23 April Tuesday

പാഠം ഒന്ന് ഫൗസിയ ടീച്ചര്‍

എം ജഷീന jashi8als@gmail.comUpdated: Sunday Feb 5, 2023

ഫൗസിയ ടീച്ചറും കുട്ടികളും

‘ഫൗസിയയ്‌ക്ക്‌ ഒരു ലെറ്റർ  ഉണ്ട്‌’... വീട്ടിലെത്തിയ പോസ്‌റ്റുമാന്റെ കൈയിൽനിന്ന്‌  ആകാംക്ഷയോടെ ലെറ്റർ വാങ്ങുമ്പോൾ  നെഞ്ചിടിപ്പ്‌ ഒന്ന്‌ കൂടി.  നിറഞ്ഞ കണ്ണിലും മനസ്സിലും അക്ഷരങ്ങൾ  മുറിഞ്ഞും പടർന്നുമേ പതിയുന്നുള്ളൂ. എങ്കിലും വായിച്ചു തീർത്തു, ജീവിതത്തിന്റെ പുതിയ  പകർന്നാട്ടത്തെ. ഭൂമിയിലോ ആകാശത്തോ എന്നറിയാത്ത അവസ്ഥയിലായി അപ്പോൾ. 20 വർഷം മുമ്പ്‌ ഓണപ്പരീക്ഷയ്‌ക്ക്‌ ശേഷം  പഠനം നിർത്തിയ സയൻസ്‌ ബാച്ചിലെ പെൺകുട്ടിയാണ്‌  ആ നിമിഷം കൺനിറയെ.

അവൾ  മുന്നിലെത്തി അഭിനന്ദിക്കുകയാണോ?  വിശ്വസിക്കാനാകാതെ ഒന്ന്‌ നുള്ളി നോക്കി.  കല്ല്യാണപ്പന്തലിലേക്ക്‌ ഇറങ്ങിയ ആ പതിനേഴുകാരി കാലത്തിനിപ്പുറം  വീണ്ടും സ്‌കൂളിലേക്ക്‌ പോകുന്നു,  പഠിക്കാനല്ല, പഠിപ്പിക്കാൻ. കല്ലും മുള്ളും നിറഞ്ഞ ഒറ്റയടിപ്പാത നടന്നുതീർത്ത്‌ ഒടുവിൽ  വേങ്ങരയിലെ സർക്കാർ സ്‌കൂളായ  ചേറൂര്‌ സിഎകെഎം ജിഎംയുപിഎസിൽ എത്തിയിരിക്കുന്നു.  നിയമന  അറിയിപ്പ്‌ ലഭിച്ച നാല്‌ മാസം മുമ്പേയുള്ള  ആ ദിനത്തിന്റെ സന്തോഷവും അത്ഭുതവും മാറാതെയുണ്ട്‌ ഫൗസിയയുടെ മുഖത്തും വാക്കുകളിലും.

പൂജ്യത്തിൽ നിന്നും തുടങ്ങിയ  യാത്രയായതിനാൽ  മഞ്ചേരി പന്തലൂർ കൂരിമണ്ണിൽ പട്ടിയിൽ വീട്ടിൽ കെ പി ഫൗസിയയുടെ അധ്യാപിക ജോലിക്ക്‌ പത്തരമാറ്റാണ്‌. പ്ലസ്‌ടു  പാതി നിർത്തി വിവാഹം, മൂന്ന്‌ വർഷത്തിനുള്ളിൽ രണ്ട്‌ കുഞ്ഞുങ്ങൾ, വിവാഹമോചനം. 20 വയസ്സിൽ വീട്ടിലേക്ക്‌ തിരിച്ചു വരുമ്പോൾ സമ്പാദ്യമെന്ന്‌ പറയാൻ മൂന്നും രണ്ടും വയസ്സുള്ള  രണ്ട്‌  കുരുന്നുകളും പത്താം ക്ലാസ്‌ സർട്ടിഫിക്കറ്റും ഉത്തരമില്ലാത്ത ജീവിതവും. ഒറ്റയ്‌ക്കുള്ള യാത്രയിൽ തളരാൻ എളുപ്പമായിരുന്നു.  അതായിരുന്നില്ല, ഫൗസിയയുടെ വഴി.  തലയുയർത്തിയുള്ള  ജീവിതത്തിൽ വെളിച്ചം  അക്ഷരമാണ്‌  എന്നത്‌ അനുഭവ പാഠം. ആ പാതയിൽ തുടങ്ങിയ പോരാട്ടമാണ്‌ ആഗ്രഹിച്ചപോലെ അധ്യാപിക എന്ന സ്വപ്‌നം സാക്ഷാൽക്കരിച്ചത്‌.

