19 April Friday

ഇസ്‌താംബൂളിലെ അട്ടഹസിക്കുന്ന പേനകൾ

റിതിൻ പൗലോസ്‌Updated: Sunday Nov 17, 2019


തുർക്കിയിലെ നിശബ്‌ദരാക്കപ്പെട്ട മനുഷ്യരെക്കുറിച്ച്‌ മാത്രമാണ്‌ എലിഫ്‌ ഷഫക്കിന്റെ പേനകൾ സംസാരിക്കാറ്‌. ആണധികാരത്തിന്റെ അവസാന വാക്കായി മാറുന്ന എർദോഗന്റെ മതാധിഷ്ഠിത തുർക്കിയിൽ പെണ്ണിന്റെ  പേനകൾ അട്ടഹസിക്കുന്നു. 2014 ൽ എർദോഗന്റെ ഉപപ്രധാനമന്ത്രിയായിരുന്ന ബൂലന്റ്‌ ആരിക്‌  സ്ത്രീ‌കൾ വീട്ടിലോ പുറത്തോ ഉറക്കെച്ചിരിക്കരുതെന്ന്‌ മതമൂല്യങ്ങൾ മുൻനിർത്തി ആവശ്യപ്പിെട്ടിരുന്നു. ട്വിറ്ററിലും മറ്റ്‌ സമൂഹ മാധ്യമങ്ങളലും പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങൾ പോസ്‌റ്റ്‌ ചെയ്‌ത്‌ തുർക്കി സ്‌ത്രീകൾ പ്രതിഷേധ സമുദ്രം തീർത്താണ്‌ ഉപപ്രധാനമന്ത്രിയെ കൂവിയോടിച്ചത്‌. പൂർണമായി  മതാധിഷ്ഠിത സമൂഹമായി തുർക്കിയെ മാറ്റാനുള്ള  ഭരണകൂട  ശ്രമങ്ങൾക്കെതിരെ നടക്കുന്ന പോരാട്ടത്തിലെ മുന്നണിപ്പടയിൽ സ്‌ത്രീകൾ തന്നെയാണുള്ളത്‌. കുറഞ്ഞ കാലത്തിനുള്ളിൽ ശക്തിപ്പെട്ട തുർക്കിയിലെ പുതിയ പ്രതിപക്ഷവും രാഷ്‌ട്രീയ ഇസ്‌ലാമും കുർദിഷ്‌ ദേശീയതയും സ്വതന്ത്ര സ്‌ത്രീമുന്നേറ്റങ്ങളും ഒറ്റച്ചരടിൽ കോർത്ത പട്ടങ്ങളായി പുതിയ ആകാശം തേടുകയാണിന്ന്‌. തുർക്കി –-ഇംഗ്ലീഷ്‌ എഴുത്തുകാരിയായ എലിഫ്‌ ഷഫക്ക്‌ ഇപ്പോൾ ബ്രിട്ടനിലാണ്‌ താമസം. എഴുത്തുകാരിയും വായനക്കാരും തമ്മിലുള്ള അദൃശ്യമായ ശ്രേണീവൽക്കരണത്തെ പൂർണമായും ഉടച്ചുകളഞ്ഞ്‌ പുതുതലമുറ സാഹിത്യ ശാഖയ്‌ക്ക്‌  തുർക്കിയിൽ തുടക്കും കുറിക്കുകയായിരുന്നു അവർ. സ്വീകരിച്ചത്‌ കിഴക്ക്‌ പടിഞ്ഞാറൻ രീതിയുള്ള കഥപറച്ചിലും.

