20 April Saturday

‘എൻചാന്റഡ്‌ ഗാർഡനി’ലെ വർണ പൂക്കൾ

പി സി പ്രശോഭ‌്Updated: Tuesday Oct 23, 2018

ചായങ്ങൾ എന്നും സ‌്ത്രീകളുടെ അടുത്ത കൂട്ടുകാരിയാണ‌്. മനസ‌് ആവിഷ‌്കരിക്കാൻ ഇതിലും നല്ലൊരു മാർഗമില്ലാത്തതിനാലാകാം പെൺകുട്ടികൾ കൂടുതലായി ചിത്രങ്ങളെയും ചായക്കൂട്ടുകളെയും സ‌്നേഹിക്കുന്നത‌്. പുറംലോകം കാണുന്നതു കൂടാതെ രഹസ്യമായി വരച്ചു സൂക്ഷിക്കുന്ന എത്രയോ ചിത്രങ്ങൾ അവർക്കുണ്ടാകും.  കോട്ടയത്തെ  കൊട്ടാരത്തിൽ ശങ്കുണ്ണി സ‌്മാരക (കെഎസ‌്എസ‌്) കലാമന്ദിരം സ‌്ത്രീകളുടെ ഈ ചിത്രകലാ വൈഭവത്തിന‌് ഒരുമിക്കാൻ വേദിയാവുകയാണ‌്. ഇവിടുത്തെ സ‌്കൂൾ ഓഫ‌് ആർട‌്സിൽ ചിത്രകല പഠിച്ചിറങ്ങുന്നവരിൽ അധികവും സ‌്ത്രീകൾ. മിക്കവരും ജോലിക്കാർ. ജോലിക്കിടയിലെ ഇത്തിരിനേരം അവർ ചിത്രകലയ‌്ക്ക‌് മാറ്റിവയ‌്ക്കുന്നു. പല നാട്ടുകാരെങ്കിലും അവർക്കിടയിൽ ഒരു കൂട്ടായ‌്മ തനിയെ വളർന്നിരിക്കുന്നു.

ഏതാനും വർഷമായി ഇവിടുത്തെ സീനിയർ വിദ്യാർഥികൾ നിലവിലെ പഠിതാക്കളുമായി ചേർന്ന‌് ചിത്രപ്രദർശനം സംഘടിപ്പിക്കാറുണ്ട‌്. ശങ്കുണ്ണി സ‌്മാരക കലാമന്ദിരത്തിലെ ഐതിഹ്യ ആർട‌് ഗ്യാലറിയിൽ 'എൻചാന്റഡ‌് ഗാർഡൻ' എന്ന പേരിൽ ഇരുപതോളം കലാകാരൻമാരുടെ ചിത്രം ഇപ്പോൾ  പ്രദർശനമാരംഭിച്ചു.  ഇതിൽ അധികവും സ‌്ത്രീകളുടെ സൃഷ്ടികളാണുള്ളത‌്. 'ധാര' എന്ന പേരിൽ 2017 ഡിസംബറിൽ പ്രദർശനം നടത്തിയിരുന്നു. അതിൽ മാത്രം പങ്കെടുത്തത‌് 21 വനിതാ ആർടിസ‌്റ്റുകളാണ‌്. 'അതാതു കാലത്തെ വിദ്യാർഥികളും പൂർവവിദ്യാർഥികളുമായി ചേർന്നാണ‌് എക‌്സിബിഷൻ നടത്താറ‌്.  ഇപ്പോൾ കൂടുതൽ ആർടിസ‌്റ്റുകളെ പരിചയപ്പെടാൻ അവസരം കിട്ടുന്നു.'– കലാനിലയത്തിലെ ആദ്യ ചിത്രരചനാ ബാച്ചിൽ അംഗമായിരുന്ന കോട്ടയം പുത്തനങ്ങാടി സ്വദേശിനി അഞ‌്ജു പിള്ള പറയുന്നു. 

ഇപ്പോൾ പ്രദർശനം നടത്തുന്ന കലാകാരികളിൽ ജയലക്ഷ‌്മി സുനിൽ, ദിനു വിജയൻ, പി ജെ ശൈലജ എന്നിവർ അധ്യാപികമാരാണ‌്. ജിജിമോൾ കെ തോമസ‌് ബാലരമയിൽ ആർടിസ‌്റ്റ‌ും ശുഭ എസ‌് നാഥ‌്  നർത്തകിയുമാണ‌്. കോട്ടയം ജില്ലക്കു പുറത്തുനിന്ന‌് വരുന്നവരുമുണ്ട‌്. ആ‌ഴ‌്ചയിൽ ഒന്നോ രണ്ടോ ദിവസം വന്നാൽ മതിയാകും. അക്രിലിക‌്, ഓയിൽ പെയിന്റിങ‌്, മ്യൂറൽ എന്നിങ്ങനെ എല്ലാ സങ്കേതങ്ങളിലും ഇവിടെ ക്ലാസുണ്ട‌്.   'തിരക്കുകൾക്കിടയിൽ നിന്ന‌് മാനസികോല്ലാസത്തിന‌് വേണ്ടിയാണ‌് ഞങ്ങൾ ഇവിടെത്തുന്നത‌്. ഒപ്പം കഴിവും വർധിപ്പിക്കാം'– ദിനു വിജയൻ പറയുന്നു.

. എറണാകുളത്ത‌് 'ഇഷിക' എന്ന പേരിൽ ചിത്രകാരികളുടെ കൂട്ടായ‌്മയുണ്ട‌്. ഇതിന്റെ മാതൃകയിൽ കൂടുതൽ വിപുലമായ കൂട്ടായ‌്മയാണ‌് കെഎസ‌്എസ‌് സ‌്കൂളിലെ വിദ്യാർഥിനികൾ ആഗ്രഹിക്കുന്നത‌്. പല നാടുകളിലും ചിത്രകാരികളുടെ ചെറുചെറു കൂട്ടായ‌്മകൾ ഉണ്ടായിട്ടുണ്ട‌്. ഒന്നിനും നല്ലൊരു തുടർച്ച ഉണ്ടാക്കാനായില്ല. കെഎസ‌്എസ‌് ഇതിൽ നിന്ന‌് വ്യത്യസ‌്തമാകുമെന്ന‌് ഇവർ പറയുന്നു. അതേസമയം  കൂട്ടായ‌്മ  പുരുഷൻമാരെ ഒഴിവാക്കിക്കൊണ്ടല്ല താനും. സഹപാഠികളായ ആൺകുട്ടികളും പ്രദർശനം സംഘടിപ്പിക്കുന്നതിൽ ഇവർക്കൊപ്പമുണ്ട‌്.

  എന്താണ‌് പെൺവരയുടെ പ്രത്യേകത. ഇവരുടെ മറുപടി ഇങ്ങനെ – 'പെൺകുട്ടികൾക്ക‌് ഭാവന കൂടുതലുണ്ടാകും. അവ ചിത്രങ്ങളിൽ പ്രതിഫലിക്കും. ചിത്രങ്ങളിൽ അവരുടെ ജീവിതം കൂടുതലായി പ്രതിഫലിക്കുന്നത‌് കാണാം. ഒരു പ്രകൃതിദൃശ്യം വരച്ചാൽ പോലും അതിലൊരു വികാരമുണ്ടാകുന്നത‌് അതുകൊണ്ടാവാം'.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top