01 December Friday

സ്ത്രീയും അധികാരവും - ഡോ. ടി എന്‍ സീമ എഴുതുന്നു

ഡോ. ടി എന്‍ സീമUpdated: Friday Nov 25, 2022

ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യു എന്‍ വിമന്‍ വിഭാഗം എല്ലാ വര്‍ഷവും തയാറാക്കുന്ന സ്ത്രീകളെ സംബന്ധിച്ചുള്ള ആഗോള കണക്കെടുപ്പില്‍ 2021 ലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ചില വിവരങ്ങളാണ് ഇവ. ലോകരാജ്യങ്ങളില്‍ ഭരണരംഗത്തെ സ്ത്രീപങ്കാളിത്തത്തില്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷംകൊണ്ട് 14 ശതമാനം വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്.

മുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ നിന്ന് വായിച്ചെടുക്കേണ്ട മറ്റു ചിലതുമുണ്ട്.

ഏറ്റവും കൂടുതല്‍ സ്ത്രീ പങ്കാളിത്തമുള്ള റുവാണ്ടയില്‍ 1994 ല്‍ രാജ്യം നേരിട്ട നൂറു ദിവസം നീണ്ടുനിന്ന വംശഹത്യയില്‍ എട്ടു ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയില്‍ മനുഷ്യര്‍ കൊലചെയ്യപ്പെട്ടു.

പുരുഷന്മാർ കൂട്ടത്തോടെ കൊലചെയ്യപ്പെട്ട വംശഹത്യയ്ക്ക് ശേഷം റുവാണ്ടയിലെ ജനസംഖ്യയില്‍ സ്ത്രീകള്‍ ജനസംഖ്യ ഏതാണ്ട് 70 ശതമാനമായി ഉയര്‍ന്നു. വംശഹത്യയ്ക്കു മുന്‍പ് റുവാണ്ടയില്‍ സ്ത്രീകള്‍ക്ക് ഭൂമിയില്‍ അവകാശമോ വീടിനു പുറത്ത് ജോലിയെടുക്കാനുള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല.

പ്രാഥമിക വിദ്യാഭ്യാസം പോലും നേടാന്‍ കഴിയാതിരുന്ന ഈ സ്ത്രീകളെ അരങ്ങില്‍ കൊണ്ടുവന്നു  മാത്രമേ രാജ്യത്തിനു നിലനില്‍ക്കാന്‍ കഴിയൂ എന്നു മനസ്സിലാക്കിയ പ്രസിഡന്റ് പോള്‍ കാഗേം 2003 ല്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നാണ് ആദ്യമായി 30 ശതമാനം സംവരണം റുവാണ്ടയില്‍ നടപ്പാക്കിയത്.

അതോടൊപ്പം തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സ്ത്രീകള്‍ക്ക് വലിയ തരത്തില്‍ പിന്തുണയും നല്‍കപ്പെട്ടു. അതായത് വംശഹത്യയുടെ ഘട്ടം വരെ തികച്ചും പൊതുസാമൂഹ്യ രംഗത്ത് അദൃശ്യരായിരുന്ന റുവാണ്ടയിലെ സ്ത്രീകള്‍ക്ക് പുറത്തേക്കുവരാന്‍ ഭരണകൂടം സാഹചര്യമൊരുക്കിയത് അവരുടെയൊക്കെത്തന്നെ കുടുംബങ്ങളിലെ പുരുഷന്മാര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ഘട്ടത്തിലാണ്.