തുർക്കിയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എലിഫ്‌ ഷഫക്ക്‌   പേനകൊണ്ടാണ്‌ ഭരണകൂടത്തിനെതിരെ പൊട്ടിച്ചിരിച്ചത്‌. ഒരു പക്ഷേ അവരെപ്പൊലെ തുർക്കി ഭരണകൂടം വേട്ടയാടുന്ന മറ്റൊരു  എഴുത്തുകാരി ഉണ്ടാവില്ല. 2006ൽ തുർക്കി ഭാഷയിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ട ‘ബാസ്‌റ്റാഡ്‌സ്‌ ഓഫ്‌  ഇസ്‌റ്റാംബുൾ’  എന്ന നോവൽ തുർക്കി മൂല്യങ്ങളെ നിഷേധിക്കുന്നുവെന്ന കുറ്റംചുമത്തി സർക്കാർ നിരോധിച്ചു. ഇറങ്ങി കുറച്ചുകാലം കൊണ്ട്‌ തന്നെ ചൂടപ്പം പോലയാണ്‌ നോവലിന്റെ പ്രതികൾ വിറ്റുപോയത്‌. 1915 ൽ ഓട്ടോമൻ ഭരണകൂടം നടത്തിയ  അർമേനിയൻ കൂട്ടക്കൊലയും കൗമാരക്കാരിയായ ആസ്യായുടെ  ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളും ചർച്ചചെയ്യുന്ന നോവലിൽ തുർക്കി സ്‌ത്രീകൾ അവരുടെ ജീവിതമോ വേണ്ടപ്പെട്ടവരെയയോ കണ്ടെത്തി. യഥാസ്ഥിതികതയുടെ മുഖത്തേക്ക്‌ ഒരു പെണ്ണിന്റെ പേന നീട്ടിത്തുപ്പിയത്‌ ഭരണകൂടത്തിന്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തുർക്കി ഭരണഘടയുടെ മുന്നൂറ്റൊന്നാം വകുപ്പ്‌   ചുമത്തി എലിഫിനെ കോടതി കയറ്റി. മൂന്ന്‌ വർഷം വരെ തടവ്‌ കിട്ടാമായിരുന്ന കേസിൽ 2006 സെപ്‌തംബറിൽ കോടതി എഴുത്തുകാരിയെ കുറ്റവിമുക്തയാക്കുകയായിരുന്നു. സമാന കേസുകളിൽ 60 എഴുത്തുകാരാണ്‌ നിയമനടപടി നേരിട്ടത്‌.


 

എല്ലാം രാഷ്‌ട്രീയമാണെന്ന്‌ പറയുന്ന എലിഫ്‌ പേനകൊണ്ട്‌ പ്രതിപക്ഷത്തെ വാർത്തടുക്കുകയാണ്‌. ഇതുവരെ എഴുതിയ പതിനേഴ്‌ കൃതികളിൽ പതിനൊന്നും നോവലുകളായിരുന്നു. ‘അപരിചിത ലോകത്തിലെ പത്ത്‌ മിനിറ്റ്‌, 38 സെക്കന്റ്‌ ’ എന്ന നോവലാണ്‌ അവസാനമിറങ്ങിയത്‌. ലൈലയെന്ന 40 വയസ്സുകാരി ലൈംഗിക തൊഴിലാളി ഇസ്‌താംബൂളിലെ ഏതോ തെരുവിലെ ചവറുകൂനയിൽ നഗ്നയായി മരണത്തോട്‌ മല്ലിടുന്നു. അവളുടെ മരണത്തിന്‌ തൊട്ടുമുമ്പുള്ള നിമിഷങ്ങളാണ്‌ നോവലിന്റെ ഇതിവൃത്തം. തീർത്തും  അപരിചിതമായ തെരുവിൽ മരണം പുൽകാൻ കാത്തുകടിക്കുന്ന  സമയത്ത്‌ ഭൂതകാലത്തെ ഓർമകൾ അവളുടെ കണ്ണിലൂടെ പാഞ്ഞുപോകുകയാണ്‌. പുരുഷ മേധാവിത്വത്തിന്റെ അസഹ്യതയെ പേനകൊണ്ട്‌ ചോദ്യംചെയ്യുകയാണ്‌ എലിഫ്‌.  അതിന്‌ അവർക്ക്‌ കൂട്ട്‌ ലൈലയുടെ ഓർക്കാനിഷ്‌ടപ്പെടാത്ത കുട്ടിക്കാലവും. പൊതുവിടങ്ങൾ പുരുഷൻ കയ്യാളുമ്പോൾ വീടുകളിൽ ഏറിയ പങ്കും സ്‌ത്രീകേന്ദ്രീകൃതമാണെന്ന വിരോധാഭാസവും എലിഫ്‌ ചൂണ്ടിക്കാട്ടുന്നുണ്ട്‌. എന്നിട്ടും 40 ശതമാനം സ്‌ത്രീകൾ ഇന്നും തുർക്കിയിൽ   ഗാൾഹികാതിക്രമങ്ങളുടെ ഇരയാണ്‌. മതത്തിന്റെ തൂണുകളിൽ പെണ്ണിനെ കെട്ടിയിടുന്നവരോട്‌ എലിഫ്‌ എപ്പോഴും ചോദിക്കുന്നൊരു ചോദ്യമുണ്ട്‌. ‘എങ്ങനെയാണ്‌ നിങ്ങൾക്ക്‌ അള്ളാഹുവിന്റെ കണ്ണിലൂടെ കാണാൻ സാധിക്കുക? ’  ആ ചോദ്യത്തിന്‌ മറുപടിയില്ലാത്തവർ വീണ്ടും വീണ്ടും അവരെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.

