടി, അവർ ഇരുവരും ചെരിപ്പിടാതെ സ്‌കൂളിൽ പോയി. ബൂട്ടിട്ടു അവന്‍ ഫുട്ബാള്‍ കളിച്ചു തുടങ്ങി. അവരുടെ സഹനത്തിന് വിലയുണ്ടായി. അറിയപ്പെടുന്ന ലോക താരം ആയിട്ടും എയ്ഞ്ചല്‍ ഡി മരിയ ഈ ഓർമകൾ മറന്നില്ല. പല അഭിമുഖങ്ങളിലും തന്റെ സഹോദരിമാരുടെ ആ സ്നേഹത്തെ കുറിച്ച് അവന്‍ പറഞ്ഞിട്ടുണ്ട്.


ജീസസിന്റെ ഫോൺ വിളി

കഴിഞ്ഞ ലോകകപ്പിലെ ദുരന്തം മറന്ന്‌ കാനറിപക്ഷികൾ ഒരുങ്ങിക്കഴിഞ്ഞു. ലോകകപ്പില്‍ ഏറ്റവും പ്രതീക്ഷയുള്ള ടീമുകളില്‍ മുന്‍ നിരയില്‍ ഉണ്ട് ബ്രസീല്‍. നെയ്‌മറുടെ ചിറകില്‍ പ്രതീക്ഷ വിരിക്കുമ്പോഴും മറ്റൊരു രഹസ്യായുധം ഉണ്ട് ബ്രസീലിന്‌, ഗബിയേല്‍ ജീസസ്. പെലെയുടെ നാട്ടില്‍ നിന്ന് മറ്റൊരു വിസ്മയ പ്രതിഭ. നെയ്മറിന്‌ ഈ ലോകകപ്പിലെ നല്ലൊരു കൂട്ടാളി ആണ് ഗബിയേല്‍ ജീസസ്. അവനു വേഗമുണ്ട്‌, താളമുണ്ട്,ഡ്രിബ്ലിങ്്‌ മികവുമുണ്ട്‌, നല്ലൊരു ഷൂട്ടറുമാണ്. എതിരാളികളെ അധികം ഫൗൾ  ചെയ്യാതെ കളിക്കളത്തില്‍ മാന്യന്‍ ആകുന്ന ജീസസ്. തെരുവില്‍ പന്ത് തട്ടി വളർന്നവൻ. അമ്മയുടെ ചെല്ലക്കുട്ടി ആണ് ഇന്നും ജീസസ്. കാരണം അവൻ കുഞ്ഞായിരിക്കേ അച്ഛന്‍ ഉപേക്ഷിച്ചു പോയി. പിന്നെ അവനെ വളർത്തിയതെല്ലാം അമ്മയാണ്. അവന്റെ കയ്യില്‍ പച്ച കുത്തിയതും അമ്മയുടെ മുഖമാണ്. കളിക്ക് മുമ്പേ അമ്മ അവനെ ഫോണ്‍ ചെയ്യും. കളിയില്‍ ഗോള്‍ വീഴ്ത്തിയാല്‍ അവന്‍ അമ്മയെ ഓർമിക്കും. ജീസസിന്റെ ഗോള്‍ ആഘോഷം ഇപ്പോള്‍ തന്നെ കൗതുകം ആണ്. അമ്മയ്ക്കാണ് അവന്‍ ഗോളുകള്‍ സമർപ്പിക്കുന്നത്‌. അതിലുമുണ്ട് ഒരു കൗതുകം. അമ്മയ്ക്ക് ഫോണ്‍ ചെയ്യുന്ന മാതൃകയില്‍ ആണ് ജീസസിന്റെ  ഗോള്‍ ആഘോഷം. തന്നെ കാണാതാകുമ്പോള്‍ അമ്മ ഫോണ്‍ ചെയ്യുന്നത് അവന്‍ ഗോളടി ആഘോഷത്തിൽ  ഓർമിപ്പിക്കുന്നു. ഒത്തിരി കഷ്ടപ്പെട്ട് മകനെ വളർത്തിയ ആ അമ്മയ്ക്ക് സന്തോഷിക്കാന്‍ ഇതില്‍ പരം എന്ത് വേണം ?

