20 April Saturday

കഥകളിയുടെ 'രസതന്ത്ര'മറിഞ്ഞ് ഡോ. ഹരിപ്രിയ

ടി കെ രത്‌നാകരന്‍Updated: Wednesday Jan 3, 2018

നാഥാ ഭവചരണ ദാസരാമി ജനാനാം...'അരങ്ങില്‍ സന്താനഗോപാലത്തിലെ ശ്രീകൃഷ്ണന്‍ തകര്‍ത്താടുകയാണ്. ചിലപ്പോള്‍ പതിഞ്ഞ പദം ആടുന്ന കഥകളി കലാകാരിയാകും, അല്ലെങ്കില്‍ കഥകളി കലാകാരികളുടെ സംഘാടകയാകും, മറ്റു ചിലപ്പോള്‍ കഥകളി രംഗത്തെ വ്യവസ്ഥാപിത രീതികളോട് കലഹിക്കുന്ന പ്രക്ഷോഭകാരിയാകും. ഇതാണ് കഥകളി കലാരംഗത്ത് അറിയപ്പെടുന്ന കലാമണ്ഡലം ഡോ. ഹരിപ്രിയ നമ്പൂതിരി. പ്രൗഢമായ പുരുഷവേഷങ്ങള്‍ സ്ത്രീകള്‍ക്കും ഇണങ്ങുമെന്ന് കഥകളി ആസ്വാദകര്‍.

അമ്മയുടെ ഇല്ലത്ത് കഥകളി യോഗമുണ്ടായിരുന്നു. കൈക്കുഞ്ഞായിരിക്കുമ്പോഴേ അമ്മയുടെ മടിയിലിരുന്നു കൃഷ്ണനെയും അര്‍ജ്ജുനനെയും രാവണനെയും പാഞ്ചാലിയെയും കൊച്ചുപ്രിയ തിരിച്ചറിഞ്ഞു. ആര്‍എല്‍വി ദാമോദര പിഷാരടിയാണ് ആദ്യ ഗുരു. പിന്നീട് ഫാക്ട് പത്മനാഭന്റെ കീഴിലും കഥകളി അഭ്യസിച്ചു. കലാമണ്ഡലം വാസു പിഷാരടിയുടെ കീഴില്‍ പ്രത്യേക ശിക്ഷണം നേടി. പ്രധാന വേഷങ്ങള്‍ക്ക് ഇന്നും വാസുപിഷാരടി ആശാന്റെ അഭിപ്രായം തേടാറുണ്ടെന്ന് ഹരിപ്രിയ ഓര്‍ക്കുന്നു. കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയില്‍നിന്നും ഡോക്ടറേറ്റും നേടി. ജോലിയും ബിസിനസും ഉപേക്ഷിച്ചാണ് ഹരിപ്രിയ കഥകളി രംഗത്ത് സജീവമായത്. കിര്‍മ്മീര വധത്തിലെ പാഞ്ചാലി, ലളിത, ദമയന്തി, കാലകേയ വധത്തിലെ ഉര്‍വ്വശി, സന്താനഗോപാലത്തിലെ ശ്രീകൃഷ്ണന്‍ എന്നിവയാണ് ഇഷ്ടവേഷങ്ങള്‍.

നിരവധി പുരസ്‌കാരങ്ങള്‍ ഈ കലാകാരിയെ തേടിയെത്തിയിട്ടുണ്ട്. കോഴിക്കോട് പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2009ലെ സ്ത്രീ രത്നം അവാര്‍ഡ്, ഭുവനേശ്വറിലെ നൃത്യ പഥിയാഷി സമ്മാന്‍, ഭുവനേശ്വര്‍ ദേവദാസി ദേശീയ നൃത്യ അവാര്‍ഡ്, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ 2012ലെ ജൂനിയര്‍ ഫെല്ലോഷിപ്പ് എന്നിവ ഇതില്‍ ചിലതുമാത്രം. ഒരു മുഴുവന്‍ സമയ കഥകളി കലാകാരിയാകാനാണ് ആഗ്രഹിക്കുന്നതെന്ന് ഹരിപ്രിയ പറയുന്നു.

രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഹരിപ്രിയ പിന്നീട് ബിഎഡും നേടി ട്രെയിനിംഗ് കോളേജില്‍  അധ്യാപികയായി പ്രവര്‍ത്തിച്ചു. ഇതോടൊപ്പം തന്നെ ഫാഷന്‍ ഡിസൈനിംഗില്‍ ഡിപ്ലോമ നേടി ഈ രംഗത്ത് ബിസിനസും ആരംഭിച്ചു. അപ്പോഴും കഥകളി കമ്പം മനസ്സിലെ കളിവിളക്ക് അണച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ് മകന്‍ പിറന്ന് ഇരുപത്തഞ്ചാം വയസിലാണ് കഥകളി പഠനം തുടങ്ങിയത്. സത്യത്തില്‍ കഥകളി തന്നെ പ്രചോദിപ്പിക്കുകയായിരുന്നുവെന്ന് ഹരിപ്രിയ വിശ്വസിക്കുന്നു. പുരുഷ കേന്ദ്രിത കല എന്ന നിലയില്‍ എന്തിന് കഥകളി തെരഞ്ഞെടുത്തു എന്നു പലരും ചോദിച്ചിരുന്നു. ആ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് തെന്നിന്ത്യയില്‍ ഇന്ന് അറിയപ്പെടുന്ന ഒരു കഥകളി കലാകാരി എന്ന നിലയില്‍ ഹരിപ്രിയ നല്‍കുന്നത്. എഞ്ചിനീയറും ബിസിനസ്സുകാരനുമായ ഭര്‍ത്താവ് മധു നമ്പൂതിരിയുടെ പ്രോത്സാഹനവും കഥകളി പഠിച്ച് നല്ലൊരു കലാകാരിയാകാന്‍ സഹായകമായി. മധു നമ്പൂതിരി സൗത്ത് സോണ്‍ ക്രിക്കറ്റ് സ്റ്റേറ്റ് ടീം അംഗമായി കേരളത്തിനുവേണ്ടി ബാറ്റ് ഏന്തി. ഡിഗ്രി ബിരുദധാരിയായ മകന്‍ ഋഷി നമ്പൂതിരിയും അമ്മ ഒരു കലാകാരി എന്ന നിലയില്‍ അഭിമാനം കൊള്ളുന്നു. അച്ഛന്‍ പരേതനായ തൃപ്പൂണിത്തുറ പുലിയന്നൂര്‍ സുബ്രഹ്മണ്യന്‍ നന്വൂതിരിപ്പാട്. അമ്മ മഞ്ചേരി പുല്ലൂര്‍മനയിലെ ഉമാദേവി അന്തര്‍ജ്ജനം.


