25 April Thursday

മൃദുലം, സുന്ദരം തൂവൽ ചിത്രങ്ങൾ

സയൻസൺUpdated: Sunday Oct 17, 2021


കാഴ്‌ചക്കാരിലേക്ക്‌ മൃദുലത നിറയ്‌ക്കുകയാണ്‌ ഈ കുഞ്ഞുവരകൾ. തൂവലിന്റെ തലോടൽ പോലെ മനോഹരം ഓരോ വർണ ചിത്രവും.  ചെറുതിന്റെ സൗന്ദര്യം തേടുന്ന ചിത്രകാരി കുഞ്ഞുതൂവൽ പ്രതലത്തിൽ നിറപ്പകിട്ടേകുന്നു. ഈ തൂവൽ ചിത്രങ്ങളിൽ ചരിത്രസംഭവങ്ങളും ഭാവങ്ങളും വിരിയും. ഒരു പരിശീലനവും ഇല്ലാതെയാണ്‌ ലാഗ്‌മി മേനോൻ തൂവലിൽ ചിത്രം വരയ്‌ക്കുന്നത്‌.

നാനോകാലത്ത്‌ ചിത്രരചനയ്ക്കും വലിയ പ്രതലങ്ങൾ വേണമെന്ന്‌ നിർബന്ധമില്ലെന്ന്‌ തെളിയിക്കുകയാണ്‌ ചിത്രകാരി.  തുളസിയിലയിൽ പോലും കുഞ്ഞുചിത്രം വരച്ച്‌ വിസ്‌മയിപ്പിക്കുന്നുണ്ട്‌ മായനാട് പുല്ലാട്ടുപറമ്പിൽ ലാഗ്‌മി.


 

ചിത്രരചനയിൽ വലിയ മുൻപരിചയമൊന്നും ഇല്ലാതിരുന്ന ലാഗ്‌മി കോവിഡിനെത്തുടർന്നുള്ള അടച്ചിടലിലാണ്‌  വിരസത ഒഴിവാക്കാൻ  വരച്ചുതുടങ്ങിയത്‌.  ആദ്യം കടലാസിലും വിത്തുകളിലുമായിരുന്നു ചിത്രരചന.  പിന്നീട്‌ തൂവലിലായി പരിക്ഷണം. അത്ര സുന്ദരമൊന്നും ആയിരുന്നില്ല ആദ്യ വരകൾ. പിന്നെ സെലോ ടേപ് ഉപയോഗിച്ച്‌ മേശയിൽ തൂവലുകളെ ഉറപ്പിച്ചുനിർത്തി നിറങ്ങൾ ചാലിച്ചുതുടങ്ങി.  ജീവൻ തുടിക്കുന്ന ചിത്രങ്ങൾ പിറന്നു.  ചിത്രത്തിന്റെ ഔട്ട്‌ലൈൻ ആദ്യം തയ്യാറാക്കി  നിറം നൽകുന്നതാണ് രീതി.  തുടക്കത്തിൽ രണ്ടും മൂന്നും ദിവസം എടുത്തിരുന്നെങ്കിൽ ഇപ്പോൾ ഒരു ചിത്രം പൂർത്തിയാക്കാൻ മൂന്നു  മണിക്കൂർ മതി.

വ്യക്തികളുടെയും കഥകളി, തെയ്യം തുടങ്ങി കലാരൂപങ്ങൾ, ചലച്ചിത്ര താരങ്ങളുടെ മുഖങ്ങൾ  എന്നിവയെല്ലാം ലാഗ്മിയുടെ തൂവൽ ചിത്രങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.  അമ്പതിലധികം ചിത്രം ഇതുവരെ പൂർത്തിയാക്കി. തൂവൽ കൂടാതെ ഇലകളിലും ചക്കക്കുരുവിലും ഗുളികകളിലും പൊട്ടിലുമെല്ലാം ചിത്രങ്ങൾ വരയ്ക്കാറുണ്ട്.

ലാഗ്‌മിയുടെ ചിത്രങ്ങൾക്ക് സ്റ്റാർ ഇൻഡിപെൻഡന്റ് അവാർഡ് മുതൽ ഏഷ്യൻ ബുക്ക് ഒഫ് റെക്കോഡും ഇന്ത്യൻ ബുക്ക് ഒഫ് റെക്കോഡും ലഭിച്ചിട്ടുണ്ട്. അരമണിക്കൂറിനുള്ളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളായ ആറുപേരെ തൂവലുകളിൽ വരച്ചാണ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിലും സ്ഥാനംപിടിച്ചത്. എംബിഎ ബിരുദധാരിയായ  ലാഗ്‌മി ചിത്രരചനയിൽ  സജീവമാകാനുള്ള തീരുമാനത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top