26 April Friday

സംഗീതത്തിൽ ഡോക്‌ടറേറ്റ് നേടിയ പൊലീസുദ്യോഗസ്ഥ!

ലേഖാരാജ്‌ lekharajikru@gmail.comUpdated: Sunday Sep 12, 2021

വീണയിൽ വന്ദേമാതരം  വായിക്കുന്ന പൊലീസുകാരിയുടെ വീഡിയോ സ്വാതന്ത്ര്യദിനത്തിൽ നമ്മിൽ പലരും കണ്ടുകാണും. കേരള പൊലീസിന്റെ ചരിത്രത്തിൽതന്നെ ആദ്യമായിരിക്കും ഇത്തരമൊരു സംഗതി, സംഗീതത്തിൽ ഡോക്‌ടറേറ്റ് നേടിയ പൊലീസുദ്യോഗസ്ഥ!.

പി സംഗീത എന്ന പേരിൽത്തന്നെയുണ്ട്, ഹൃദയത്തോട് ചേർത്തുവച്ച രാഗം.  യൂണിഫോമിട്ട്‌ വീണമീട്ടുന്ന സംഗീതയുടെ ചിത്രം ആരിലും കൗതുകമുണർത്തും. സംഗീതത്തോടും പൊലീസ്‌ പണിയോടും അത്രയ്‌ക്ക്‌ ഇഷ്‌ടമാണ്‌ സംഗീതയ്‌ക്ക്‌.  
സംഗീതയെ അടുത്തറിയുന്ന ആർക്കും പക്ഷേ അമ്പരപ്പില്ല. സ്വാതിതിരുനാൾ സംഗീതകോളേജിൽനിന്ന് പെർഫോമിങ് ആർട്സിൽ രണ്ടാം റാങ്കോടെ ബിരുദം.  വീണയിൽ ഡോക്ടറേറ്റ്‌. അനന്തപത്മനാഭന്‌ കീഴിൽ കുച്ചുപ്പുടിയിൽ ഗവേഷണം. എന്നും അരമണിക്കൂറെങ്കിലും വീണവായിക്കും, നൃത്തം ചെയ്യും.

സർവപിന്തുണയുമായി സംഗീതപ്രേമിയായ അമ്മയുണ്ട്‌. പൊലീസിലേക്കുള്ള വരവ് അത്ര യാദൃച്ഛികവുമല്ല. സ്‌കൂളിൽ  എല്ലാ മത്സരങ്ങളിലും ഒരുകൈ നോക്കുമായിരുന്നു. അങ്ങനെയാണ് പാട്ടിനെ പാട്ടിലാക്കിയത്‌. ഇതിനിടെ പൊലീസുകാർ കൗതുകമായി സംഗീതയുടെ ഉള്ളിലേറി. യൂണിഫോം കാണുമ്പോഴൊക്കെ ഇതുവരെ പേരിടാത്ത, അതിസന്തോഷത്തിന്റെ ഒരു രാഗം അറിയാതെ ഉള്ളിലുണർന്നു. പക്ഷേ സംഗീതം കൈവിടാൻ വയ്യ. അങ്ങനെ സംഗീത കോളേജിലേക്ക്. ആ യാത്രയിലും വഴിയരികിലെ യൂണിഫോംധാരികളെ ഏറെ ആരാധനയോടെ കണ്ടു.  ആദ്യപരീക്ഷയിൽതന്നെ ജയിച്ച്‌ പൊലീസ്‌ സേനയിലേക്ക് മാർച്ച്‌ചെയ്‌തു. സംഗീതകോളേജിൽ "പൊലീസേ' എന്ന് കളിയായി വിളിച്ചിരുന്ന ലക്ഷ്‌മിടീച്ചറുടെ  അനുഗ്രഹം  വാങ്ങി. ഇപ്പോൾ സംസ്ഥാന വനിതാസെല്ലിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ. വീണയെ, നൃത്തത്തെ എത്രമാത്രം സ്‌നേഹിക്കുന്നുവോ അത്രയുംതന്നെ സ്‌നേഹിക്കുന്നുണ്ട് ഈ യൂണിഫോമിനെയും.

