25 April Thursday

ഉത്തരാധുനികതയും ഫെമിനിസവും - ഡോ. ടി കെ ആനന്ദി എഴുതുന്നു

ഡോ. ടി കെ ആനന്ദിUpdated: Saturday Oct 1, 2022

ഉത്തരാധുനിക ഫെമിനിസത്തിനു പ്രത്യേക വ്യവഹാരങ്ങള്‍ ഇല്ല. ഉത്തരാധുനികത ചര്‍ച്ച ചെയ്തിരുന്ന അതേ ഇടങ്ങളില്‍ ലൈംഗിക വിഭാഗങ്ങളെ പ്രതിഷ്ഠിച്ചു കൊണ്ടായിരുന്നു ചര്‍ച്ചകള്‍.

സ്ത്രീചരിത്രം എന്നത് ആത്മനിഷ്ഠമായിരിക്കും, കാരണം അത് അനുഭവങ്ങള്‍ മാത്രമാണ്. വൈകാരികമാണ്. അധികാരമില്ലാത്ത സ്ത്രീകളുടെ ചരിത്ര നിര്‍മിതി സാധ്യമല്ല. അതുകൊണ്ട് അന്തര്‍കര്‍തൃത്വപരമായ കൂട്ടായ്മകള്‍  പ്രകടിപ്പിക്കുന്ന ഒന്നായി മാത്രമേ സ്ത്രീകള്‍ പ്രത്യക്ഷപ്പെടൂ.

ഇതൊക്കെ ആയിരുന്നു ഉത്തരാധുനിക ഫെമിനിസ്റ്റ് വാദങ്ങള്‍.

ലൈംഗികതയെക്കുറിച്ച് ഫൂക്കോ നാല്  വാള്യങ്ങളിലായി  വിശദീകരിക്കുന്നുണ്ട്. ലൈംഗികത പാപമാണെന്ന ക്രിസ്ത്യന്‍ സംസ്കാരത്തിലെ അരുതുകളെയാണ് ഫൂക്കോ വിമര്‍ശിക്കുന്നത്. 

ഗ്രീക് സംസ്കാരം കുറേക്കൂടി ലിബറല്‍ ആണെന്ന് അദ്ദേഹം ഉദാഹരണ സഹിതം സമര്‍ത്ഥിക്കുന്നു. മുതലാളിത്ത വികാസത്തോടെ മര്‍ദ്ദന മുറകളുടെ സാഹചര്യത്തില്‍ ലൈംഗികതയെ വിക്ടോറിയന്‍ സദാചാരത്തില്‍ തളച്ചിടുകയാണ് എന്ന് വിമര്‍ശിച്ചുകൊണ്ട് ചില ചോദ്യങ്ങള്‍ക്കുത്തരം പറയുകയാണ് ഫൂക്കോ ചെയ്യുന്നത്.

ഫൂക്കോ പറയുന്നത് അധികാരം പ്രയോഗിക്കപ്പെടുന്നത് നിയന്ത്രണങ്ങളിലൂടെയും നിയമങ്ങളിലൂടെയും മാത്രമല്ല, നിശ്ശബ്ദരാക്കുന്നതിലൂടെയുമാണ് എന്നാണ്.

പതിനെട്ടാം നൂറ്റാണ്ടു  മുതല്‍ തന്നെ വളര്‍ന്നു വന്ന ശാസ്ത്രþസാങ്കേതിക വിദ്യകള്‍ എങ്ങനെ സ്ത്രീ ശരീരത്തെ ഒരു 'വിഷയം' ആക്കുന്നു എന്ന് അദ്ദേഹം ഉദാഹരണ സഹിതം പറയുന്നു.

അതുപോലെതന്നെ, അച്ചടക്കത്തെയും നിബന്ധനകളെയും ഫൂക്കോ അധികാരവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഈ അധികാരകേന്ദ്രങ്ങളെ"Art Analytic"  (ആര്‍ട്ട് അനലിറ്റിക്)എന്നും ഇതിന്റെ കേന്ദ്ര ബിന്ദു, ജൈവശക്തി  അധികാരം ((Bio power) ആണെന്നും പറയുന്നു. സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അച്ചടക്കം, ശിക്ഷണം, ചിട്ട, അനുസരണം എന്നിവയെ അധികാരവുമായി ബന്ധപ്പെടുത്തുന്നു. അധികാരബന്ധങ്ങള്‍ രാഷ്ട്രീയ ബന്ധങ്ങളോ, വര്‍ഗബന്ധങ്ങളോ അല്ല, വ്യത്യസ്ത ലിംഗപദവിയില്‍ ഉള്ളബന്ധങ്ങളാണ്.

സ്ത്രീയെ സംബന്ധിച്ച്  വീട്  അദ്ധ്വാനിക്കുന്ന ഇടവും, പുരുഷന് അത് വിശ്രമ സ്ഥലവും ആകുമ്പോഴും 'മേല്‍നോട്ടം' വഹിക്കുന്ന കുടുംബനാഥന്റെ അനുമതികള്‍ക്കുള്ളിലാണ് അധികാരം ലഭിച്ച സ്ത്രീകളുടെ കാര്യത്തില്‍ പോലും കുടുംബത്തിലെ അംഗങ്ങളുടെ ഇടപെടലുകള്‍.

