27 April Saturday

അരങ്ങ്‌ തൊടും പെൺജീവിതങ്ങൾ

ജിഷ അഭിനയ/ jishaabhinaya@gmail.comUpdated: Sunday Mar 26, 2023

ജയശ്രീ നമ്പ്യാരും അനിതയും

ജയശ്രീ നമ്പ്യാർ, 76 വയസ്സ്‌. സഹോദരി അനിത, 56 വയസ്സ്‌. തൃക്കൂർ, തൃശൂർ. വിലാസം കുറിക്കാൻ ഏറെ എളുപ്പം. വീടിന്റെ ചുവരിൽ സ്വന്തം വിലാസമില്ല എന്നതുകൊണ്ടുമാത്രം.

നാടകമെന്ന സമ്പാദ്യംമാത്രം മാറാപ്പിലാക്കി ജയശ്രീയുടെ മകളെ വിവാഹം കഴിച്ച വീട്ടിലാണ്‌ ഇന്ന്‌ ഇവരുടെ ജീവിതസായാഹ്നം. ആരോടും പരാതിയില്ല, പരിഭവമില്ല. ഒരുകാലത്ത്‌ അരങ്ങിൽനിന്ന് അരങ്ങിലേക്ക്‌ രാപകലില്ലാതെ ഓടിനടന്ന നാടകനടികൾ. ഇന്നവർക്ക്‌ കൂട്ടിനുള്ളത്‌ അരങ്ങ്‌ സമ്മാനിച്ച ഓർമകൾ. വാർധക്യത്തിന്റെ അവശതകൾ മാറ്റിവച്ച്‌ ജയശ്രീ പറഞ്ഞുതുടങ്ങി.  

അന്ന്‌, കുട്ടിക്കാലത്ത്‌ തൃശൂർ പൂങ്കുന്നത്താണ്‌ താമസം. അച്ഛൻ നീലകണ്‌ഠൻ നായർക്ക്‌ സീതാറാം മില്ലിലാണ്‌ ജോലി. തുച്ഛവരുമാനം. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ ആദ്യമായി നാടകത്തിൽ വിളിക്കുന്നത്‌. പിന്നെ നാട്ടിൻപുറത്തെ എല്ലാ സമിതിയിലും നാടകം കളിക്കാൻ വിളിക്കും. എനിക്ക്‌ കിട്ടുന്ന ചെറിയ പ്രതിഫലം വീട്ടുകാർക്കും ആശ്വാസമായി. 25 രൂപയാണ്‌ ആദ്യ പ്രതിഫലം. ഇതിനിടയിൽ സിനിമയിലും അഭിനയിച്ചു. മൂടുപടം, ചെമ്മീൻ, മുടിയനായ പുത്രൻ, ഉപ്പ്‌ എന്നീ സിനിമകളിൽ ചെറിയവേഷം ചെയ്‌തു.
|
       22–-ാം വയസ്സിൽ വിവാഹം. ഭർത്താവ്‌ ഉണ്ണിക്കൃഷ്‌ണൻ നമ്പ്യാർ. വളരെ പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വേർപാട്‌. 40–-ാം വയസ്സിൽ അദ്ദേഹം മരിച്ചു. പിന്നെ നാല്‌ കുട്ടികളുമായി ഞാൻ എങ്ങനെ ജീവിക്കുമെന്ന്‌ അറിയാതെ നിന്ന ദിവസങ്ങൾ. നാടകം മാത്രമാണ്‌ ഏകവരുമാനം. കിട്ടുന്ന സമിതികളിലെല്ലാം ഓടിനടന്ന്‌ നാടകം കളിക്കും. ഒരു ദിവസംപോലും വീട്ടിൽ ഇരിക്കില്ല. ശരീരം തളരുന്നുവെന്ന്‌ തോന്നിയാൽ മനസ്സിൽ ഉടൻ ഓടിയെത്തുക വീട്ടിൽ വിശന്നിരിക്കുന്ന കുറെ മുഖങ്ങളാണ്‌. അതോടെ നമ്മൾ എല്ലാം മറക്കും.
അനിതയ്‌ക്ക്‌ രണ്ടര വയസ്സുള്ളപ്പോൾ അച്ഛനും എട്ടുവയസ്സുള്ളപ്പോൾ അമ്മയും മരിച്ചു. കുടുംബം നോക്കേണ്ട ബാധ്യത എനിക്കായിരുന്നു. അവൾ 10–-ാം ക്ലാസ്‌ കഴിഞ്ഞിരിക്കുന്ന സമയം. നാടകത്തിൽ ഒരു നൃത്തരംഗം ചെയ്യാൻ ആളെ വേണമെന്ന്‌ പറഞ്ഞപ്പോൾ അവളെയുംകൂട്ടി. അതോടെ അനിതയും നാടകരംഗത്ത്‌ എത്തി.

    ഇതിനിടെ, കുന്നംകുളം ഗീതാഞ്‌ജലിയിൽ ജയശ്രീ അഭിനയിക്കാൻ എത്തി. അന്നത്തെ വിവാദവിഷയമായിരുന്ന രാജൻ കേസ്‌ ആസ്‌പദമാക്കി അവതരിപ്പിച്ച ‘രാജൻ പറഞ്ഞ കഥ’, ലക്ഷദ്വീപ്‌ ഉൾപ്പെടെ നിരവധി വേദികൾ. അമച്വർ നാടകങ്ങളുമായി കേരളം മുഴുവൻ സഞ്ചരിച്ചു. അന്നൊക്കെ ഓരോ നാട്ടിലും ഓരോ വായനശാലയുണ്ട്‌. അവിടെയെല്ലാം നാടകങ്ങളും. സൂര്യവേട്ട, നാഗാസ്‌ത്രം, സമസ്യ, വീട്ടുമൃഗം എന്നിങ്ങനെ നിരവധി നാടകം അവതരിപ്പിച്ചു. ഒറ്റ ദിവസംപോലും വീട്ടിൽ ഇരിക്കാൻ ഒഴിവില്ല.