രാജ്യത്തിന്റെ നിലനില്‍പ്പ് എന്ന വലിയ പ്രശ്നത്തിന്റെ പരിഹാരമെന്ന നിലയിലാണ് റുവാണ്ടയില്‍ സ്ത്രീകള്‍ ഭരണരംഗത്ത് അംഗീകരിക്കപ്പെടുന്നത്. എന്നാല്‍, ഇപ്പോഴും തികച്ചും യാഥാസ്ഥിതികമായ മൂല്യബോധം വെച്ചുപുലര്‍ത്തുന്ന റുവാണ്ടയിലെ കുടുംബാന്തരീക്ഷം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കയിലും മറ്റും സ്ത്രീകളെ വന്‍തോതില്‍ തൊഴില്‍ മേഖലകളിലേക്ക് നിയോഗിക്കുകയും യുദ്ധം കഴിഞ്ഞപ്പോള്‍ അവരെ തിരിച്ചു വീടുകളിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്ത മുതലാളിത്ത തന്ത്രംപോലെ പുരുഷന്മാര്‍ കൂടുതല്‍ തൊഴില്‍ മേഖലയിലും മറ്റും വരുന്ന സാഹചര്യമുണ്ടായാല്‍ തങ്ങള്‍ പഴയ നിലയില്‍ വീടുകളില്‍ ഒതുങ്ങേണ്ടിവരുമോയെന്ന് റുവാണ്ടയിലെ സ്ത്രീകള്‍  ആശങ്കപ്പെടുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ ഏതു മേഖലയിലും തങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് അവസരം കിട്ടുമ്പോഴൊക്കെ തെളിയിച്ചാലും സ്ത്രീകള്‍ക്ക് തുല്യതയുടെ അടിസ്ഥാനത്തില്‍ അവസരം നല്‍കാന്‍ മുതലാളിത്ത ഭരണകൂടങ്ങള്‍ തയാറാകില്ല എന്നാണ് വിവിധ രാജ്യങ്ങളിലെ അനുഭവങ്ങള്‍ കാണിക്കുന്നത്.

മറ്റൊരു അനുഭവം ഇന്ത്യയില്‍ മദ്ധ്യപ്രദേശില്‍ നിന്നാണ്. സാഗര്‍ ജില്ലയിലെ ജൈസീ നഗര്‍ പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 10 വനിതാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മൂന്നു വനിതാ ജനപ്രതിനിധികള്‍ മാത്രമാണ് പ്രതിജ്ഞയെടുത്തത്.

ബാക്കി ഏഴു വനിതാ ജനപ്രതിനിധികളുടെ ഭര്‍ത്താവ്/പിതാവ്/സഹോദരന്‍/മകന്‍ തുടങ്ങിയ പുരുഷ ബന്ധുക്കളാണ് അവര്‍ക്ക് പകരമായി സത്യപ്രതിജ്ഞ ചെയ്തത്.അതിനു നേതൃത്വം നല്‍കിയത് പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനം വനിതാ സംവരണം രാജ്യത്ത് മിക്ക സംസ്ഥാനങ്ങളും നടപ്പാക്കിയെന്ന് അവകാശം പറയുമ്പോഴും തിരഞ്ഞെടുക്കപ്പെടുന്ന വനിതാ ജനപ്രതിനിധികള്‍ക്ക് അവരുടെ അവകാശം നിര്‍വഹിക്കാന്‍ പ്രതിബന്ധം നിലനില്‍ക്കുകയാണ്.

കേരളത്തില്‍ പ്രാദേശിക ഭരണരംഗത്ത് സ്ത്രീകളുടെ മുന്നേറ്റം കുറിക്കപ്പെട്ടത് ജനകീയാസൂത്രണത്തില്‍ സ്വീകരിക്കപ്പെട്ട ബോധപൂര്‍വമായ നടപടികളിലൂടെയാണ്.

കേരളത്തിലെ മെച്ചപ്പെട്ട ജീവിത ഗുണനിലവാരവും സ്ത്രീകളുടെ വിദ്യാഭ്യാസ നേട്ടങ്ങളും സര്‍വോപരി ജനാധിപത്യവല്‍ക്കരിക്കപ്പെട്ട സമൂഹവും ഭരണരംഗത്തേക്കുള്ള സ്ത്രീപ്രവേശത്തെ ശരിയായ രാഷ്ട്രീയ രംഗപ്രവേശമാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.

ഈ ഉദാഹരണങ്ങളും സ്ഥിതിവിവരക്കണക്കുകളും അടിവരയിടുന്നത് അധികാരത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട തുല്യനീതി കേവലം പരിഷ്കാര നടപടികളിലൂടെയോ സംവരണത്തിലൂടെയോ മാത്രം നേടാന്‍ കഴിയുന്നതല്ല എന്നതാണ്.

കൂടുതല്‍ സ്ത്രീകള്‍ക്ക് പൊതുരംഗ പ്രവേശം ഉറപ്പിക്കാന്‍ സംവരണം കൂടിയേ തീരൂ. എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗാസമത്വത്തിന്റെ രാഷ്ട്രീയത്തെ ചെറുക്കുകയും തിരുത്തുകയും ചെയ്യാതെ സ്ത്രീകള്‍ക്ക് നീതി ലഭിക്കില്ല.