സ്ത്രീകളുടെ വ്യവഹാരങ്ങള്‍ കുടുംബത്തിലെ അധികാര കേന്ദ്രങ്ങള്‍ തീരുമാനിക്കുന്നതാണ്.
ചരിത്രപരമായ കാരണങ്ങളോ, മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ഉപാധിയോ ഒന്നും തന്നെ അദ്ദേഹത്തിനു പറയാനില്ല. പക്ഷേ അദ്ദേഹം ചരിത്രത്തെ തള്ളിപ്പറയുമ്പോഴും അദ്ദേഹം ഉള്‍പ്പെടെയുള്ള സമൂഹം, അദ്ദേഹം സംവേദിക്കുന്ന സമൂഹം ചരിത്രപരമായി ഉണ്ടായി വന്നതാണ്.

ജാതിപരമായും വര്‍ഗപരമായും ജന്‍ഡര്‍ പരമായും വിഘടിച്ചുനില്‍ക്കുന്ന ഇന്നത്തെ സമൂഹത്തിലെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്ന പ്രൊജക്ടുകള്‍ അവര്‍ക്കില്ല.

ലൈംഗികതയുടെ ചരിത്രം എന്ന രീതിയില്‍ അദ്ദേഹം എഴുതിയ പഠനങ്ങളില്‍ ഒഴികെ മറ്റെല്ലാ പരികല്പനകളും പുരുഷമേധാവിത്വപരമാണെന്നു ഫെമിനിസ്റ്റുകള്‍ വിമര്‍ശിക്കുന്നു. ഇതിനെ ഒരു ന്യൂനതയായി ഉത്തരാധുനികത കാണുന്നു. മാത്രമല്ല, മറ്റു പല സൈദ്ധാന്തികരെയും പോലെ ലിയോത്താദ് മുതല്‍ (Postmodern condition) തുടര്‍ന്ന് വന്ന ദെറീദ, ലക്കാന്‍, തുടങ്ങിയവരൊന്നും അവരുടെ പരികല്പനയില്‍ സ്ത്രീകളെ പരാമര്‍ശിച്ചിട്ടില്ല എന്ന വിമര്‍ശനവും ഫെമിനിസത്തിലുണ്ട്.

ലക്കാന്റെ ഭാഷാശാസ്ത്രത്തെ പിന്തുടര്‍ന്ന് ഭാഷ, സംസ്കാരം എന്നിവ ഫെമിനിസ്റ്റ് വിശകലത്തിന് വിധേയമാവുന്നതും ഈ പശ്ചാത്തലത്തിലാണ്.

ഭാഷയും ആശയങ്ങളും നിയമവും ദാര്‍ശനികതയുമൊക്കെ പുരുഷലിംഗപരമാണെന്ന് ഉത്തരാധുനിക ഫെമിനിസ്റ്റുകള്‍ പറയുമ്പോള്‍ അറുപതുകളിലെ റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ പുരുഷാധീശത്വ കേന്ദ്രീകരണമായും ലിബറല്‍ ഫെമിനിസ്റ്റുകള്‍ പുരുഷലോകമായും പറഞ്ഞിരുന്നതുതന്നെ മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കുകയാണ്.

പക്ഷേ, അറുപതുകളില്‍ നിന്ന് വ്യത്യസ്തമായി ഉത്തരാധുനികര്‍ പുരുഷ ചിന്താപദ്ധതിയെ ഏകകമായി കാണുകയും, ഈ ഏകലോകത്തിലെ വ്യത്യാസവും വ്യതിരിക്തതയും (difference and  differance)) മനസ്സിലാക്കുമ്പോള്‍ 'സ്വം' എന്നതും 'അപരത്വം' എന്നതും കാണേണ്ടതുണ്ടെന്നും അപരത്വത്തെ പ്രശംസിക്കുകയും ആഘോഷിക്കുകയും ചെയ്യണം എന്നും പറയുന്നു.

ഭാഷയും ലൈംഗികതയും

ഭാഷയും ലൈംഗികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്തത് ലൂസി ഇറിഗേരെ, ഹെലന്‍ സിക്സസ്, ജൂലിയ ക്രിസ്റ്റീവ എന്നീ ഫ്രഞ്ച് ഫെമിനിസിറ്റുകളാണ്. 

ചരിത്രത്തെ നിഷേധിച്ചുകൊണ്ട് ഭാഷയിലെ അപനിര്‍മാണത്തെ ഉപയോഗിച്ച് ഭാഷാശാസ്ത്രത്തിലെ പുരുഷാധീശത്വത്തെ നിജപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചു. ഫ്രഞ്ച് ഭാഷയില്‍  ഹിന്ദി ഭാഷ പോലെ വാക്കുകള്‍ക്കു ലിംഗപദവി കൊടുക്കുന്ന രീതിയുണ്ട്.

വസ്തുക്കളെ സ്ത്രീ ലിംഗവും പുല്ലിംഗവുമായി കാണുന്ന രീതി. ഭാഷയെ പെണ്ണെഴുത്തും ആണെഴുത്തുമായി വ്യത്യാസപ്പെടുത്തിയത് ഹെലന്‍ സിക്സെസ് ആയിരുന്നു. ഒരാള്‍ ഭാഷ ഉപയോഗിക്കുമ്പോള്‍ വൈകാരികമായി അത് അവരുടെ ചിന്തയില്‍ ഉണര്‍ന്നിരിക്കും എന്ന സൊഷുറിന്റെ വാദത്തിലൂന്നി  'സ്ത്രീകള്‍  എഴുതുന്നത് അവരുടെ അനുഭവങ്ങളാണ്.