കഥകളി പഠനത്തിന് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നില്ല എന്നതാണ് ഹരിപ്രിയയെ ക്ഷോഭിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാത്തത് ?  ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി. മുമ്പു കാലത്ത് കളിയോഗങ്ങളില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നു. ചരിത്രം ഒരിക്കലും സ്ത്രീകളെ മാറ്റി നിര്‍ത്തിയിട്ടില്ല. കലാമണ്ഡലം തുടങ്ങിയ കാലത്ത് സ്ത്രീകള്‍ പഠിച്ചിരുന്നതായി കാണാം. വള്ളത്തോള്‍ കഥകളി പഠിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടാണ് കറ്റശ്ശേരി സരോജിനി അമ്മ, ചേലനാട്ട് സുഭദ്ര എന്നിവര്‍ കലാമണ്ഡലത്തില്‍ പഠനത്തിനെത്തിയത്. എന്നാല്‍ നൃത്തം പഠിക്കാനാണ് മോഹമെന്ന് ചേലനാട്ട് സുഭദ്ര അറിയിക്കുകയായിരുന്നു. കഥകളി പഠനം സ്ഥാപനവല്‍ക്കരിച്ചതോടെയാണ് ഈ സ്ത്രീ നിഷേധം തുടങ്ങിയത്ഹരിപ്രിയ പറയുന്നു. പിന്നീടാണ് ചവുട്ടി ഉഴിച്ചില്‍ എന്നീ കര്‍ശന നിബന്ധനകള്‍ വന്നത്. സാങ്കേതികത്വത്തില്‍ കുടുങ്ങി പെണ്‍കുട്ടികളുടെ പ്രവേശനത്തിന് തടസ്സമായി. കലാമണ്ഡലത്തില്‍ ചവുട്ടി ഉഴിച്ചില്‍ ഇല്ലാതെയും കഥകളി പഠിച്ചത് കല്യാണിക്കുട്ടി അമ്മ രേഖപ്പെടുത്തിയിട്ടുണ്ട്. കഥകളി സാമ്പ്രദായിക ശിക്ഷണത്തില്‍ പഠിച്ച ആളാണ് കലാമണ്ഡലം കല്യാണിക്കുട്ടി അമ്മ. കലാമണ്ഡലത്തിലും മുമ്പ് സ്ത്രീകള്‍ പഠിച്ചിരുന്നു എന്നതിനും തെളിവുണ്ട്. എന്തുകൊണ്ട് പിന്നീട് പ്രവേശനം ഇല്ലാതായി ?

ആട്ടക്കളരിയുടെ ഭാഗമാണ് ഉഴിച്ചില്‍. എന്നാല്‍ ഉഴിച്ചിലാണ് കളി മഹിമയുടെ മാനദണ്ഡമെങ്കില്‍ എല്ലാ പുരുഷന്മാരുടെ വേഷങ്ങളും ഒരുപോലെ മികവുറ്റതാകുമല്ലോ. സ്ത്രീകള്‍ക്ക് കഥകളി പാടില്ല എന്ന ചിന്ത വന്നതും സ്ഥാപനവല്‍ക്കരണത്തിലൂടെയാണ്. കളരിയില്‍നിന്നു കിട്ടുന്നതിനെക്കാള്‍ അനുഭവവും പരിശീലനവും അരങ്ങില്‍നിന്നാണ് കിട്ടുന്നത്. ഇപ്പോള്‍ എന്തുകൊണ്ട് കലാമണ്ഡലത്തില്‍ എം എക്ക് പോലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നു? യുവജനോത്സവ വേദികള്‍ക്കായി ഏറ്റവുമധികം കഥകളി പഠിക്കുന്നത് പെണ്‍കുട്ടികളാണ്. കളരിയില്‍ പഠിച്ച ഒരു കലാകാരന്‍ ചെയ്യുന്നതിനെക്കാള്‍ വൃത്തിയായി ഇവര്‍ വേഷം ചെയ്യുന്നു. എന്നാല്‍ ചവുട്ടി ഉഴിച്ചില്‍ കിട്ടാത്തതുകൊണ്ട് സ്ത്രീകള്‍ക്ക് ഇതൊന്നും ചെയ്യാന്‍ കഴിയില്ല എന്നൊരു ശാഠ്യം ചില കലാകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും ഉണ്ട്.

