28 September Thursday

ഭൂപടങ്ങളിലില്ലാത്ത ഭൂമി... ഇ എം എസിന്റെ മകൾ അച്ഛന്റെ ഓർമകൾ പങ്കുവയ്‌ക്കുന്നു

ബിജുകാർത്തിക്‌ bijkarthik@gmail.comUpdated: Sunday Mar 19, 2023

ഇ എം എസിന്റെ മകൾ ഇ എം രാധ അച്ഛന്റെ ഓർമകൾ പങ്കുവയ്‌ക്കുന്നു

‘‘സാവകാശം നീങ്ങിയ തോണി പുഴയുടെ നടുവിലെത്തിയപ്പോൾ ഇരുകരകളും കാണാമറയത്തായി. ഈ പുഴയ്‌ക്ക്‌ അവസാനമില്ലേ? എനിക്ക്‌ വല്ലാത്ത പേടിതോന്നി. ആരും ഒന്നും മിണ്ടുന്നില്ല. ഞാൻ അച്ഛനെ ഒന്നുകൂടെ മുറുക്കിപ്പിടിച്ചു. എന്റെയുള്ളിലെ ഭീതിയുടെ മിടിപ്പ്‌ അച്ഛൻ മനസ്സിലാക്കിയെന്നു തോന്നുന്നു. ഒരു കൈകൊണ്ട്‌ അച്ഛനപ്പോൾ എന്നെ ചേർത്തുപിടിച്ചു. സുരക്ഷിതത്വത്തിന്റെ ആ കനത്ത കോട്ടയ്‌ക്കുള്ളിൽ എല്ലാ പേടിയും മറന്ന്‌ ഞാൻ തോണിയാത്രയുടെ രസം ആസ്വദിച്ചു. കേരളത്തിലെ മൂന്നുകോടി ജനതയുടെ സംരക്ഷകനായ മുഖ്യമന്ത്രിയാണ്‌ തോണിയിൽ ഞങ്ങൾക്ക്‌ കുടചൂടിനിന്ന അച്ഛൻ എന്ന്‌ അന്നെനിക്കറിയില്ലായിരുന്നു...’’ ഇ എം എസ്‌-: മകളുടെ ഓർമകൾ ഇ എം രാധ (സാഹിത്യ പ്രവർത്തക സഹകരണസംഘം)

ചരിത്രത്തിനൊപ്പം നടന്നവർ ഒരുപാടുണ്ട്‌, പക്ഷേ, ഇ എം എസ്‌ എന്ന മൂന്നക്ഷരത്തിനൊപ്പം നടന്നതെല്ലാം ചരിത്രമായിരുന്നു. ഈ കമ്യൂണിസ്‌റ്റ്‌ ആൾരൂപത്തിനുമുന്നിൽ പലപ്പോഴും ചരിത്രംവഴിമാറി. ബാലറ്റ്‌ പെട്ടിയിലൂടെ അധികാരമേറ്റ ആദ്യ കമ്യൂണിസ്‌റ്റ്‌ മുഖ്യമന്ത്രി, സമുദായത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കുമെതിരെ പോരാടിയ ധീരൻ, സ്വാതന്ത്ര്യസമരസേനാനി, ഭൂപരിഷ്‌കരണത്തിന്‌ തുടക്കമിട്ടയാൾ....അങ്ങനെ വിശേഷണങ്ങൾ ഒട്ടേറെ... 1998 മാർച്ചിൽ സൂര്യൻ അസ്‌തമനത്തിലേക്ക്‌ പതിയെ നീങ്ങവെ ഇവിടെ മറ്റൊരു സൂര്യനും തിരി താഴ്‌ത്തുകയായിരുന്നു. അവസാന ശ്വാസത്തിന്‌ മിനിറ്റുകൾക്കുമുമ്പുവരെ പാർടിക്കായി സ്വയം സമർപ്പിച്ചു. എഴുതിക്കൊണ്ടിരുന്ന ലേഖനത്തിൽ തുടരുമെന്ന വാക്ക്‌ സ്വന്തം കൈപ്പടയിൽ എഴുതിച്ചേർത്ത്‌ വിപ്ലവ സൂര്യൻ കണ്ണടച്ചു. പക്ഷേ, അതുയർത്തിയ ജ്വാലകൾ, കനലുകൾ കെടാവിളക്കായി ഇന്നും കേരളത്തിന്‌ വഴികാട്ടുന്നു. ഈ മാർക്‌സിസ്‌റ്റ്‌ ആചാര്യന്‌ പകരം ആരെന്ന ചോദ്യത്തിന്‌ കാലമിനിയും ഉത്തരം തേടിക്കൊണ്ടേയിരിക്കുന്നു. പഠിച്ചുതീരാൻ ഒരായുസ്സുപോരാത്ത ചരിത്ര പുസ്‌തകത്തിന്റെ പേര്‌ കൂടിയാണ്‌ ഇ എം എസ്‌.  