അതുകൊണ്ടുതന്നെ വൈകാരികമാണ്. വാക്കുകളായി എത്തുന്നത് അവരുടെ ഹൃദയ തുടിപ്പുകളാണ്. അക്ഷരങ്ങള്‍ അനുഭവങ്ങളും ''ഞാന്‍ പുരുഷന്മാരെക്കുറിച്ച് എഴുതാറില്ല. കാരണം, അവരുടെ ചിന്ത, വികാരം, ഹൃദയത്തുടിപ്പുകള്‍ ഒന്നും എനിക്ക് അറിയില്ല.

അവരുടെ വേദനകള്‍, സന്തോഷങ്ങള്‍ ഒന്നും എനിക്ക് അറിയില്ല. അതിന്റെ ഭാഷ വേറെയാണ്''.

സ്ത്രീഭാഷയും, പുരുഷ ഭാഷയുമായി ഭാഷാശാസ്ത്രത്തെ വ്യത്യാസപ്പെടുത്തി അതിന്റെ വ്യവഹാര മണ്ഡലങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചു. അതുകൊണ്ടുതന്നെയാണ് 'ഷോക്ക്' ഏല്‍പ്പിക്കുന്ന പല കാര്യങ്ങളും പെണ്ണെഴുത്തിലുണ്ടെന്നും അവര്‍ എഴുതുന്നത് 'വെള്ള മഷി'കൊണ്ടാണെന്നും പറയുന്നതോടെ, സ്ത്രീ ശരീരവുമായി ഭാഷയെ ബന്ധപ്പെടുത്തുകയാണവര്‍ ചെയ്തത്. ഇതേ പ്രതീകാത്മകതയില്‍ത്തന്നെ, കറുത്ത മഷി കൊണ്ട് എഴുതുന്നവരെക്കുറിച്ചും പറയുന്നതോടെ, കറുത്ത വര്‍ഗക്കാരുടെ, സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിച്ചവരുടെ 'അവഗണന' അവരുടെ എഴുത്തില്‍ കാണും എന്നും അവര്‍ വാദിക്കുന്നു.

ഏകത്വ സ്വഭാവമുള്ള പുരുഷ എഴുത്തുകളില്‍ നിന്ന് വ്യത്യസ്തമാണ് പെണ്ണെഴുത്ത് എന്ന് ഇവര്‍ പറയുന്നു. ബഹുത്വസ്വഭാവമുള്ള പെണ്ണെഴുത്തുകള്‍ക്കു വിധ്വംസക ചിന്തകളെ അക്ഷരമാക്കി മാറ്റുവാനുള്ള കഴിവുണ്ടെന്ന് അവര്‍ പറയുന്നു.  ലൈംഗിക അനുഭവങ്ങളെ വൈവിധ്യമായി കാണിക്കുന്നതോടെ ഭാഷയുടെ രീതിയും ശൈലിയും മാറുന്നു, എന്നവര്‍ വാദിക്കുന്നു.

ലൂസി ഇറിഗേരെ മാതൃകാ സ്ത്രീയെ സാഹിത്യത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എഴുത്തിലെ പുരുഷലിംഗ വിശേഷണങ്ങളുടെ സ്ഥാനത്ത് സ്ത്രീ ലിംഗ സവിശേഷതകള്‍ക്ക് സ്ഥാനം നല്‍കി.

വ്യാകരണവും ഭാഷാശൈലിയും ഒക്കെത്തന്നെ സ്ത്രൈണമാക്കിമാറ്റുകയായിരുന്നു.  കാരണം, ലക്കാന്റെ പ്രതീകാത്മകത തന്നെ പുരുഷകേന്ദ്രീകരണമാണ്.അതില്‍ സ്ത്രീകള്‍ പുരുഷന്മാരുടെ കല്പിതസ്ത്രീയായി മാത്രമേ അവതരിക്കുകയുള്ളു എന്ന് അവര്‍ വാദിച്ചു. ഫ്രോയ്ഡിന്റെ ലിബിഡോ ഊര്‍ജം പോലെ സ്ത്രീകളുടെ ലിബിഡോ പകരം വെച്ചു.

ലക്കാന്‍ പറഞ്ഞതുപോലെ ഭാഷ ആസക്തിയെ സൃഷ്ടിക്കുമെന്നും സ്ത്രീകളുടെ ലിബിഡോ ഊര്‍ജം പുരുഷന്മാരുടേതില്‍ നിന്ന് അപരമായതുകൊണ്ടു ഭാഷയും അപരമാകും എന്നും വ്യക്തമാക്കി. മാത്രമല്ല, ലൈംഗികതയ്ക്കും ഭാഷയ്ക്കും ശക്തമായ ബന്ധവും അവര്‍ കണ്ടെത്തി. 'difference and  differance ' എന്ന ഇവരുടെ കൃതിയില്‍  ഏറെ വിശദീകരിക്കുന്നത് ഈ വിഷയമാണ്.

