10 July Thursday

കോവിഡ് തോറ്റു; നിവ്യയുടെയും പ്രബിതയുടെയും മീന്‍കച്ചോടം ജോര്‍

എം ജഷീനUpdated: Sunday Nov 22, 2020

നിവ്യയും പ്രബിതയും മീന്‍വില്‍പ്പനയില്‍. ഫോട്ടോ: ബിനു രാജ്‌

കോഴിക്കോട് > രാവിലെ മത്സ്യവണ്ടി വരുമ്പോഴേക്കും നിവ്യയും പ്രബിതയും  കക്കോടി പാലത്തിലെത്തും. നാലുദിവസമേ ആയുള്ളൂവെങ്കിലും  പരിചയക്കുറവില്ലാതെ വേഗത്തില്‍ തട്ട് ക്രമീകരിച്ച് മത്സ്യമെടുത്ത് നിരത്തിവയ്ക്കും. പിന്നെ കച്ചവട ത്തിരക്കാണ്.  ഇരുമുഖത്തും  മടിയോ ആശങ്കയോ ഇല്ല, ആത്മവിശ്വാസം മാത്രം.  കോവിഡ് പ്രതിസന്ധിയില്‍  വരുമാനം നിലച്ചെങ്കിലും കക്കോടി പാലത്തിനടുത്ത് താമസിക്കുന്ന ഇരുവരും തോറ്റ് പിന്മാറാന്‍ തയ്യാറായില്ല,  

കാരപ്പറമ്പിലെ പ്രമുഖ കമ്പനിയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരിയായ പ്രബിതയ്ക്ക് സ്ഥിരജോലി ഇല്ലാതായിട്ട് ഒന്നര മാസമായി. നഗരത്തിലെ  പ്രമുഖ ടെക്സ്റ്റൈയില്‍സിലെ സെയില്‍സ് ഗേളായ നിവ്യയും മൂന്ന് മാസമായി സമാന അവസ്ഥയിലാണ്. കോവിഡില്‍ വരുമാനം കുറഞ്ഞതോടെ ഈ സ്ഥാപനങ്ങള്‍ ജീവനക്കാരെ ക്രമീകരിച്ച് ഇടയ്ക്കിടെ മാത്രമായി ജോലി ചുരുക്കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളായ  മൂന്ന് മക്കളുള്ള പ്രബിതയ്ക്കും രണ്ട് മക്കളുള്ള നിവ്യക്കും വരുമാനത്തിന്  മറ്റ് ആശ്രയങ്ങളില്ല. മറ്റു വരുമാനമാര്‍ഗം തേടിയപ്പോള്‍ ഒരു സുഹൃത്താണ് മത്സ്യക്കച്ചവടം നടത്താന്‍ നിര്‍ദേശിച്ചത്. ആദ്യം മടി തോന്നിയെങ്കിലും പിന്നെ ആലോചിച്ചപ്പോള്‍ നല്ല തീരുമാനമെന്ന് തോന്നിയെന്ന് നിവ്യ പറയുന്നു.  വീട്ടുകാരും പിന്തുണച്ചു.  വാര്‍ഡിലെ  കുടുംബശ്രീ യൂണിറ്റായ 'അഭയം' സാമ്പത്തിക സഹായവും നല്‍കിയതോടെ കക്കോടി പാലത്തില്‍ നാലുദിവസംമുമ്പ് വനിതാ മത്സ്യ വില്‍പ്പന കേന്ദ്രത്തിന് തുടക്കമായി.  

നാട്ടുകാരുടെയും പരിചയക്കാരുടെയും പിന്തുണയില്‍ കുഴപ്പമില്ലാതെ കച്ചവടം മുന്നോട്ടുപോകുന്നതിന്റെ ആശ്വാസത്തിലാണ് ഇരുവരും. 'രാത്രി ഒമ്പതുവരെ കച്ചവടം നീണ്ടിട്ടുണ്ട്.  മറ്റൊരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ല. എല്ലാ മേഖലയിലും സ്ത്രീകള്‍ സാന്നിധ്യം അറിയിക്കുകയാണ്.  ആത്മവിശ്വാസത്തോടെയും മികവോടെയും ചെയ്യുക എന്നതാണ് ഏത് തൊഴിലിന്റെയും  മാഹാത്മ്യം നിര്‍ണയിക്കുന്നത്. ഈ സംരംഭം വിജയിക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ' --ഇരുവരും പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top