പെൺകരുത്താകണം

കേരളത്തിന്റെ ഇന്നത്തെ എല്ലാ ഉയർച്ചകൾക്കും തുടക്കമിട്ടത്‌ ഏലംകുളം മനയ്‌ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ എന്ന ഐക്യ കേരളത്തിലെ ആദ്യമുഖ്യമന്ത്രിയാണ്‌. അച്ഛനിലെ മകളെയൊ, മകളുടെ അച്ഛനെയോ കൂടുതലിഷ്ടം.. എന്നു ചോദിച്ചാൽ ഇ എം എസിന്റെ പ്രിയപ്പെട്ട മകൾ ഇ എം രാധ  പറയുക അച്ഛന്റെ മകളെക്കുറിച്ചാകും. മകളുടെ ഓർമകളിലൂടെ ഇ എം എസിനെ വേറിട്ട്‌ വായിക്കാനാകും.  ഇന്നിപ്പോൾ സമൂഹം ചർച്ചചെയ്യുന്ന ‘ലിംഗനീതി’ സ്വജീവിതത്തിൽ പകർത്തി മാതൃകയായിരുന്നു ഇ എം എസ്‌. കുട്ടിക്കാലത്തേ അച്ഛൻ അത്തരത്തിലായിരുന്നു ഇടപെട്ടിരുന്നത്‌ എന്നതിന്‌ ഏറെ തെളിവുകളും പറയാനുണ്ട്‌ രാധയ്‌ക്ക്‌. അമ്മയുള്ളപ്പോൾ, തറവാട്‌ സ്വത്ത്‌ ഭാഗംവയ്‌ക്കവെ വിവാഹിതനാണെങ്കിൽ ഒരു വിഹിതം അധികംകിട്ടുമായിരുന്നു. അതിനുവേണ്ടി നേരത്തെ വിവാഹം കഴിക്കാൻ പലരും നിർബന്ധിച്ചെങ്കിലും ഇ എം എസ്‌ അതിന്‌ തയ്യാറായില്ല. സ്വത്തിനുവേണ്ടിയല്ല വിവാഹം കഴിക്കേണ്ടത്‌ എന്നായിരുന്നു നിലപാട്‌. ചെറുപ്രായത്തിൽ വിധവയാകേണ്ടിവന്ന അനുജത്തിക്കുകൂടി സ്വത്തിൽ ഒരു ഭാഗം നീക്കിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടതും അതിന്‌ മുൻകൈയെടുത്തും ഇ എം എസ്‌തന്നെ.

ഭർത്താവ്‌ കഴിച്ചതിന്റെ ബാക്കി ഭാര്യ കഴിക്കുകയെന്ന പരമ്പരാഗത രീതിയെ പൊളിച്ചെഴുതി. ഭാര്യയെന്നത്‌ എച്ചിൽ കഴിക്കേണ്ടവളല്ലെന്നതും ഉറച്ച നിലപാടായിരുന്നു. വസ്‌ത്രങ്ങൾ അവനവൻതന്നെ അലക്കണമെന്നതും ഭക്ഷണം കഴിച്ച പാത്രങ്ങൾ സ്വയം കഴുകണമെന്നതും ഉന്നത സ്ഥാനത്തിരിക്കുമ്പോഴും ജീവിതത്തിൽ പുലർത്തിയ ശീലങ്ങളുടെ ഭാഗമായിരുന്നു. ഭക്ഷണത്തിന്‌ മുന്നിലിരുന്ന്‌ അതിനെ കുറ്റം പറയരുതെന്നും  നിർബന്ധമായിരുന്നു. സ്‌ത്രീകൾ ജോലിക്ക്‌ പ്രാപ്‌തരാകണം, അല്ലെങ്കിൽ അവരുടെ കൈയിൽ വരുമാനം ഉണ്ടാകണം എന്നതിൽ ഇ എം എസിന്റെ പത്നി ആര്യ അന്തർജനത്തിനും ലവലേശം സംശയമുണ്ടായിരുന്നില്ല. എത്ര ഉന്നതമായ കമ്യൂണിസ്‌റ്റ്‌ കാഴ്‌ചപ്പാടാണ്‌ അന്നേ അവർ സൂക്ഷിച്ചിരുന്നതെന്ന്‌ അറിയണമെങ്കിൽ വിലയിരുത്തൽ പഴയകാലത്തുനിന്നാകണം. സാമൂഹ്യമാറ്റത്തിൽ സ്‌ത്രീകളെക്കൂടി പങ്കാളികളാക്കാൻ ബോധപൂർവം ഇടപെട്ടു. പുരുഷാധിപത്യത്തിൽനിന്നും വർഗവ്യവസ്ഥയിൽനിന്നും സ്‌ത്രീകൾ മർദനമേൽക്കേണ്ടിവരുന്നതിനെക്കുറിച്ചും  ഇ എം എസ്‌ ധാരാളമായി എഴുതി.