അത്ര മൃദുവല്ല കാര്യങ്ങൾ

"മൃദുഭാവേ ദൃഢകൃത്യേ’ എന്നാണ് സേനയുടെ ആപ്തവാക്യമെങ്കിലും കാര്യങ്ങളത്ര മൃദുവായിരിക്കില്ലെന്ന് എല്ലാവർക്കുമറിയാം. തീക്ഷ്ണാനുഭവങ്ങൾ സംഗീതയ്‌ക്കുമുണ്ട്. തമ്പാനൂരിൽ റെയിൽവേ പൊലീസിലായിരുന്ന കാലം. ഒരിടവേളയ്‌ക്കുശേഷം വീണ കൈയിലെടുത്ത ദിവസം.  ആ സന്തോഷത്തിലാണ് ഡ്യൂട്ടിക്ക് കയറിയത്. ചെന്നൈ മെയിലിലെ സ്ലീപ്പർകോച്ചിൽ ഒരു കുട്ടിസംഘത്തെ കണ്ട് സംഗീത കാര്യമന്വേഷിച്ചു. യൂണിഫോം കണ്ട്‌ ഭയന്ന കുട്ടികൾ കംപാർട്ട്മെന്റിലൂടെ ഓടിത്തുടങ്ങി. ഇവരെങ്ങാനും പുറത്തേക്ക് ചാടിയാലോ എന്ന ഭയം ഉള്ളിലൊതുക്കി സംഗീതയും പിന്തുടർന്നു. ഓടിത്തളർന്ന രണ്ടുപേർ തിരിഞ്ഞപ്പോൾ കണ്ടത്, ചിരിയോടെ തങ്ങൾക്കു പിന്നിൽ നിൽക്കുന്ന പൊലീസിനെ.

ആ ചിരിയിൽ അവരെല്ലാം പറഞ്ഞു. സീറ്റിനടിയിൽ ഒളിച്ച രണ്ടുപേരെയും ശുചിമുറിയിൽ ഒളിച്ച ബാക്കിയുള്ളവരെയും കണ്ടെത്തി. ആലപ്പുഴയിൽനിന്ന് ഒളിച്ചോടിയതാണ്‌ എട്ടുപേർ. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ ആൺകുട്ടികൾ. ട്യൂഷൻമാസ്റ്റർ അടിച്ചതും വീട്ടുകാർ വഴക്കുപറഞ്ഞതുമാണ് ഒളിച്ചോട്ടത്തിന് കാരണം. എന്തായാലും സംഗീതയുടെ കരുതലിൽ അന്ന് എട്ട് കുടുംബങ്ങളാണ് നിത്യദുഃഖത്തിലേക്ക് വീഴാതിരുന്നത്.

ഇതേ ട്രെയിൻ തിരുവനന്തപുരം സെൻട്രലിലെത്തുംമുമ്പ് മറ്റൊരു ആൺകുട്ടി, വാതിൽക്കൽ അത്രപന്തിയല്ലാതെ പുറത്തേക്ക് നോക്കി നിൽക്കുന്നു. അവൻ ചാടാനൊരുങ്ങിയതും എന്തോ ഉൾപ്രേരണയാൽ സംഗീത അവനെ തടഞ്ഞതും നിമിഷാർധത്തിൽ.   വർക്കലയിലെ അനാഥാലയത്തിലെ പീഡനം കാരണം ഓടിപ്പോന്നതാണ്. പിന്നീട് ചൈൽഡ് ലൈൻ ഇടപെട്ട് സംരക്ഷണത്തിലാക്കി.

ഒരിക്കൽ‌ സംഗീതയെ നെടുമങ്ങാടുള്ള അധ്യാപിക വിളിച്ചു. വിവാഹമോചനം നേടിയ അവർക്ക് 15 വയസ്സുള്ള മകനുണ്ട്. അച്ഛനും അമ്മയും തുല്യ ദിനങ്ങളിൽ അവനെ ഒപ്പംകൂട്ടും. പക്ഷേ അച്ഛനൊപ്പം അവൻ പോകില്ല. ഭയങ്കര ദേഷ്യവും പിടിവാശിയും. സംഗീത അവനോട്  സംസാരിച്ചു. വയലിനിൽ താൽപ്പര്യമുള്ള അവനോട് അത് പഠിക്കാനാവശ്യപ്പെട്ടു.  പിന്നീട്  അമ്മ വിളിച്ചു, മോനിപ്പോൾ പഴയ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറയാൻ. ഇതിന്റെയൊക്കെ പിന്നാലെ സംസ്ഥാന സർക്കാരിന്റെ പൊലീസ് മെഡലും സംഗീതയെ തേടിയെത്തി.

