26 April Friday
ആഗസത്‌ 4ന്‌ അന്തരിച്ച പ്രശസ്‌ത ഗൈനക്കോളജിസ്റ്റ്‌ ഡോ. കെ ലളിതയെക്കുറിച്ച്‌

ലളിത മനോജ്ഞമീ ജീവിതം

ഡോ. യു നന്ദകുമാർUpdated: Sunday Aug 7, 2022

There’s something quieter than sleep

Within this inner room!

It wears a sprig upon its breast‐

And will not tell its name

(Emily Dickinson)


അകത്ത് ഒരു യുവതി അമ്മയാകാനുള്ള വെമ്പലിലാണ്. പ്രസവത്തിന്റെ രണ്ടാം ഘട്ടത്തിൽ മാതൃത്വത്തിന്റെ നൊമ്പരവും പ്രതീക്ഷയും യുവതിയെ പൊതിയുന്നു. പിറക്കാനുള്ള ഉത്സാഹത്തിലാണപ്പോൾ ശിശു. ഉദരഭിത്തികളിൽ താഡനം ചെയ്ത് തന്റെ വരവറിയിക്കുമ്പോൾ യുവതിയുടെ സിരകളിലൂടെ അമ്മത്തവികാരം  പടർന്ന് മൂർത്തമാകുന്നു. പിറന്നുവരുന്ന കുഞ്ഞു സ്നേഹാർദ്രമായ കൈകളിലേക്ക്‌ ആനയിക്കപ്പെടുന്നു. ഡോ. ലളിതയുടെ കരങ്ങളാകുന്നു അവ. വർഷങ്ങൾക്കുശേഷം അമ്മ കുഞ്ഞിനോട് ഓർമ പങ്കിടും. നീ വന്നത് ലളിത ഡോക്ടറുടെ കൈകളിലേക്ക്‌, നിന്റെ ആദ്യ ശ്വാസവും കരച്ചിലും പങ്കിട്ടത് ആ ഡോക്ടറമ്മയാണ്.

ഇത് ഏതെങ്കിലും നാട്ടിൽ എപ്പോഴെങ്കിലും നടന്ന കഥയല്ല. നമ്മുടെ നാട്ടിലെ പതിനായിരക്കണക്കിന് അമ്മമാർ ആവർത്തിച്ചു പറഞ്ഞ അനുഭവം. ഡോ. കെ ലളിത ആദ്യമായി പ്രസവമെടുത്തത് 1964ൽ. പരിമിതമായ സൗകര്യങ്ങൾ, മരുന്നുകളും സാങ്കേതികവിദ്യകളും നന്നേ കുറവ്. പ്രസവത്തിന് സമയം കൂടുതലെടുത്താൽ സിസേറിയൻ ചെയ്യാമെല്ലോ എന്ന് കരുതാനും വയ്യ. സിസേറിയനോട് അക്കാലത്ത് മാരകമായ ഭീതിയായിരുന്നു നാട്ടിൽ. ഡോ. ലളിത തന്റെ മെഡിക്കൽ പ്രാക്ടീസ് ആരംഭിക്കുന്ന കാലത്തെ അവസ്ഥ ഇങ്ങനെ ഓർക്കുന്നു, "അക്കാലത്ത് കൈയുറകളോ അണുബാധ തടയാനുള്ള ഔഷധങ്ങളോ തുന്നലിടാനുള്ള കാറ്റ് ഗട്ടോ കിട്ടാനില്ലായിരുന്നു. ലഭ്യമായ അനസ്‌തേഷ്യ മരുന്നുകൾപോലും വേണ്ടത്ര രോഗികൾക്ക് നൽകാൻ പ്രയാസപ്പെട്ടിരുന്ന കാലം." ഒന്നാലോചിച്ചാൽ കേരളത്തിലെ സ്ത്രീരോഗചികിത്സാവികാസത്തിന്റെ ഭാഗവും സാക്ഷിയുമായിരുന്നു ഡോ. ലളിത.