എഴുത്തിന്റെ രാഷ്ട്രീയം

ലേഖനങ്ങൾ കേട്ടെഴുതാൻ നിരവധി പേരുണ്ടായിരുന്നപ്പോഴും ഇടയ്‌ക്കിടെ രാധയും കേട്ടെഴുത്തുകാരിയായി. അങ്ങനെ കേട്ടെഴുതിയ ജീവിതത്തിൽനിന്ന്‌ കൂടിയാണ്‌ ഇ എം രാധയിൽ കമ്യൂണിസ്‌റ്റ്‌ ആശയം അടിയുറച്ചതും അതിന്റെ തുടർച്ചയിൽ ജീവിതത്തിലെ പ്രത്യയശാസ്‌ത്ര ബോധം കൂടുതൽ കരുത്താർജിച്ചതും. ഇ എം എസിന്റെ ആത്മകഥ ആദ്യം പ്രസിദ്ധീകരിച്ചിരുന്നത്‌ കറന്റബുക്‌സ്‌ ആയിരുന്നു. അതിന്റെ റോയൽറ്റിയായി പണത്തിനുപകരം കുറേ പുസ്‌തകങ്ങളായിരുന്നു നൽകാമെന്ന്‌ പറഞ്ഞത്‌. അത്‌ രാധയ്‌ക്ക്‌ ഇഷ്ടമുള്ള പുസ്‌തകങ്ങൾ എടുക്കാൻ ഇ എം എസ്‌ ഏൽപ്പിച്ചു. ഉറൂബിന്റെയും എസ്‌കെ പൊറ്റെക്കാട്ടിന്റെയും എംടി വാസുദേവൻ നായരുടെയും തകഴി , കേശവദേവ്‌, സി രാധാകൃഷ്‌ണൻ, ലളിതാംബിക അന്തർജനം തുടങ്ങിയവരുടെയും കൃതികളായിരുന്നു വായനയ്‌ക്കെടുത്തത്‌. സാഹിത്യ കൃതികൾ തെരഞ്ഞെടുത്ത്‌ വായിച്ചിരുന്ന ഇതേ രാധയാണ്‌ പിന്നീട്‌ അച്ഛന്റെ ഗൗരവമേറിയ വാക്കുകൾ കേട്ടഴുതാനിരുന്നത്‌.

അതിലുടെ ലഭിച്ച ഭാഷാ പരിജ്ഞാനവും ചിഹ്നങ്ങളുടെയും മറ്റും ഉപയോഗവും പിന്നീടുള്ള ചിന്ത–- ദേശാഭിമാനിക്കാലത്തും പൊതുജീവിതത്തിലും ഏറെ ഗുണകരമായെന്നും രാധ ഓർത്തെടുക്കുന്നു. അച്ഛൻ ഓരോ വാക്യവും പറയുമ്പോഴും കൂടെ അതിന്റെ ചിഹ്നങ്ങൾവരെ പറയുമായിരുന്നു. ഭാഷ വ്യക്തതയുള്ളതും കൃത്യതയുള്ളതുമായിരിക്കണമെന്നതും അദ്ദേഹത്തിന്‌ നിർബന്ധമായിരുന്നു. ചെറിയ ചെറിയ വാക്യങ്ങളിലൂടെ വലിയ വലിയ ആശയങ്ങൾ ലളിതമായി പറഞ്ഞുവയ്‌ക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്‌. അടിയന്തരാവസ്ഥക്കാലത്തും അധികാരി വർഗത്തിന്റെ മർദന മുറകൾക്കു കീഴിൽ മുട്ടുമടക്കാൻ തയ്യാറല്ലെന്നു വിളിച്ചുപറയാൻ ഓരോ പ്രവർത്തകനും ധൈര്യംകൊടുക്കുന്നതായിരുന്നു ആ ലേഖനങ്ങൾ.  