ഭാഷയെയും ശരീരത്തെയും മനോവിശ്ലേഷണത്തിന്റെ ഭാഗത്തു നിന്നും നോക്കിക്കണ്ട കാഴ്ചപ്പാടാണ് ഇവര്‍ മൂന്നു പേരും മുന്നോട്ടുവെക്കുന്നത്.

ഭൂതകാല അനുഭവങ്ങളില്‍ 'സ്ത്രീ' എന്ന സംവര്‍ഗ്ഗത്തെ അംഗീകരിക്കുന്നില്ല. സ്ത്രീകള്‍ എന്ന ബഹുസ്വരത്തില്‍ പ്രാദേശികം, ദേശീയം,കറുപ്പ്, വെളുപ്പ്, പുറന്തള്ളപ്പെട്ടവര്‍ എന്നിങ്ങനെയുള്ള വൈവിധ്യങ്ങളുണ്ടാവും.

ഇതിനെ സംസ്കാരവുമായി ബന്ധിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അപ്പോഴും ജനകീയ സംസ്കാരത്തെ ഉത്തരാധുനികത അംഗീകരിക്കുന്നില്ല. ജനകീയ സംസ്കാരം 'ശരീര നിര്‍മിതി'മാത്രമാണെന്ന വിമര്‍ശനത്തിനൊപ്പം സ്ത്രീവിരുദ്ധവുമാണെന്നാണ്  ഉത്തരാധുനികതയുടെ നിലപാട്.

ഉപഭോക്തൃസമൂഹത്തിനു പാകമായ ഒരു ജീവിതശൈലി മുന്നോട്ടുവെച്ചതിനുശേഷം ഇവര്‍ അതിനെ 'സാംസ്കാരിക തിരിവ്, എന്ന് വിളിക്കുന്നു.

പാശ്ച്യാത്യവല്‍ക്കരിക്കപ്പെട്ട ജീവിത രീതി, മധ്യവര്‍ഗ്ഗസമൂഹത്തിന്റെ വളര്‍ച്ച, അണുകുടുംബങ്ങള്‍, ഷോപ്പിംഗ് മാളുകള്‍,എന്നിങ്ങനെ സ്വയം തിരഞ്ഞെടുക്കാവുന്ന ഉപഭോക്തൃ സാധ്യതകള്‍ മാറിയ ജീവിത ശൈലിയായിരുന്നു, പുതിയ സംസ്കാരം.

ഈ സംസ്കാരത്തില്‍ സ്ത്രീ വ്യത്യസ്തയാണ്. കുടുംബധര്‍മം അതിനനുസരിച്ച് മാറുന്നു.

സാംസ്കാരിക പ്രവര്‍ത്തനം കുടുംബം വിട്ടു പുറത്തു കടക്കുന്ന അവസ്ഥയിലെത്തിച്ചു. 1970കളായപ്പോള്‍ സാമൂഹ്യ നിയന്ത്രണം എന്നത് മനുഷ്യാവകാശമായി മാറി.


സാംസ്കാരിക  ഫെമിനിസം ആധുനികവും ഉത്തരാധുനികവുമായ തലങ്ങളിലേക്ക് കടന്നുചെന്നുവെന്നത് വസ്തുതയാണ്.

അറുപതുകളില്‍ വംശവിരുദ്ധര്‍, ജാതി വിരുദ്ധര്‍, മേലാള മുന്നേറ്റങ്ങളെ സാംസ്കാരികമായി വ്യതിരിക്തതകളില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതോടെ അന്നത്തെ ഫെമിനിസ്റ്റുകളുടെ പ്രതിരോധത്തിന്റെയും പിടിച്ചെടുക്കലിന്റെയും രൂപങ്ങള്‍ക്കു മാറ്റം വന്നു. അതിനുപകരം, സാംസ്കാരിക ഭിന്നതകള്‍ ജീവിത രീതി രാഷ്ട്രീയമാക്കി അതില്‍ അഭിരമിക്കുന്ന രീതി വളര്‍ന്നു.

കീഴാളമേലാള സംസ്കാരം പോലെ, സ്ത്രൈണ സംസ്കാരവും പരുഷ സംസ്കാരവുമായി  വ്യത്യസ്തതകളില്‍ ഊന്നുകയും ഈ വ്യത്യസ്തത നിലനില്‍ക്കേണ്ടത് സ്ത്രൈണതയുടെ സ്വത്വ സാക്ഷാല്‍ക്കാരമായും കണ്ടതോടെ സാംസ്കാരിക പ്രതിരോധം തിരിച്ചടിച്ചു. പ്രതിരോധം ഭിന്നതയായി മാറി.

ലിംഗപദവി സാമൂഹ്യനിര്‍മിതി

തൊണ്ണൂറുകളുടെ   അവസാനത്തോടെ, ലിംഗപദവി സാമൂഹ്യ നിര്‍മിതിയാണെന്നത് അംഗീകരിക്കപ്പെട്ടിരുന്നു. സ്ത്രീയായും പുരുഷനായും ഉള്ള റോളുകളില്‍ അഭിനയിക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത് എന്നാണ് ജൂഡിത്ത് ബട്ലര്‍ 'പ്രകടന പരത' എന്ന ആശയത്തിലൂടെ പറയുന്നത്. എങ്ങനെ അഭിനയിക്കണം, ഏതൊക്കെ റോളുകള്‍ ചെയ്യണമെന്നത് ആചാരമര്യാദകള്‍ക്കനുസരിച്ചാണ്.