കഥകളി സ്ഥാപനങ്ങള്‍ പെണ്‍കുട്ടികളെ കഥകളി പഠിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആശാന്‍മാര്‍ തയ്യാറാകുന്നു. ഇതിനെതിരെയും തെറ്റായ പ്രചാരണമാണ് നടന്നത്. ലോകപ്രശസ്ത കഥകളി നടന്‍ കീഴ്പടം കുമാരന്‍നായരെപോലും ഇത്തരക്കാര്‍ ഇരയാക്കി. കീഴ്പടം ദില്ലിയിലെ ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളിയില്‍ പെണ്‍കുട്ടികളെ കഥകളി പഠിപ്പിച്ചിരുന്നു. നന്നായി വേഷം ചെയ്യുന്ന ഒരു പെണ്‍കുട്ടി വിവാഹം ഉറപ്പിച്ച ശേഷം കഥകളി തുടരാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് സമ്മതമില്ല എന്നറിയിച്ച് രംഗത്തുനിന്നു പിന്മാറാന്‍ തീരുമാനിച്ചു. ആശാനുമുമ്പില്‍ കണ്ണീരോടെയാണ് ഈ പെണ്‍കുട്ടി അവസാന വേഷം ആടിയത്. പ്രശസ്തയായ ഒരു കഥകളി വേഷക്കാരിയാകാന്‍ കഴിയുമായിരുന്ന കുട്ടിയുടെ ഗതിയോര്‍ത്ത് ആശാന്റെയും കണ്ണുനിറഞ്ഞു. ഇതോടെ ഇനി പെണ്‍കുട്ടികളെ കഥകളി പഠിപ്പിക്കില്ലെന്നു ആശാന്‍ തീരുമാനിച്ചു. ഇതാണ് കീഴ്പടം കുമാരനാശാന്‍ പെണ്‍കുട്ടികളെ കഥകളി പഠിപ്പിക്കാന്‍ തയ്യാറല്ലെന്ന് സ്ഥാപിത താല്പര്യക്കാര്‍ പ്രചരിപ്പിച്ചത്.

ജീവിത പ്രാരാബ്ധങ്ങള്‍കൂടി പല സ്ത്രീകളെയും മുഴുവന്‍സമയ കഥകളിയില്‍നിന്ന് അകറ്റി നിര്‍ത്തുന്നുവെന്ന് ഹരിപ്രിയ പറയുന്നു. കളിയില്‍ പുരുഷസ്ത്രീ വിവേചനം നിലനില്‍ക്കുന്നതിനാല്‍ ഒരു നല്ല ജോലിയില്‍നിന്നു ലഭിക്കുന്ന വരുമാനമൊന്നും  കഥകളിയില്‍ സ്ത്രീക്ക് ലഭിക്കണമെന്നില്ല. എന്നാല്‍ തന്റെ എല്ലാ പ്രാരാബ്ധങ്ങളും നിറവേറ്റിക്കൊണ്ടാണ് ചവറ പാറുക്കുട്ടിയെ പോലുള്ളവര്‍ ഈ രംഗത്ത് പിടിച്ചു നിന്നതെന്ന് ഓര്‍ക്കണം. എത്ര പേര്‍ക്ക് ഇങ്ങനെ പിടിച്ചു നില്‍ക്കാനാകും എന്നതാണ് പ്രശ്നം.

ആസ്വാദകരുടെ ഭാഗത്തുനിന്ന് കൂടുതല്‍ പ്രോത്സാഹനവും തുറന്ന സമീപനവും ലഭിച്ചെങ്കിലേ ഇതിനു പരിഹാരമാകൂ.  പുരുഷന്മാര്‍ക്ക് ചെയ്യാന്‍ പറ്റുന്നതുപോലെ നമുക്കും ചെയ്യാന്‍ കഴിയുമെന്ന ബോധ്യം പല കലാകാരികള്‍ക്കുമുണ്ട്. ഇതിനു സ്ത്രീകള്‍ തന്നെ സംഘടിച്ചു ചെയ്തെ മതിയാകൂ. കഥകളിയില്‍ സ്ത്രീവേഷങ്ങള്‍ കൂടുതല്‍ കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കണം. കൂടിയാട്ടത്തില്‍ സ്ത്രീകളാണ് സ്ത്രീവേഷം ചെയ്യുന്നത് എന്ന പാരമ്പര്യം നമുക്കുണ്ട്. സ്ത്രീകള്‍ക്ക് വേഷത്തില്‍ തേക്കാന്‍ അറിയില്ല, ഉടുത്തുമുറുക്കാന്‍ അറിയില്ല എന്നൊരു വാദമുണ്ട്. ഇതിനും സ്വയം ചെയ്ത് പരിഹാരം കാണേണ്ടതുണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top