'ആണുങ്ങളില്ലാത്ത കൊറ വല്ല്യ കൊറ' എന്ന് പരിതപിക്കാന്‍ സി വി രാമന്‍ പിള്ളയെന്ന പ്രശസ്തനായ നോവലിസ്റ്റിന് ഏറെയൊന്നും ചിന്തിക്കേണ്ടിവന്നിട്ടുണ്ടാവില്ല.

അതെല്ലാവര്‍ക്കും അറിയാവുന്നതല്ലേ! ആണുങ്ങളുടെ രക്ഷാകര്‍ത്തൃത്വം ഇല്ലാത്ത സ്ത്രീകളും ആണുങ്ങളുടെ പരിരക്ഷയില്ലാത്ത കുടുംബങ്ങളും 'പുരുഷത്തമുള്ള ആണുങ്ങളി'ല്ലാത്ത  രാജ്യവും അപകടത്തിലാണെന്നും ആ സ്ഥിതി അപമാനകരമാണെന്നും ഉള്ള ബോധം സി വി രാമന്‍പിള്ളയുടെ സവിശേഷ മാനസികാവസ്ഥയുടെയോ ഒരു നൂറ്റാണ്ടു മുന്‍പ് അദ്ദേഹം ജീവിച്ചിരുന്ന കാലത്തിന്റെയോ മാത്രം സൃഷ്ടിയല്ല.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭരണ രംഗത്തും പൊതു രാഷ്ട്രീയത്തിലും സാമൂഹിക സാംസ്കാരിക വേദികളിലും നേതൃത്വത്തില്‍ സ്ത്രീകളുടെ എണ്ണം കുറവാണെങ്കിലും 'പെണ്ണുങ്ങളില്ലാത്ത കൊറ'വലിയ കുറവായി കരുതുന്നവരാണ് ഭൂരിപക്ഷം.

ഇത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് പൊതുവായി കാണുന്ന അവസ്ഥയാണ്. സ്ത്രീകള്‍ക്ക് അധികാരം അവകാശമായല്ല, മറ്റാരോ നല്‍കേണ്ട ഔദാര്യമായി കാണുന്ന പൊതുബോധം ഇപ്പോഴും ശക്തമാണ്.

അത് അങ്ങനെയാകുന്നതില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല.സമൂഹത്തില്‍ ഏതു മണ്ഡലത്തിലും അധികാരം പ്രവര്‍ത്തിക്കുന്നത് ശ്രേണീബദ്ധമായിട്ടാണ്.

സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവത്തോടെ കുടുംബത്തിനകത്തെ ആണ്‍- പെണ്‍ ബന്ധം അസമവും പിതൃമേധാവിത്തപരവും ആയി മാറിയത് എംഗല്‍സ് വിശദീകരിക്കുന്നുണ്ട്.

സ്വകാര്യസ്വത്തിന്റെ കാവല്‍ക്കാരിയെന്ന നിലയില്‍ നടന്ന ഗാര്‍ഹികവല്‍ക്കരണ (domestication) ത്തിന്റെ ഭാഗമായി സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ട അവസ്ഥ സഹസ്രാബ്ദങ്ങള്‍ക്കു ശേഷവും ഒരു സ്വാഭാവിക സാമൂഹ്യ നിയമമായി അംഗീകരിച്ചുപോരുന്നുണ്ട് എന്നത് എംഗല്‍സ് ചൂണ്ടിക്കാട്ടുന്നുണ്ട്.

കുടുംബത്തില്‍ നിന്ന് ഭരണകൂടത്തില്‍ എത്തുമ്പോഴും സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള അധികാര മേധാവിത്തം ഭരണകൂടത്തിന്റെ രൂപീകരണത്തില്‍ നിര്‍ണ്ണായകമായത് ചൂണ്ടിക്കാട്ടിക്കൊണ്ട് എംഗല്‍സ് പറയുന്നു;

