03 October Tuesday
ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാദിനം

എന്തിനാണ് പെൺകുട്ടികൾക്കായി ഒരു ദിവസം?

ഡോ. കീർത്തി പ്രഭUpdated: Monday Oct 10, 2022

കീർത്തി പ്രഭ

കീർത്തി പ്രഭ

2012 മുതലാണ് ഐക്യരാഷ്ട്രസംഘടന എല്ലാവർഷവും ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാദിനം ആയി ആചരിച്ചു തുടങ്ങിയത്.പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അവർ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുകയുമാണ് ഇങ്ങനെയൊരു ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

പെൺകുട്ടികൾക്ക് മാത്രം എന്തിനാണ് ഇങ്ങനെ പ്രത്യേകമായൊരു ദിനം എന്ന ചോദ്യത്തിന്റെ ഉത്തരവും അതിൽത്തന്നെയുണ്ട്. അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും അവർ ലിംഗവിവേചനങ്ങളോട് കൂടുതൽ എതിരിടേണ്ടി വരികയും ചെയ്യുന്നുണ്ട് എന്നതുകൊണ്ട് തന്നെ. 

വിവേചനത്തെ നേരിടാനും അവകാശങ്ങൾ സംരക്ഷിക്കാനും നിരന്തരം പോരാടിക്കൊണ്ടിരിക്കുമ്പോഴും പെൺകുട്ടികൾ ആരാലൊക്കെയോ സംരക്ഷിക്കപ്പെടേണ്ടവരാണ് എന്നൊരു വ്യവസ്ഥാപിതമായ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് അവർക്കുവേണ്ടിയുള്ള നിയമങ്ങൾ പോലും ഉണ്ടാകുന്നത്.

ലിംഗനീതിക്കുവേണ്ടി സംസാരിക്കുമ്പോൾ നമ്മൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംരക്ഷണം എന്ന സങ്കല്പത്തിലാണ്. സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങൾ ശക്തമാക്കുക, അതിന് വേണ്ടിയുള്ള കൂടുതൽ നിയമങ്ങൾ കൊണ്ടുവരിക ഇങ്ങനെ ഒരു വശത്തേക്ക് മാത്രമാണ് നമ്മളും നിയമങ്ങളും സഞ്ചരിക്കുന്നത്. അത് വേണ്ടെന്നല്ല. ഏതൊരു പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗവും നേരിടേണ്ടിവരുന്ന അടിച്ചമർത്തലുകൾക്കെതിരെ ശക്തമായ നിയമങ്ങൾ ഉണ്ടാകേണ്ടത് സമകാലിക സമൂഹത്തിന്റെ ആവശ്യങ്ങൾ തന്നെയാണ്.

പക്ഷെ സ്ത്രീ ശാക്തീകരണം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങളേക്കാൾ സ്ത്രീ സംരക്ഷണത്തിനാണ് നമ്മുടെ സമൂഹവും നിയമങ്ങളും കൂടുതൽ പ്രാധാന്യം നൽകുന്നത്. 

പെൺകുട്ടികൾ അല്ലെങ്കിൽ  സ്ത്രീകൾ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവരാണ്, ആക്രമിക്കപ്പെടാൻ സാധ്യതയുള്ളവരാണ്, ദുർബലരാണ് എന്ന ബോധ്യങ്ങളെ പിന്നെയും പിന്നെയും സമൂഹത്തിന്റെ മനസ്സിൽ കുത്തിവെക്കപ്പെടുകയാണോ എന്നാണ് സംശയം.

ക്രമേണയുള്ള മാറ്റങ്ങളിലൂടെ മാത്രമേ ശാക്തീകരണം സംഭവ്യമാകുകയുള്ളൂ എന്നും സംരക്ഷണത്തിനുള്ള നിയമങ്ങൾ അതിലേക്കുള്ള വഴിയാണെന്നും കരുതി ആ സംശയങ്ങൾക്ക് തടയിടാമെങ്കിലും പെൺകുഞ്ഞുങ്ങളെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് കുടുംബങ്ങളില്‍ ആയാലും സമൂഹത്തിലായാലും വിദ്യാലയങ്ങളിലായാലും വേഗത കുറവാണ് എന്നത് ഒരു ആശങ്ക തന്നെയാണ്.