അമ്പലത്തില്‍ ചെന്നാല്‍ കൈ കൂപ്പണമെന്നും പള്ളിയില്‍ പോയാല്‍ കുരിശു വരയ്ക്കണമെന്നുമൊക്കെ നാമറിയാതെ നമ്മള്‍ പഠിച്ച ആചാരങ്ങള്‍ യാന്ത്രികമായി ചെയ്യുന്നതുപോലെ, സ്ത്രീ പാത്രധര്‍മവും പുരുഷ പാത്രധര്‍മവും അനുസരിച്ചുള്ള റോള്‍  അഭിനയിക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത് എന്ന് പറയുകയാണ് ബട്ലര്‍.

' "Bodies that  matter"- ' എന്ന തന്റെ കൃതിയിലൂടെ ജൈവശാസ്ത്രപരമായ ലിംഗഭേദവും ഭൗതിക സാഹചര്യങ്ങളിലാണ് നിര്‍ണയിക്കപ്പെടുന്നത് എന്നാണ് അവര്‍ പറയുന്നത്.

സ്വാഭാവികമായി സ്ത്രീയോ പുരുഷനോ ഇല്ലാത്തതുപോലെ, സ്വാഭാവികമായി സ്ത്രീത്വമോ, പുരുഷത്വമോ ഇല്ല. വ്യവഹാരത്തിനു മുമ്പുണ്ടാവുന്ന ശരീരത്തിന്റെ ഫലമാണ് വ്യവഹാരത്തിനുശേഷം ഉണ്ടാവുന്ന ലിംഗപദവി എന്നവര്‍ പറയുന്നു.

ഭിന്ന ലൈംഗികതയെ, ആചാരങ്ങളുമായി ബന്ധിപ്പിക്കുന്നത് ക്വീര്‍ (queer)തിയറിയുടെ വിശദീകരണത്തിനു വേണ്ടിയായിരുന്നു. ആചാരലംഘനം എന്നത് സ്വവര്‍ഗ്ഗരതിയാണെന്നു ക്വീര്‍ തിയറിയുടെ വിശദീകരണത്തില്‍ അവര്‍ പറഞ്ഞു വരുന്നുണ്ട്. ബട്ലറുടെ ക്വീര്‍ സിദ്ധാന്തം സ്ത്രീ/പുരുഷന്‍ എന്ന ദ്വന്ദ്വത്തെ ചോദ്യം ചെയ്യുന്നു.

മനുഷ്യ ശരീരത്തിലെ X ,Y-എന്നീ ക്രോമോസോമുകളുടെ ഘടന XX , XY എന്ന് മാത്രമല്ല എന്നും ഇതിന്റെ രീതിയില്‍ പതിനഞ്ചിലധികം സംയുക്തങ്ങള്‍  സാധ്യമാണ് എന്നും അവര്‍ ചൂണ്ടികാണിക്കുന്നു.XXY എന്നത് കൂടുതല്‍ സ്ത്രൈണ ഭാവമുള്ളതുംXYY- എന്നത് കൂടുതല്‍ പുരുഷ ഗുണങ്ങള്‍ ഉള്ളതായും ആവാം.. അതുമല്ലെങ്കില്‍ intersex എന്ന വിഭാഗമാവാം. അതുകൊണ്ടുതന്നെ ലൈംഗികതയും ലൈംഗിക ബന്ധങ്ങളും സ്ത്രീ/പുരുഷന്‍ എന്ന പെട്ടിയില്‍ ഒതുക്കേണ്ടതില്ല എന്നാണ് ക്വീര്‍ തിയറി പറയുന്നത്.

ലിംഗശരീരമെന്നത് അന്തര്‍ ലൈംഗികതയാവാം. സ്ത്രീപുരുഷ ബന്ധങ്ങളിലോ ശരീരത്തിലോ മാത്രമായി  ക്വീര്‍ തിയറി ഒതുങ്ങുന്നില്ല. ദേശീയത, വംശീയത, ജാതി, മതം ഉള്‍പ്പെടെ എല്ലാ ആചാരങ്ങളെയും മര്യാദകളെയും അസ്ഥിരമാക്കാനുള്ള ഉപാധികള്‍ ഉള്ള സിദ്ധാന്തമാണ് ക്വീര്‍ തിയറി. ഇതിലൂടെ നിലനില്‍ക്കുന്ന വാര്‍പ്പ് മാതൃകകളും മാറ്റാവുന്നതാണ്.

ഫെമിനിസ്റ്റ് ചര്‍ച്ചകളിലെ വ്യതിയാനം

ലിംഗഭേദത്തില്‍ നിന്ന് ലിംഗപദവിയിലേക്കും പിന്നീട് ക്വീര്‍ സിദ്ധാന്തത്തിലേക്കുമുള്ള ഫെമിനിസ്റ്റ് ചര്‍ച്ചകളിലെ വ്യതിയാനം ഈ മേഖലയിലെ മറ്റൊരു പ്രധാന വഴിത്തിരിവാണ്. അതോടെ, സാമൂഹ്യശാസ്ത്രത്തിന്റെ ആശയങ്ങള്‍,  മാര്‍ക്സിസം ഉള്‍പ്പെടെ ഏതാണ്ട് മുഴുവനും നിരാകരിക്കപ്പെട്ടു.  ശരീരത്തെയും ലൈംഗികതയെയും വ്യവഹാരത്തെയും കേന്ദ്രീകരിച്ചു കൊണ്ടുള്ള മറ്റൊരു തരത്തിലുള്ള മാനവശാസ്ത്രമായി മാറുകയാണ് ചെയ്തത്.

