26 April Friday

ലോകം മുഴുവന്‍ സുഖം പകരാന്‍

ആര്‍ദ്രUpdated: Wednesday Oct 18, 2017

ഇന്ത്യയിൽ ഹരിതവിപ്ലവത്തിന് വിത്തിട്ട പിതാവിന്റെ പുത്രിയ്ക്ക് ഇനി ലോകത്തിന്റെ നാഡിമിടിപ്പ് നേരേയാക്കാൻ നിയോഗം. പ്രശസ്ത കൃഷിശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്റെ മകൾ സൗമ്യ സ്വാമിനാഥൻ ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യുഎച്ച്ഒ)ഡപ്യൂട്ടി ഡയറക്ടർ ജനറലായി  നിയമിതയാകുമ്പോൾ ആ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യാക്കാരിയെന്ന ബഹുമതികൂടി സ്വന്തമാകുന്നു. ആരോഗ്യനയരൂപീകരണത്തിലും പ്രയോഗത്തിലും രോഗികൾക്കും പൊതുസമൂഹത്തിനും പൗരസമൂഹത്തിനും നിർണായകപങ്ക് വേണമെന്ന നേർനിലപാടിലൂടെ സൗമ്യ, പിതാവിന്റെ നവീനചിന്തകളുടെ നേരവകാശിയുമാകുന്നു.

ഗവേഷകയും അധ്യാപികയുമാകയാൽ ഗവേഷണാലയങ്ങളിലും ക്ലാസ്മുറികളിലുമൊതുങ്ങാൻ ഇഷ്ടപ്പെടുന്ന സൗമ്യ അതിനാൽതന്നെ ലോകാരോഗ്യസംഘടനയുടെ പദ്ധതിനടത്തിപ്പ് ചുമതലയുള്ള ഡപ്യൂട്ടി ഡയറക്ടർ പദവി ഒട്ടും പ്രതീക്ഷിച്ചതല്ലെന്നു പറയുന്നു.

പുണെയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസും ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്ന് ശിശുരോഗവിഭാഗത്തിൽ എംഡിയും നേടിയ സൗമ്യ പക്ഷേ അറിയപ്പെടുന്നത് എച്ച്‌ഐവിയിലും ക്ഷയരോഗത്തിലും നടത്തിയ ഗവേഷണങ്ങളുടെ പേരിലാണ്. രാജ്യത്ത് രോഗപ്രതിരോധ ഗവേഷണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ മെഡിക്കൽ റിസേർച്ച് കൗൺസി(ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്ഐസിഎംആർ)ലിന്റെ ഡയറക്ടർ ജനറലായിരിക്കേയാണ് ലോകാരോഗ്യസംഘടനയുടെ ഉന്നതസ്ഥാനത്ത് സൗമ്യ നിയമിക്കപ്പെടുന്നത്. പൊതുജനാരോഗ്യത്തിലുള്ള ഉത്കണ്ഠയും അതിനാൽതന്നെ അതേക്കുറിച്ചു നടത്തിയ ആഴത്തിലുള്ള പഠനവും പുതിയ പദവിയിൽ മുതൽക്കൂട്ടാകുമെന്ന് സൗമ്യ പ്രതീക്ഷിക്കുന്നു. ശാസ്ത്രീയ ഗവേഷണവും വിവരശേഖരണവും നയരൂപീകരണത്തിൽ അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവ് ഈ നിയമനത്തിന് പിന്നിലുണ്ടെന്നത് ഗവേഷകയും വിദ്യാഭ്യാസവിചക്ഷണയും എന്ന നിലിയിൽ സൗമ്യയെ സന്തോഷിപ്പിക്കുന്നു. അത് മെഡിക്കൽ ഗവേഷകർക്ക് പ്രചോദനമാകുമെന്ന് യുവഗവേഷകരിൽനിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടി അവർ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ മെഡിക്കൽ റിസേർച്ച് കൗൺസിലിന്റെ അധ്യക്ഷയായിരിക്കേ പല നിർണായക ഗവേഷണ സംരംഭങ്ങൾക്കും തുടക്കമിട്ട ഡോ. സൗമ്യ സ്വാമിനാഥൻ ലോകാരോഗ്യ രംഗത്ത് ഇന്ത്യ നൽകിയ സംഭാവനയ്ക്കുള്ള പ്രതിഫലമായി തന്റെ സ്ഥാനലബ്ധിയെ കാണുന്നു. പൊതുജനാരോഗ്യത്തിൽ ലോകത്തിലെ ഉന്നത നയരൂപീകരണസമിതിയിൽ അതിനാൽതന്നെ ഇന്ത്യക്ക് പ്രാതിനിധ്യത്തിന് അർഹതയുമുണ്ടെന്ന് അവർ വാദിക്കുന്നു.

