19 December Friday

ഞങ്ങളെ തകര്‍ക്കരുത്, മനുഷ്വത്വം പ്രാഥമിക ആവശ്യം: മീനദേവി ലോങ്ജം

അശ്വതി രാജേന്ദ്രൻ aswathirajendran1453@gmail.comUpdated: Sunday Aug 13, 2023

മണിപ്പുരിനോട്‌ മൂന്നാംതര പൗരന്മാരെന്ന സമീപനമാണ്‌ ഭരണാധികാരികൾ സ്വീകരിക്കുന്നതെന്ന്‌ ദേശീയ പുരസ്‌കാര ജേതാവും മണിപ്പുരി സംവിധായികയും മണിപ്പുർ സാംസ്‌കാരിക സർവകലാശാല അധ്യാപികയുമായ മീനദേവി ലോങ്ജം. ‘വംശനാശത്തിൽനിന്ന്‌ ഞങ്ങളെ രക്ഷിക്കണം, സഹായിക്കണം’, പതിനഞ്ചാം കേരള അന്താരാഷ്‌ട്ര ഡോക്യുമെന്ററി, ഷോർട്ട്‌ ഫിലിം ഫെസ്റ്റിവ (ഐഡിഎസ്‌എഫ്‌എഫ്‌കെ) ലിനെത്തിയ മീന വികാരാധീനയാകുന്നു.

കത്തുന്ന മണിപ്പുർ

രാഷ്ട്രീയവിഭജനങ്ങളുടെ കാലത്ത്, ജനാധിപത്യത്തിന്റെ ആശയങ്ങൾപോലും നിഷ്പ്രഫമാകുന്ന രീതിയിൽ ഭീതിയും വെറുപ്പിന്റെ രാഷ്ട്രീയവുമാണ് ഇന്നത്തെ മണിപ്പുർ. അത് വലിയ ആശങ്കയും വിഷമവുമാണ്. വലിയൊരു രാഷ്ട്രീയ അജൻഡയാണ് മണിപ്പുരിനുമേൽ ആസൂത്രണം ചെയ്യുന്നത്. അധികാരത്തിലുള്ളവർ തുടക്കത്തിൽത്തന്നെ ഇടപെട്ടിരുന്നെങ്കിൽ മണിപ്പുർ ഇത്ര രൂക്ഷമാകില്ലായിരുന്നു. ഒന്നിലധികം വിഷയങ്ങൾ ഇതിൽ ഉണ്ടെന്ന്‌ മനസ്സിലാക്കണം. അതുകൊണ്ടുതന്നെ എത്രത്തോളം നീണ്ടുപോകുന്നുവോ  അത്രയും കലുഷമാകും കാര്യങ്ങൾ. ആളുകൾ മരിക്കുന്നതും ഒറ്റപ്പെടുന്നതും അസ്സഹനീയമാണ്. മണിപ്പുരിനെ ഇന്ത്യ പൂർണമായും അവഗണിക്കുകയാണ്‌. മൂന്നാംതരം പൗരന്മാരെന്ന നിലയിൽ പെരുമാറുന്നു. വെറുപ്പിന്റെ രാഷ്‌ട്രീയത്തെ വംശീയതയുമായി കൂട്ടിക്കുഴയ്‌ക്കാൻ ഭരണാധികാരികൾ ശ്രമിക്കുന്നു. പുറത്തുവരുന്ന മാധ്യമ വാർത്തകൾ പലതും യാഥാർഥ്യത്തിന്റെ ശരിമുഖം കാണുന്നില്ല. അരക്ഷിതാവസ്ഥയിലാണ്‌ ഞങ്ങൾ. എത്രപേർ കൊല്ലപ്പെട്ടെന്നും എത്ര വീടുകൾ അഗ്നിക്കിരയായെന്നും നിശ്ചയമില്ല. കാമറയിൽ പതിഞ്ഞത്‌ സത്യത്തിന്റെ ഒരു വശംമാത്രം. ഇനിയും എത്രയോ പുറത്തുവരാനുണ്ട്‌. കലാപത്തിൽ സ്‌ത്രീശരീരത്തെ ഉപയോഗിക്കുന്നത്‌ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.

മാറ്റങ്ങൾ എങ്ങനെ

ആരാണ് സമാധാനം ആഗ്രഹിക്കാത്തത്. പുറമെനിന്ന്‌ നോക്കുന്ന നിങ്ങൾക്ക് ഈ സാഹചര്യം ഇത്രയേറെ ബുദ്ധിമുട്ട് ഉണ്ടാകുന്നെങ്കിൽ ഞങ്ങളെ സംബന്ധിച്ച് എങ്ങനെയാണെന്ന് ഓർത്തുനോക്കൂ. മനുഷ്യരാണ് ഏറ്റവും അനുഗൃഹീതരും ശാപം പിടിച്ചവരും. മനുഷ്യത്വം ഒരു പ്രാഥമിക ആവശ്യം ആണെന്ന് മനസ്സിലാക്കാൻ നമ്മൾ ഇനിയും പ്രാപ്തരായിട്ടില്ല. അത് കാലത്തിന്റെ അനിവാര്യതയാണെന്നു മനസ്സിലാക്കാൻ നമുക്ക് കഴിയട്ടെ.

