27 April Saturday

മോട്ടോർ സൈക്കിൾ ഡയറീസ് @6; ആറ്‌ വയസ്സുകാരി ഫാത്തിമ നെഷ്‌‌വയ്‌ക്ക്‌ എല്ലാം സോ സിംപിൾ

ശ്രീരാജ്‌ ഓണക്കൂർUpdated: Sunday Jul 11, 2021

റേസിങ്‌ ട്രാക്കിലെ കുണ്ടും കുഴിയും ഇറക്കവും കയറ്റവുമെല്ലാം മുന്നിൽ. ബൈക്കിൽ കയറിയാൽ ആറ്‌ വയസ്സുകാരി ഫാത്തിമ നെഷ്‌‌വയ്‌ക്ക്‌ എല്ലാം സോ സിംപിൾ. 49 സിസി കുട്ടിബൈക്കുമായി ഈ കുഞ്ഞുമിടുക്കി. അനുജനൊപ്പം യുട്യൂബിൽ ബൈക്ക്‌ സ്റ്റണ്ട്‌ വീഡിയോകൾ കാണുമ്പോഴാണ്‌ ഫാത്തിമയ്‌ക്കും റേസിങ് കമ്പം തുടങ്ങിയത്‌. ‘പെണ്ണുങ്ങൾ റേസിങ്‌ ബൈക്ക്‌ ഓടിക്കാൻ പറ്റില്ലെന്ന്‌’ അവൻ കളിയാക്കി. ആ സങ്കടം പങ്കുവച്ചത്‌ ഉപ്പ അബ്‌ദുൾ കലാം ആസാദിനോട്‌.

സെക്കൻഡ്‌ ഹാൻഡ്‌ 49 സിസി കുട്ടിബൈക്ക്‌ സംഘടിപ്പിച്ചു നൽകി ആസാദ്‌. 50സിസിയിൽ കൂടുതലുണ്ടെങ്കിലേ ലൈസൻസ് വേണ്ടൂ. ഈ ബൈക്കിൽ  കുഞ്ഞു ഫാത്തിമ അഭ്യാസം തുടങ്ങിയപ്പോൾ  മുറ്റത്തെ ചെടിച്ചട്ടി പൊട്ടി. സീൻ ഡാർക്കാണെന്ന്‌ മനസ്സിലായതോടെ ആസാദ്‌ സുഹൃത്തിന്റെ പറമ്പിൽ പരിശീലനത്തിന്‌ സൗകര്യമൊരുക്കി. റേസിങ്‌ ട്രാക്കിലെ കുണ്ടും കുഴിയും ഇറക്കവുമെല്ലാം  ഒരുക്കി. ബൈക്കിന്റെ എൻജിൻ പൊളിഞ്ഞതോടെ പരിശീലനം നിന്നു. ഫാത്തിമയ്‌ക്ക്‌ സങ്കടം. ഡൽഹിയിൽനിന്ന്‌ പുതിയ കിടിലൻ 49 സിസി ബൈക്കിനും സ്റ്റണ്ടർമാർക്കുള്ള സുരക്ഷാ കിറ്റും വാങ്ങി നൽകി. ഉപ്പ തന്നെയാണ്‌ പരിശീലകൻ.

പുതിയ ബൈക്കിന്‌ 369 എന്ന നമ്പറാണ്‌ മമ്മൂട്ടി ഫാനായ ഫാത്തിമ നൽകിയത്‌. മമ്മൂട്ടിയുടെ വാഹനങ്ങൾക്കെല്ലാം 369 ആണ്‌ ഇട്ടിരിക്കുന്നതെന്നും ഫാത്തിമ. ഉമ്മ ഷബ്‌നയും ചേച്ചി ഹയ ഫാത്തിമയും കുഞ്ഞനിയൻ അഹമ്മദ് ഹമ്പലും കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്. സഹോദരങ്ങൾ ചേർന്ന്‌ ആരംഭിച്ച ഹാഷ്‌ബെൽ മീഡിയ യുട്യൂബ്‌ ചാനലിൽ ഫാത്തിമയുടെ അഭ്യാസ പ്രകടനങ്ങൾ വൈറലായി.

സ്‌കേറ്റിങ്ങിലും ഡാൻസിലും ഫാത്തിമ മിടുക്കിയാണ്. കുട്ടികൾക്കായി കോയമ്പത്തൂരിൽ ആഗസ്‌തിൽ നടക്കുന്ന റേസിങ്‌ മത്സരത്തിൽ മകളെ പങ്കെ‌ടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ ഇ–കൊമേഴ്സ് ബിസിനസുകാരനായ എറണാകുളം കരുമാലൂർ വെളിയത്തുനാട്‌ സ്വദേശിയായ അബ്‌ദുൾകലാം ആസാദ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top