പൊതുജനാരോഗ്യ നയരൂപീകരണത്തിലും നടത്തിപ്പിലും പൊതുജനങ്ങളുടെ പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിലെ  ജനങ്ങളുടെ പങ്കാളിത്തമുണ്ടാകണമെന്ന ആശയത്തിന് ഡബ്ല്യുഎച്ച്ഒയുടെ എത്യോപ്യക്കാരനായ ഡയറക്ടർ ജനറൽ ട്രെഡോസ് അഥാനം ഗബ്രിയേസസിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നത് പുതിയ പദവിയിലെ വെല്ലുവിളിയിൽ സൗമ്യക്ക് ആത്മവിശ്വാസമേകുന്നുണ്ട്. ''ജനപങ്കാളിത്തമില്ലാതെ ആരോഗ്യരംഗത്ത് ഒന്നും ചെയ്യാനാകില്ല. ഡെങ്കിപ്പനിയുടെ കാര്യമെടുക്കുക. ഡെങ്കി പരത്തുന്ന കൊതുക് പെറ്റുപെരുകുന്നത് വീടീകളിലും പരിസരത്തുമാണ്. അവിടെത്തന്നെ അവയെ നശിപ്പിക്കാനുള്ള ബഹുജനപ്രസ്ഥാനം രൂപപ്പെട്ടെങ്കിലേ ഡെങ്കിപ്പനി നിയന്ത്രിക്കാനാകൂ.''. ലോകാരോഗ്യ സംഘടനയിൽ വികസ്വരരാജ്യങ്ങളുടെ, പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങളുടെ ശബ്ദം ഉയരേണ്ടതുണ്ട്. ദാരിദ്ര്യത്തിന്റെ ആഗോളപ്രതീകമായ എത്യോപ്യയുടെ പ്രതിനിധി സംഘടനയുടെ തലപ്പത്തെത്തിയത് അതിന് അവസരമൊരുക്കുമെന്നും അത് മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും സൗമ്യ കരുതുന്നു.

ഡോ. സൗമ്യ  അൻ എം എസ് സ്വാമിനാഥനൊം

ഡോ. സൗമ്യ അൻ എം എസ് സ്വാമിനാഥനൊം

കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള മരുന്ന് ലോകമെങ്ങും ലഭ്യമാക്കുകയെന്നതാണ് ആദ്യമുൻഗണന. ഒപ്പം ആരോഗ്യപ്രതിരോധ ഗവേഷണരംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും നവീന ഉപകരണങ്ങളും രോഗനിർണയ സംവിധാനങ്ങളും മരുന്നുവിതരണവും ജനകീയവും സാർവത്രികവുമാകണം. സ്വകാര്യമേഖലയിൽ സംഭവിക്കുന്ന കണ്ടുപിടുത്തങ്ങൾ പൊതുജനാരോഗ്യമേഖലയിൽ  നടപ്പാക്കിയാൽ മാത്രം ഏറെ മാറ്റങ്ങൾക്ക് അത് വഴിതുറക്കുമെന്നും സൗമ്യ പറയുന്നു.

ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന്റെ കുരുക്കുകൾ മറികടന്ന് നൂതനാശയങ്ങളും കണ്ടുപിടുത്തങ്ങളും ജനങ്ങളിലെത്തിക്കുകയെന്നതും വെല്ലുവിളിയാണ്. ഡബ്ല്യുഎച്ച്ഒയ്ക്ക് മാത്രമാണ് ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് സഹായകമാകും വിധത്തിൽ എന്തെങ്കിലും ചെയ്യാനാകുക. മരുന്നുകളുടെ പേറ്റന്റ് പങ്കുവെയ്ക്കൽ (ങലറശരശില ജമലിേ ജീഹഹ) തുടങ്ങിയ നടപടികളിലൂടെ സംഘടന അതിന് തുടക്കമിട്ടിട്ടുണ്ട്. എങ്കിലും ഏറെ കാര്യങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് സൗമ്യ ഓർക്കുന്നു. പ്രത്യേകിച്ച് കാൻസർ പോലുള്ള മാരകരോഗങ്ങളുടെ മരുന്നുകളുടെ കാര്യത്തിലും പുതിയ തരം ഇൻഫക്ഷനുകളുടെ വാക്‌സിനുകളുടെ കാര്യത്തിലും.