       1990- മാർച്ച്‌ 11 , ജീവിതം മാറ്റിമറിഞ്ഞ ദിവസം. തൃശൂർ കലാകേന്ദ്രയുടെ ‘തെഞ്ചെത്തിക്കാവിലെ ദീപാരാധന’ എന്ന നാടകം കളിക്കാൻ എടപ്പാളിൽ  പോകുകയായിരുന്നു. വൈകിട്ട്‌ നാലര ആയിട്ടുണ്ടാകും. തലേന്നത്തെ അവതരണത്തിനു ശേഷമുള്ള ക്ഷീണംകൊണ്ട്‌ ബാക്ക്‌ സീറ്റിൽ ഇരുന്ന്‌ മയങ്ങിപ്പോയി. വാൻ കാണിപ്പയ്യൂരിൽവച്ച്‌ അപകടത്തിൽപ്പെട്ടു. എട്ടുപേർ മരിച്ചു. ഞങ്ങൾ 16 നാടകക്കാർ വണ്ടിയിൽ ഉണ്ടായിരുന്നു. ഒരു മാസം ഞാൻ ബോധമില്ലാതെ കിടന്നു. ഇന്നും കൈയിലും കാലിലും അന്നിട്ട കമ്പിയുണ്ട്‌. വാനിൽ അനിതയും ഉണ്ടായിരുന്നു. അപകടത്തിൽ അവളുടെ ഒരു കണ്ണിന്‌ കാഴ്‌ച നഷ്ടമായി.

      ‘ഇനി ഞാൻ പറയാം.’ അനിത മെല്ലെ പറഞ്ഞുതുടങ്ങി. ‘സപര്യ’ എന്ന നാടകത്തിൽ കാർത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ ഞാൻ നാടകരംഗത്ത്‌ എത്തിയത്‌. ആദ്യമായി 100 രൂപ പ്രതിഫലം കിട്ടി. ചേച്ചിക്ക്‌ ഞാൻ കൊടുത്ത ആദ്യ സമ്മാനവും അതായിരുന്നു. പിന്നീട്‌ ‘പരിവർത്തനം’ എന്ന നാടകത്തിൽ മുഴുനീള കഥാപാത്രം. തുടർന്നങ്ങോട്ട്‌ എന്നും എപ്പോഴും ചേച്ചിയോടൊപ്പം നാടകം കളിക്കാൻ ഞാനും ഉണ്ടാകും. തൃശൂർ നാടകവേദി, തൃശൂർ ഹിറ്റ്‌സ്‌ ഇന്റർനാഷണൽ, തൃശൂർ ഗീതാഞ്‌ജലി എന്നിങ്ങനെ നിരവധി സമിതികളിൽ കളിച്ചു. സുരാസു സംവിധാനംചെയ്‌ത ‘വർഷമേഘങ്ങളെ കാത്ത്‌’ ആണ്‌ അവസാന നാടകം. അവതരണം തൃശൂർ ഗീതാഞ്‌ജലി. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു.

    അന്നത്തെ അപകടത്തിന്റെ തുടർച്ചയായി എന്നും ഓരോ അസുഖം വിട്ടൊഴിയാതെ കൂടി. 1995ൽ തലയ്‌ക്ക്‌ ഒരു വലിയ സർജറി ചെയ്യേണ്ടിവന്നു. രണ്ട്‌ വർഷംമുമ്പ്‌ വീണ്ടും കണ്ണിന്‌ ഓപ്പറേഷൻ. മരുന്നിനായിമാത്രം മാസം വലിയ തുക വേണം. ഇപ്പോഴും കണ്ണിന്‌ കാഴ്‌ചക്കുറവ്‌. മണം കിട്ടുന്നില്ല. എല്ലാം തലച്ചോറിനുണ്ടായ അപകടമെന്ന്‌ ഡോക്ടർമാർ പറയുന്നു.  

     അന്നൊന്നും സ്വന്തം കാര്യം ഓർമിക്കാൻപോലും സമയമില്ലായിരുന്നു. നാടകം കളിക്കാൻ വിളിച്ചാൽ എങ്ങോട്ടാണെന്ന മറുചോദ്യം പോലുമില്ല. പോകുക, കളിക്കുക. കിട്ടുന്ന പണംകൊണ്ട്‌ വീട്ടിലേക്ക്‌ എന്തെങ്കിലും ചെയ്യുക. ഒടുവിൽ എന്തുനേടി എന്നുചോദിച്ചാൽ ഇപ്പോൾ ഉത്തരമില്ല. ഒരു വീട്‌ വേണം. സ്വന്തമെന്ന്‌ പറയാൻ.  

    വീടിന്റെ ഉമ്മറക്കോലായിൽ ഇരുന്ന്‌ അവർ എപ്പോഴോ പറഞ്ഞു. ‘ഇടയ്‌ക്ക്‌ ഞങ്ങൾ ഉറക്കെ, ഉറക്കെ ചിരിക്കും. അന്നത്തെ നാടക കഥകൾ പറഞ്ഞ്‌. അപ്പോൾ, അപ്പോൾമാത്രം’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top