അനിയത്തിയും ഉമ്മയും അടങ്ങുന്നതായിരുന്നു കുടുംബം. ഉപ്പ നേരത്തേ  മരിച്ചു. ഫൗസിയയെ വേഗം  വിവാഹം കഴിപ്പിച്ച്‌ ഉത്തരവാദിത്വം നിർവഹിക്കാനുള്ള തിടുക്കത്തിലായി കുടുംബം. പഠിക്കാൻ താൽപ്പര്യമുണ്ടായിരുന്നെങ്കിലും സമ്മതം മൂളേണ്ടി വന്നു. പഠനം നിർത്തി വിവാഹജീവിതത്തിന്റെ തിരക്കുകളിലായി. മൂന്ന്‌ വർഷത്തിനുള്ളിൽ മകളും മകനും ജനിച്ചു. ആദ്യമൊക്കെ സന്തോഷമുള്ളതായിരുന്നു ജീവിതം. പിന്നീട്‌   സ്വത്തുക്കൾ ആവശ്യപ്പെട്ട്‌ നിരന്തരം മാനസിക പീഡനം തുടങ്ങിയതോടെയാണ്‌ വിവാഹജീവിതം വേണ്ടെന്നു  തീരുമാനിച്ചത്‌.  സ്വന്തം വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആദ്യം പോയത്‌, സ്വകാര്യ സ്ഥാപനത്തിൽ പ്ലസ്‌ വണിൽ ചേരാൻ. അങ്ങനെ എൽകെജിക്കാരിയായ മകൾക്കൊപ്പം ഫൗസിയയും വിദ്യാർഥിയായി. പഠനമായിരുന്നു പിന്നീട്‌ എല്ലാം. മറ്റൊരു ചിന്തകൾക്കും ഇടം നൽകാതെ ഒരേയൊരു ലക്ഷ്യത്തിൽ ചിട്ടയായ പഠനം.  ഒടുവിൽ  ഒന്നാം ക്ലാസോടെ  പ്ലസ്‌ടു ഹ്യുമാനിറ്റീസ്‌ വിജയം. അധ്യാപികയെന്ന സ്വപ്‌നത്തിനായി പിന്നെ രണ്ട്‌ വർഷം ടിടിസി. കുട്ടികളെ  നോക്കിയും മറ്റും  എല്ലാത്തിനും പിന്തുണയുമായി ഉമ്മ സജിതാബിയും.   ടിസിയിൽ തീർന്നില്ല,  മഞ്ചേരി കോ- ഓപ്പറേറ്റീവ്‌ കോളേജിൽ ചേർന്ന്‌ ബിഎ പൂർത്തിയാക്കി. ഇതിനിടയിൽ ഐഎഎസ്‌ സ്വപ്‌നങ്ങളും കയറിക്കൂടി. പരിശ്രമിച്ചെങ്കിലും കിട്ടിയില്ല. പക്ഷെ അതൊരു നല്ല അനുഭവമായിരുന്നെന്ന്‌ ഫൗസിയ. ‘പത്താം ക്ലാസ്‌ മാത്രമുള്ളവർക്ക്‌ ഐഎഎസ്‌ പ്രവേശന പരീക്ഷ എഴുതുക എന്നത്‌ സ്വപ്‌നത്തിൽ പോലുമുണ്ടായിരുന്നില്ല. കുറേ പഠിക്കാനായി. പിഎസ്‌സി പരീക്ഷയിലൊക്കെ അത്‌ ഗുണംചെയ്‌തു’ .

ഒരു വരുമാനം ആവശ്യമായപ്പോൾ സ്‌കൂളിൽ താൽക്കാലിക അധ്യാപിക ആയി. അതിനിടയിൽ പിഎസ്‌സി പരിശീലനത്തിന്‌ സമയം കണ്ടെത്തി. ആദ്യമായി എഴുതിയ എൽപി, യുപി പരീക്ഷയിൽ നേരിയ പോയിന്റിനാണ്‌ മെയിൻ ലിസ്‌റ്റ്‌ നഷ്‌ടപ്പെട്ടത്‌. സപ്ലിമെന്ററിയിൽ ആറാം റാങ്കുണ്ടായി. പക്ഷെ  നാല്‌ വരെ നിയമനം കൊടുത്തു. അവിടെയും തോറ്റ്‌ പിൻമാറാൻ തയ്യാറല്ലായിരുന്നു. 2019ലെ എൽപി  ജനറൽ പട്ടികയിൽ നല്ല റാങ്കോടെ  ഇടം നേടി.  ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ്‌ അധ്യാപികയായി ചുമതലയേറ്റത്‌.   അനിയത്തി ഫെബിനും  ആ പരീക്ഷയിലൂടെ  അധ്യാപികയായി എന്നത്‌ മറ്റൊരു സന്തോഷം. ഇതിനിടയിൽ ബീവറേജസിൽ ഓഫീസ്‌  അസിസ്‌റ്റന്റായി നിയമനം കിട്ടിയിരുന്നു. അധ്യാപന ജോലി കിട്ടിയപ്പോഴാണ്‌ അത്‌ വിട്ടത്‌.