മൂന്ന് വയസ്സുതൊട്ട് സംഗീതം പഠിക്കുന്നുണ്ട്. ഇന്നും പഠിക്കുന്നു. സംഗീതമോ പൊലീസോ എന്ന ചോദ്യത്തിൽനിന്ന് ഏതെങ്കിലുമൊന്ന് തെരഞ്ഞടുക്കാൻ സംഗീതയ്‌ക്ക്‌ കഴിയില്ല. പൊലീസിൽ കയറിയിരുന്നില്ലെങ്കിൽ തീർച്ചയായും സംഗീതംതന്നെയായിരിക്കും തൊഴിലിടമെന്നും അവർ പറയുന്നു. "15 വർഷമായി പൊലീസിൽ. രാവിലെ യൂണിഫോം അണിയുമ്പോൾ പ്രത്യേകസന്തോഷമാണ്.'

കുടുംബം

ചെറുപ്രായം മുതൽക്കേ തട്ടത്തിലും മറ്റും കയറിനിന്ന് ഒരുപാട് തട്ടങ്ങൾ നശിപ്പിച്ച നൃത്തഭ്രാന്തിന്റെ കഥ പറയും അമ്മ പ്രഭ. കുച്ചുപ്പുടിയിലേക്കുള്ള ആദ്യചുവടുകൾ ആണത്.  അത്തരം ഇഷ്ടങ്ങളുടെ പങ്ക് സംഗീതയുടെ മകൾ പാർവതിയിലുമുണ്ട്. പാങ്ങോട് ആർമി സ്‌കൂളിലെ ആറാംക്ലാസുകാരിക്ക് എല്ലാ സംഗീതോപകരണങ്ങളും കൈകാര്യം ചെയ്യാനറിയാം. ‌ആര്യനാട് സ്വദേശിയായ സംഗീതയും കുടുംബവും പേയാട് വിവേകാനന്ദ നഗറിലാണ് താമസം. പരേതനായ രാജേന്ദ്രൻ ആണ് അച്ഛൻ. സഹോദരി സുനിതകുമാരി തൃശൂരിൽ സീനിയർ സിപിഒ. സഹോദരൻ മനു.

കച്ചേരികൾ

2012 മുതൽ കച്ചേരികൾ നടത്തുന്നു. സംഗീത തൃശൂരിൽ ജോലിയിലിരിക്കെ വകുപ്പ്‌ അതിന്‌ അനുവാദം നൽകിയിരുന്നു. ഗുരുവായൂരും  ആറ്റുകാലും ഉൾപ്പെടെ നിരവധി  ക്ഷേത്രങ്ങളിൽ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.

വനിതാ സെൽ

സ്‌ത്രീകളുടെ കുടുംബപ്രശ്നങ്ങളും മറ്റും കൈകാര്യം ചെയ്യുന്ന വകുപ്പിലെ ജോലിയും നന്നായി ആസ്വദിക്കുകയാണ് സംഗീത. വ്യക്തിപരമായ  പ്രശ്നങ്ങളിൽ, ഒരൽപ്പം ആശ്വാസം കിട്ടാനെത്തുന്നവരെ പരിഗണിക്കാനും ആത്മവിശ്വാസം നൽകാനും കഴിയുന്നുണ്ട്‌. സംഗീതത്തെയും ഇത്തരം പ്രശ്നങ്ങളിൽ ഒരു പരിധിവരെ മരുന്നാക്കാമെന്ന്‌ സംഗീത. "കുട്ടികളിലെ വിഷാദമകറ്റാനും ബുദ്ധിവികാസത്തിനും സമ്മർദ്ദമകറ്റാനുമൊക്കെ സംഗീതത്തിന് സാധിക്കും. ആനന്ദഭൈരവി, ഷഹാന, മോഹനം, കാപി, നീലാംബരി... തുടങ്ങിയ രാഗങ്ങൾ ഉന്മേഷംതരുന്നവയാണ്.  ഇത് കേൾക്കുമ്പോൾ മനസ്സുഖം നിറയും.'‐ സംഗീത പറയുമ്പോൾ ഉറപ്പിക്കാമല്ലോ നമുക്കത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top