മിതഭാഷി

പൊതുയോഗത്തിൽ മണിക്കൂറുകളോളം സംസാരിച്ചിരിക്കുന്ന ഒരാൾ ആയിരുന്നില്ല. ഇ എം എസ്‌. പൊതുയോഗത്തിൽ പ്രസംഗിക്കാനുണ്ടെങ്കിൽപോലും മുൻകൂട്ടി തയ്യാറാകുന്ന ശീലവും ഉണ്ടായിരുന്നില്ല. ഒരിക്കൽ വീട്ടുകാർക്കൊപ്പം ഒരു സിനിമയ്‌ക്കിറങ്ങുമ്പോഴാണ്‌ പാർടി ഓഫീസിൽനിന്ന്‌ സഖാവ്‌ കാട്ടായിക്കോണം ശ്രീധർ വന്നത്‌. വൈകിട്ട്‌ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കണമെന്നും അതിന്‌ കൂട്ടാൻവേണ്ടി വന്നതാണെന്നും പറഞ്ഞു. ഉടൻ കാട്ടായിക്കോണത്തോടൊപ്പം പുറപ്പെട്ട്‌ കാര്യമാത്ര പ്രസക്തമായി പുത്തരിക്കണ്ടം മൈതാനത്തിൽ പ്രസംഗിച്ചതും രാധയുടെ മനസ്സിൽ മായാതെയുണ്ട്‌. സിപിഐ എമ്മിന്റെ തീപ്പൊരി പ്രാസംഗികനായിരുന്നില്ല ഒരിക്കലും ഇ എം എസ്‌. തന്റെ വിക്കിനെ വാക്കിന്റെ, പ്രതിഭകൊണ്ട്‌ മറികടന്ന അദ്ദേഹത്തിന്റെ ഓരോ വാക്കിനുമായി കാലവും ദേശങ്ങളും കാത്തിരുന്നു.
എന്നാൽ ഇ എം എസിന്റെ  പ്രസംഗത്തെക്കുറിച്ച്‌ മറ്റൊരു ഓർമയും രാധ പങ്കുവയ്‌ക്കുന്നു.

കോഴിക്കോട്ട്‌ 1942ലായിരുന്നു ആ പ്രസംഗം. ജയിൽമോചിതനായി വരുന്ന ഇ എം എസിന്‌ സ്വീകരണമൊരുക്കി. അധ്യക്ഷൻ എ വി കുഞ്ഞമ്പു.  കേൾക്കാൻ തടിച്ചുകൂടി നിന്ന ആൾക്കൂട്ടത്തിനുമുന്നിലേക്ക്‌ ഇ എം എസ്‌ എത്തി. പറയാൻ നൂറുനൂറുകാര്യങ്ങളുണ്ടായിട്ടും വിക്ക്‌  തടസ്സമായി ഒരു വാക്കുപോലും പറയാനാകാതെ ശബ്ദമില്ലാതെ ആ മനീഷിനിന്നു.  കണ്ടുനിന്ന കുഞ്ഞമ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പക്ഷേ, പിന്നെ ആ വിക്കിനെയും ഇ എം എസ്‌ മറികടന്നു. അതൊരു ശൈലിപോലെ വാക്കിനൊപ്പം വിക്കാണോ.. വിക്കിനൊപ്പം വരുന്ന വാക്കാണോ എന്നറിയാതെ അതങ്ങ്‌ ഒഴുകി.