അതോടെ ഫൂക്കോയുടെ അധികാര രൂപങ്ങള്‍ ലിംഗപദവിക്കകത്തുതന്നെ സ്ഥാനം കണ്ടെത്താം എന്നതുകൊണ്ട് നിലവിലുള്ള ജൈവശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും ആയ വ്യവസ്ഥകള്‍ക്കകത്തുള്ള എല്ലാ ഘടകങ്ങളെയും ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.

അതോടെ, നിലവിലുള്ള രാഷ്ട്രീയ- സാമൂഹ്യസംഘര്‍ഷങ്ങള്‍ക്ക്  ഒന്നും തന്നെ ഇതിന്റകത്ത് പ്രസക്തിയില്ലാതാവുകയാണ്. അവരുടേതായ പ്രകടനരൂപങ്ങളും സംഘര്‍ഷങ്ങളും നിര്‍മ്മിക്കപ്പെടുന്നു. ജന്‍ഡര്‍ തന്നെ പലപ്പോഴും സ്ത്രീ-പുരുഷന്മാരില്‍ നിന്നും അകന്ന് അവര്‍ ജീവിക്കുന്ന ഭൗതിക സാഹചര്യത്തിന്റെ കെട്ടുകാഴ്ചയായി മാറുന്നു. അതോടെ, അവയുടെ സാമൂഹ്യ പരിവര്‍ത്തന ശേഷി നശിക്കുന്നു.

ചരിത്രപരമായ  ഭൗതികവാദം സ്ത്രീകളുടെ അടിച്ചമര്‍ത്തലിന്റെ വേരുകള്‍  കണ്ടെത്താന്‍ സഹായിക്കുമെന്ന് ഫെമിനിസ്റ്റുകള്‍ തിരിച്ചറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ രീതിശാസ്ത്രം ഇന്നും സജീവമായി നിലവിലുണ്ട്. ഉത്തരാധുനികത അതിനെ തമസ്കരിക്കുന്നതുകൊണ്ട് ആ സിദ്ധാന്തവും പ്രയോഗവും ഇല്ലാതെയാവുന്നില്ല.

ജ്ഞാനനിര്‍മിതിയുടെ ഉത്പാദനം നടക്കുന്ന ഇടമായ സാംസ്കാരികരംഗം വര്‍ഗസമരത്തിന്റെ ഇടവും കൂടിയാണ്.  മധ്യവര്‍ഗം വളര്‍ന്നു വന്നു എന്നതുകൊണ്ടോ, ഉപഭോക്തൃ സമൂഹമായി മാറി എന്നതുകൊണ്ടോ വര്‍ഗസമൂഹം ഇല്ലാതെയാവുന്നില്ല. കൂടുതല്‍ സാമൂഹ്യപരമായ തൊഴിലുകള്‍ ചെയ്യുന്ന സ്ത്രീകളാണ്ഏറ്റവും ദരിദ്രര്‍ എന്ന അവസ്ഥയ്ക്കും മാറ്റമൊന്നും ഉണ്ടായിട്ടില്ല. ദാരിദ്ര്യം, മുതലാളിത്ത സൃഷ്ടിയാണ്. ലിംഗപദവിയുടേതല്ല. സാമൂഹ്യ നിര്‍മിതികളായ ജാതി, മതം, ലിംഗപദവി, വംശീയത എന്നിവയൊക്കെ തന്നെ വര്‍ഗപരവുമാണ്.

വര്‍ഗത്തെ ഫെമിനിസ്റ്റുകള്‍ ഒഴിവാക്കി എന്നുമാത്രമല്ല, വര്‍ഗത്തെ തന്നെ മറ്റൊരു പീഡനരൂപമായി കാണുകയും ചെയ്തു.  പീഡനങ്ങള്‍ വ്യക്തിഗതമായത്തോടെ, വര്‍ഗവിശകലനം പൊളിറ്റിക്കല്‍ ഇക്കണോമിക്ക് പുറത്തായി. വര്‍ഗ്ഗശക്തി അഥവാ അധികാരം എന്നത് കടുത്ത പീഡനമായി വിമര്‍ശിക്കപ്പെട്ടു.

സ്ത്രീകളുടെ സ്വത്വവും, തൃഷ്ണയും ശരീരവും ആസക്തിയുമെല്ലാം വര്‍ഗ പ്രശ്നങ്ങളായി തന്നെ കാണേണ്ടതുണ്ട്. കാരണം, മുതലാളിത്തം ഒരു വര്‍ഗക്രമമാണ്. വിഭവങ്ങളുടെ മേലുള്ള അധികാരവും നിയന്ത്രണങ്ങളും ഉള്ള മുതലാളിയും, അദ്ധ്വാനം വില്‍ക്കുന്ന  തൊഴിലാളിയും തമ്മിലുള്ള വ്യത്യാസം നിലനിര്‍ത്തിക്കൊണ്ടു മാത്രമേ മൂലധന സഞ്ചയം നടക്കൂ. അതുകൊണ്ടുതന്നെ വര്‍ഗവിഭജനം നിലനില്‍ക്കും. മാത്രമല്ല, ഫെമിനിസ്റ്റ് സൈദ്ധാന്തികര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശരീരം, ആസക്തി എന്നിവയുടെ പ്രഭവ കേന്ദ്രം ഇന്നത്തെ കമ്പോളമാണ്.