ഇപ്പോഴും സ്ത്രീകളെ അതിക്രമങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്താനുള്ള നിയമങ്ങൾ ശക്തമാക്കേണ്ടി വരുന്നത് പെൺകുട്ടികൾ ശാക്തീകരിക്കപ്പെടുന്നില്ല എന്നതിന്റെ  തെളിവല്ലേ. അവകാശങ്ങളിൽ തുല്യരാകുക എന്ന അവസ്ഥയിലേക്ക് എത്തിച്ചേരണമെങ്കിൽ സ്ത്രീ സംരക്ഷണത്തേക്കാൾ സ്ത്രീശാക്തീകരണത്തിന് ഊന്നൽ കൊടുക്കേണ്ടത് അത്യാവശ്യമാണ്. വളർന്നു വരുന്ന കുഞ്ഞുങ്ങളെ ആ പാഠങ്ങൾ പഠിപ്പിക്കാൻ മാതാപിതാക്കളും അധ്യാപകരുമെല്ലാം തയ്യാറായെ മതിയാവൂ.

പുറത്തിറങ്ങി നടന്നാൽ നീ സുരക്ഷിതയല്ലെന്നും നിന്റെ സംരക്ഷണം നിന്റെ ഉടമസ്ഥനാവുന്ന ഒരാണിന്റെ കയ്യിലാണെന്നും നീയെന്ന വ്യക്തിയുടെ സ്വാതന്ത്ര്യങ്ങൾ മറ്റുള്ളവരാൽ അനുവദിക്കപ്പെടേണ്ടതാണെന്നും തന്റേടവും ആത്മാഭിമാനവും സ്വയം നിർണയ അവകാശവും ഒരു ആണിനോളം നിനക്ക് പാടില്ല എന്നും എല്ലാ കാലവും മറ്റുള്ളവരുടെ ആജ്ഞാനുവർത്തിയായിരിക്കേണ്ടവളാണ് നീയെന്നും നിരന്തരം പറഞ്ഞ്  മനപ്പൂർവ്വമോ അല്ലാതെയോ പെൺമക്കളിൽ നിങ്ങൾ ഉണ്ടാക്കിയെടുക്കുന്ന ധാരണകൾ കെടുത്തിക്കളയുന്നത് അവരുടെ ശക്തിയും ഊർജ്ജവുമാണ്.

ഒരാണിനും അവന് ചുറ്റുമുള്ള പുരുഷന്മാർക്കും പുരുഷാധിപത്യ സമൂഹമനുവദിച്ചു കൊടുക്കുന്ന ചില പ്രിവിലേജുകൾ  അറിഞ്ഞു തുടങ്ങുമ്പോൾ എന്നും സമൂഹം സംരക്ഷിച്ചു നിർത്തേണ്ട ഒരു വിഭാഗമാണ് പെൺകുട്ടികൾ അല്ലെങ്കിൽ അവനിൽ താഴെയുള്ള ഒന്നാണ് അവൾ എന്ന് ഒരു ആൺകുട്ടിയുടെ മനസ്സിലും അടിയുറച്ചു പോകും.