മറ്റൊന്ന്‌ 1966ൽ എറണാകുളം രാജേന്ദ്രമൈതാനിയിൽ നടന്ന  പ്രസംഗമാണ്‌. പാർടിപിളർപ്പിനുശേഷമുള്ള കാലം. ഇ എം എസ്‌ പ്രസംഗിക്കുമ്പോൾ കൂകി വിളിക്കാനും കല്ലെറിയാനും വലതന്മാരെ സഹായിച്ചിരുന്ന  പൊലീസ്‌ പ്രസംഗം കേൾക്കുന്നവരെ ബോധപൂർവം ലാത്തിച്ചാർജ്‌ ചെയ്‌തു.  എന്നെ കല്ലെറിയട്ടെ, എന്നെ കൊല്ലട്ടെ, എന്നെ അടിക്കട്ടെ, ഞാൻ ഭീരുവല്ല, പറയാനുള്ളത്‌ പറയും എന്നൊക്കെയുള്ള പ്രസംഗം ഇപ്പോഴും സോഷ്യൽ മീഡിയകളിലുണ്ട്‌.

മറ്റൊന്ന്‌ കൂടി പറയാതെ വയ്യ...

അത്‌ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ്‌ എഴുതിയതെന്ന്‌ സമൂഹമാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഒരു കത്തിനെക്കുറിച്ചാണ്‌...
ഈ കത്തുമായി വരുന്ന മകൾക്ക്‌ ഒരു സാരി നൽകണമെന്നും അതിന്റെ കാശ്‌ പിന്നീട്‌ തരാമെന്നുമുള്ള എഴുത്താണത്‌. എന്നാൽ ഒരിക്കലും അച്ഛൻ ഇങ്ങനെ കത്തെഴുതിയിരുന്നില്ല. ലളിതജീവിതമായിരുന്നെങ്കിലും പാർടിക്ക്‌ മുന്നിലല്ലാതെ പാർടിക്ക്‌ വിധേയനായല്ലാതെ മറ്റൊന്നിനു മുന്നിലും കൈനീട്ടാത്ത ആളായിരുന്നു ഇ എം എസ്‌. ചോദിക്കാനുള്ളതൊക്കെ പാർടിയോട്‌ മാത്രം ചോദിക്കുകയും അസുഖമുൾപ്പെടെ അവിടെ മാത്രം പറയുകയും ചെയ്‌ത ഉദാത്ത കമ്യൂണിസ്‌റ്റ്‌ ആയിരുന്നു. മറിച്ചുള്ളതൊക്കെ വെറുതെ പടച്ചുവിടുന്ന കഥകൾ മാത്രമെന്നും രാധയുടെ സാക്ഷ്യം.
ലാളിത്യത്തിന്‌ ജീവിതംകൊണ്ട്‌ പുതിയ ഭാഷ രചിച്ച ജീവിതശൈലിക്കുകൂടി ഉടമയായിരുന്നു ഇ എം എസ്‌. ആ ലാളിത്യം, ആ ശ്വാസോച്ഛാസങ്ങൾ, സംസാരം, താത്വിക അവലോകനം... അവ മുടങ്ങിയിട്ട്‌ കാൽനൂറ്റാണ്ടാകുന്നു. പക്ഷേ ഇ എം എസ്‌ എവിടെയും പോയിട്ടില്ല.

ഒരു മരണത്തിനും ഇല്ലാതാക്കാനുമായിട്ടില്ല. ശരീരത്തിനപ്പുറം നിലപാടുകളിലൂടെ, പുസ്‌തകങ്ങളിലൂടെ, ചർച്ചകളിലൂടെ, തത്വശാസ്‌ത്രങ്ങളിലൂടെ....  കാലാതീതമായി അദ്ദേഹം കേരളത്തിന്റെ പൊതുമണ്ഡലത്തിലുണ്ട്‌. അല്ലെങ്കിലും ഇ എം എസിനെ ഉദ്ധരിക്കാതെ ആർക്കെന്ത്‌ പറയാനാകും കേരളത്തെക്കുറിച്ച്‌? മറ്റൊരു മാതൃകയില്ലാത്ത കാലത്ത്‌ സ്വയമൊരു മാതൃകയായിമാറിയ ഇ എം എസിന്‌ പകരം ഇ എം എസ്‌ മാത്രമേ നമുക്കുള്ളൂ. ഒരുപാട്‌ എഴുതുകയും വായിക്കുകയുംചെയ്‌ത ഒരാൾ. ആത്മകഥയിൽപോലും തന്നെക്കുറിച്ച്‌ വളരെ കുറച്ചുമാത്രം എഴുതിയ ഒരാൾ. നവകേരളത്തിന്‌ ഊടും പാവും നെയ്‌തയാൾ. നെയ്‌ത്തുകാരൻ പോയിട്ടും നെയ്‌ത്തിന്റെ ശബ്ദം അലയടിച്ചുകൊണ്ടേയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top