സാംസ്കാരിക വിപ്ലവത്തിന്റെ കൂടെ മാറാതെ നിന്ന പുരുഷമേധാവിത്വ ആശയങ്ങള്‍ ലിംഗപരമായ തൊഴില്‍ വിഭജനത്തിലേക്കു മാറിയത് ഉത്തരാധുനികര്‍ കണ്ടില്ല.  സ്ത്രീ ശരീരത്തെയും ആകര്‍ഷണത്വത്തെയും കേന്ദ്രീകരിച്ച് പുതിയ തൊഴില്‍ മേഖലകള്‍ വളര്‍ന്നുവന്നതും ചര്‍ച്ച ചെയ്തില്ല. പരസ്യ മേഖല, ടെലികമ്യൂണിക്കേഷന്‍, സാമൂഹ്യ മാധ്യമം, എന്നിവയിലൊക്കെയും സ്ത്രീത്വം, സ്ത്രീ ശരീരം, ലൈംഗികത എന്നിവ വിപണനരംഗത്തെത്തി.

മാത്രമല്ല സ്വകാര്യ സ്വത്തായും മാറി. കരാര്‍ അടിസ്ഥാനത്തില്‍ ഒരു പരസ്യ കമ്പനിയില്‍ കയറിയാല്‍ എന്തു ചെയ്യണം, എന്തു പറയണം, എന്തു ധരിക്കണം, എങ്ങനെ നില്‍ക്കണം എന്നൊക്കെ തീരുമാനിക്കുന്നത് കമ്പനിയാണ്.

കരാര്‍ കഴിയുന്നതുവരെ പൈസ കൊടുത്തു വാങ്ങിയ സ്വകാര്യ സ്വത്താണ് സ്ത്രീ തൊഴിലാളികള്‍. ഈ രീതിയില്‍ ശരീരവും മനസ്സു, ചലനസ്വാതന്ത്ര്യവും പണയം വെക്കുന്ന രീതിയില്‍ സാംസ്കാരിക രംഗം മാറിയത് ഉത്തരാധുനികത കണ്ടില്ല എന്ന് നടിക്കുകയായിരുന്നു.

ജൂലിയ ക്രില്ലീവ

ജൂലിയ ക്രില്ലീവ

'അധികാരമില്ലാത്തവര്‍' എന്ന ഫൂക്കോയുടെ പ്രയോഗം തന്നെ തെറ്റാണ്. കാരണം, അധികാരഘടന എന്നത് സംഘടിതമായി ഉത്പാദിപ്പിച്ച ഉല്പന്നത്തിന്റെ ഉടമസ്ഥര്‍ക്കാണ്. അസംസ്കൃതവസ്തുക്കള്‍ക്കു മൂല്യം സൃഷ്ട്ടിച്ചവര്‍ മാത്രമാണ് ഉത്പാദനം നടത്തിയവര്‍.

നെല്ല് കുത്തി അരിയാക്കി, ചോറാക്കി, അദ്ധ്വാനിക്കുന്നവരുടെ ഊര്‍ജ്ജമാക്കി മൂല്യം സൃഷ്ടിച്ചവര്‍ അധികാര ഘടനയ്ക്കു പുറത്താവുന്നതെങ്ങനെ?  ചരിത്രമില്ലാത്തവരാവുന്നതെങ്ങനെ? ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സ്ത്രീകളുടെ പ്രായോഗിക ചരിത്രം ആവശ്യമാണ്.

അനുഭവങ്ങളില്‍ നിന്നു മാത്രം ചരിത്രം ഉണ്ടാവില്ല. ചരിത്രത്തിന്റെ പല സാമഗ്രികളില്‍ ഒന്നു മാത്രമാണ് അനുഭവങ്ങള്‍. 'സിദ്ധാന്തം അസ്ഥികൂടം പോലെയാണ്.

വ്യത്യസ്തമെങ്കിലും മാംസവും രക്തവുമായി അതിനെ പിന്താങ്ങുന്ന ചരിത്രം അതിനനിവാര്യമാണ്. സിദ്ധാന്തത്തിന്റെ വെറും അസ്ഥികള്‍ക്ക് ജീവന്‍ വേണമെങ്കില്‍ അവ ചരിത്ര   വസ്തുതകളുമായി ഏറ്റുമുട്ടണം' ലിസീ വോഗില്‍ എന്ന സോഷ്യലിസ്റ്റ് പറയുന്നു.