പ്ലസ്‌ടു വിദ്യാർഥിയായ നേഹ ഫൈബിയും പ്ലസ്‌ വൺ വിദ്യാർഥിയായ നിഷൽ ഷമീമും എല്ലാ പിന്തുണയുമായി കൂടെയുണ്ട്‌. ഓർമ വച്ച കാലം മുതൽ ഉമ്മ എപ്പോഴും പഠിക്കുന്നതാണ്‌ കണ്ടിട്ടുള്ളതെന്നാണ്‌ മകളുടെ പക്ഷം. ആ പഠനവും അറിവും തന്നെയാണ്‌ ഇന്നത്തെ എന്നെ സൃഷ്‌ടിച്ചതെന്ന്‌ ഫൗസിയ അതിനോട്‌  കൂട്ടിച്ചേർത്ത്‌ പറയും. ‘ഭക്ഷണത്തിനും വിശ്രമത്തിനും കൃത്യമായ ഇടവേളകൾ വച്ചായിരുന്നു പഠനം. നഷ്‌ടപ്പെട്ടതിനേക്കാൾ നേടാൻ വലിയ ലോകമുണ്ടെന്ന തിരിച്ചറിവായിരുന്നു ഈ ഊർജത്തിന്‌ പിന്നിൽ. എന്ത്‌ തേടിയാണോ യാത്ര തിരിച്ചത്‌, അവിടെ എത്താനായി...’ തൊണ്ട ഇടറി വാക്കുകൾ മുറിയുന്നു.

‘സംഘർഷഭരിതമായ വിവാഹ ജീവിതം അവസാനിപ്പിക്കാമെന്ന  തീരുമാനം തന്റെ വ്യക്തിത്വത്തെ ഏറെ  മാറ്റി. മാനസികമായി കരുത്ത്‌ കൈവരിച്ചു. ജീവിതത്തിൽ ഒരു ലക്ഷ്യബോധമുണ്ടായി. സൗഹൃദങ്ങളും യാത്രകളും തന്ന പുതിയ ലോകം  കാഴ്‌ചപ്പാടുകളെ തന്നെ മാറ്റി. ഒരിക്കൽ കരഞ്ഞിരുന്ന ഫൗസിയ, ചിരിക്കുന്ന ഫൗസിയയായി മാറിയത്‌, അക്ഷരങ്ങളെ തിരിച്ചു പിടിച്ചപ്പോഴാണ്‌.   വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മകളോടും മകനോടും എപ്പോഴും  പറയും, ‘എന്റെ ജീവിതം തന്നെയാണ്‌ അവർക്ക്‌ പാഠം.’

ജീവിതം പ്രചോദനം

തന്റെ പഠനവും ജോലിയും ജീവിതവും നാട്ടിൽ കുറച്ച്‌  പേർക്കൊക്കെ  പ്രചോദനമാവുന്നതിൽ സന്തോഷമുണ്ടെന്ന്‌ ഫൗസിയ. ‘പൊതുവേ സ്‌ത്രീകളെ  പഠിപ്പിക്കാതെ വേഗത്തിൽ വിവാഹം കഴിപ്പിക്കുന്നതിലാണ്‌ പ്രദേശത്ത്‌ പലർക്കും താൽപ്പര്യം. പഠിക്കാനും ജോലി കിട്ടാനും പരിശ്രമിയ്ക്കുന്നവരുമുണ്ട്‌. പെൺകുട്ടികളിൽ പലരും അടുത്ത്‌ വന്ന്‌ പഠനകാര്യങ്ങളും മറ്റും ചോദിച്ചറിയും. പരിശ്രമത്തിലൂടെ സ്വയംപര്യാപ്‌തത  കൈവരിച്ചവളായാണ്‌ അവർ എന്നെ കാണുന്നത്‌. അവർക്ക്‌ പ്രോ ത്സാഹനവും പിന്തുണയും നൽകുന്നത്‌ സന്തോഷമാണ്‌’.

കുട്ടികളുടെ കൂട്ടുകാരിയായി കൂടെ കൂടുന്ന ഈ അധ്യാപക  കലാപരിപാടിയായാലും യാത്രയായാലും മുന്നിലുണ്ടാകും.  കെഎസ്‌ടിഎ അധ്യാപക കലോത്സവത്തിൽ സബ്‌ജില്ലയിൽ പ്രസംഗത്തിൽ ഒന്നാം  സമ്മാനം നേടി. ഇന്ത്യയൊട്ടാകെ കറങ്ങണം,    വിദൂര പഠനം വഴിയുള്ള എംഎ  പൂർത്തിയാക്കണം. പിഎച്ച്‌ഡി നേടണം... ഫൗസിയയുടെ ലക്ഷ്യങ്ങൾ അവസാനിക്കുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top