എൺപത്തിനായിരത്തോളം ശിശുക്കളുടെ ജനനത്തിന് അവർ ഒപ്പം നിന്നു. പ്രസവത്തിന് അനുബന്ധമായ ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയ സങ്കീർണതകളെ സമചിത്തതയോടെ പരിഹരിക്കുക  അവരുടെ സ്വഭാവവിശേഷത്തിന്റെ  ഭാഗമായി. ഓരോ പ്രസവവും നൂതനവും പ്രത്യേകതയുള്ളതുമാണെന്ന് ഡോക്ടർ ആവർത്തിച്ച് പറയുമായിരുന്നു. തന്റെ ആദ്യകാല അധ്യാപകരായ ഡോ. തമ്പാൻ, ഡോ. കല്യാണിക്കുട്ടി എന്നിവർ രോഗികളോട് കാട്ടിയിരുന്ന പരിഗണന, ആർജവം, അനുതാപം എന്നിവ പകരം വയ്ക്കാനാകാത്ത പാഠങ്ങളായി അവർ പുതുതലമുറയ്ക്ക് പകർന്നുകൊടുത്തു. നിരീക്ഷണവും രോഗിക്ക് ധൈര്യവും നൽകുകയല്ലാതെ മറ്റൊന്നും വേണ്ടിവരില്ലെന്നു നിനച്ചിരിക്കുമ്പോഴാണ് പ്രസവം സങ്കീർണ വഴികളിലേക്ക്‌ ചലിക്കുന്നത്. ഉപകരണങ്ങൾ ചടുലമായി പ്രയോഗിക്കുന്നതും ചികിത്സാവിധികൾ സമയോചിതമായി മാറ്റുന്നതും വേണ്ടിവന്നാൽ ശസ്ത്രക്രിയ ചെയ്യുന്നതും രോഗിക്കോ മറ്റുള്ളവർക്കോ അങ്കലാപ്പുണ്ടാകാതെ വേണം. ഡോക്ടറുടെ പരിഭ്രാന്തി തിയറ്റർ സ്റ്റാഫിനെയും അലോസരപ്പെടുത്തും. അറുപതു വർഷം നിസ്‌തോഭമായി മികവോടെ, എന്നാൽ ശാസ്ത്രീയത തരിമ്പും നഷ്ടപ്പെടുത്താതെ പ്രാക്ടീസ് തുടർന്നത് ഒരു സിദ്ധിതന്നെയാണ്.

രോഗികളുടെയും അവരുടെ രോഗവിവരങ്ങളും അതിസൂക്ഷ്മതയോടെയാണ് ഡോക്ടർ പഠിക്കുക. അവരുടെ സാമൂഹ്യാവസ്ഥ, കുടുംബഭദ്രത, വിദ്യാഭ്യാസം എന്നിവ സൂക്ഷ്മമായി മനസ്സിലാക്കി അനുതാപപൂർവം പരിരക്ഷയൊരുക്കാൻ എടുക്കുന്ന ശ്രമവും ആശുപത്രിയിൽ പ്രസിദ്ധമാണ്. രോഗികളെ ഓർമിക്കുന്നതിലും ഉണ്ട്, അതിശയിപ്പിക്കുന്ന നൈപുണ്യം.

രോഗികളോട് ഡോക്ടർ കാട്ടുന്ന സമഭാവന പ്രസിദ്ധമാണ്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവർത്തിക്കുമ്പോഴും പിൽക്കാലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുമ്പോഴും ഇതിൽ മാറ്റമുണ്ടായില്ല. ഡോക്ടറെ കാണാനെത്തുന്ന വിഐപി രോഗികളുണ്ട്, സെലിബ്രിറ്റികളുണ്ട്, സാധാരണക്കാരുണ്ട്; എല്ലാരോടും ഒരേ നോട്ടം, മാർദവതരമായ സ്പർശം, നനുത്ത പുഞ്ചിരി. ഡോക്ടറുടെ കൈയിൽ എല്ലാം ഭദ്രമെന്ന തോന്നൽ എല്ലാരിലും നിറയുന്നു.

"ഭവ്യമാം തെന്നലും ഭാനുമരീചിയും
ദിവ്യമാം തൂമഴ നീരും നിത്യം
നവ്യരസമാർന്നു നൽകുന്നെല്ലോയിവയ്‌-
ക്കവ്യത്യയം ദേവനൊന്നുപോലെ.'

(ദുരവസ്ഥ‐ കുമാരനാശാൻ)

unnair@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top