26 April Friday

നമ്മൾ മറന്നുപോയ ജാനകിയമ്മാൾ

ടി ചന്ദ്രമോഹൻUpdated: Sunday Nov 20, 2022


cmdeshcm674@gmail.com

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ പുരുഷന്മാരുടെ കുത്തകയായിരുന്ന ശാസ്‌ത്രരംഗത്തേക്ക്‌ കടന്നുവന്ന്‌ ലോകശ്രദ്ധ നേടിയ മലയാളി വനിതയായിരുന്നു തലശേരിക്കാരിയായ ഇടവലത്ത് കക്കാട്ടു ജാനകി എന്ന ഡോ. ഇ കെ ജാനകിയമ്മാൾ.  സ്ത്രീകൾക്ക് അക്ഷരാഭ്യാസംപോലും നിഷിദ്ധവും ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ രൂക്ഷവുമായിരുന്ന  കാലഘട്ടത്തിലാണ്‌ ജാനകിയമ്മാൾ ലോകം ശ്രദ്ധിക്കപ്പെടുന്ന സസ്യശാസ്‌ത്രജ്ഞയായത്‌. 125–-ാം ജന്മവാർഷികത്തിൽ അവരുടെ ജീവിതവും ഗവേഷണനേട്ടങ്ങളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ്‌ നിർമല ജയിംസ്‌  ‘ഇ കെ ജാനകി അമ്മാൾ ലൈഫ്‌ ആൻഡ്‌ സയന്റിഫിക്‌ കോൺട്രിബ്യൂഷൻ’ എന്ന ജീവചരിത്രത്തിലൂടെ.

1897 നവംബർ നാലിനു ജനിച്ച ജാനകിയുടെ പഠനം ത​ല​ശേ​രി സേ​ക്ര​ഡ് ഹാ​ർട്ട് കോൺവെന്റ്, മ​ദ്രാ​സി​ലെ ക്വീ​ൻ മേ​രീ​സ്, പ്ര​സി​ഡ​ൻസി കോ​ളേ​ജു​ക​ളിലായിരുന്നു. 1921ൽ ​പ്ര​സി​ഡ​ൻസി​യി​ൽനി​ന്ന് സ​സ്യ​ശാ​സ്ത്ര​ത്തി​ൽ ഓ​ണേ​ഴ്‌​സ് നേ​ടി മ​ദ്രാ​സ്​ വി​മെ​ൻ​സ്​ ക്രി​സ്ത്യ​ൻ കോ​ളേ​ജി​ൽ അധ്യാപികയായി. ഇതിനിടെ, അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽനിന്ന്‌ ബാർബോർ സ്‌കോളർഷിപ് ലഭിച്ചു. ബാർബോർ ഫെലോഷിപ് ലഭിക്കുന്ന ആദ്യ പൗരസ്ത്യദേശ വിദ്യാർഥിനിയായിരുന്നു. ഒരു വിദേശ സർവകലാശാലയിൽനിന്ന് ഗവേഷണബിരുദമായ ഡിഎസ്‌സി നേടുന്ന ആദ്യ ഭാരതീയ വനിത.
ഇന്ത്യയിലേക്ക് മടങ്ങിയ അവർ 1932ൽ തിരുവനന്തപുരം മഹാരാജാസ് കോളേജ് ഓഫ് സയൻസിൽ (യൂണിവേഴ്സിറ്റി കോളേജ്) ബോട്ടണി പ്രൊഫസറായി. രണ്ടുവർഷത്തിനുശേഷം കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണകേന്ദ്രത്തിൽ ജനിതക ശാസ്ത്രജ്ഞയായി. കരിമ്പിന് മധുരം കൂട്ടുന്നതിനു നടത്തിയ ഗവേഷണങ്ങൾ വഴിത്തിരിവായി. 1939-ൽ ഇംഗ്ലണ്ടിലെ ജോൺ ഇൻസ് ഹോർട്ടികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോയി.