നായകനും വില്ലനും

കളിക്കളത്തിൽ ഒരേ സമയം നായകനും വില്ലനുമാണ്‌ ലൂയി സുവാരസ്‌. ഉറുഗ്വേയുടെ വിജയപ്രതീക്ഷകളെല്ലാം സ്വാരസിനെ ചുറ്റിപ്പറ്റിയാണ്‌. സുവാരസ്‌ തിളങ്ങിയാൽ ഉറുഗ്വേക്ക്‌ വിജയം ഉറപ്പ്‌. പക്ഷേ, സുവാരസ്‌ ഇടഞ്ഞാൽ എതിരാളികൾക്ക്‌ മാത്രമല്ല, ഉറുഗ്വേയ്‌ക്കും ദോഷം ചെയ്യും. കഴിഞ്ഞ ലോകകപ്പിൽ ഇറ്റലിയുടെ ചെല്ലിനിയുടെ തോളിൽ കടിച്ച സുവാരസിനെ ആരും മറന്നിട്ടില്ല. ചുവപ്പ്‌ കാർഡ്‌ വാങ്ങിയാണ്‌ സുവാരസ്‌ കളിക്കളത്തിൽ നിന്നും പോയത്‌. എന്നാൽ, അതോടെ ബാഴ്‌സലോണ ആ കളിക്കാരനെ റാഞ്ചി. മെസിക്കൊപ്പം ബാഴ്‌സയുടെ മിന്നും താരമായി സുവാരസ്‌ മാറിയത്‌ പൊടുന്നനെയാണ്‌. പെട്ടെന്ന്‌ ദേഷ്യക്കാരനാകുന്ന സുവാരസിന്റെ ഈ സ്വഭാവത്തിന്‌ പിന്നിൽ കുട്ടിക്കാലത്തെ കയ്‌പേറിയ അനുഭവങ്ങളുമുണ്ട്‌. ദാരിദ്ര്യം പുകയുന്ന ഒരു വീട്ടിലെ ഏഴ്‌ മക്കളിൽ ഒരുവനായിരുന്നു ലൂയി സുവാരസ്‌. അച്ഛൻ റൊഡോൾഫോ ചുമട്ടുതൊഴിലാളി. അമ്മ സാൻഡ്ര വീട്ടമ്മയും. എന്നാൽ, കുട്ടിക്കാലത്തു തന്നെ സുവാരസിന്റെ അച്ഛൻ അവരെ ഉപേക്ഷിച്ചു. അതോടെ ജീവിതം തന്നെ പ്രതിസന്ധിയിലായി. മക്കളെ പോറ്റാൻ അമ്മ ഒരുപാട്‌ കഷ്‌ടപ്പെട്ടു.  അമ്മയോടും മുത്തശ്ശിയോടും ഒത്തിരി അടുപ്പമുണ്ട്‌ സുവാരസിന്‌. ജീവിതം മുന്നോട്ടു പോകാനാവാതെ, അവൻ തെരുവിലെ തൂപ്പുകാരനായും ജോലി ചെയ്‌തു. അപ്പോഴും ഹൃദയത്തിൽ ഒറ്റ മന്ത്രമുണ്ടായിരുന്നു‐ഫുട്‌ബോൾ. അതവന്റെ ജീവതാളമായി. പതിനഞ്ചാം വയസിൽ ഒരു കൂട്ടുകാരിയെ പരിചയപ്പെട്ടു, സോഫിയ ബൾബി. അവളാണ്‌ ഫുട്‌ബോൾ എത്രമാത്രം പ്രധാനപ്പെട്ടതാണ്‌ അവന്റെ ജീവിതത്തിലെന്ന്‌ കണ്ണുതുറപ്പിച്ചത്‌്‌. പിന്നെയൊരിക്കലും അവൻ തിരിഞ്ഞു നോക്കിയിട്ടില്ല. ആ സ്‌നേഹത്തിന്റെ ആഴപ്പരപ്പിലാണ്‌ സോഫിയ ഇന്നും സുവാരസിന്റെ ഒപ്പം ജീവിക്കുന്നത്‌്‌. അമ്മ, മുത്തശ്ശി, ഭാര്യ . ഇങ്ങനെ മൂന്നു സ്‌ത്രീകളാണ്‌ സുവാരസിന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയവർ.    


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top