ഗേസ്‌ എന്ന നോവലും ചർച്ചചെയ്യെുന്നത്‌ കുട്ടികൾക്ക നേരെയുള്ള  കടന്നുപിടുത്തങ്ങളും കുടുംബവ്യവസ്ഥയുടെ പുരുഷാധിപത്യവുമാണ്‌. കഥാപാത്രങ്ങളുടെ ലൈംഗീകതയും  എലിഫിന്റെ  കൃതികളുടെ സവിശേഷതയാണ്‌. ബ്ലാക്ക്‌ മിൽക്ക്‌ എന്ന ആത്മകഥ ഒരേസമയം അമ്മയും എഴുത്തുകാരിയുമായിരിക്കുന്നതിന്റെ പ്രയാസത്തെ വായനക്കാരന്‌ വിവരിച്ചുകൊടുക്കുയാണ്‌. ഫോർട്ടി റൂൾസ്‌ ഓഫ്‌ ലൗ എന്ന നോവൽ എക്കാലത്തെയും എലിഫിന്റെ ബെസ്‌റ്റ്‌ സെല്ലറാണ്‌. മതനിന്ദയെ സമാന്തരമായ രണ്ട്‌ ജീവിതങ്ങളിലുടെ വിചാരണ ചെയ്യുന്ന കൃതി ഇത്രമേൽ ജനപ്രീതി നേടിയതും എർദോഗൻ ഭരണത്തിനെതിരെയുള്ള അതൃപ്‌തിയുടെ പ്രതിഫലനമായി വിലയിരുത്തുന്നവരുണ്ട്‌. സ്‌ത്രീയെ താൻ ഒരിക്കലും പ്രണയവൽക്കരിക്കില്ല എന്നാണ്‌ എലിഫിന്റെ നിലപാട്‌. സ്‌ത്രീസ്യാതന്ത്ര്യം അന്യമായ സമൂഹത്തിൽ അവളെ  പ്രണയവൽക്കരിച്ച്‌  അരികുവൽക്കരിക്കാൻ അവർ ഒരിക്കലും പേനയെടുത്തില്ല. അതിനാൽ തന്നെ തന്റെ കഥാപത്രങ്ങൾ പ്രണയിക്കാൻ മറന്നുപേയാവരാണ്‌ എന്ന്‌ എഴുത്തുകാരിക്ക്‌ പറയേണ്ടിവന്നു.