പ്രത്യേക പരിഗണനയോ സംരക്ഷണമോ നേടാതെ ഒരു പുരുഷൻ ഇവിടെ എങ്ങനെയാണോ ജീവിക്കുന്നത് അല്ലെങ്കിൽ ഒരു പുരുഷന് കിട്ടേണ്ട അത്രയും സംരക്ഷണവും പരിഗണനകളും മാത്രം കിട്ടിക്കൊണ്ട് ഒരു സ്ത്രീക്ക് നമ്മുടെ സമൂഹത്തിൽ അതിജീവിക്കാൻ സാധിക്കുന്നില്ല.  വളർച്ചയുടെ ഓരോ ഘട്ടത്തിലും സമൂഹവും കുടുംബവും നമ്മുടെ കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്ന വിവേചന ചിന്തകൾ ഒരു കാരണമാണ്. ഈ ചിന്തകള്‍ നിലവിലെ  വ്യവസ്ഥിതിയുടെ മൂല്യബോധമായി മാറിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെ ആൺകുട്ടികളേക്കാൾ താഴ്ന്നവരാണ് പെൺകുട്ടികൾ എന്ന ബോധം അവരുടെ മനസിൽ അങ്ങനെ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്.

ഒരു പെൺകുട്ടി ശബ്ദമുയർത്തുമ്പോൾ അഹങ്കാരമെന്നു തോന്നുന്നതും ആൺകുട്ടി ശബ്ദമുയർത്തുമ്പോൾ അവന്റെ സ്വഭാവികമായ അധികാരമായി മാറുന്നതും അതുകൊണ്ടാണ്. രണ്ടാം തരക്കാരാണെന്ന് പെൺകുട്ടികൾക്ക് തോന്നുന്നത് അവരുടെ അവകാശങ്ങളെപ്പറ്റി അവർക്ക് ബോധ്യമില്ലാത്തതു കൊണ്ടാണെന്നു പറയുന്നവരും ഉണ്ട്.

ഒന്ന് ചിന്തിച്ചു നോക്കിയാൽ അത് ശരിയല്ലേ. ഒരു പെൺകുട്ടിയെ അവളുടെ അവകാശങ്ങളെ പറ്റി ബോധ്യമുള്ളവളായിട്ടല്ല നമ്മുടെ സമൂഹം വളർത്തുന്നത്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പലർക്കു വേണ്ടിയും അവകാശങ്ങൾ മറന്നു ജീവിക്കാനാണ് നമ്മൾ പെണ്മക്കളെ പഠിപ്പിക്കുന്നത്. എന്നാൽ ആൺകുട്ടികൾക്ക് അവരുടെ പ്രിവിലജുകളെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയും ബോധ്യമുണ്ടാവുന്നുമുണ്ട്.വസ്ത്രധാരണത്തിലും സാമൂഹിക ഇടപെടലുകളിലും പെൺകുട്ടികൾക്ക് തന്നെയാണ് അവരുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് വിലക്കുകൾ വീഴുന്നത്.

അവരുടെ പല അവസരങ്ങളും നിഷേധിക്കപ്പെടുന്നു,സമൂഹത്തിലും കുടുംബങ്ങളിലും വ്യക്തിഹത്യ ചെയ്യപ്പെടുന്നു, ലൈംഗികമായി ആക്രമിക്കപ്പെടുന്നു, ഇതിനെതിരെ ശബ്ദിക്കാനും ധീരമായി നേരിടാനും എന്തുകൊണ്ടാണ് നമ്മുടെ പെണ്മക്കൾക്ക് കഴിയാതെ പോകുന്നത്.

അവരുടെ ഊർജവും ആർജവവും ശക്തിയുമെല്ലാം എവിടെയാണ് ചോർന്നു പോകുന്നത്.

ഇന്ത്യയിൽ പലയിടങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന ജാതിവിവേചനവും സവർണ്ണ മേധാവിത്വവും ഈ ലോകത്ത് നിലനിൽക്കുന്ന മതാധിഷ്ഠിതമായ പല ആചാരങ്ങളും പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കും അവസരങ്ങൾക്കും ഏതെങ്കിലും തരത്തിൽ തടസ്സം ഉണ്ടാക്കിക്കൊണ്ടാണ് നിലനിന്നു പോരുന്നത്.

