13 July Saturday

ഇതാ, പെണ്‍പോരാട്ടത്തിന്റെ ചരിത്രഗാഥകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2017

കൊച്ചി > സമരങ്ങളുടെ തീച്ചൂടുള്ള പെണ്‍കഥകളുണ്ട് ചരിത്രവഴികളില്‍. അപമാനപ്പെടുത്തലില്‍ തകര്‍ന്നുപോകാതെ പ്രതിഷേധത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയവരുടെ വിജയകഥ. മാന്യമായി വസ്ത്രംധരിക്കാന്‍, പെണ്ണുടലിന് കരം ചോദിച്ചവരെ ധിക്കരിക്കാന്‍, പഠിക്കാന്‍, പണിയെടുക്കാന്‍, വെള്ളംകുടിക്കാന്‍വരെ സമരങ്ങള്‍ നയിച്ച പെണ്ണുങ്ങളുടെ മണ്ണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനനഗരിയിലെ ചരിത്രപ്രദര്‍ശനത്തിലേക്ക് വരിക. പെണ്‍പോരാട്ടങ്ങളുടെ പഴയ ഗാഥകളില്‍നിന്ന് പുതുസമരങ്ങള്‍ക്ക് ഊര്‍ജം നിറയ്ക്കാം.

പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തെ അടക്കിവാണ ജാതി-ജന്മിത്വ വാഴ്ചയുടെ, അവയ്ക്കെതിരെ നടന്ന ശക്തമായ പ്രതിഷേധങ്ങളുടെ ഓര്‍മപ്പെടുത്തലുണ്ട് ചരിത്രപ്രദര്‍ശനത്തില്‍. ദിവസങ്ങളോ മാസങ്ങളോ അല്ല, 30 വര്‍ഷം നീണ്ട പോരാട്ടചരിത്രമുണ്ട് മാറുമറയ്ക്കല്‍ സമരത്തിന്. 1829ല്‍ അയ്യാ വൈകുണ്ഠം നേതൃത്വംനല്‍കിയ സമരം വിജയംകണ്ടത് 1859ല്‍. വിളംബരത്തില്‍ തുല്യംചാര്‍ത്തിയ മാര്‍ത്താണ്ഡവര്‍മ ക്രിസ്ത്യാനികളെയോ മുക്കുവത്തികളെയോപോലെ മേല്‍വസ്ത്രം ധരിക്കാന്‍ അവര്‍ണ സ്ത്രീകള്‍ക്ക് അവകാശം നല്‍കിയപ്പോള്‍ അതൊരിക്കലും ഉയര്‍ന്ന ജാതിക്കാരുടേതുപോലെയാകരുതെന്നു പറയാനും മറന്നില്ല. പൌരാവകാശ പോരാട്ടത്തിന്റെ ആദ്യ വിജയമായിരുന്നു അതെന്ന് പ്രദര്‍ശനം അടിവരയിടുന്നു.

അവര്‍ണസ്ത്രീകള്‍ നല്‍കേണ്ട മുലക്കരത്തില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥന് മുലയറുത്തുകൊടുത്ത ചേര്‍ത്തലയിലെ ഈഴവ യുവതി നങ്ങേലിയുടെ കഥയുണ്ട് ഈ ചരിത്രച്ചുവരില്‍. പന്തളം ചന്തയില്‍ മൂക്കുത്തി ധരിച്ചെത്തിയ ഈഴവയുവതിയുടെ മൂക്കറുത്ത ജന്മികള്‍ക്കെതിരെ മൂക്കുത്തി ധരിച്ച സ്ത്രീകളെ ചന്തയില്‍ കൊണ്ടുവന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയും ഇവിടെ കാണാം. കണങ്കാല്‍വരെ നീളുന്ന അച്ചിപ്പുടവ ധരിച്ച കായംകുളത്തെ ഈഴവ യുവതിയുടെ പുടവ പരസ്യമായി ഊരിയെറിഞ്ഞപ്പോള്‍ കേരളം ആദ്യ സ്ത്രീജാഥ കണ്ടു.
രേഖപ്പെടുത്തിയതും അല്ലാത്തതുമായ പ്രതിഷേധങ്ങളുടെയും പ്രതികരണങ്ങളുടെയും ആകെത്തുകയാണ് ഇന്നത്തെ കേരളമെന്ന് പ്രദര്‍ശനം വ്യക്തമാക്കുന്നു.