ഡോക്യുമെന്ററി സംവിധായിക

ഡോക്യുമെന്ററി സംവിധാനരംഗത്ത് എത്തുമെന്നു കരുതിയില്ല. ഞാൻ വരുന്നത് നിയമപരമായ ഒരുപാട് ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഉള്ള ഒരു നാട്ടിൽനിന്നാണ്. അവിടെയാണ് അവിചാരിതമായി എനിക്ക് മണിപ്പുരിന്റെ കഥ പറയുന്ന ഒരു സംവിധായിക ആകേണ്ടിവന്നത്. അവരുടെ കഥ, പ്രതീക്ഷയും നിരാശയും നിറഞ്ഞ കഥ. ഫീച്ചർ ചിത്രങ്ങൾപോലെ ചെലവില്ലാത്തതാണ് ഡോക്യുമെന്ററി. അതാണ്‌ കഥ പറയാൻ, നേര് കാണിക്കാൻ ഡോക്യുമെന്ററി യോജിച്ച മാധ്യമമാണെന്നു തീരുമാനിച്ചത്. നിശ്ശബ്ദമാക്കപ്പെട്ടവരുടെ കഥ പറയാനുള്ള മാധ്യമം.

പ്രതിസന്ധി

ഒരു സ്ത്രീയാണെന്നതാണ്‌ ഞാൻ നേരിട്ട ആദ്യ പ്രതിസന്ധി. വീട്ടിൽനിന്ന്‌ ധാരാളം പ്രശ്നങ്ങൾ ആദ്യ കാലങ്ങളിൽ ഉണ്ടായി. യാഥാസ്ഥിതിക നിയന്ത്രണങ്ങൾ വീട്ടിൽനിന്നും സമൂഹത്തിൽനിന്നും ഉണ്ടായിരുന്നു. രാത്രി വൈകുന്നതിനുമുമ്പ്‌ വീട്ടിൽ കയറുന്നതുൾപ്പെടെ ഉള്ള നിയന്ത്രണങ്ങൾ, എന്നാൽ ഒരു സംവിധായിക എന്ന നിലയിൽ സമയബന്ധിതമായി പണിതീർന്ന്‌ കയറാൻ കഴിയാറില്ല. അതിനെയെല്ലാം പ്രതിരോധിക്കേണ്ടി വന്നു.

സമൂഹത്തിന്‌ ഉണ്ടാകേണ്ട  മാറ്റം

സുരക്ഷിതമായി സ്ത്രീകൾക്ക് ജീവിക്കാൻ കഴിയുക. സമൂഹം സ്ത്രീകളോട് കൂടുതൽ മാന്യമായി ഇരിക്കുക. നമ്മൾ ജീവിക്കുന്ന ഇടങ്ങളിൽ പേടികൂടാതെ നമുക്ക് ജീവിക്കാൻ കഴിയണം. ഏതു രാത്രിയും സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള അവസരവും സാഹചര്യവും ഉണ്ടാകണം.

ഗുസ്തി താരങ്ങൾ

വളരെ വേദനജനകമാണ്. അവർ ഇന്ത്യയുടെ യശസ്സ്‌ എത്രയിടങ്ങളിൽ ഉയർത്തിക്കാട്ടി. അവർക്കുനേരെയുള്ള അനീതി എതിർക്കപ്പെടേണ്ടതാണ്. നമ്മൾ വിജയങ്ങൾ വളരെ പ്രൗഢിയോടെ ആഘോഷിക്കും. പക്ഷേ, അതിനുശേഷം അവർക്കുണ്ടാകുന്ന പ്രതിസന്ധികളെ പരിഗണിക്കാൻ മറന്നുപോകും. എത്രയോ മികച്ച താരങ്ങൾ വേണ്ടത്ര സൗകര്യങ്ങൾ, സാധ്യതകൾ ഇല്ലാതെ നിരാശരായി പിന്തിരിഞ്ഞുപോകുന്നു. അതിനെല്ലാം മാറ്റം വരേണ്ടത് അനിവാര്യമാണ്.

സിനിമയിലെ സ്ത്രീ

ഒടിടി സ്ത്രീകഥാപാത്രങ്ങൾക്ക് കൂടുതൽ സാധ്യത കൊടുത്തതായി തോന്നിയിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങൾ നൽകി അവരെ ചിത്രങ്ങളുടെ ഫോക്കസിൽ എത്തിക്കുന്ന സാഹചര്യം വരുന്നുണ്ട്. ശ്രദ്ധിക്കപ്പെടാത്ത പ്രാദേശിക സിനിമകളിൽ അത്തരം കഥാപാത്രങ്ങൾ ഉണ്ടാകുന്നു. ലോക സിനിമയെ ഇന്ന് കാണുന്ന വിധത്തിൽ രൂപപ്പെടുത്തിയത് പ്രാദേശിക സിനിമകളാണ്. നോർത്ത് ഈസ്റ്റ്‌ ഭാഗത്തുനിന്ന്‌ വരുന്ന കൂടുതൽ കഥകൾ ആളുകൾ കാണണം. ഇന്ത്യയെ സമഗ്രമായി നോക്കിക്കാണണം. മുംബൈയോ ഡൽഹിയോ ബോളിവുഡോ മാത്രമല്ല ഇന്ത്യ, പ്രാദേശിക വൈവിധ്യങ്ങളിൽ സ്ത്രീകളെ ശക്തമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രങ്ങൾ കാണാം, അത് നമ്മൾ ഏറ്റെടുക്കണം.

നിരോധനങ്ങളുടെ കാലം

അതൊരു വലിയ പ്രശ്നമാണ്. എന്നാൽ, ഇന്നത്തെ ഡിജിറ്റൽ കാലത്ത്, നിങ്ങൾ കരുതുന്നുണ്ടോ നിരോധിക്കുന്ന കണ്ടെന്റുകൾ ആരും കാണാതെ പോകുമെന്ന്. എല്ലാവരും എല്ലാം കാണുന്നുണ്ട്. നിരോധനം പ്രചോദനംകൂടെയാണ്, കൂടുതൽ മുന്നോട്ട് പോകാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top