വീട്ടിലും നാട്ടിലും സമൂഹത്തിലുമുള്ള ഈ വിവേചനങ്ങളാണ് ദേശ വ്യത്യാസമില്ലാതെ ഈ ലോകത്ത് ജീവിക്കുന്ന പെൺകുട്ടികളെ അരക്ഷിതരാക്കുന്നത്. ശൈശവ വിവാഹം, ബാലവേല,ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോഴും നിലനിൽക്കുന്ന ചില കാടൻ ആചാരങ്ങൾ  ഇതെല്ലാം പെൺകുഞ്ഞുങ്ങളുടെ ജീവിതവും അവരുടെ സ്വപ്നങ്ങളെയും മറ്റാരെക്കാളും തകർത്തെറിഞ്ഞു കളയുന്നുണ്ട്.

കുട്ടികളെക്കാൾ അവരെ വളർത്തുന്നവരിലാണ് ഇതെക്കുറിച്ചുള്ള അവബോധം ആദ്യം ഉണ്ടാവേണ്ടത്. രക്ഷിതാക്കൾ, അധ്യാപകർ അങ്ങനെയെല്ലാവരും കുട്ടികളോട് വിവേചനമില്ലാതെ പെരുമാറാൻ പഠിക്കേണ്ടതുണ്ട്. പഴയകാലത്തിന്റെ മേന്മകൾ പറഞ്ഞും അന്നത്തെ അമ്മമാർ സഹിച്ച ത്യാഗങ്ങളെ സാമാന്യവൽക്കരിച്ചും അതുപോലെ ആയാലാണ് ഒരു നല്ല സ്ത്രീയാവുക എന്ന ബോധ്യം കുട്ടികളിലേക്ക് തിരുകിക്കയറ്റുമ്പോൾ ഒരു സ്വതന്ത്ര വ്യക്തിയായി ജീവിക്കാനുള്ള പെൺകുട്ടികളുടെ  അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യം അവരിൽ നിന്നും മറച്ചുവയ്ക്കപ്പെടുകയാണ്.

പെൺകുട്ടികൾ ദൂരനാടുകളിൽ പോയി പഠിക്കുകയും ജോലി സമ്പാദിക്കുകയും ചെയ്യാൻ തുടങ്ങിയെങ്കിൽ പോലും പലപ്പോഴും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും ഉള്ള അവസരങ്ങൾ നിഷേധിക്കപ്പെടുന്നത് സുരക്ഷിതത്വമില്ലായ്മ എന്ന ഒരു കാരണം കൊണ്ടാണ്. ആ സുരക്ഷിതത്വം ഇല്ലായ്മയിൽ നിന്ന് എക്കാലവും അവരെ സംരക്ഷിച്ചു നിർത്തിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്ന് ചിന്തിക്കുന്നത് അവരോട് ചെയ്യുന്ന ക്രൂരതയല്ലേ.

അങ്ങനെ അവരെ ചിറകിനുള്ളിൽ ഒതുക്കി വളർത്തുമ്പോൾ എത്ര പെൺകുട്ടികളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആണ് ഇല്ലാതാകുന്നത്. നിലവിലെ സമൂഹത്തിൽ സ്ത്രീകൾ സുരക്ഷിതരാണ് എന്നല്ല അതിനർത്ഥം. സുരക്ഷിതരല്ല എന്ന ബോധ്യപ്പെടുത്തി കൊണ്ടുതന്നെ അവരെ ശാക്തീകരിക്കേണ്ടിയിരിക്കുന്നു.