''വര്‍ഗ്ഗങ്ങളുടെ സംഘട്ടനങ്ങളുടെ നടുവില്‍ ഉടലെടുത്തിട്ടുള്ള ഒന്നാകയാല്‍ സാധാരണ ഗതിയില്‍ ഏറ്റവും കരുത്തേറിയ വര്‍ഗ്ഗത്തിന്റെ, സാമ്പത്തികമായി ആധിപത്യമുള്ള വര്‍ഗ്ഗത്തിന്റെ ഭരണകൂടമായിരിക്കും അത്  .ഈ വര്‍ഗ്ഗം ഭരണകൂടത്തിന്റെ മാധ്യമത്തിലൂടെ രാഷ്ട്രീയ മേധാവിത്വമുള്ള വര്‍ഗ്ഗമായിത്തീരുകയും, അങ്ങനെ അത് മര്‍ദ്ദിത വര്‍ഗ്ഗത്തെ അടക്കിനിറുത്തി ചൂഷണം ചെയ്യുന്നതിനുള്ള പുതിയ കരുക്കള്‍ കൈവശപ്പെടുത്തുകയും ചെയ്യുന്നു''. (കുടുംബം,സ്വകാര്യ സ്വത്ത്,ഭരണകൂടം എന്നിവയുടെ ഉദ്ഭവം)

അടിമത്തവും നാടുവാഴിത്തവും കടന്ന് മുതലാളിത്ത വ്യവസ്ഥിതിയില്‍ എത്തിനില്‍ക്കുന്ന ലോകരാജ്യങ്ങളില്‍ കാണാന്‍ കഴിയുന്നത് നിസ്വരായ ഭൂരിപക്ഷത്തെ അടക്കിനിര്‍ത്തി ഭരിക്കുന്ന ഭരണ വ്യവസ്ഥയാണ്.

ഇന്ന് ലോകത്ത്, സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളൊഴിച്ച് മറ്റെല്ലാ രാജ്യങ്ങളിലും മുതലാളിത്ത വ്യവസ്ഥയുടെ അധികാര ബന്ധങ്ങള്‍ ഭരണകൂടത്തെ നിര്‍ണ്ണയിക്കുമ്പോള്‍ അങ്ങേയറ്റം ശ്രേണീബദ്ധമായിട്ടുള്ള ഈ അധികാരഘടനയില്‍, പൊതുസമൂഹത്തില്‍ തന്നെ കീഴാള സ്ഥിതിയില്‍ നില്‍ക്കുന്ന സ്ത്രീകള്‍, സാമൂഹികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, ദരിദ്രര്‍ തുടങ്ങിയവര്‍ അവഗണിക്കപ്പെടുന്നു.

അതുകൊണ്ടുതന്നെ അധികാര വേദികളിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന്റെ അദൃശ്യത ഒരു സാമൂഹിക സാംസ്കാരിക പ്രശ്നം മാത്രമായി ചുരുക്കിക്കാണാനാവില്ല;സ്ത്രീകളെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് സ്വകാര്യസ്വത്തിനെ കേന്ദ്രീകരിച്ചു  പ്രവര്‍ത്തിക്കുന്ന അധികാര വ്യവസ്ഥിതി തന്നെയാണ്.

ഇതിന് സാമൂഹിക സാംസ്കാരിക അംഗീകാരം നല്‍കുന്നത് സഹസ്രാബ്ദങ്ങളായി പരിണമിച്ചു വന്നിട്ടുള്ള പിതൃമേധാവിത്വ മൂല്യബോധവും അതിന്റെ ഭാഗമായി കുടുംബം മുതല്‍ ഭരണകൂടം വരെ പ്രവര്‍ത്തിക്കുന്ന പുരുഷാധിപത്യ ബന്ധങ്ങളുമാണ്.

കേന്ദ്ര ഭരണത്തിന്റെ തണലില്‍ ഈ ചിന്താഗതികളെ ബിജെപിയും സംഘപരിവാറും വളര്‍ത്താനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷം മാത്രമാണ് സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ച് വ്യക്തമായ നിലപാട് മുന്നോട്ടുവെയ്ക്കുകയും  അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളിലും തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളിലും രാജ്യത്തെ പല പ്രദേശങ്ങളിലും ഉണ്ടായിരുന്ന സ്ത്രീ പങ്കാളിത്തത്തിന്റെ പ്രതിഫലനം സ്വാതന്ത്ര്യ ലബ്ധിക്കുശേഷം രൂപപ്പെട്ട ഭരണതലത്തില്‍ ഉണ്ടായില്ല.