 

ചിന്തകളുടെ വിശാലലോകം തുറന്ന്
പുസ്തകമേള

കൊച്ചി > സഹനത്തിന്റെയും സമരത്തിന്റെയും ചരിത്രവഴികളിലൂടെയുള്ള സഞ്ചാരത്തോടൊപ്പം സമകാലിക ഇന്ത്യയുടെയും കേരളത്തിന്റെയും നേര്‍ചിത്രങ്ങളും വിവരിക്കുന്ന പുസ്തകങ്ങളെക്കൊണ്ട് സമ്പന്നമാണ് ഡിവൈഎഫ്ഐ സമ്മേളനത്തോടനുബന്ധിച്ചുള്ള പുസ്തകോത്സവം.
ദേശാഭിമാനി ബുക് ഹൌസ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ബുക് സ്റ്റാള്‍, സൈകതം, ഒലീവ് തുടങ്ങിയ പ്രസാധകരാണ് പുസ്തകോത്സവം  ഒരുക്കിയിട്ടുള്ളത്.

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ ലഘുജീവചരിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകരമാണ്. ജനകീയ മുന്നേറ്റങ്ങളെ വഴിതിരിച്ചുവിടാനും ജനങ്ങളെ ജാതിമതാചാരങ്ങളുടെ പേരില്‍ വിഘടിപ്പിക്കാനുമുള്ള ശ്രമങ്ങളെ തുറന്നുകാട്ടുന്ന ശ്രദ്ധേയമായ രചനയാണ് ഉത്തരകേരളം- ആരാധനാലയങ്ങളും സമകാലീന പ്രവണതകളും എന്ന പുസ്തകം. നരേന്ദ്ര മോഡി ഭരണത്തിന്റെ 365 ദിനങ്ങളെ വിലയിരുത്തുന്ന പുസ്തകവും മേളയിലുണ്ട്. അസഹിഷ്ണുതയും ഭയവും നിലനില്‍ക്കുന്ന നാട്ടില്‍ ഇനിയെന്ത് എന്ന നിരീക്ഷണവും ഈ പുസ്തകത്തിലുണ്ട്. സമകാലീന സാമൂഹ്യസ്ഥിതിയെക്കുറിച്ചുള്ള പുസ്തകങ്ങളോടൊപ്പം കേരളചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രന്ഥശേഖരം എല്ലാ പ്രസാധകരും ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന ശാസ്ത്ര ഗ്രന്ഥങ്ങളോടൊപ്പം പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനത്തിന് സൈദ്ധാന്തികവും പ്രായോഗികവുമായ അറിവുപകരുന്ന പുസ്തകങ്ങളും ലഘുലേഖകളും സ്റ്റാളുകളില്‍ ഉണ്ട്.

ഫിഡല്‍ കാസ്ട്രോയും ചെ ഗുവേരയും ഷാവേസും ഉള്‍പ്പെടെ പോരാട്ടനായകരുടെ ജീവചരിത്രവും അവര്‍ എഴുതിയ പുസ്കങ്ങളും കിട്ടും. ഇംഗ്ളീഷ് പുസ്തകങ്ങളുടെ നല്ല ശേഖരവും പുസ്തകോത്സവത്തെ വ്യത്യസ്തമാക്കുന്നു. കേരളസമൂഹം നെഞ്ചേറ്റിയ ജൈവകൃഷിയുടെയും ജൈവ ജീവിതരീതിയുടെയും വിവിധ വശങ്ങള്‍ പ്രതിപദിക്കുന്ന പുസ്തങ്ങളാണ് മറ്റൊരു പ്രത്യേകത.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top