ആ സുരക്ഷിതത്വം ഇല്ലായ്മയെ, അവർ നേരിടുന്ന അതിക്രമങ്ങളെ, അടിച്ചമർത്തലുകളെ നേരിടാൻ അവരെ തന്നെ പ്രാപ്തരാക്കാൻ കഴിഞ്ഞാൽ അതൊരു വലിയ മാറ്റമാകും. ആരിൽ നിന്നാണ് പെൺകുട്ടികൾക്ക് സുരക്ഷിതത്വം വേണ്ടത്, ആരാണ് പെൺകുട്ടികൾക്ക് നേരെ അതിക്രമങ്ങൾ നടത്തുന്നത് എന്ന ചോദ്യങ്ങൾ സ്വയം ഒന്നു ചോദിച്ചു നോക്കുമ്പോൾത്തന്നെ മനസ്സിലാകും നമ്മൾ എന്തുമാത്രം വിവേചന ചിന്തകളോടെയാണ് മക്കളെ വളർത്തുന്നത് എന്ന്. അങ്ങനെ അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഒരു വിഭാഗം ആക്രമിക്കുന്നവരായും മറ്റൊരു വിഭാഗം ആക്രമിക്കപ്പെടുന്നവരായും വളർന്നുവരുന്നത്.

നിലവിൽ അവൾക്കു നേരെ അതിക്രമങ്ങൾ നടത്തുന്നവരുടെ മാനസിക നിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നില്ലെങ്കിൽ വളരുന്ന മക്കളെയെങ്കിലും നമ്മൾ പഠിച്ചത് പഠിപ്പിക്കാതിരിക്കാൻ ശ്രമിക്കുക.

നല്ല ശീലങ്ങളും അച്ചടക്കവും പെൺകുട്ടികളെ മാത്രം പഠിപ്പിച്ചതുകൊണ്ട് പ്രയോജനം ഉണ്ടാകില്ല. അത് പഠിപ്പിക്കാത്ത മറ്റൊരു വിഭാഗം അവളെ മാനസികമായും ശാരീരികമായും ആക്രമിക്കുന്നവരായി അല്ലെങ്കിൽ അവൾ എല്ലാത്തരം ആക്രമണങ്ങളെയും നേരിടാൻ അശക്തയാണ് എന്ന് ചിന്തിക്കുന്നവരായി മറ്റൊരുവശത്ത് വളർന്നുവരും.

ചുരുങ്ങിയ സമയം കൊണ്ട് ചെയ്തുതീർക്കാൻ പറ്റുന്ന കാര്യമല്ല ഇതൊന്നും.കാലമിങ്ങോളമെത്തിയിട്ടും ആൺ പെൺ വിവേചനം കാണിക്കുന്നതിൽ  കാര്യമായ മാറ്റമൊന്നും ഉണ്ടാകുന്നില്ല. അത് വീടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും തുടങ്ങിയാലാണ് സമൂഹത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാവുക. വിവേചനം കാണിക്കുന്നത് തെറ്റാണെന്നറിഞ്ഞ് മക്കളോട് പെരുമാറാൻ തുടങ്ങിയാൽ ഒരു വ്യക്തി എന്ന രീതിയിലുള്ള അവകാശങ്ങൾ മനസ്സിലാക്കിക്കൊണ്ടുതന്നെ അവർ വളരും.

മറുത്തുപറയാനുള്ള മനക്കരുത്തും പ്രിവിലേജും ഇല്ല എന്ന് തോന്നുന്നവരെ അതിക്രമങ്ങളിലൂടെയും അധിക്ഷേപങ്ങളിലൂടെയും പരിഹാസങ്ങളിലൂടെയും അടിച്ചമർത്തലുകളിലൂടെയും നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ എക്കാലവും നമ്മുടെ സമൂഹത്തോട് കൂടെയുണ്ട്. അത് നേരിടേണ്ടി വരുന്നവരെ  അതിൽ നിന്നൊക്കെ   സംരക്ഷിച്ചു നിർത്തുക എന്നത് ഒരിക്കലും ശാശ്വതമായ പരിഹാരമാർഗ്ഗമല്ല. നിലവിലെ സാമൂഹിക സാഹചര്യത്തിൽ സംരക്ഷണം വേണ്ട എന്നല്ല പറയുന്നത്. സംരക്ഷണത്തേക്കാൾ ശാക്തീകരണത്തിന് മുൻതൂക്കം കൊടുക്കണം എന്ന് മാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top