അക്കാലത്തെ പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്ന സി ഡി ഡാർലിങ്സണുമായി സഹകരിച്ച് ജാനകിയമ്മാൾ രചിച്ച ‘ദ ക്രോമസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ്സ്’ എന്ന പുസ്തകം സസ്യശാസ്ത്ര വിദ്യാർഥികളുടെയും ഗവേഷകരുടെയും ആധികാരിക ഗ്രന്ഥമാണ്. 1945-ൽ ജോൺ ഇൻസ് ഹോർട്ടികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് വിട്ട്‌ ഇംഗ്ലണ്ടിലെ റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയിൽ ആറു വർഷം കോശവിജ്ഞാന ശാസ്ത്രജ്ഞയായി. കൊളോണിയൽ ശാസ്‌ത്രലോകം ഇന്ത്യൻ ശാസ്‌ത്രജ്ഞരോട്‌ സ്വീകരിച്ച മുൻവിധിയും വംശീയവും ലിംഗപരവുമായ വെല്ലുവിളികൾകൂടി മറികടക്കേണ്ടിവന്നു അവർക്ക്‌. 1951-ൽ ഇന്ത്യയിലേക്ക് മടങ്ങി ബിഎസ്ഐ സ്പെഷ്യൽ ഓഫീസറായി 1954 വരെ പ്രവർത്തിച്ചു. അഞ്ചു വർഷം അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടർ. ശേഷം കാശ്മീരിലെ റീജണൽ റിസർച്ച് ലബോറട്ടറിയിൽ സ്പെഷ്യൽ ഓഫീസറായി. 1970-ൽ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചതുമുതൽ മദ്രാസ് സർവകലാശാലയിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ബോട്ടണിയിൽ എമറിറ്റ്‌സ് സയന്റിസ്റ്റായി. 1984 ഫെബ്രുവരി ഏഴി-ന് അന്തരിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന ജാനകിയമ്മാളിന്‌ 1977-ൽ രാജ്യം പത്മശ്രീ നൽകി.

ചരിത്രപരമായ രേഖപ്പെടുത്തലിൽ സ്‌ത്രീകൾ തഴയപ്പെടുന്ന പതിവ്‌ ജാനകിയമ്മാളിന്റെ കാര്യത്തിലും സംഭവിച്ചു. സമകാലിക ഇന്ത്യൻ ശാസ്‌ത്രചരിത്രത്തിൽ ഇവർക്ക്‌ അർഹതപ്പെട്ട സ്ഥാനം ലഭിച്ചില്ല. മലയാളിയായ ജാനകിയമ്മാളിനെപ്പറ്റി മലയാളികൾക്കുതന്നെ വേണ്ടത്ര പരിചയമുണ്ടായിരുന്നില്ല. റിട്ട. അധ്യാപികയായ നിർമല ജയിംസ്‌ നീണ്ടകാലത്തെ പഠനത്തിനുശേഷം തയ്യാറാക്കിയ ജീവചരിത്രത്തിലൂടെയാണ്‌ ജാനകിയമ്മാളിനെപ്പറ്റി മലയാളികൾ അറിയുന്നത്‌. ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടാണ്‌ ‘ഇ കെ ജാനകി അമ്മാൾ ആദ്യത്തെ ഇന്ത്യൻ സസ്യശാസ്‌ത്രജ്ഞ’ എന്ന പുസ്‌തകം മലയാളത്തിൽ പുറത്തിറക്കിയത്‌. ഈ ജീവചരിത്രത്തിൽ കൂറെക്കൂടി വിവരം ചേർത്താണ്‌ ഇംഗ്ലീഷ്‌ പതിപ്പ്‌ സമഗ്രമാക്കിയത്‌.

ജാനകിയമ്മാൾ എന്ന ശാസ്‌ത്രജ്ഞയുടെ വ്യക്തിജീവിതവും ഗവേഷണജീവിതവും അതിന്റെ സൂക്ഷ്‌മാംശങ്ങളും ചോർന്നുപോകാതെ അവതരിപ്പിക്കുകയാണ്‌ ഇവിടെ. നിർമല ജയിംസിന്റെ നിരന്തര ശ്രമഫലമായാണ്‌ ഈ അധികാരിക ജീവചരിത്രം ഇംഗ്ലീഷിൽ തയ്യാറാക്കിയിരിക്കുന്നത്‌. ഗവേഷകർക്കും ശാസ്‌ത്ര വിദ്യാർഥികൾക്കും ശാസ്‌ത്രകുതുകികൾക്കും ഒരുപോലെ മനസ്സിലാക്കാവുന്ന രചനാശൈലിയാണ്‌. ഉചിതമായ സമയത്താണ്‌ ഈ പുസ്‌തകം പുറത്തിറങ്ങുന്നതെന്ന്‌ അവതാരികയിൽ ലോക പ്രശസ്‌ത ശാസ്‌ത്രജ്ഞൻ എം എസ്‌ സ്വാമിനാഥൻ ചൂണ്ടിക്കാട്ടുന്നു.  എൻവ്യൂ പബ്ലിഷേഴ്‌സാണ്‌ പുസ്‌തകം പുറത്തിറക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top