ഒട്ടേറെ വനിതാ നേതാക്കള്‍ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഉണ്ടായിട്ടും കേന്ദ്ര സംസ്ഥാന ഭരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം നാമമാത്രമായി മാത്രം ഉണ്ടാകുന്ന സ്ഥിതിയാണ് തുടര്‍ന്നത്. തുല്യതയ്ക്കായുള്ള സ്ത്രീകളുടെ അവകാശ സമരങ്ങളെ രാജ്യത്ത് ഭരണം കയ്യാളിയിട്ടുള്ള കോണ്‍ഗ്രസും ബിജെപിയും എത്രമാത്രം അവഗണിക്കുകയും വഞ്ചിക്കുകയും ചെയ്തുവെന്നതിന്റെ നല്ല ഉദാഹരണമാണ് നിയമനിര്‍മ്മാണ സഭകളില്‍ മൂന്നിലൊന്നു സംവരണത്തിനായുള്ള വനിതാ സംവരണ ബില്ലിന്റെ ദുര്‍ഗതി!

ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1996 സെപ്തംബര്‍ 12 നാണ് ആദ്യമായി സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും മുപ്പത്തി മൂന്നും മൂന്നിലൊന്നും ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്.

അന്ന് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് അക്രമാസക്തമായ പ്രതിഷേധമാണ് ലോകസഭയില്‍ ഉണ്ടായത്. അതിനുശേഷം 1998 ലും 2003 ലും 2008 ലും ലോക്സഭയിലും രാജ്യസഭയിലും ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മുഖ്യമായും എസ്പി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളുടെ എതിര്‍പ്പുമൂലം ചര്‍ച്ചയ്ക്കുപോലും എടുക്കാന്‍ ആ കാലങ്ങളില്‍ അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസോ ബിജെപിയോ തയാറായില്ല.

ഇടതുപക്ഷ പാര്‍ട്ടികള്‍ തുടക്കം മുതല്‍ പൂര്‍ണ്ണ പിന്തുണ വനിതാ സംവരണ ബില്ലിന് നല്‍കി. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും എല്ലാ പാര്‍ട്ടികളും തമ്മില്‍ സമവായം ഉണ്ടായിട്ടേ ബില്‍ പാസാക്കൂ എന്ന നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ബില്‍ പാസാകാതിരുന്നത്.

ഇതിനിടയില്‍ ബിജെപിയില്‍ നിന്നും മറ്റു ചില പാര്‍ട്ടികളില്‍ നിന്നും സംവരണത്തിനുള്ളില്‍ സംവരണം വേണം

( സംവരണം വന്നാല്‍ മേല്‍ജാതിക്കാര്‍ക്ക് കൂടുതല്‍ അവസരം കിട്ടും,ഒബിസി വിഭാഗക്കാര്‍ പിന്തള്ളപ്പെടും എന്ന വാദം) എന്ന ഡിമാന്‍ഡ് വെച്ചതും ബില്‍ താമസിക്കാന്‍ ഇടയായി.

ഒടുവില്‍ 2010 മാര്‍ച്ച് 8 ന് ആദ്യമായി രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ പാസായി.

അന്ന് രാജ്യസഭാ ചെയര്‍മാനായ ഉപരാഷ്ട്രപതി ഡോ ഹമീദ് അന്‍സാരിയുടെ മേശയടക്കം തല്ലിപ്‌പൊളിക്കുന്ന തരത്തില്‍ അക്രമങ്ങള്‍ അവിടെയുണ്ടായി.

അതിനുശേഷം ലോക്സഭയില്‍ കൂടി പാസായാലെ ബില്‍ നിയമമാകൂ  .എന്നാല്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ലോക്സഭയില്‍ സ്പീക്കറുടെ അലമാരയില്‍ മരവിച്ചിരിക്കുകയാണ് വനിതാ സംവരണബില്‍.

ഒട്ടേറെ തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ ബില്ലുകള്‍ യാതൊരു ചര്‍ച്ചയും കൂടാതെ പാസാക്കാന്‍ മുന്‍കയ്യെടുക്കുന്ന ബിജെപി സര്‍ക്കാര്‍ വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ മാത്രം സമവായത്തിനുവേണ്ടി കാത്തിരിക്കുകയാണത്രെ!

സ്ത്രീയുടെ അധികാരവത്കരണം പൂര്‍ണ്ണമായും ഒരു രാഷ്ട്രീയ പ്രക്രിയയാണ്. നിലവിലുള്ള അസമമായ അധികാരഘടന നിര്‍ബന്ധമായും തിരുത്തിക്കൊണ്ടുമാത്രമേ ഇത് സാധ്യമാവൂ.