പുതിയ സാംക്രമികരോഗങ്ങൾ ലോകാരോഗ്യരംഗത്ത് ഉത്കണ്ഠയ്ക്ക് കാരണമായിട്ടുണ്ട്. വികസ്വരരാജ്യങ്ങളിൽ കൊതുകുജന്യരോഗങ്ങൾ അടിയന്തരശ്രദ്ധ അർഹിക്കുന്നു. തെക്കുകിഴക്ക് ഏഷ്യൻ രാജ്യങ്ങളും തെക്കേ അമേരിക്കൻ രാജ്യങ്ങളും ഇപ്പോൾ ചിക്കൻഗുനിയ, സിക്ക, ഡങ്കി എന്നിവയുടെ ഭീഷണിയിലാണ്. അടുത്തതെന്തെന്ന് ആർക്കുമറിയില്ല. കൊതുകുകൾ വളരെ 'സ്മാർട്ടാ'ണ്. ഏതു പരിതസ്ഥിതിയിലും പിടിച്ചുനിൽക്കത്തക്കവിധം അവ സ്വയം പുതുക്കുന്നു. നഗരവൽക്കരണം പുതിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. അപ്പോഴും ശാസ്ത്രം രക്ഷിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ആഗോള ആരോഗ്യരംഗം നേരിടുന്ന പ്രതിസന്ധിയെ സൗമ്യ ഇങ്ങനെ വിലയിരുത്തുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര അറിയപ്പെടാത്ത ഉഷ്ണമേഖലാ രോഗങ്ങളിലേക്ക് ശ്രദ്ധ തിരിയേണ്ട കാലമായി. തുടച്ചുനീക്കേണ്ട പല രോഗങ്ങളും ഇപ്പോഴുമുണ്ട്. മലമ്പനി,  മന്ത്, അഞ്ചാംപനി എന്നിവ ഇവയിൽ ചിലതുമാത്രം.
എന്നാൽ ഇന്ത്യയിൽ ആരും അത്രതന്നെ ഗൗരവം നൽകാത്ത വിപത്താണ് പാമ്പുകടി. വർഷംതോറും അമ്പതിനായിരത്തിലധികംപേർ രാജ്യത്ത് പാമ്പുകടിയേറ്റ് മരിക്കുന്നു. ആഫ്രിക്കയിലും ഇന്ത്യയിലും പ്രധാന മരണകാരണങ്ങളിലൊന്ന് പാമ്പുകടിയാണ്. പാമ്പുവിഷനിർമ്മാണം സ്ഥിരം സംവിധാനമാകുകയും കൃത്യസമയത്ത് കൃത്യമായ വിഷം ലഭ്യമാകുകയും വേണം. കൃമികളും വിരകളും മൂലമുള്ള വ്യാധികളാണ് മറ്റൊരു വെല്ലുവിളി. അത് ശിശുമരണത്തിന് വരെ കാരണമാകുന്ന രക്തക്കുറവിനും പോഷകശോഷണത്തിനും വഴിവയ്ക്കുന്നു. വിരനിർമാർജനം ഗവർമെണ്ട് ഗൗരവമായെടുത്തിട്ടുണ്ട്. പക്ഷേ, അത് കുട്ടികളിൽ മാത്രമേയുള്ളുവെന്നത് പോരായ്മയാണ്. കുറച്ചു വർഷത്തേക്കെങ്കിലും മുഴുവൻ ജനവിഭാഗങ്ങളിലും വിരനിർമാർജനം  നടത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതാണ്.

ഇതൊക്കെയാണെങ്കിലും ഇന്ത്യയിൽ 'സാർവത്രിക ചികിത്സാ പരിരക്ഷയാണ്' ഏറ്റവും പരിഗണന അർഹിക്കുന്ന മേഖലയെന്ന് ഡോക്ടർ സൗമ്യ പറയുന്നു. ദേശീയ ആരോഗ്യനയത്തിൽ മുൻഗണന നൽകിയിട്ടുണ്ടെങ്കിലും രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങൾക്ക് ഡോക്ടറുടെ സേവനമോ ചികിത്സയോ ലഭ്യമല്ല. അതിന് നമ്മുടെ മുൻഗണനാക്രമങ്ങൾ മാറേണ്ടതുണ്ടെന്ന് സൗമ്യ ഓർമ്മിപ്പിക്കുന്നു ദുഃഖത്തോടെ.

മലകയറ്റവും യാത്രയുമാണ് ഡോ. സൗമ്യയുടെ ഇഷ്ടവിനോദങ്ങൾ.  അവസാനം കയറിയ മല നീലഗിരി. ലഡാക്കും അരുണാചലും ഏറെ ഇഷ്ടപ്പെടുന്ന സൗമ്യക്ക് യാത്രയ്ക്ക് അവസരങ്ങൾ ഒരുക്കി ഐസിഎംആറിലെ ജോലി. ഡബ്ല്യുഎച്ച്ഒ നൽകുന്നത് വലിയ അവസരങ്ങളാണ്. യാത്രയ്ക്കും മലകയറ്റത്തിനുമൊപ്പം പൊതുജനാരോഗ്യം എന്ന വലിയ ദൗത്യത്തിനും. രോഗബീജങ്ങളുടെ ഉറവുകളിലേക്കുള്ള സൂക്ഷ്മദർശിനിയായിരുന്ന സൗമ്യയുടെ ഗവേഷകമനസ്സ് ഇനി രോഗപ്രതിരോധത്തിന്റെസ കർമകാണ്ഡത്തിലേക്ക്. സഫലമാകട്ടെ ആ കർമ്മയോഗം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top