ശരീരം അധ്വാനത്തിന്റെയുംകൂടി കേന്ദ്രമാണ്

ഫെമിനിസം ഒരു രാഷ്ട്രീയ പ്രസ്ഥാനമായി തുടരണമെങ്കില്‍ ജാതി, മതം, വംശീയത, ലിംഗപദവി എന്നീ സൈദ്ധാന്തിക നിലപാടുകളുടെ കൂടെ, അദ്ധ്വാനവും ഉള്‍പ്പെടുത്തണം. ശരീരമെന്നതു  ലൈംഗികതയുടെ മാത്രം കേന്ദ്രമല്ല, അധ്വാനത്തിന്റെയും കൂടിയാണ്.

കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷങ്ങളായി പാശ്ചാത്യ ഫെമിനിസം സ്ത്രീകളും തൊഴിലും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

ഫെമിനിസ്റ്റ് പ്രയോഗത്തിന്റെ സിദ്ധാന്തത്തില്‍ സ്ത്രീകളുടെ ഭൗതികസാഹചര്യം ചര്‍ച്ചചെയ്യപ്പെടണം. വളര്‍ന്നു വന്ന വ്യവസായ സമൂഹത്തില്‍, ഫെമിനിസം അക്കാദമികമായും പ്രൊഫഷണല്‍ ആയും മാറിയപ്പോള്‍  വ്യത്യാസങ്ങളും സ്വത്വങ്ങളും നിര്‍മിച്ചെടുക്കുന്ന മുതലാളിത്തത്തിന്റെ പങ്ക് പാടേ വിസ്മരിക്കപ്പെട്ടു. അതിനുപകരം, പ്രകടമായ വംശവും, ലിംഗപദവിയും ചര്‍ച്ച ചെയ്യുകയും അതിനെ ജ്ഞാനനിര്‍മിതിയായും രാഷ്ട്രീയ തന്ത്രമായും മെനഞ്ഞെടുക്കുകയും ചെയ്തു.

ഇത്തരം വ്യതിരിക്തതകള്‍ക്കു പരിഹാരമായി, ചരിത്ര നിഷേധവും, അമൂര്‍ത്തങ്ങളായ സാംസ്കാരിക സംവര്‍ഗങ്ങളായ, കാമന, ആസക്തി, ആവേഗം, ലൈംഗികത എന്നിവയുമായിരുന്നു നിര്‍ദേശിക്കപ്പെട്ടത്. ശരീരവും, ശരീരമാത്ര/ലൈംഗികതമാത്ര വ്യവഹാരങ്ങളും മുതലാളിത്തത്തെത്തന്നെ പോഷിപ്പിക്കുന്നതായിരുന്നു.

മൂലധനത്തിന്റെ കേന്ദ്രീകരണത്തിലും ആഗോള വ്യാപനത്തിലും വര്‍ഗാധിഷ്ഠിത അധികാരത്തെ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധത്തില്‍ മൂലധനശക്തികള്‍ വ്യാപകമായും ഫലവത്തായും മാറിയിരിക്കുന്നു.

ഇവര്‍ സൃഷ്ടിക്കുന്ന ഭരണകൂടങ്ങള്‍ പുരുഷാധിപത്യത്തില്‍ സ്ത്രീകളെ കീഴാളരാക്കി നിലനിര്‍ത്തുകയും നീതിന്യായ വ്യവസ്ഥകളെ അതേ പടി തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കര്‍ക്കശവും ഉയിര്‍ത്തെഴുനേല്‍ക്കുന്നതും ചോദ്യം ചെയ്യുന്നതുമായ സ്ത്രീ പ്രസ്ഥാനം രാഷ്ട്രീയ ആവശ്യമാണ്.

വിവിധ ലിംഗപദവികളില്‍ വര്‍ഗം കുടികൊള്ളുന്നപോലെ വിവിധ വര്‍ഗങ്ങളില്‍ ലിംഗപദവിയും ഉണ്ട്. ഇവയെ ഒന്നിച്ചു ചേര്‍ത്താല്‍ മാത്രമേ മുതലാളിത്തം സൃഷ്ടിക്കുന്ന പുരുഷമേധാവിത്വത്തെ ചെറുക്കാനാകൂ. സിദ്ധാന്തമില്ലാത്ത ചില പരികല്പനകള്‍ അല്ല വേണ്ടത്.

കൂട്ടായ പ്രവര്‍ത്തനത്തിന് സിദ്ധാന്തവും പ്രയോഗവും അനിവാര്യമാണ്. വ്യക്തിഗത പ്രശ്നങ്ങളോട് ഐക്യപ്പെടുന്നത് കൊണ്ട് പരിഹാരം താത്കാലികമേ ആവുന്നുള്ളൂ. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് അത് സൃഷ്ടിക്കുന്ന വേരുകളില്‍ കത്തിവെക്കണമെങ്കില്‍ കൂട്ടായ്മ തന്നെ വേണം.

അത്തരം ചെറുത്തുനില്‍പ്പുകള്‍ മുതലാളിത്തത്തിനെതിരെയും  പുരുഷമേധാവിത്വത്തിനെതിരെയും ഉണ്ടാവണം. ഇവ രണ്ടും ചോദ്യം ചെയ്യപ്പെടാതിരിക്കുന്നിടത്തോളം സ്ത്രീ -പുരുഷ സമത്വം, സ്ത്രീ നീതി എന്നിവ വെറും സ്വപ്നങ്ങള്‍ മാത്രമാവും.

(ചിന്ത വാരികയിൽ നിന്ന്)


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top