അധികാരം ശ്രേണീബദ്ധമായ സാമൂഹ്യ ഘടനയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഒന്നാണ്. കൂടാതെ ഈ ഘടനയെ നിര്‍ണ്ണയിക്കുന്നതില്‍ സാമ്പത്തിക ബലാബലം/മതപരവും വംശീയവും ജാതീയവും ആയ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അടിമത്തം,നാടുവാഴിത്തം, മുതലാളിത്തം എന്നീ വിവിധ ഘട്ടങ്ങളില്‍ വര്‍ഗ്ഗ വൈരുധ്യങ്ങളുടെ ഏറ്റുമുട്ടലുകളില്‍ ചൂഷിത വര്‍ഗങ്ങളെ അടിച്ചമര്‍ത്തുന്ന ബലപ്രയോഗത്തിന്റെ രൂപം കൂടിയാണ് അധികാര ബന്ധങ്ങള്‍.

വര്‍ഗവൈരുധ്യങ്ങള്‍ക്കൊപ്പം തന്നെ രൂപപ്പെട്ടതാണ് കുടുംബ വ്യവസ്ഥയ്ക്കുള്ളില്‍ സ്ത്രീകള്‍ക്ക് മേലുള്ള പുരുഷന്റെ അധികാര സ്ഥാപനം എന്ന് പറഞ്ഞ് കൊണ്ട് എംഗല്‍സ് കൂട്ടിച്ചേര്‍ക്കുന്നു;

''ഏക ദാമ്പത്യമെന്നത് ചരിത്രപരമായി മുന്നോട്ടുള്ള മഹത്തായൊരു ചുവടുവെയ്പായിരുന്നുവെന്നത് ശരിതന്നെയാണ്. പക്ഷേ, അതേസമയംതന്നെ അടിമത്തത്തിനും സ്വകാര്യ സമ്പത്തിനും അതോടൊപ്പം ഇന്നും അവസാനിച്ചിട്ടില്ലാത്ത പുതിയൊരു യുഗത്തിനും അത് ജന്മം നല്‍കി.

ഈ പുതിയ യുഗത്തില്‍ മുന്നോട്ടുള്ള ഓരോ ചുവടു വെയ്പും അതുപോലെ തന്നെ പിന്നോട്ടുമുള്ള ചുവടുവെയ്പായിരിക്കും; ഈ യുഗത്തില്‍ ഒരു വിഭാഗത്തെ ദുരിതത്തിലും അടിച്ചമര്‍ത്തലിലും ആഴ്ത്തിക്കൊണ്ടു മാത്രമേ മറ്റൊരു വിഭാഗത്തിനു ഐശ്വര്യവും വളര്‍ച്ചയും കൈവരിക്കാന്‍ കഴിയൂ എന്നു വരുന്നു.

നാഗരിക യുഗത്തിന്റെ കോശികാ രൂപമാണത്. ഈ നാഗരിക സമുദായത്തില്‍ പില്‍ക്കാലത്ത് പൂര്‍ണ്ണരൂപത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന വൈരുധ്യങ്ങളുടെയെല്ലാം സ്വഭാവത്തെക്കുറിച്ച് ഇതിന്റെ ഈ രൂപത്തില്‍ വെച്ച് നമുക്ക് പഠനം നടത്താന്‍ സാധിക്കുകയും ചെയ്യും' (കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം)

സ്ത്രീയും അധികാരവും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങള്‍ പിന്നിടുമ്പോഴും കാണുന്ന പരിതാപകരമായ അവസ്ഥയെ, എംഗല്‍സ് ചൂണ്ടിക്കാട്ടുന്ന, നാഗരിക സമുദായത്തില്‍ പൂര്‍ണ്ണരൂപത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന അസമമായ ലിംഗപദവിയുടെ അടിസ്ഥാനത്തില്‍ മാത്രമേ പരിശോധിക്കാനാകൂ.

കുടുംബം മുതല്‍ ഭരണകൂടം വരെയുള്ള സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്ന അധികാര ഘടനയില്‍ സ്ത്രീകള്‍ ഇന്നും അപ്രധാനരാകുന്നത് മറ്റെങ്ങനെയാണ് വിശദീകരിക്കാനാകുക!

(ചിന്ത വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top