16 August Tuesday

മുംബൈയുടെ "ബൈസിക്കിൾ മേയർ' ബിബിസിയിൽ

അശ്വതി ജയശ്രിUpdated: Sunday Nov 10, 2019


ബൈസിക്കിൾ മേയർ എന്ന ‘പദവി’ നമ്മൾ മലയാളികൾക്ക്‌ അത്ര പരിചിതമല്ല. ആ പേരിൽ ഇന്ത്യയിൽ കുറച്ചുപേർ ഒരു വലിയ മാറ്റത്തിന്‌ ശ്രമിക്കുന്നുണ്ടെന്ന്‌ കേൾക്കുമ്പോൾ അതിലും കൗതുകം തോന്നാം. അത്തരത്തിൽ മുംബൈയുടെ ബൈസിക്കിൾ മേയറായ ഫിറോസ സുരേഷ്‌ വലിയൊരു മാറ്റത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ്‌. മുംബൈക്കാരെ സൈക്കിളോടിപ്പിക്കുകയെന്ന ലക്ഷ്യമാണ്‌ ഫിറോസയ്ക്ക്‌ മുന്നിലുള്ളത്‌.

സൈക്ലിങ്ങിൽ ഫിറോസയുടെ തനത്‌ രീതികളെ ചൂണ്ടിക്കാട്ടി ബിബിസി "മെയ്‌ഡ്‌ ഓൺ എർത്ത്‌' എന്ന പരിപാടി ഒരുക്കുകയാണ്‌. ഡൽഹിയെ ശ്വാസംമുട്ടിക്കുന്ന ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്താണ്‌ ബിബിസി ഇത്തരമൊരു പരിപാടി നടത്തുന്നതും അതിൽ പരിസ്ഥിതി സൗഹൃദമായ സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്ന ഫിറോസയെ ഭാഗമാക്കുന്നതും. അടുത്ത ദിവസം ഇത്‌ സംപ്രേഷണം ചെയ്യും. ഫിറോസയുടെ വ്യത്യസ്ത വഴി കുറച്ചുപേരെങ്കിലും പിന്തുടരാൻ തയ്യാറായാൽ വായുമലിനീകരണം തടയാൻ കുറഞ്ഞ തോതിലെങ്കിലും കഴിയുമെന്നുറപ്പ്‌. വായുമലീനികരണ തോത്‌ 999 കടന്ന ഡൽഹിയിൽ ഇനിയും മോട്ടോർവാഹന യാത്ര എത്രത്തോളം പ്രശ്നങ്ങൾക്ക്‌ വഴിവയ്ക്കാം എന്നാണ്‌ ഈ പരിപാടിയിലൂടെ പറയാൻ ശ്രമിക്കുന്നത്‌.

കാലക്രമേണ മലിനീകരണം, തിരക്ക്, ഈർപ്പം എന്നിവയോട്‌ ആളുകൾ പൊരുത്തപ്പെടാൻ സാധ്യതയുണ്ട്‌. കാറുകളും മറ്റ് വാഹനങ്ങളും ഉപയോഗിക്കുന്നതിന് വിരുദ്ധമായി കൂടുതൽ ആളുകളെ സൈക്ലിങ്‌ ചെയ്യാൻ പ്രേരിപ്പിക്കുകയാണ്‌ താൻ ചെയ്യുന്നതെന്ന്‌ ഫിറോസ പറയുന്നു. 

കേരളത്തിന്റെ മരുമകൾ
മുബൈയിലെ ആദ്യത്തെ ബൈസിക്കിൾ മേയറാണ്‌ ഫിറോസ സുരേഷ്‌. മുംബൈയിലെ സുസ്ഥിര ഗതാഗതത്തിനായി പ്രവർത്തിക്കുകയെന്നതാണ്‌ ഫിറോസയുടെ ലക്ഷ്യം. മുംബൈയിൽ യാത്രചെയ്യാൻ ഏറ്റവും മികച്ച മാർഗം സൈക്കിളാണെന്ന്‌ ഫിറോസ പറയുന്നു.

തന്റെ ലക്ഷ്യം പുർത്തിയാക്കാൻ സമാന ചിന്താഗതിക്കാരുമായി സഹകരിക്കുന്നു. ഇന്ത്യയിൽ "സ്മാർട്ട് യാത്രാ' സംസ്കാരം വളർത്തിയെടുക്കാൻ ഒരു ഉപദേശക സമിതി നയിക്കുന്നുമുണ്ട്‌ ഫിറോസ. സൈക്ലിങ്‌ രാജ്യങ്ങളുടെ ആഗോള ഭൂപടത്തിൽ ഇന്ത്യയെ രേഖപ്പെടുത്തുകയാണ്‌ ഫിറോസയുടെ മറ്റൊരു ലക്ഷ്യം.

മലയാളിയായ സുരേഷാണ്‌ ഭർത്താവ്‌. മകൻ ഇഷാൻ. വിവാഹശേഷം സൈക്കിൾ ജീവിതത്തിന്‌ ഇടവേള വന്നെങ്കിലും പിന്നിട്‌ ശക്തമായ തിരിച്ചുവരവ്‌ നടത്തുകയായിരുന്നു ഫിറോസ. 2010ലെ മുംബൈ സൈക്ലത്തോണാണ്‌ സ്വപ്നങ്ങൾക്ക്‌ പെഡൽ നൽകിയത്‌. അതിൽ പങ്കെടുത്തായിരുന്നു  സൈക്ലിങ്‌ രംഗത്തേക്ക്‌ തിരിച്ചുവരവ്‌. ആംസ്റ്റർഡാമിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കവെ 2017ലാണ്‌ ബൈസിക്കിൾ മേയർ എന്ന ആശയം അറിയുന്നത്‌. പിന്നീട്‌ അതിന്റെ ഭാഗമാവുകയായിരുന്നു.

എന്താണ്‌ ബൈസിക്കിൾ മേയർ
ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിവൈസിഎസ്‌ ആണ്‌ ബൈസിക്കിൾ മേയർ എന്ന ആശയത്തിന്റെ സ്ഥാപകർ. 2030തോടെ ലോകത്തിൽ 60 ശതമാനം പേരും യാത്രയ്‌ക്ക്‌ സൈക്കിൾ ഉപയോഗിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എൻജിഒയാണ്‌ ബിവൈസിഎസ്‌. ഈ ലക്ഷ്യം കൈവരിക്കാൻ ഇവരെ സഹായിക്കുന്നവരാണ്‌ ബൈസിക്കിൾ മേയർമാർ. ലോകത്താകെ 67 ബൈസിക്കിൾ മേയർമാരാണുള്ളത്‌. ഇതിൽ 24 പേർ ഇന്ത്യക്കാരാണെന്നുള്ളത്‌ മറ്റൊരു അഭിമാനം. ഇതിൽ ഫിറോസയടക്കം ആറ്‌ സ്‌ത്രീകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top