 

2016 ജൂലൈയിലെ അട്ടിമറി ശ്രമത്തോടെ വീണ്ടും കാര്യങ്ങൾ തുർക്കിയിൽ കുഴഞ്ഞുമറിഞ്ഞു. ഒരുവിഭാഗം സൈനികർ എർദോഗൻ ഭരണത്തെ അട്ടിമിറിക്കാൻ തെരുവിലിറങ്ങിയെങ്കിലും മണിക്കൂറുകൾക്കകം ഭരണചക്രം തിരിച്ചുപിടിക്കാൻ യഥാസ്ഥിതിക പക്ഷം സഹായിച്ചു.അതൊരു അവസരമായി കണ്ട എർദോഗൻ ആദ്യം തിരഞ്ഞിറങ്ങിയതും പേനപിടിക്കുന്ന കൈകളെയാണ്‌.

  29  പ്രസാധനശാലകളും 135,000 പുസ്‌തകങ്ങളും നിരോധിച്ച എർദോഗൻ പത്രസ്യാതന്ത്രത്തിനും കൂച്ചുവിലങ്ങിട്ടിരിക്കുയാണ്‌. പൊതുവായനശാലകളിൽ നിന്ന്‌ നിരോധിച്ചതിൽ വിഖ്യാത കവികളായ അൽത്തൂസറിന്റെയും നസീം ഹിക്‌മത്തിന്റെയും  പുസ്‌തകങ്ങൾ പോലുമുണ്ട്‌. രാജ്യത്തെ അറിയപ്പെടുന്ന പത്രപ്രവർത്തകരായ അഹമ്മദ്‌ അൽട്ടനെയും സഹോദരൻ മെഹ്‌മത്തിനയെയും ജീവിതാവസാനം വരെ തടവിന്‌ ശിക്ഷിച്ചിരിക്കുകയാണ്‌. സ്‌ത്രീകളുടെ രാഷ്‌ട്രീയ പ്രാധിനിധ്യത്തിനായി ഉറച്ച ശബ്‌ദമുയർത്തുന്നുണ്ട്‌ എലിഫ്‌. 2007 ൽ 9.1 ശതമാനം മാത്രമായിരുന്നു പാർലമെന്റിലെ സ്‌ത്രീ പ്രാധിനിധ്യം. 2018ൽ 17.3 ശതമാനത്തിലെത്തിയെങ്കിലും ആൺപെൺ തുല്യത ഇന്നും മരീചികയായി അവശേഷിക്കുന്നു. നവപ്രതിപക്ഷത്തിന്റെ ഭാഗമായും സ്വതന്ത്ര സ്‌ത്രീമുന്നേറ്റങ്ങളുടെ ഭാഗമായും കൂടുതൽ പേർ പാർലമെന്റിലെത്തി.

2018 ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ 81 പ്രവിശ്യകളിൽ 31 ലും സ്‌ത്രീകൾക്ക്‌ നാമനിർദേശ പത്രികപോലും സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വർഷം നടന്ന ഇസ്‌താംബൂൾ മേയർ തെരഞ്ഞെടുപ്പിൽ എർദോഗന്റെ കക്ഷിയായ എകെപിയെ പ്രധാന പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പീപ്പിൾസ്‌ പാർടി സ്ഥാനാർഥി ഇക്രീം ഇമോഗ്‌ളു പരാജയപ്പെടുത്തിയത്‌ ജനങ്ങളുടെ ഉയിർത്തേഴുന്നേൽപ്പായാണ്‌ എലിഫിനെപ്പൊലുള്ള എഴുത്തുകാർ കാണുന്നത്‌.

ഭരണകൂട വേട്ടയ്‌ക്ക്‌  ഉടനൊന്നും തുർക്കിയിൽ അന്ത്യമുണ്ടാകില്ലെന്ന്‌ എല്ലാവർക്കുമറിയാം. പക്ഷേ അകത്തളങ്ങളിൽ നിന്ന്‌ ആദ്യമിറങ്ങുന്ന പെണ്ണ്‌ വിചാരിച്ചാൽ മാറ്റങ്ങൾക്ക്‌  തിരികൊളുത്താൻ കഴിയുമെന്നും കുറച്ചുപേരെങ്കിലും വിശ്വസിക്കുന്നുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top